യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 11/08/2023
അല്ലാഹു എല്ലാം അറിയുന്നവനാണ്. ഒന്നും അവന്റെ അറിവിലില്ലാത്തതായി ഇല്ല. ഭൂമി ആകാശങ്ങൾ എന്നല്ല പ്രപഞ്ചം അഖിലവും അവന്റെ അധീനതയിലും അറിവിലുമാണ്.
നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും സകലകാര്യങ്ങളിലും സൂക്ഷ്മജ്ഞാനിയാണവനെന്നും ഗ്രഹിക്കുകയും ചെയ്യുക (സൂറത്തുൽ ബഖറ 231).
ഭൂമിയിലും ആകാശത്തിലുമുള്ളതൊക്കെയും അല്ലാഹുവിന്റെ സമഗ്ര ജ്ഞാനത്തിലുള്ളതാണെന്ന് താങ്കൾക്കറിയില്ലേ (സൂറത്തുൽ ഹജ്ജ് 70).
മാലാഖമാർ അല്ലാഹുവിന്റെ വാഴ്ത്തുന്നുണ്ട്: നീ പഠപ്പിച്ചു തന്നതല്ലാത്ത യാതൊരറിവും ഞങ്ങൾക്കില്ലല്ലൊ. നീ സർവജ്ഞനും യുക്തിമാനും തന്നെ (സൂറത്തുൽ ബഖറ 32). പ്രവാചകന്മാർ അല്ലാഹുവിനെ സർവ്വജ്ഞാനത്തെ പുകഴ്ത്തിപറയുമത്രെ: ഞങ്ങൾക്ക് യാതൊന്നുമറിയില്ല, അദൃശ്യകാര്യങ്ങൾ വളരെ നന്നായി നിനക്കറിയാമല്ലോ (സൂറത്തുൽ മാഇദ 109).
മുഹമ്മദ് നബി (സ്വ) മൂസാ നബി (അ)യും ഖിളർ നബി (അ)യും ഒന്നിച്ചു കപ്പലിൽ യാത്ര ചെയ്ത സംഭവം വിവരിച്ചിട്ടുണ്ട്: ഒരു കുരുവി പറന്നുവന്ന് കപ്പലിന്റെ ഒരു അറ്റത്ത് ഇരുന്നു കടലിൽ കൊക്കുകൊണ്ട് കൊത്തി. അപ്പോൾ ഖിളർ (അ) മൂസാ നബി (അ)യോട് പറഞ്ഞുവത്രെ:. അല്ലാഹുവിന്റെ ജ്ഞാനത്തിനടുത്ത് എന്റെയും താങ്കളുടെയും ജ്ഞാനത്തിന്റെ അളവ് ഈ കുരുവി കടലിൽ നിന്ന് കൊത്തിയെടുത്തത്ര മാത്രമാണ് (ഹദീസ് ബുഖാരി, മുസ്ലിം).
അല്ലാഹുവിന് ഒന്നും മറഞ്ഞതായില്ല. എല്ലാ രഹസ്യങ്ങളും നിഗൂഢതകളും അവനറിയാം. 'അല്ലാഹുവിങ്കൽ മാത്രമാണ് അദൃശ്യകാര്യങ്ങളുടെ താക്കോലുകൾ. അവന്നല്ലാതെ മറ്റാർക്കുമവ അറിയില്ല. കരയിലും കടലിലുമുള്ളവയെപ്പറ്റിയത്രയും അഭിജ്ഞനാണവൻ. ഒരു ഇല വീഴുന്നതു പോലും അവനറിയാതിരിക്കില്ല. ഭൂമിയിലെ അന്ധകാരങ്ങളിലുള്ള ഒരു വിത്തും പച്ചയോ ഉണങ്ങിയതോ ആയ സർവതും സ്പഷ്ടമായൊരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെടാതെയില്ല'(സൂറത്തുൽ അൻആം 59).
സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും അല്ലാഹുവിനറിയാം. അവരുടെ മുന്നിലും പിന്നിലുമുള്ളതത്രയും അവനറിയാം, അവർക്കാകട്ടെ അവയെപ്പറ്റിയൊന്നും പൂർണജ്ഞാനമില്ലതാനും (സൂറത്തുത്വാഹാ 110).
ഭാഷ ശബ്ദഘോഷ വിത്യാസങ്ങളില്ലാതെ എല്ലാ ആശയങ്ങളും അവനറിയാം. ഉരുവിടുന്നതുമറിയാം. മൗനമാക്കിയതുമറിയാം. 'നിങ്ങളുടെ സംസാരം രഹസ്യമോ പരസ്യമോ ആക്കിക്കോളൂ. നിശ്ചയം അല്ലാഹു ഹൃദയങ്ങളിലുള്ളത് സംബന്ധിച്ചു പോലും നന്നായറിയുന്നവനാകുന്നു, പടച്ചുണ്ടാക്കിയവൻ എല്ലാം അറിയുകയില്ലേ അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു' (സൂറത്തുൽ മുൽക് 13,14).
ഞങ്ങളുടെ നാഥാ, രഹസ്യമായും പരസ്യമായും ഞങ്ങൾ ചെയ്യുന്നത് നിശ്ചയം നീ അറിയുന്നുണ്ട്. ആകാശഭൂമിയിലുള്ള യാതൊന്നും അല്ലാഹുവിന് അഗോചരമല്ല (സൂറത്തു ഇബ്രാഹിം 38). ആകാശ ഭൂലോകങ്ങളിലെ ഓരോ അണുവിന്റെ അവസ്ഥകൾ പോലും അല്ലാഹുവിനറിയാം.
പരിശുദ്ധ ഖുർആനിൽ ഇരുനൂറിലധികം സ്ഥലങ്ങളിൽ അല്ലാഹു വിന്റെ സമഗ്രജ്ഞാനത്തെയും അതിന്റെ നാമത്തെയും സൂചിപ്പിക്കുന്ന പരാമർശങ്ങൾ കാണാം. ആ സൂക്തങ്ങളെല്ലാം മനസ്സിരുത്തി പാരായണം ചെയ്ത് അല്ലാഹു എല്ലാം കാണുകയും നിരീക്ഷിക്കുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന പരമാർത്ഥം ഉൾക്കൊള്ളേണ്ടവനാണ് സത്യവിശ്വാസി. അതാണ് ഇഹ്‌സാൻ. നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും കാണുന്നത് പോലെ നീയവനെ ആരാധിക്കണം, അവൻ നിന്നെ കാണുന്നുണ്ട്, അങ്ങനെയാണ് നബി (സ്വ) പഠിപ്പിച്ച ഇഹ്‌സാൻ (ഹദീസ് ബുഖാരി, മുസ്ലിം). പ്രവർത്തിയും വാക്കും മൗനവുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.
ഒരിക്കൽ അബ്ദുല്ല ബ്‌നു ഉമർ (റ) ഒരു ആട്ടിടയനെ കണ്ടുമുട്ടിയപ്പോൾ ചോദിച്ചു: ഈ ആട്ടിൻകൂട്ടത്തിൽ നിന്നൊന്നിനെ എനിക്ക് വിൽക്കൂ. അയാൾ പറഞ്ഞു: അവ എന്റേതല്ല. അബ്ദുല്ല (റ) പരീക്ഷണാർത്ഥം പറഞ്ഞു: നീ എനിക്ക് വിറ്റ ശേഷം അതിന്റെ യജമാനനോട് പറയണം അതിനെ ചെന്നായ പിടിച്ചെന്ന്. അയാൾ പറഞ്ഞു: അപ്പോൾ അല്ലാഹു എവിടെയാണ്. ഇതുകേട്ട അബ്ദുല്ല (റ) കരഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു: 'അപ്പോൾ അല്ലാഹു എവിടെയാണ്'(സിയറു അഅ്‌ലാമിൽ നുബലാഅ് 3/216, അബൂദാവൂദ് 306).

