ദേശസ്‌നേഹം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 01/09/2023

ഓരോർത്തർക്കും അവർ വസിക്കുന്ന മണ്ണും വിണ്ണുമുള്ള നാട് ആത്മബന്ധമുള്ളതായിരിക്കും. വിശ്വാസവും സംസ്‌ക്കാരവും സമ്പത്തും അഭിമാനവുമെല്ലാം നാടെന്ന അഭയകേന്ദ്രത്തിലാണ് നിലക്കൊള്ളുത്. അതുകൊണ്ടുതന്നെ ആ നാടിനോടുള്ള സ്‌നേഹവും കൂറുമെല്ലാം അന്തർലീനമായിരിക്കും.

ദേശസ്‌നേഹത്തിന്റെ കാര്യത്തിൽ പ്രവാചകർ മുഹമ്മദ് നബി (സ്വ) കാണിച്ചുതന്ന മാതൃക ചരിത്രപരമാണ്. നബി (സ്വ) യാത്ര പോയാൽ നാടായ മദീനയിലെത്താൻ വെമ്പൽ കൊള്ളുമായിരുന്നു (ഹദീസ് ബുഖാരി 1802).

നാട് എന്നാൽ തലമുറകളിലൂടെ നമ്മളിൽ ഏൽപ്പിക്കപ്പെട്ട സൂക്ഷിപ്പു സ്വത്താണ്. അതിലെ മണ്ണും വായും വെളിച്ചവും വസ്തുവകകളെല്ലാം പരിപാലിക്കേണ്ടത് നാമോരോർത്തരുടെയും ബാധ്യതയാണ്. നാടിന്റെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌ക്കാരിക സാങ്കേതിക ഉന്നമനത്തിന് ഓരോ പൗരനും മനസ്സുവെക്കണം. ഉൽപാദന ക്ഷമതക്കും സുസ്ഥിര വികസനത്തിനും നാടിനായി ഉറക്കമൊഴിച്ച് പ്രയത്‌നിക്കണം. പ്രതിബന്ധങ്ങൾ പോരായ്മകളും വീഴ്ചകളുമില്ലാത്തവിധം പ്രതിരോധിക്കണം. നാടിന്റെ സൂക്ഷിപ്പു ചുമതല വരും തലമുറക്ക് കൈമാറണം. അതാണ് നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്വം. 

നാടിന്റെ മേന്മയിൽ അഭിമാനപുളകിതമാവണം. നാടിന്റെ ശാന്തിക്കും സമാധാനത്തിനും സുസ്ഥിരതക്കുമായി പ്രാർത്ഥിക്കണം, പ്രവർത്തിക്കണം. അതിലെല്ലാം അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കണം. എന്തു നന്മ നിങ്ങളനുവർത്തിക്കുന്നുവെങ്കിലും അല്ലാഹു അത് സംബന്ധിച്ചു സൂക്ഷ്മജ്ഞാനിയായിരിക്കും (സൂറത്തുൽ ബഖറ 215).

നല്ലവരായ ഭരണാധികാരികളെ അംഗീകരിക്കലും രാഷ്ട്രത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കലും ദേശക്കൂറിന്റെ ഭാഗമാണ്. 

നാടിന്റെ മേന്മയിൽ അഭിമാനപുളകിതമാവണം. നാടിന്റെ ശാന്തിക്കും സമാധാനത്തിനും സുസ്ഥിരതക്കുമായി പ്രാർത്ഥിക്കണം. ദേശസ്‌നേഹത്തിന്റെ മഹിത മാതൃകകളാണ് പ്രവാചകന്മാർ കാണിച്ചിരിക്കുന്നത്. 'നാഥാ ഈ നാടിനെ നിർഭയമാക്കുകയും ഇന്നാട്ടുകാരായ വിശ്വാസികൾക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ' എന്നാണ് ഇബ്രാഹിം നബി (അ) മക്കാ ദേശത്തിന് വേണ്ടി പ്രാർത്ഥിച്ചത് (ഖുർആൻ, സൂറത്തുൽ ബഖറ 126). 'മദീനാ ദേശത്ത് അനുഗ്രഹം ചൊരിയണമേ... നാഥാ നിശ്ചയം ഇബ്രാഹിം നബി നിന്റെ ദാസനും കൂട്ടുകാരനും നബിയുമൊക്കെയാണല്ലൊ, ഞാനും നിന്റെ ദാസനും നബിയുമാണ്. ഇബ്രാഹിം നബി മക്കക്ക് വേണ്ടി പ്രാർത്ഥിച്ചു, മക്കക്കുള്ള അതേ അനുഗ്രഹങ്ങൾക്കായി എന്നല്ല അതിലുപരി മദീനക്ക് നൽകാൻ ഞാൻ നിന്നോട് കേഴുന്നു 'എന്ന് നമ്മുടെ നബി (സ്വ)യും പ്രാർത്ഥിച്ചത് ഹദീസിൽ കാണാം (മുസ്ലിം 11639).

നമ്മുടെ പൂർവ്വികരാണ് ഈ വികസനത്തിനും വികാസത്തിനും വേണ്ടി അഹോരാത്രം പണിപ്പെട്ടത്. അവരിൽ നിന്ന് നാം പകർന്ന ദേശക്കൂറ് നിഷ്‌കളങ്കമായി തുടർന്നും പ്രകടിപ്പിക്കണം.  നാടിന്റെ സംസ്‌ക്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കണം.

നാടിന്റെ കാര്യത്തിൽ നാമോരോർത്തരും ഉത്തരവാദികളാണ്. ഓരോയാളും അവർ ഏൽപ്പിക്കപ്പെട്ട കാര്യത്തിൽ അത് പരിപാലിച്ചോ വീഴ്ച വരുത്തിയോ എന്ന് അല്ലാഹു ചോദിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്. അത് നാടിന്റെ കാര്യത്തിലുമുണ്ടാവും. 

നാടിന്റെ സുരക്ഷക്കായി ഉറക്കമൊഴിക്കലും ധനം വിനിയോഗിക്കലുമെല്ലാം ദേശസ്‌നേഹത്തിന്റെ മൂർത്തഭാവങ്ങളാണ്. നബി (സ്വ) പറയുന്നു: രണ്ടു കണ്ണുകളെ നരകത്തീ സ്പർശിക്കുകയില്ല. ഒന്ന് ദൈവഭയഭക്തിയാൽ കരഞ്ഞ കണ്ണ്, രണ്ടാമത്തേത് ദൈവമാർഗത്തിൽ സംരക്ഷണമൊരുക്കി രാത്രിയിൽ ഉറക്കമൊഴിച്ച കണ്ണ് (ഹദീസ് തുർമുദി 1639).


back to top