അർഹതപ്പെട്ടവർക്ക് അംഗീകാരം നൽകണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 29/09/2023

അല്ലാഹുവിങ്കൽ മാഹാത്മ്യം കൈവരുന്നത് ഭയഭക്തികൊണ്ടാണ്. നിങ്ങളിൽ അത്യാദരണീയൻ ഏറ്റം ധർമനിഷ്ഠരെന്നാണ് സൂറത്തുൽ ഹുജറാത്ത് 13ാം സൂക്തത്തിലൂടെ അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത്. മഹത്തുക്കളെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുക്കുകയും ബഹുമാനിക്കുകയും സ്ഥാനമാനം വകവെച്ചുനൽകുകയും ചെയ്തിട്ടുണ്ട്. പൊതുജനം അവരുടെ പദവികൾ തിരിച്ചറിയാനും അവരെ പിന്തുടരാനുമാണത്. 

അത്തരത്തിൽ അല്ലാഹു ഏറെ പ്രത്യേകമാക്കി മാനിച്ചവരാണ് നബിമാരും മുർസലുകളും. അവർക്ക് പ്രത്യേക പരിഗണനയും മുൻഗണനയും നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ആ ദൈവദൂതന്മാരിൽ ചിലരെ മറ്റു ചിലരെക്കാൾ നാം ശ്രേഷ്ഠരാക്കിയിരുന്നു, അല്ലാഹു നേരിട്ടു സംസാരിച്ചവർ അവരിലുണ്ട്, ചിലരെ വളരെ പദവികൾ അവനുയർത്തി (സൂറത്തുൽ ബഖറ 253). 

മുർസലുകളിൽ തന്നെ ശ്രേഷ്ഠരായവരാണ് ഉലുൽ അസ്മുകൾ.

അവരിൽ ഏറ്റവും അവസാനത്തെവരും അതിശ്രേഷ്ഠരുമാണ് നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ).

സൃഷ്ടികളിൽ വെച്ചേറ്റവും സ്രഷ്ടാവ് ആദരിച്ചവരാണ് നമ്മുടെ നബി (സ്വ).

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: മുഹമ്മദ് നബി (സ്വ)യെക്കാൾ സർവ്വാദരണീയരായിട്ട് അല്ലാഹു ഒന്നും പടച്ചിട്ടില്ല (മുസ്‌നദുൽ ഹാരിശ് 934).

നബി (സ്വ) അനുചരന്മാരിൽ മഹത്തുക്കളായവരെ പ്രത്യേകം ആദരിക്കുകയും അവരുടെ നന്മകളെ വാഴ്ത്തുകയും അവർക്കുള്ള സ്ഥാനമാനങ്ങൾ വകവെച്ചുനൽകുകയും ചെയ്യുമായിരുന്നു. അവരുടെ നന്മകൾ സ്മരിക്കുകയും ചെയ്തിരുന്നു. 

പ്രിയ പത്‌നി ഖദീജാ ബീബി (റ) യെ അനുസ്മരിച്ചാൽ അവരുടെ നന്മകൾ പറഞ്ഞ് വാചാലരാകുമായിരുന്നു നബി (സ്വ). ആൾക്കാർ എന്നെ ബഹിഷ്‌ക്കരിച്ചപ്പോൾ ധനം കൊണ്ട് സ്വാന്തനപ്പെടുത്തുകയും, എന്നെ അവിശ്വസിച്ചപ്പോൾ വാസ്തവമാക്കുകയും ചെയ്തവരാണ് മഹതിയെന്ന് നബി (സ്വ) അനുസ്മരിക്കുമായിരുന്നു (ഹദീസ് അഹ്‌മദ് 24864). 

പ്രിയ സഹചാരി അബൂബക്കർ സിദ്ധീഖി (റ)ന്റെ ത്യാഗനിർഭരതയും അർപ്പണബോധവും നബി (സ്വ) പുകഴ്ത്തി പറയുമായിരുന്നു. സ്വശരീരം കൊണ്ടും ധനവിനിയോഗം കൊണ്ടും നബി (സ്വ)ക്ക് ഏറെ ഔദാര്യം കാട്ടിയവരത്രെ അബൂബക്കർ (റ) (ഹദീസ് ബുഖാരി, മുസ്ലിം). 

സൽസ്വഭാവ മേന്മകൾ കൊണ്ടും വിജ്ഞാന പാടവങ്ങൾ കൊണ്ടും നിസ്തുലമായവരെ നബി (സ്വ) പ്രത്യേകം ബഹുമാനിക്കുകയും,  പൊതുജനം അവനെ മാനിക്കാനും മാതൃകയാക്കാനും അംഗീകാരങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയിതിരുന്നു. 

