യുഎഇ ജുമുഅ ഖുത്ബ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 04/08/2023
വിഷയം: ചാരിത്ര്യശുദ്ധി സ്വർഗത്തിലേക്കെത്തിക്കും
മനസ്സിനെന്ന പോലെ ശരീരത്തിലെ ഓരോ അവയവത്തിനും ചാരിത്ര്യശുദ്ധി നിഷ്‌കർശിക്കുന്ന മതമാണ് ഇസ്ലാം. അതുകൊണ്ടാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ) സ്വർഗാവകാശികളായി പ്രഖ്യാപിച്ച മൂന്നു കൂട്ടരിൽ ചാരിത്ര്യശുദ്ധിയും സ്വഭാവശുദ്ധിയും ശൈലിയാക്കിവരെയും ഉൾപ്പെടുത്തി യതായി കാണാം (ഹദീസ് മുസ്ലിം 2865).
അതായത് ചാരിത്ര്യം സ്വർഗത്തിലേക്കുള്ള പാതയൊരുക്കുമെന്നാണ്. കാരണം അത് ദേഹേഛകളിൽ നിന്ന് ഹൃദയത്തെയും വേണ്ടാത്തരങ്ങളിൽ നിന്ന് ശരീരാവയവങ്ങളെയും പരിരക്ഷിക്കുന്നതാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നുണ്ട്: തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസ്സിനെ സ്വേഛകളിൽ നിന്ന് ഉപരോധിച്ചു നിർത്തുകയും ചെയ്തതാരോ അവന്റെ അഭയകേന്ദ്രം സ്വർഗമാണ് (സൂറത്തുന്നാസിആത്ത് 40, 41). ചാരിത്ര്യശുദ്ധിയുടെ മഹിമ വ്യക്തമാക്കുന്നതാണ് പ്രസ്തുത സൂക്തം.
നബി (സ്വ) ക്ഷേമൈശ്വര്യം, ചാരിത്യം, ദൈവഭയഭക്തി, സന്മാർഗദർശനം എന്നിവ ആവശ്യപ്പെട്ട് അല്ലാഹുവോട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് മുസ്ലിം 2721). ചാരിത്ര്യം ജീവിതത്തിലുടനീളം നിലനിർത്താനും ശീലമാക്കാനും നബി (സ്വ) അനുചരന്മാരെ ഉപദേശിച്ചിരുന്നു.
അതുകൊണ്ടാണ് ഹിർഖൽ രാജാവ് അബൂ സുഫ് യാനിനോട് നിങ്ങളുടെ പ്രവാചകർ എന്തെല്ലാം ചെയ്യാനാണ് നിങ്ങളോട് നിർശേദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: 'നമസ്‌കാരം, സത്യസന്ധത, ചാരിത്ര്യശുദ്ധി, കുടുംബബന്ധം ചേർക്കൽ എന്നിവയെല്ലാം പ്രവാചകർ (സ്വ) കൽപ്പിച്ചിരിക്കുന്നു' (ഹദീസ് ബുഖാരി, മുസ്ലിം).
ചാരിത്ര്യശുദ്ധി എന്നത് അടിസ്ഥാനപരമായി മതപരമായ ധാർമികബാധ്യത എന്നതോടൊപ്പം സമൂഹികവും സാംസ്‌കാരികവുമായ പെരുമാറ്റചട്ടം കൂടിയാണ്. അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്ന വിശേഷം കൂടിയാണത്. സ്വഭാവശുദ്ധിക്കായി സ്വയം ചട്ടകെട്ടുകയും അതിനായി അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യുമ്പോഴാണ് ചാരിത്രം സാധ്യമാവുക.
ചാരിത്ര്യശുദ്ധി പല രൂപങ്ങളിൽ ബാധകമാണ്. അതിൽ പ്രധാനമാണ് സാമ്പത്തിക ശുദ്ധി. മറ്റുള്ളവരുടെ ധനാവകാശം അന്യായമായി അധീനപ്പെടത്തൽ ധാർമികമായി അഭിലഷണീയമല്ല. ഒരാൾ അല്ലാഹുവിനോട് ചാരിത്ര്യം തേടിയാൽ ചാരിത്ര്യമുള്ളവനാക്കും, ഐശ്വര്യം തേടിയാൽ ഐശ്വര്യമുള്ളവനാക്കും (ഹദീസ് ബുഖാരി, മുസ്ലിം). സൂറത്തുൽ ബഖറ 273ാം സൂക്തത്തിലൂടെ അല്ലാഹു സാമ്പത്തികമായി ചാരിത്ര്യശുദ്ധരായ പ്രവാചകാനുചരന്മാരെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്.
ഓരോർത്തരോടും അവർക്ക് അർഹതപ്പെട്ടപ്രകാരം ബാധ്യതകൾ നിർവ്വഹിക്കലും വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങൾ ഭംഗം വരാതെ തിരിച്ചേൽപ്പിക്കലുമെല്ലാം ചാരിത്ര്യ സ്വഭാവശുദ്ധിയുടെ ഭാഗമാണ്. നബി (സ്വ) പറയുന്നുണ്ട്: നിനക്ക് നാല് സ്വഭാവ വിശേഷണങ്ങളുണ്ടെങ്കിൽ ഈ ഐഹിക ലോകത്തിൽ വെച്ച് നിനക്ക് എന്ത് നഷ്ടപ്പെട്ടാലും പ്രശ്‌നമാവില്ല, വിശ്വസിച്ചേൽപ്പിച്ചത് സംരക്ഷിക്കൽ, സംസാരത്തിൽ സത്യസന്ധത പുലർത്തൽ, ജനങ്ങളോട് സ്വഭാവവൈശിഷ്ട്യത്തോടെ പെരുമാറൽ, അനുവദനീയമായത് മാത്രം ഭക്ഷ്യമാക്കൽ എന്നിവയാണവ (ഹദീസ് മുസ്‌നദ് അഹ്‌മദ് 6812).
ഒരിക്കൽ ഒരാൾ നബിസന്നിധിയിൽ ചെന്ന് ചോദിച്ചുവത്രെ: ദൈവദൂതരേ, എനിക്ക് സ്വർഗപ്രവേശം നേടിത്തരുന്ന സൽപ്രവർത്തനം പഠിപ്പിച്ചുതരുമോ. നബി (സ്വ) മറുപടി പറഞ്ഞു: നീ നിന്റെ നാവ് നല്ലതിന് മാത്രം ഉപയോഗിക്കുക, അതല്ലാത്തതിൽ നിന്ന് നാവിനെ തടയണം (ഹദീസ് അഹ്‌മദ് 19156, ബുഖാരി അദബുൽ മുഫ്‌റദ് 69, സ്വഹീഹ് ഇബ്‌നു ഹിബ്ബാൻ 374).
നാവിനെ സൂക്ഷിക്കൽ സ്വഭാവശുദ്ധിയുടെ പ്രധാന ഭാഗമാണ്. നല്ലതേ മൊഴിയാവൂ. മാനത്തെയും അഭിമാനത്തെയും പിച്ചിചീന്തുന്നതും സഭ്യേതരവുമായ വാക്കുകൾ ഉരുവിടരുത്. മറ്റുള്ളവരെപ്പറ്റി അരുതാത്തത് പറയരുത്. സത്യവിശ്വാസിയുടെ നാക്ക്, കൈ എന്നിവയുടെ ഉപദ്രവങ്ങളിൽ നിന്ന് മറ്റുള്ളവർ രക്ഷിപ്പെട്ടിരിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം, നസാഈ 4995).

