യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയതി: 22/09/2023
തിരുനബി (സ്വ)യുടെ ജനദിന സ്മൃതികൾ കൊണ്ടാടുന്ന റബീഅ് മാസത്തിന്റെ സുന്ദരസുരലിഭ മുഹൂർത്തത്തിലാണ് നാമിപ്പോൾ. പ്രവാചകാപദാനങ്ങൾ പാടിയും പ്രവാചക വിശേഷങ്ങൾ പങ്കുവെച്ചും പ്രചാചക ചരിത്രം പറഞ്ഞും പഠിച്ചും നമ്മുക്കീ നിമിഷങ്ങൾ ധന്യമാക്കാം:
മുഹമ്മദ് നബി (നബി) ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവ് അബ്ദുല്ല മരിച്ചിരുന്നു.
വൈകാതെ മാതാവ് ആമിന ബിന്തു വഹബും വഫാത്തായി.
പിന്നീട് വളർത്തിയ പിതാമഹൻ മുത്തലിബും മരിച്ചു.
ശേഷം സംരക്ഷണമേറ്റെടുത്തത് പിതൃവ്യൻ അബൂത്വാലിബാണ്.
അങ്ങനെ അത്യുത്തമ വിശേഷണങ്ങളും സ്വഭാവങ്ങളുമായി നബി (സ്വ) ആ സമൂഹത്തിൽ അറിയപ്പെട്ടു.
ലോകത്തിനാകമാനം അനുഗ്രഹനിയോഗവും കാരുണ്യവർഷവുമായിരുന്നു തിരു പ്രവാചകത്വം.
പരിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി അല്ലാഹു സുവ്യക്തമായി തന്നെ പ്രവാചകാപദാനങ്ങൾ വിവരിക്കുന്നുണ്ട്:
സ്വന്തത്തിൽ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികൾക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവർക്ക് അല്ലാഹു ചെയ്തത് (സൂറത്തു ആലുഇംറാൻ 164).
നബീ, പ്രപഞ്ചത്തിന് അനുഗ്രഹമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് (സൂറത്തുൽ അമ്പിയാഅ് 107).
പ്രവാചക സ്മൃതികൾ ആകാശഭൂമികളിൽ ഉയർത്തിയതായും അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്: നബി, നാം അങ്ങയുടെ ഹൃദയം വിശാലമാക്കുകയും നടുവൊടിച്ചിരുന്ന ഭാരം ഇറക്കിവെക്കുകയും സൽപേര് ഉന്നതമാക്കുകയും ചെയ്തു തന്നില്ലേ (സൂറത്തു ശ്ശർഹ് 1,2,3,4).
അത്യുന്നതവും പരിപൂർണവുമായ സ്വഭാവവിശേഷങ്ങളാണ് അല്ലാഹു നബി (സ്വ) ക്ക് നൽകിയിരിക്കുന്നത്: നിശ്ചയം അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കൾ (സൂറത്തു ഖലം 04).
നബി (സ്വ) യുടെ സന്മാർഗദർശനവും സത്യനിഷ്ഠയും ഖുർആൻ വിവരിക്കുന്നുണ്ട്: നിങ്ങളുടെ സഹവാസി വഴിതെറ്റുകയോ ദുർമാർഗിയാവുകയോ ചെയ്തിട്ടില്ല, ദിവ്യസന്ദേശമായി കിട്ടുന്ന വഹ്‌യ് അല്ലാതെ അവിടന്ന് തന്നിഷ്ടപ്രകാരം യാതൊന്നും ഉരിയാടുകയില്ല (സൂറത്തു നജ്മ് 2,3).
നബി (സ്വ)യുടെ വിട്ടുവീഴ്ചാ മനോഭാവും സ്വഭാവലാളിത്യവും ഖുർആനിൽ വിവരിക്കപ്പെട്ടിട്ടുണ്ട്: ഹേ വേദക്കാരേ നമ്മുടെ ദൂതൻ മുഹമ്മദ് നബി ഇതാ നിങ്ങളിലേക്ക് വന്നിരിക്കുന്നു, വേദത്തിൽ നിന്ന് നിങ്ങൾ മറച്ചുവെച്ചിരുന്ന മിക്ക കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടും നിങ്ങളുടെ ചെയ്തികളധികവും മാപ്പാക്കിക്കൊണ്ടും (സൂറത്തു മാഇദ 15).
