ബർകത്ത് എന്നാൽ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 21.07.2023

പ്രപഞ്ചപാലകനും നിയന്താവുമായ അല്ലാഹു ഭൂമിയിൽ ധാരാളം അനുഗ്രഹങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. ഭൂവിലെ ചരാചരങ്ങൾക്ക് ഒട്ടനവധി നന്മകളും മേന്മകളും ഓശാരങ്ങളായി നൽകിയിട്ടുമുണ്ട്. പരിശുദ്ധ ഖുർആൻ വിവിരിക്കുന്നു: ഭൂമിയിൽ അവൻ അനുഗ്രഹങ്ങൾ ചൊരിയുകയും അന്നപാനാദികൾ വ്യവസ്ഥപ്പെടുത്തുകയുമുണ്ടായി (സൂറത്തു ഫുസ്സിലത്ത് 10). അനുഗ്രഹത്തിനെ സൂചിപ്പിക്കാൻ സാങ്കേതികമായി ബർകത്ത് എന്ന അറബി പദമാണ് പ്രയോഗിച്ചിരിക്കുന്നത്. വിശാലാർത്ഥതലങ്ങളുള്ള വാക്കാണ് അത്. ബർകത്തെന്നാൽ കേവല ആശീർവാദം മാത്രമല്ല. ഒരു അനുഗ്രഹം നിലനിൽക്കുകയും അഭിവൃതിപ്പെടുകയും ഉപകാരപ്രദമാവുകയും ചെയ്യുന്നതിനെയാണ് ബർകത്ത് എന്ന് പറയുന്നത്.

മനുഷ്യന് അവന്റെ ശരീരത്തിൽ ആയുരാരോഗ്യം കൊണ്ടനുഗ്രഹീതമാവുമ്പോൾ അത് അനുഭവഭേദ്യമാവാം. സ്വസന്താനങ്ങളുടെ നല്ലനടപ്പ്, നേട്ടങ്ങൾ തുടങ്ങിയവയിലും ബർകത്ത് ആസ്വദിക്കാനാവും. ഉപജീവനങ്ങളായ സമ്പത്തിലും ഭക്ഷണത്തിലും ആവോളം ബർകത്ത് ലഭിക്കാം. ബർകത്ത് എന്നാൽ ചെറിയ കാര്യമല്ലെന്നർത്ഥം. 

നൂഹ് നബി (അ)യെ ബർകത്ത് തേടിക്കൊണ്ട് പ്രാർത്ഥിക്കാൻ അല്ലാഹു മാർഗോപദേശം നൽകുന്നുണ്ട്: താങ്കൾ പറയുക, നാഥാ ബർകത്താക്കപ്പെട്ട ഒരവരോഹണം എനിക്കു നീ സൗകര്യപ്പെടുത്തി തരണമേ, ഉദാത്തമാം വിധം ഇറക്കിതരുന്നവൻ നീയാണല്ലൊ (സൂറത്തു മുഅമിനൂൻ 29). ഈസാ നബി (അ) അല്ലാഹു കനിഞ്ഞേകിയ ബർകത്തിനെ എടുത്തുപറയുന്നുണ്ട്: എവിടെയാണെങ്കിലും എന്നെ അവൻ ബർകത്തുള്ളവനാക്കുകയും ചെയ്തിരിക്കുന്നു (സൂറത്തു മർയം 31).

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ഒരു പ്രാർത്ഥനയായിരുന്നു: നാഥാ നീ നൽകിയതിൽ ഞങ്ങൾക്ക് ബർകത്ത് നൽകണേ (ഹദീസ് അബൂദാവൂദ് 1425, തുർമുദി 464, നസാഈ 1475, ഇബ്‌നു ഹിബ്ബാൻ 722). 


എങ്ങനെ ബർകത്ത് നേടാം?

ഒരു സത്യവിശ്വാസി തന്റെ ജീവിതത്തിൽ ബർകത്തുണ്ടാവാൻ ഒരു ദിവസം തുടങ്ങേണ്ടത് സ്രഷ്ടാവായ അല്ലാഹുവിനോടുള്ള അനുസരണ കാട്ടിക്കൊണ്ടാണ്. നമസ്‌കാരം നിലനിർത്തണം. ഖുർആൻ അർത്ഥതലങ്ങളിലേക്കിറങ്ങി പാരായണം ചെയ്യണം. എന്നാൽ ആ ദിവസം ബർകത്തുള്ളതായിരിക്കും. കാരണം ഖുർആൻ ബർകത്താക്കപ്പെട്ട വേദഗ്രന്ഥമാണ്. അല്ലാഹു പറയുന്നു: താങ്കൾക്ക് നാമവതരിപ്പിച്ചു തന്ന അനുഗ്രഹീത (മുബാറക്) ഗ്രന്ഥമാണിത് (സൂറത്തുസ്വാദ് 29). 

