വിദ്യാർത്ഥികൾക്ക് സ്വാഗതമോതാം

യുഎഇ ജുമുഅ ഖുത്ബാ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 25/08/2023


സത്യവിശ്വാസിയുടെ ആത്മീയവും ഭൗതികവുമായ ജീവിതവഴിയിലെ പോഷകപ്രദാനമായ പാഥേയമാണ് വിജ്ഞാനം. സത്യവിശ്വാസം കൈവരിച്ചവരെയും അറിവ് നൽകപ്പെട്ടവരെയും അല്ലാഹു ഏറെ പദവികൾ ഉയർത്തുമത്രെ (സൂറത്തു മുജാദില 11).   

നിശ്ചയം അല്ലാഹുവിന്റെ അടിമകളിൽ ജ്ഞാനികൾ മാത്രമേ അവനെ ഭയപ്പെടൂ (സൂറത്തുൽ ഫാത്വിർ 28).

ഒരിക്കൽ സ്വഫ്‌വാൻ ബ്്‌നു അസ്സാൽ (റ) എന്ന സ്വഹാബിവര്യൻ നബി (സ്വ)യുടെ തിരുസന്നിധിയിൽ ചെന്നു പറഞ്ഞു: തിരുദൂതരേ, ഞാൻ വിദ്യ അഭ്യസിക്കാൻ വന്നിരിക്കുകയാണ്. അപ്പോൾ നബി (സ്വ) മൊഴിയുകയുണ്ടായി: വിദ്യാർത്ഥിക്ക് സ്വാഗതം (ത്വബ്‌റാനി, മുഅ്ജമുൽ കബീർ 7347). വിദ്യാർത്ഥികൾക്ക് സ്വാഗതമോതുകയും പ്രചോദനമേകുകയും ചെയ്യണമെന്നാണ് നബി (സ്വ) സാരോപദേശമായി പറഞ്ഞത്: വിദ്യ തേടുന്നവരായി ധാരാളമാളുകൾ വരും, നിങ്ങൾ അവരെ കണ്ടാൽ സ്വാഗതം സുസ്വാഗതം എന്ന് പറഞ്ഞ് വരവേൽക്കണം (ഇബ്‌നു മാജ 247).

പുതിയ അധ്യായന വർഷത്തിലേക്ക് കടക്കുന്ന യുഎഇയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് സുസ്വാഗതം.

ഏവർക്കും ഭാസുര ഭാവി ആശംസിക്കുന്നു

ഈ നാട് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കെന്നും താങ്ങാണ്.

അധ്യാപകരാണ് വിദ്യയിലൂടെ തലമുറകളെ വാർത്തെടുക്കുന്നവർ. ധിഷണാപരവും സംസ്‌കാരികവുമായ ചാലകശക്തികളാണവർ. ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്ന അധ്യാപകർക്കായി മാലാഖമാരടക്കം ആകാശ ഭൂമി ലോകങ്ങളിലുള്ള സകലതും, എത്രത്തോളമെന്നാൽ മാളത്തിലെ ഉറുമ്പുകൾ പോലും പ്രാർത്ഥിക്കുമത്രെ. അല്ലാഹുവും അവർക്ക് അനുഗ്രഹം ചെയ്യും (ഹദീസ് തുർമുദി 2685). 

നബി (സ്വ) അധ്യാപകരായിരുന്നു. കാര്യങ്ങൾ അനായാസകരമാക്കുന്ന അധ്യാപകരായിട്ടാണ് നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് നബി (സ്വ) തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (ഹദീസ് മുസ്ലിം 188). 

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ വിദ്യാലയങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല. വീടുകളിൽ വെച്ച് മാതാപിതാക്കൾ മക്കളുടെ പഠനകാര്യങ്ങൾ വിലയിരുത്തുകയും പ്രോത്സാഹനങ്ങൾ നൽകുകയും വേണം. അധ്യാപകരെ ബഹുമാനിക്കാൻ നിർദേശിക്കണം. മക്കൾ നല്ലരീതിയിൽ പഠിച്ച് ഉയർന്നാലേ നാട് നന്നാവുകയും ഉന്നതി പ്രാപിക്കുകയും ചെയ്യുകയുള്ളൂ.

വിജ്ഞാനം ഉന്നതങ്ങളിലേക്കുള്ള പടവകുകളാണ് അനായാസകരമാക്കുന്നത്.

അല്ലാഹു പറയുന്നുണ്ട്: അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? ബുദ്ധിമാന്മാർ മാത്രമേ ചിന്തിച്ചുകാര്യങ്ങൾ ഗ്രഹിക്കുകയുള്ളൂ (ഖുർആൻ, സൂറത്തു സ്സുമർ: 9).



back to top