സ്രഷ്ടാവിന്റെ സൃഷ്ടിവൈപുല്യങ്ങളിൽ ചിന്തിക്കുക

 യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 28/07/2023

വിശുദ്ധ ഖുർആനിൽ അല്ലാഹു ചോദിക്കുന്നുണ്ട്: അവർ സ്വയമേവ ചിന്തിച്ചു നോക്കുന്നില്ലേ, ഭുവന വാനങ്ങളും അവയ്ക്കിടയിലുള്ളതും സത്യനിഷ്ഠയോടും നിശ്ചിതാവധിയോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല (സൂറത്തു റൂം 08). 

ഈ വിസ്മയ പ്രപഞ്ചവും അവയിലുള്ള സകല ചരാചരങ്ങളും പടച്ച അല്ലാഹുവിന്റെ സൃഷ്ടി വൈദഗ്ദ്യങ്ങളിലും വൈവിധ്യങ്ങളിലും വൈപുല്യങ്ങളിലും വൈജാത്യങ്ങളിലുമെല്ലാം ചിന്തിച്ചുനോക്കുകയാണെങ്കിലും നമ്മുടെ ചിത്തങ്ങൾ പ്രവർത്തനസജീവതയോടെ പ്രഭാപൂരിതമാവും. സൂറത്തു ആലു ഇംറാൻ 191 ാം സൂക്തത്തിൽ പ്രസ്താവിക്കപ്പെട്ട പോലെ 'നാഥാ ഇതൊന്നും നീ വെറുതെ പടച്ചതല്ല' എന്ന് പറഞ്ഞുപോവും. 

ഈ പ്രപഞ്ചത്തെ അല്ലാഹു മനുഷ്യർക്ക് ചിന്തനീയമായാണ് സൃഷ്ടിടിച്ചിരിക്കുന്നത്. അതിലെ ഓരോ സംവിധാനങ്ങളിലും സൂക്ഷ്മകാര്യങ്ങളിൽ പോലും ചിന്തിക്കാനേറെയുണ്ട്.  അല്ലാഹു സംവിധാനിച്ച അതിവിസ്മയകരമായ പ്രാപഞ്ചിക പ്രതിഭാസങ്ങൾ പഠിക്കലും ചിന്തിക്കലും നമ്മുടെ നബി (സ്വ)യുടെ ശൈലിയാണ്. അങ്ങനെ അത് പുണ്യകരവുമാണ്. 

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഞാൻ മാതൃസഹോദരി മൈമൂനയുടെ വീട്ടിലായിരുന്നു, രാത്രിയുടെ അവസാന പകുതിയായപ്പോൾ നബി (സ്വ) എണീച്ചിരുന്ന് ആകാശത്തേക്ക് നോക്കാൻ തുടങ്ങി. ശേഷം സൂറത്തു ആലു ഇംറാനിലെ 190ാം സൂക്തം ഓതി 'രാപ്പകലുകൾ മാറി വരുന്നതിലും ഭുവന വാനങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടിലുള്ളവയിലും ബുദ്ധിയുള്ളവർക്കു ധാരാളം അൽഭുത ദൃഷ്ടാന്തങ്ങളുണ്ട്'(ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചിരിക്കുന്നത് മുൻ മാതൃകകളില്ലാത്തവിധം നിസ്തുലമായിട്ടാണ്. ഉപോൽബലകങ്ങളായി തൂണുകളോ ആണികളോ ഇല്ലാതെ സുശക്തവും സുഭദ്രവുമായാണ് ആകാശ നിർമിതി. അല്ലാഹു പറയുന്നുണ്ട്: അവൻ സപ്തവാനങ്ങളെ തട്ടുകളായി പടച്ചുണ്ടാക്കിയതും അവയിൽ ചന്ദ്രനെ പ്രകാശവും സൂര്യനെ വിളക്കും ആക്കിയതും എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചു നോക്കുന്നില്ലെ (സൂറത്തു നൂഹ് 15, 16). അങ്ങനെ രാവും പകലും അല്ലാഹു സംവിധാനിച്ചു. അവയെല്ലാം ബുദ്ധികളെ ഉണർത്തുന്ന പ്രാപഞ്ചിക പക്രിയകളാണ്. 

രാപ്പകലുകളും സൂര്യ ചന്ദ്രന്മാരും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു (സൂറത്തു ഫുസ്വ് സിലത്ത് 37). 

ആകാശത്ത് നക്ഷത്ര ഭ്രമണപഥങ്ങൾ സൃഷ്ടിച്ചവൻ അനുഗ്രഹ സമ്പൂർണനത്രേ. അതിലവൻ ഒരു സൂര്യവിളിക്കും പ്രകാശദായകമായ ചന്ദ്രനെയും സൃഷ്ടിച്ചു. ചിന്തിച്ചുഗ്രഹിക്കുകയോ കൃതജ്ഞത പ്രകാശിപ്പിക്കുകയോ ചെയ്യാനുദ്ദേശിക്കുന്നവർക്ക് ദൃഷ്ടാന്തമായി രാപ്പകലുകൾ മാറിമാറിവരുന്നതാക്കിയതും അവനാണ് (സൂറത്തുൽ ഫുർഖാൻ 61, 62). 