സ്വന്തത്തിൽ നിന്നു തന്നെയുള്ള ഒരു റസൂൽ നിങ്ങൾക്കിതാ വന്നിരിക്കുന്നു. നിങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്നത് അവിടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാർഗ പ്രാപ്തിയിൽ അതീവേച്ഛുവും സത്യവിശ്വാസികളോട് ഏറെ ആർദ്രനും ദയാലുവുമാണ് അവിടന്ന് (സൂറത്തുത്തൗബ 128).
മനുഷ്യർക്ക് മാത്രമല്ല, പക്ഷിമൃഗാദികൽ എന്നല്ല പ്രപഞ്ചത്തിലെ സകലതിനും പ്രവാചകരുടെ (സ്വ) കാരുണ്യസ്പർശം പതിച്ചിട്ടുണ്ട്. പ്രവാചകത്വത്തിന്റെ പ്രധാന പ്രതീകം തന്നെ കാരുണ്യമാണ്. പ്രവാചക പാതകളൊക്കെയും കരുണാനിബിഡമായിരുന്നു. ലക്ഷ്യവും കരുണാധിഷ്ഠതമായ വിജയമായിരുന്നു. അല്ലാഹു ഏകിയ കാരുണ്യസമ്മാനമാണ് തങ്ങളെന്ന് നബി (സ്വ) തന്നെ പറഞ്ഞിട്ടുണ്ട് (ഹദീസു ദ്ദാരിമി 15).
കാരുണ്യപ്രവാചകർ മുഹമ്മദ് നബി (സ്വ) നമ്മിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് ഏവർക്കും സന്മാർഗദർശനമേകി വിജയപഥത്തിലെത്തിക്കാനാണ്. അല്ലാഹു പറയുന്നു: അല്ലാഹുവിങ്കൽ നിന്ന് നിങ്ങൾക്കിതാ ഒരു പ്രകാശവും സ്പഷ്ടമായ ഗ്രന്ഥവും വന്നുകിട്ടിയിരിക്കുന്നു, അതുമുഖേന തന്റെ സംതൃപ്തി അനുധാവനം ചെയ്യുന്നവരെ അല്ലാഹു സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നതും അന്ധകാരങ്ങളിൽ നിന്ന് തന്റെ അനുമതിയോടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതും ഋജുവായ പന്ഥാവിലേക്ക് മാർഗദർശനം ചെയ്യുന്നതുമാണ് (സൂറത്തു മാഇദ 15, 16).
ഓ നബീ, നിശ്ചയം താങ്കളെ നാം സത്യസാക്ഷിയും ശുഭവാർത്താവാഹകനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ അനുമതിയോടെ അവങ്കലേക്കു ക്ഷണിക്കുന്നയാളും വെളിച്ച്ം തെളിക്കുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു (സൂറത്തുൽ അഹ്‌സാബ് 45, 46). നിശ്ചയം അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്ക് ഉദാത്തമാതൃകയുണ്ട് (സൂറത്തുൽ അഹ്‌സാബ് 21).
പ്രവാചക ചര്യ പിൻപറ്റൽ അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്, മാത്രമല്ല പ്രായശ്ചിത്തം നേടിത്തരുന്നതുമാണ്: താങ്കൾ പ്രഖ്യാപിക്കുക, നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ പിൻതുടരുക. എന്നാൽ നിങ്ങൾക്ക് സ്‌നേഹം വർഷിക്കുകയും പാപങ്ങൾ പൊറുത്തുതരികയും ചെയ്യും (സൂറത്തു ആലുഇംറാൻ 31).
മക്കൾക്ക് ചെറുപ്പത്തിൽ തന്നെ പ്രവാചക സ്‌നേഹവും അനുധാവനവും ഉണ്ടാക്കിയെടുക്കലും, പ്രവാചക ചരിത്രവും സ്വഭാവങ്ങളും വിശേഷണങ്ങളും പഠിപ്പിച്ചുകൊണ്ടു വളർത്തിയെടുക്കലുമെല്ലാം രക്ഷാകർതൃ ബാധ്യതകളാണ്. നബി (സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലാനും അത് അധികരിപ്പിച്ചുകൊണ്ടിരിക്കാനും പഠിപ്പിക്കണം. ഒരു സ്വലാത്തിന് പത്തു സ്വലാത്തുകളുടെ പ്രതിഫലമുണ്ടത്രെ (ഹദീസ് മുസ്ലിം 384).

