ആരാധനാനുഷ്ഠാനങ്ങളിലെ ഇഖ്‌ലാസ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 15/09/2023

ഇഖ്‌ലാസ് എന്നാൽ ആത്മാർത്ഥത എന്നാണ് വാക്കർത്ഥം.  ഓരോ വാക്കിലും പ്രവർത്തിയിലും പ്രപഞ്ച പാലകനായ അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിക്കുന്നതാണ് ആരാധനാനുഷ്ഠാനങ്ങളിലെ ഇഖ്‌ലാസ് കൊണ്ട് നിർവചിക്കപ്പെടുന്നത്. അങ്ങനെ അവന്റെ തൃപ്തി കാംക്ഷിക്കാൻ തന്നെയാണ് ഗതകാലക്കാരോടും സമകാലിക സമുദായങ്ങളോടും അല്ലാഹു കൽപ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: വിധേയത്വം ആത്മാർത്ഥമായി അല്ലാഹുവിനു മാത്രമാക്കി ഋജുമാനസരായി അവനെ ആരാധിക്കാനും നമസ്‌കാരം നിലനിർത്താനും സകാത്ത് കൊടുക്കാനുമേ അവർ അനുശാസിക്കപ്പെട്ടിരുന്നുള്ളൂ, അതത്രേ നേരെചെവ്വേയുള്ള മതം (സൂറത്തുൽ ബയ്യിന 05). 


സത്യവിശ്വാസികൾക്കുള്ള പ്രത്യേക സാരോപദേശവമായും വിശുദ്ധ ഖുർആനിൽ ഇഖ്‌ലാസ് കൊണ്ട് കൽപ്പിക്കപ്പെടുന്നുണ്ട്: മതം അല്ലാഹുവിന് ആത്മാർത്ഥ സമർപ്പണം ചെയ്ത് അവനോടു പ്രാർത്ഥിക്കുക (സൂറത്തുൽ അഅ്‌റാഫ് 29). 

ആരാധനാനുഷ്ഠാനങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാനുള്ള പ്രധാന ഘടകം ഇഖ്‌ലാസ് തന്നെയാണ്. 

അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നതും ആത്മാർത്ഥവുമായ കർമ്മങ്ങളേ അല്ലാഹു സ്വീകരിക്കുകയുള്ളൂവെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് നസാഈ 3140). 

ആപത്തുകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും രക്ഷ നേടാനുള്ള പ്രധാനോപാധി കൂടിയാണ് ഇഖ്‌ലാസ്. ഗുഹാമുഖത്ത് പാറക്കല്ല് മൂടി അതിനകത്ത് കുടുങ്ങിയ മൂന്നുപേരുടെ കഥ ബുഖാരി, മുസ്ലിം ഹദീസുകളിൽ കാണാം. മൂന്നുപേരും തങ്ങൾ അല്ലാഹുവിന്റെ പൊരുത്തത്തിന് വേണ്ടി മാത്രം ചെയ്ത സൽക്കർമ്മങ്ങളെ മുൻനിർത്തി പ്രാർത്ഥിക്കുകയായിരുന്നു. അങ്ങനെ പാറ തനിയെ തനിയെ നീങ്ങി അവർ രക്ഷപ്പെട്ടു. 

ഇഖ്‌ലാസോടെയുള്ള സൽപ്രവർത്തനങ്ങൾ വഴി ഉയർച്ചകളും അഭിവൃതികളുമുണ്ടാവുമെന്നും നബി (സ്വ) ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). സത്യവിശ്വാസി തന്റെ എല്ലാ വാക്കിലും പ്രവർത്തിയിലും ചിന്തയിലും എന്നല്ല ഏതു അവസ്ഥാന്തരങ്ങളിലും പടച്ചവന്റെ തൃപ്തി മാത്രമെന്ന ഇഖ്‌ലാസിന് പ്രാമുഖ്യം നൽകണം.

വാക്കുകളിൽ വെച്ചേറ്റവും ഭക്തമായതും ആത്മാർത്ഥവുമായത് 'അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്ന ലാഇലാഹ ഇല്ലല്ലാഹ്' എന്ന അതിപ്രതാപമുള്ള വാക്യമാണ്. ആത്മാർത്ഥമായി തഹ്‌ലീൽ വാക്യം ഉരുവിട്ടവന് അല്ലാഹുവിന്റെ സിംഹാസനത്തിലേക്ക് വഹിച്ചു എത്തിക്കുംവിധം ആകാശ വാതായനങ്ങൾ ഉറപ്പായും തുറക്കപ്പെടുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 3590). 

പ്രവർത്തനങ്ങളിൽ വെച്ചേറ്റവും ആത്മാർത്ഥമായത് രഹസ്യമായി ഇഖ്‌ലാസോടെ ചെയ്യുന്ന ദാനധർമ്മമാണ്. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാത്തവിധം രഹസ്യമായി ദാനം ചെയ്യുന്നവന് അന്ത്യനാളിൽ ഹർഷിന്റെ തണൽ ലഭിക്കുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് കുടുംബനാഥൻ മക്കളെ വളർത്താനും കുടുംബം പോറ്റാനുമായി അധ്വാനിക്കുന്നതും ചെലവഴിക്കുന്നതുമെല്ലാം ഇഖ്‌ലാസിൽപ്പെട്ടതാണ്. അല്ലാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യമാക്കി കുടുംബത്തിന് നൽകുന്ന ഒരു ഭക്ഷണ ഉരുളക്ക് പോലും തക്കതായ പ്രതിഫലമുണ്ടത്രെ (ഹദീസ് ബുഖാരി, മുസ്ലിം). 

വീട്ടിലും കുടുംബത്തിലും നാട്ടിലും സമൂഹത്തിലും ഓരോർത്തർക്കും ഓരോ കർത്തവ്യങ്ങളുണ്ട്. കളങ്കമില്ലാതെ നിസ്വാർത്ഥമായി അവ നിർവ്വഹിക്കുമ്പോഴാണ് ഇഖ്‌ലാസെന്ന ആത്ഥമാർത്ഥത യാഥാർത്ഥ്യമാവുന്നത്. ഉദ്യോർഗാർത്ഥിയും ഡോക്ടറും അധ്യാപകനും വിദ്യാർത്ഥിയും എന്നുമാത്രമല്ല ഓരോർത്തരും ജീവിതത്തിലെ നിഖില ഘട്ടങ്ങളിലും

അവരവരുടെ ഇടങ്ങളിൽ തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ ആത്മാർത്ഥതയുള്ളവരാവണം.


back to top