സകലതും തസ്ബീഹ് ചൊല്ലുന്നുണ്ട്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 08/09/2023

അബൂദർ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: ഏതു വാക്യമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി (സ്വ) ഉത്തരം നൽകി: അല്ലാഹു തന്റെ അടിമകൾക്കായി തെരഞ്ഞെടുത്ത വാക്യം, സുബ്ഹാനല്ലാഹ് വബിഹംദിഹി എന്നതാണത് (ഹദീസ് മുസ്ലിം 2731).

തസ്ബീഹ് എന്നാൽ അല്ലാഹുവിന് യോജ്യമല്ലാത്ത കാര്യങ്ങളിൽ നിന്ന് അവന്റെ പരിശുദ്ധി വാഴ്ത്തലാണ്. തസ്ബീഹ് ചിലപ്പോൾ അല്ലാഹുവിന്റെ പൂർണ നാമത്തോടൊപ്പം ഉരുവിടപ്പെടും. ചിലപ്പോൾ ഹംദോടൊപ്പം, അതുമല്ലെങ്കിൽ അല്ലാഹുവിന്റെ ജലാൽ, അള്മത്ത് എന്നിവയുടെ നാമത്തോടൊപ്പം പറയപ്പെടും.

അണ്ടകടാഹത്തിലെ ചരവും അചരവുമായ സകലതും തസ്ബീഹ് ചൊല്ലി അല്ലാഹുവിനെ വാഴ്ത്തുന്നുണ്ട്. 

ഏഴു ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ മഹത്വം പ്രകീർത്തിക്കുന്നുണ്ട്, അവനെ സ്തുതിച്ചുകൊണ്ട് വിശുദ്ധി വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല തന്നെ. എന്നാൽ അവയുടെ പ്രകീർത്തനം നിങ്ങൾക്കു മനസ്സിലാവില്ല (സൂറത്തുൽ ഇസ്‌റാഅ് 44). 

മലക്കുകളും തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നുണ്ട്.

ദൈവിക സിംഹാസനം വഹിച്ചു കൊണ്ടിരിക്കുന്നവരും അവർക്കു ചുറ്റുമുള്ളവരുമായ മാലാഖമാർ തങ്ങളുടെ നാഥന് സ്തുതികീർത്തനങ്ങളർപ്പിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും പാപമോചനമർഥിച്ചുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് (സൂറത്തു ഗാഫിർ 07). 

ആകാശത്തുള്ള എല്ലാവരും തസ്ബീഹ് ചൊല്ലുന്നുണ്ട്. അവർ രാത്രിയും പകലും അവന്റെ മഹത്വം വാഴ്ത്തുന്നു, ഒട്ടും ക്ഷീണിച്ചുപോകുന്നില്ല (സൂറത്തുൽ അമ്പിയാഅ് 20). 

ഇടിനാദം അവനു സ്‌തോത്രമർപ്പിക്കുന്നതിനൊപ്പം പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട് (സൂറത്തു റഅ്ദ് 13). 

ഭുവന വാനങ്ങളിലുള്ളവരും ചിറകുവിടർത്തിപ്പിടിച്ചുകൊണ്ടു പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നത് താങ്കൾ കാണുന്നില്ലേ (സൂറത്തുൽ ന്നൂർ 41). 


നബിമാരും മുർസലുകളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നത് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മൂസാ നബി (അ) പറഞ്ഞിട്ടുണ്ട്: നീ എത്ര പരിശുദ്ധൻ, നിന്നിലേക്കു ഞാൻ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. വിശ്വാസികളിൽ പ്രഥമനാണു ഞാൻ (സൂറത്തുൽ അഅ്‌റാഫ് 143). 

അല്ലാഹു നമ്മുടെ നബി (സ്വ) യോട് പറയുന്നുണ്ട്: പ്രഭാത പ്രദോഷങ്ങളിൽ നാഥന്റെ നാമം വാഴ്ത്തുകയും നിശാ നമസ്‌കാരം നിർവഹിക്കുകയും രാത്രിയിൽ നീണ്ട സമയം അവന്റെ മഹത്വം പ്രകീർത്തിക്കുകയും ചെയ്യുക (സൂറത്തുൽ ഇൻസാൻ 26). അപ്രകാരം നബി (സ്വ) രാത്രിയിൽ ദീർഘമായി സാഷ്ടാംഗം നമിച്ചു തസ്ബീഹ് ചൊല്ലാമായിരുന്നു (ഹദീസ് തുർമുദി 3416, നസാഈ 1618, ഇബ്‌നുമാജ 3879). 

തസ്ബീഹിന്റെ ശ്രേഷ്ഠതകളും ഗുണഫലങ്ങളും അനവധിയാണ്. ഒന്നാമതായി അത് നബി (സ്വ) പറഞ്ഞ പ്രകാരം അതിപുണ്യകരവും മഹത്കരവുമായ വാക്യമാണ് (ഹദീസ് മുസ്ലിം 2731). 

നന്മയുടെ തുലാസിൽ കൂടുതൽ ഘനം കൂടുന്നതുമാണ് തസ്ബീഹ് (ഹദീസ് മുസ്ലിം 2692). തസ്ബീഹ് ഹൃദയവിശാലത ഉണ്ടാക്കുന്നതുമാണ്. അല്ലാഹു പറയുന്നുണ്ട്: അവരുടെ കുപ്രചരണങ്ങളും അതിക്ഷേപങ്ങളും മൂലം അങ്ങേക്കു മനപ്രയാസമുണ്ടാകുന്നത് നാം അറിയുക തന്നെ ചെയ്യുന്നുണ്ട് അതിനാൽ നാഥന് സ്തുതികീർത്തനങ്ങളർപ്പിച്ചുകൊണ്ട് അവന്റെ മഹത്വം വാഴ്ത്തുകയും സാഷ്ടാംഗം ചെയ്യുന്നവരിലാവുകയും ചെയ്യുക (സൂറത്തുൽ ഹിജ് ർ 97, 98). 

തസ്ബീഹ് സംതൃപ്തി ദായകവുമാണ്. അല്ലാഹു പറയുന്നു: നിഷേധികളുടെ ജൽപനങ്ങളിൽ താങ്കൾ ക്ഷമ കൊള്ളുക. സൂര്യൻ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുമ്പും ദിനരാത്രങ്ങളുടെ ചില മുഹൂർത്തങ്ങളിലും നാഥനെ സ്തുതിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക, എങ്കിൽ താങ്കൾക്കു ദൈവിക സംതൃപ്തി ലഭിച്ചേക്കും (സൂറത്തു ത്വാഹാ 130).


back to top