ഖുർആനികാധ്യായങ്ങളിൽ വെച്ച് ഏറെ ബർകത്തുള്ളതാണ് സൂറത്തു ബഖറ. സൂറത്തു ബഖറ ഓതാൻ നിർദേശിക്കുന്ന നബി (സ്വ) അത് നിത്യമാക്കൽ ബർകത്തുകൾ വരുത്തുമെന്നാണ് പഠിപ്പിക്കുന്നത് (ഹദീസ് മുസ്ലിം 804). 


എന്റെ സമുദായം രാവിലെ നേരത്തെ ചെയ്യുന്ന കാര്യങ്ങളിൽ ബർകത്ത് ചെയ്യണമെന്നാണ് നബി (സ്വ) അല്ലാഹുവിനോട് പ്രാർത്ഥിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 2606, തുർമുദി 1212, ഇബ്‌നുമാജ 2236). അതുകൊണ്ടുതന്നെ പുലരിയിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ബർകത്തുണ്ടാവുമെന്നത് തീർച്ചയാണ്. 

ജനങ്ങളുമായുള്ള ഇടപാടുകളിലും ഇടപെടലുകളിലും സത്യസന്ധത പുലർത്തുന്നവർക്ക് ബർകത്തുകളുണ്ടാവും. കച്ചവടകാര്യത്തിൽ സത്യനിഷ്ഠ കാട്ടുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്ത രണ്ടുപേർക്ക് അവരുടെ കച്ചവടത്തിൽ ബർകത്തുണ്ടായത് നബി (സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). 

ഉപജീവന കാര്യങ്ങളിൽ കഠിനാധ്വാനം നടത്തുകയും തദ്ഫലമായി അല്ലാഹു നൽകിയതിൽ തുഛമാണെങ്കിലും പോലും തൃപ്തിയടയുന്നവന്റെ ജീവിതത്തിലും ഭക്ഷണത്തിലും ബർകത്തുണ്ടാവും. നബി (സ്വ) പറയുന്നു: അല്ലാഹു വിഹിതിച്ചു നൽകിയതിൽ സംതൃപ്തി കാട്ടിയവന് അതിൽ ബർകത്തുണ്ടാവും, നൽകിയതിൽ വിശാലത നൽകുകയും ചെയ്യും (ഹദീസ് അഹ്‌മദ് 20815). 

മാതാപിതാക്കൾക്ക് ഗുണം ചെയ്യലും കുടുംബബന്ധം ചേർക്കലും ജീവിതത്തിൽ ബർകത്തുണ്ടാക്കുന്ന കാര്യങ്ങളാണ്. നബി (സ്വ) ഉണർത്തുന്നു: ഒരാൾ തന്റെ ആയുസ്സിൽ ദീർഘമുണ്ടാവാനും ഉപജീവനങ്ങളിൽ ബർകത്തുണ്ടാവാനും ആഗ്രഹിക്കുന്നുവെങ്കിൽ അവന്റെ മാതാപിതാക്കൾക്ക് ഗുണം ചെയ്യുകയും കുടുംബ ബന്ധം ചേർക്കുകയും ചെയ്തുകൊള്ളട്ടെ (ഹദീസ് അഹ്‌മദ് 14164). 

വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയൽ ശീലമാക്കിയാൽ വീടകങ്ങളിൽ ബർകത്തും സ്വസ്ഥതയും ശാന്തിയും നിലനിൽക്കും. അല്ലാഹു പറയുന്നു: വീടുകളിലേക്കു കടക്കുമ്പോൾ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും ഉദാത്തവുമായ ഉപഹാരമെന്ന നിലക്ക് നിങ്ങൾ പരസ്പരം സലാം പറയണം (സൂറത്തുന്നൂർ 61). കുടുംബത്തിലേക്ക് ചെല്ലുമ്പോൾ സലാം പറഞ്ഞാൽ സലാമെന്ന പവിത്രമായ അഭിവാദ്യം കാരണത്താലും സലാം മടക്കുന്ന മലക്കുകളുടെ പ്രതിവാദ്യം കാരണത്താലും കുടുംബത്തിനാകെ ബർകത്ത് നൽകപ്പെടുമെന്ന് നബി (സ്വ)യും വിവരിച്ചിട്ടുണ്ട് (ഹദീസ് തുർമുദി 2638, മുഅ്ജമുൽ സ്വഖീർ ത്വബ്‌റാനി 856). ഒരുമിച്ചുള്ള ഭക്ഷണകഴിക്കുന്നത് കാരണം അതിൽ പങ്കാളിയായ ഓരോർത്തർക്കും ബർകത്തുണ്ടാവും. അല്ലാഹുവിന്റെ നാമമുച്ചരിച്ചുകൊണ്ട് ഒരുമിച്ചു ഭക്ഷണം കഴിച്ചാൽ ബർകത്ത് പ്രദാനമായിരിക്കുമെന്നും ഹദീസുണ്ട് (അബൂദാവൂദ് 3764, ഇബ്‌നുമാജ 3286). 


back to top