യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 06/10/2023
ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു: നിർബന്ധിത കാര്യങ്ങൾ ചെയ്യൽ കൊണ്ടാണ് അടിമ എന്നിലേക്ക് അടുക്കുന്നത്. സുന്നത്തായ കാര്യങ്ങൾ ചെയ്ത് എന്നിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടാൽ അവൻ കേൾക്കുന്ന കാത് ഞാനാവും, അവൻ കാണുന്ന കണ്ണ് ഞാനാവും, അവൻ പിടിക്കുന്ന കൈ ഞാനാവും, അവൻ നടക്കുന്ന കാല് ഞാനാവും. അവൻ എന്നോട് ചോദിച്ചാൽ ഞാനവന് കൊടുത്തിരിക്കും. അവൻ എന്നോട് കാവൽ തേടിയാൽ ഞാനവനെ കാത്തുസംരക്ഷിച്ചിരിക്കും' (ഹദീസ് ബുഖാരി 6502).
നവാഫിൽ എന്നാണ് നിർബന്ധിതേതര ഐഛിക സുന്നത്തായ ആരാധനാനുഷ്ഠാനങ്ങൾക്ക് പറയപ്പെടുന്നത്. നമസ്‌കാരങ്ങളിലെ നവാഫിൽ നബി (സ്വ) വിശദീകരിച്ചു തന്നിട്ടുണ്ട്: ഒരു സത്യവിശ്വാസി ഓരോ ദിവസവും നിർബന്ധിത നമസ്‌കാരങ്ങളല്ലാതെ പന്ത്രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കാരങ്ങൾ കൂടി നിർവ്വഹിക്കുകയാണെങ്കിൽ അല്ലാഹു അവനിക്ക് സ്വർഗത്തിലൊരു വീട് പണിതിരിക്കും (ഹദീസ് മുസ്ലിം 728)
നവാഫിലുകളിൽ സമയാദ്യം വരുന്നത് സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരമാണ്. അത് അതിശ്രേഷ്ഠകരവും അതിപ്രതിഫലാർഹവുമാണ്. നബി (സ്വ) പറയുന്നു : സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരം ഈ ഐഹികലോകത്തെക്കാളും അതിലുള്ള മുഴുവതിനേക്കാളും ശ്രേഷ്ഠമാണ് (ഹദീസ് മുസ്ലിം 725). അതു കൊണ്ട് തന്നെ അവ നിർവ്വഹിക്കാൻ നബി (സ്വ) ആവേശം കാട്ടുമായിരുന്നു. പ്രിയ പത്‌നി ആയിഷ ബീബി (റ) പറയുന്നു : നബി (സ്വ) തങ്ങൾ സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്‌ക്കാരത്തിന് ധൃതി കാട്ടുന്നത് പോലെ മറ്റൊരു സുന്നത്ത് നിസ്‌ക്കാരത്തനും ധൃതി കാട്ടുന്നതായി ഞാൻ കണ്ടിട്ടില്ല (ഹദീസ് മുസ്ലിം 724).
സമയാടിസ്ഥാനത്തിൽ പിന്നെ വരുന്ന നവാഫിൽ നമസ്‌കാരം ളുഹായാണ്. അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുന്ന അനുസരണയുള്ള അടിമയേ ളുഹാ നമസ്‌കാരം പതിവാക്കുകയുള്ളൂവെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് സ്വഹീഹു ബ്‌നു ഖുസൈമ 1224).
ളുഹ്ർ നമസ്‌കാരത്തിന് മുമ്പ് നാലു റക്അത്തും ശേഷം രണ്ടു റക്അത്തും നവാഫിലുകളാണ്. നബി (സ്വ) അങ്ങനെ നമസ്‌കരിച്ചിരുന്നുവെന്ന് അലി (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് തുർമുദി 424).
മഗ്‌രിബിന് ശേഷമുള്ള രണ്ടു റക്അത്തു നിസ്‌ക്കാരവും നവാഫിലാണ്. നബി (സ്വ) അവ നിർവ്വഹിക്കുമായിരുന്നെന്ന് ഇബ്‌നു ഉമർ (റ) അടയാളപ്പെടുത്തിയിട്ടുണ്ട് (ഹദീസ് ബുഖാരി 1180).
ഇബ്‌നു ഉമർ (റ) നവാഫിലുകൾ പഠിക്കാനും പകർത്താനും പ്രത്യേകം താൽപര്യം കാണിക്കുമായിരുന്നു. ഇശാ നമസ്‌കാരത്തിന് ശേഷം രണ്ടു റക്അത്തും നവാഫിലായി എണ്ണിതിട്ടപ്പെടുത്തിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
നബി (സ്വ) ക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു നവാഫിൽ നമസ്‌കാരമാണ് വിത്ർ. പുലരുന്നതിന് മുമ്പായി വിത്ർ നമസ്‌കരിക്കണമെന്ന് നബി (സ്വ) അനുചരന്മാരെ ഉപദേശിക്കുമായിരുന്നു (ഹദീസ് മുസ്ലിം 754).
ഫർള് നമസ്‌കാരങ്ങളിലെ പാകപ്പിഴവുകൾക്ക് പരിഹാരമായി വർത്തിക്കുന്നത് സുന്നത്ത് നമസ്‌കാരങ്ങളാണ്. നബി (സ്വ) പറഞ്ഞിട്ടുണ്ട് : അന്തനാളിൽ അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുത് നമസ്‌കാരത്തെപ്പറ്റിയാണ്. നമസ്‌കാരം പരിപൂർണമാക്കിയാൽ അവനിക്ക് പരിപൂർണ നമസ്‌കാരമായി എഴുതപ്പെടും. പരിപൂർണമാക്കിയില്ലെങ്കിൽ അല്ലാഹു പറയും: എന്റെ അടിമ വല്ല സുന്നത്തും നിർവ്വഹിച്ചിട്ടുണ്ടോ എന്നറിയുക, അവ ഫർള് നമസ്‌കാരങ്ങൾക്ക് പരിപൂർണത നൽകുതാണ് (ഹദീസ് അബൂ ദാവൂദ് 864, തുർമുദി 413, അഹ്്മദ് 16949).
നമസ്‌കാരങ്ങൾ മുറപ്രകാരം നിലനിർത്തുന്നവർക്ക് സ്വർഗം തന്നെയത്രെ പ്രതിഫലം. നമസ്‌കാരങ്ങളിൽ നിഷ്ഠ പാലിക്കുന്നവർ സ്വർഗീയാരാമങ്ങളിൽ സമാദരണീയരായിരിക്കുമെന്ന് സൂറത്തുൽ മആരിജ് 34, 35 സൂക്തങ്ങളിൽ കാണാം. നമസ്‌കാരം വഴി അല്ലാഹുവിനോട് ഏറെ അടുക്കുകയും സ്ഥാനങ്ങൾ ഉയരുകയും ചെയ്യും. ഓരോ സുജൂദിനും ഓരോ സ്ഥാനം ഉയർത്തുകയും ഒാരോ ദോഷം മായ്ക്കുകയും ചെയ്യുമെന്നും ഹദീസുണ്ട് (ഹദീസ് മുസ്ലിം 488).