നബി (സ്വ) പറഞ്ഞിട്ടുണ്ട്; എന്റെ സമുദായത്തിൽ വെച്ച് സമുദായത്തോട് ഏറെ കരുണ കാട്ടുന്നവർ അബൂബക്കറാണ്, അവരിൽ അല്ലാഹുവിന്റെ കാര്യത്തിൽ ഏറെ കണിശത കാട്ടുന്നവർ ഉമറാണ്. ഏറെ ലജ്ജയുള്ളവർ ഉസ്മാനാണ്. ഖുർആൻ ഏറെ പാരായണം ചെയ്യുന്നവർ ഉബയ്യ് ബ്‌നു കഅ്ബാണ്. അനന്തരാവകാശ വിജ്ഞാനങ്ങൾ ഏറെ അറിയുന്നവർ സൈദ് ബ്‌നു സാബിത്താണ്. നിഷിദ്ധ കാര്യങ്ങളും അനുവദനീയ കാര്യങ്ങളും കൂടുതൽ അറിയുന്നവർ മുആദ് ബ്‌നു ജബലാണ്. അറിയുക, നിശ്ചയമായും ഓരോ സമുദായത്തിനും ഓരോ വിശ്വസ്തരുണ്ട്. എന്റെ സമുദായത്തിന്റെ വിശ്വസ്തൻ അബൂ ഉബൈദത്തു ബ്‌നുൽ ജറാഅ് ആണ് (ഹദീസ് തുർമുദി 3791, ഇബ്‌നു മാജ 154). ഓരോ കഴിവുകളെയും നബി (സ്വ) ഇവിടെ മാനിക്കുകയും പുകഴ്ത്തിപറയുകയുമാണ് ചെയ്തിരിക്കുന്നത്. 

പല മേഖകളിലായി പ്രാവീണ്യവും പ്രാഗത്ഭ്യവുമുള്ളവരെ നബി (സ്വ) പുകഴ്ത്തുകയും പ്രോത്സാഹിക്കുകയും ചെയ്യുമായിരുന്നു. 

ഖുർആൻ പാരായണത്തിൽ പ്രത്യേക ശബ്ദുമാധുര്യമുണ്ടായിരുന്ന അബൂമൂസാ (റ)യെ പുകഴ്ത്തിയതായി കാണാം. അദ്ദേഹത്തിന് ദാവൂദ് നബി (അ)യുടെ സംഗീതോപകരണം നൽകപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്ലിം). ഖുർആൻ പാരായണത്തിൽ അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തിയിരുന്ന ഇബ്‌നു മസ്ഊദി (റ)നെ വാഴ്ത്തിപറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്‌മദ് 4340, ഇബ്‌നുമാജ 138). 

സ്വഹാബികളുടെ നേട്ടങ്ങളെ നബി (സ്വ) അംഗീകരിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്തിരുന്നു. കവിയായിരുന്ന കഅ്ബ്‌നു സുഹൈറു ബ്‌നു അബൂസലമ (റ) ക്ക് നബി (സ്വ) സമ്മാനമായി സ്വന്തം പുതപ്പ് നൽകുകയായിരുന്നു. അബ്ദുല്ല ബ്‌നു ഉനൈസി (റ) ന് വടി നൽകി ആദരിക്കുകയായിരുന്നു (ഹദീസ് അഹ്‌മദ് 16047). 

നിർമാണ പ്രവർത്തനങ്ങളിലും മറ്റും കഴിവ് തെളിയിച്ചവർക്കും നബി (സ്വ) അംഗീകാരങ്ങൽ നൽകിയിരുന്നു. മസ്ജിദുൽ നബവിയുടെ നിർമിക്കുന്ന സമയത്ത് പ്രാഗത്ഭ്യം കാണിച്ച ഒരു സ്വഹാബിവര്യന് പ്രത്യേക മുൻഗണന നൽകാൻ അവരോട് നിർദേശിച്ചിരുന്നു (ഹദീസ് അഹ്‌മദ് 28446, സ്വഹീഹു ബ്‌നു ഹിബ്ബാൻ 1122).

സമൂഹത്തിൽ വിത്യസ്ത മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചവരെ മാനിക്കുകയും അവരുടെ അർഹതകൾക്കുള്ള അംഗീകാരങ്ങൾ നൽകലും നാമോരോർത്തരുടെയും ബാധ്യതയാണ്.


back to top