ദൃഢവിശ്വാസികൾക്ക് ഭൂമിയിലും വിവിധ ദൃഷ്ടാന്തങ്ങളുണ്ട് (സൂറത്തുദ്ദാരിയാത്ത് 20). ഭൈമിക പ്രതിഭാസങ്ങളിൽ അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു ഭൂമിയെ വളരെ അത്ഭുതകരമായി നിലയുറപ്പിച്ചിരിക്കുന്നതും അതിലെ വിഭവങ്ങളൊക്കെയും വളരെ സന്തുലിതമായി സൃഷ്ടിച്ചിരിക്കുന്നതും കണ്ടെത്താനാവും. അല്ലാഹു പറയുന്നു: ഭൂമിയെ നാം പ്രവിശാലമാക്കുകയും അതിൽ ദൃഢീകൃതമായ മലകളുണ്ടാക്കുകയും അനുയോജ്യമാംവിധം എല്ലാ സാധനങ്ങളും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു (സൂറത്തുൽ ഹിജ് ർ 19).

പ്രാപഞ്ചിക സംവിധാനങ്ങളുടെ സുസ്ഥിരതയും കാലാവസ്ഥാ സന്തുലിതത്വവും ഭംഗമേൽക്കാതെ പരിരക്ഷിക്കേണ്ടത് നാം മനുഷ്യരുടെ ബാധ്യതയാണ്. അതിലെ സർവ്വൈശ്വര്യങ്ങളും നിലനിർത്താൻ നാം ഉത്തരവാദികളാണ്. അല്ലാഹു ഭൂമിയെ വിതാനിച്ചിരിക്കുന്നതും അതിനെ വാസയോഗ്യമാക്കിയതും മഴ ഇറക്കി മുളപ്പിച്ച് വിവിധ തരം ഫലങ്ങൾ തയ്യാറാക്കി തരുന്നതുമെല്ലാം ചിന്തോദീപകമായ ദൃഷ്ടാന്തങ്ങളാണ്. 

'അന്തരീക്ഷത്തിൽ നിന്ന് നിങ്ങൾക്ക് മഴ വർഷിക്കുന്നത് അവനാണ്. അതിൽ നിന്നാണ് നിങ്ങൾ പാനം ചെയ്യുന്നത്. കാലികളെ മേയ്ക്കാനുള്ള ചെടികളുണ്ടാകുന്നതും അതിൽനിന്നു തന്നെ. ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരിയും എല്ലാതരം പഴവർഗങ്ങളും അതുവഴി നിങ്ങൾക്കവൻ ഉൽപ്പാദിപ്പിക്കുന്നു. ചിന്തിക്കുന്ന ജനതക്കു നിശ്ചയം ഇതിൽ വലിയ ദൃഷ്ടാന്തമുണ്ട്' (സൂറത്തുന്നഹ്‌ല് 10, 11).

മനുഷ്യന്റെ സൃഷ്ടിപ്പും അത്യൽഭുതകരം തന്നെ. അല്ലാഹു നമ്മെ സ്വരൂപത്തിലും പൂർണകായത്തിലും അതിമനോഹരമായി സൃഷ്ടിച്ചതിലും നാം ചിന്തിക്കാൻ ആഹ്വാനമുണ്ട്. നിങ്ങളിൽ തന്നെ വിവിധ ദൃഷ്ടാന്തങ്ങളുണ്ടെന്നാണ് സൂറത്തുദ്ദാരിയാത്തിലെ 21ാം സൂക്തത്തിലുള്ളത്. 

നിശ്ചയം മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു  (സൂറത്തുത്തീൻ 04).

ഏറ്റം ഉദാത്തമായി സൃഷ്ടികർമ്മം നടത്തുന്ന അല്ലാഹു അനുഗ്രഹപൂർണനത്രേ (സൂറത്തുൽ മുഅ്മിനൂൻ 14). 

മനുഷ്യർ രൂപത്തിലും കോലത്തിലും നിറങ്ങളിലും ഭാഷവേഷങ്ങളിലും വൈവിധ്യരാണല്ലൊ. അതിലെല്ലാം നമ്മുക്ക് ചിന്തിക്കാൻ വകുപ്പുകളുണ്ട്.

'ഭുവന വാനങ്ങളുടെ സൃഷ്ടിപ്പും നിങ്ങളുടെ ഭാഷാ വർണ വൈജാത്യവും അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, അറിവുള്ളവർക്ക് അതിൽ തീർച്ചയായും പാഠങ്ങളുണ്ട്' (സൂറത്തുറൂം 22).


back to top