ലഹരി ഉപയോഗം: മക്കളെ ബോധവാന്മാരാക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 13/10/2023

ചിന്താശേഷി മനുഷ്യന്റെ പ്രത്യേകതയാണ്. വിശുദ്ധ ഖുർആനിലൂടെ പ്രപഞ്ചപ്രതിഭാസങ്ങളും ദൃഷ്ടാന്തങ്ങളും ചരിത്രസംഭവങ്ങളും വിവരിക്കുന്ന അല്ലാഹു ചിന്തിക്കാനുള്ള നിർദേശവും നൽകുന്നുണ്ട്. കാരണം ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന ചിന്തോദീപക മനനങ്ങൾ നന്മയുടെയും തിന്മയുടെയും ദിശ കാണിച്ചുത്തരും. മനുഷ്യനെ ചിന്തിക്കുന്ന ജീവിയാക്കുന്നത് സവിശേഷ ബുദ്ധിയാണ്. സൽബുദ്ധി നന്മയിലേക്കും കുബുദ്ധി തിന്മയിലേക്കും നയിക്കുന്നതാകുന്നു. നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന പവിത്ര ഇസ്ലാം മതം ബുദ്ധിക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ബുദ്ധി പരിപോഷണവും സംരക്ഷണവും ഇസ്ലാമിൻെ അടിസ്ഥാന നയമാണ്. ഭാഗികമായോ പൂർണമായോ, താൽക്കാലികമായോ നിത്യമായോ ബുദ്ധിക്ക് ഭ്രംശം സംഭവിപ്പിക്കുന്നതും സ്തംഭിപ്പിക്കുന്നതും കഠിനമായും നിഷിദ്ധമാണ്. ബുദ്ധി മരിവിപ്പിക്കുന്ന മദ്യവും ലഹരി പദാർത്ഥങ്ങളുമൊക്കെ ആ നിഷിദ്ധത്തിൽപ്പെടും. അവയിൽ ഏറെ അപകടകാരിയാണ് മയക്കു മരുന്ന്. വൈയക്തികം മുതൽ സാമൂഹിക തലം വരെയുള്ള സർവ്വ നീചത്വങ്ങളുടെയും ഉറവിടമായ ലഹരി വസ്തുക്കൾ സത്യവിശ്വാസി ഒരിക്കലും രുചിക്കാൻ പാടുള്ളതല്ല. 

ദൈവദാനങ്ങളായ സന്താനങ്ങൾ രക്ഷിതാക്കളിൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട സ്വത്തുകളാണ്. അവരെ സംരക്ഷിക്കൽ രക്ഷാകർതൃ ചുമതലയാണ്. മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ ദൈവ സന്നിധിയിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. പുരുഷൻ കുടുംബകാര്യത്തിലും സ്ത്രീ വീട്ടുകാര്യത്തിലും ഉത്തരവാദിത്വപ്പെട്ടവരെന്നാണ് നബി വചനം. മക്കളുടെ സംരക്ഷണം മാതാപിതാക്കളിലും കുടുംബത്തിലും സുഭദ്രമായിരിക്കണമെന്നർത്ഥം. പ്രഥമ സാമൂഹ്യ സ്ഥാപനമായ കുടുംബത്തിലൂടെയാണ് കൊച്ചുമക്കൾ സംസ്‌ക്കാരങ്ങൾ പഠിച്ചുവളരുന്നത്. ആദ്യ വിദ്യാലയമായ കുടുംബത്തിലൂടെ തന്നെയാണ് മക്കൾ സ്‌നേഹവും സന്തോഷവും അനുഭവിക്കുന്നത്. കെട്ടുറപ്പും ഭദ്രതയുമുള്ള സന്തുഷ്ട കുടുംബത്തിൽ നിന്ന് മാത്രമേ മക്കൾക്ക് പരിഗണനയും പരിരക്ഷയും ലഭിക്കുകയുള്ളൂ. നാടിനും സമൂഹത്തിനും അഭിമാനകരമാവും വിധം പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് കാട്ടി മുന്നേറുന്ന മിടുക്കന്മാർ സുസ്ഥിര കുടുംബത്തിന്റെ ഉൽപന്നങ്ങളാണ്. 

പ്രഥമമായും മക്കളിൽ മതബോധം വളർത്തണം. അതാണ് അവരെ സകല ആസക്തികളിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കുന്നത്. ഉമ്മമാരും ഉപ്പമാരും അക്കാര്യത്തിൽ ഇനിയും കുറേ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.  മക്കളിൽ ചെറുപ്പത്തിൽ തന്നെ ദൈവബന്ധവും ദൈവഭയവും ഉണ്ടാക്കിയെടുത്താൽ ഭാവിയിൽ കുടുംബാന്തരീക്ഷം സുരക്ഷിതമാക്കാം. സകല മോശത്തരങ്ങളിൽ നിന്നും പ്രതിരോധിക്കുന്ന കവചമായി വീട്ടകങ്ങളിൽ ദീനിബോധം സുഗന്ധ സുകൃതപൂരിതമാക്കിയിരിക്കും. അത്തരത്തിലുള്ള മക്കൾ തെറ്റെന്ന് തോന്നുന്നതിനോട് പോലും അടുക്കില്ല. നേർവഴിയിൽ സംശയങ്ങൾക്ക് വക നൽകുകയുമില്ല. ഒരു പ്രാവശ്യം ഉപയോഗിച്ചു നോക്കാമെന്ന ലാഘവ ചിന്തയാണ് പലർക്കും മുഴുസമയ കുടിയനും ലഹരിക്കാരനുമെന്ന ചാപല്യം വരുത്തിത്തീർക്കുന്നത്. 

മാതാപിതാക്കൾ മക്കളുടെ കൂടെ ഇരുന്ന് കുശലങ്ങൾ നടത്തുന്ന കാഴ്ച നയനാനന്ദകരമാണ്. പ്രവാചകർ (സ്വ) കുടുംബക്കാരോടൊന്നിച്ച് ഇരുന്ന് സുഖവിവരങ്ങൾ ചോദിച്ചറിയുമായിരുന്നു. അങ്ങനെയുള്ള കുടുംബങ്ങൾ സ്‌നേഹാർദ്ദവും വാത്സല്യനിബിഡവുമായിരിക്കും. പിതാക്കൾ മക്കളോടൊന്നിച്ചു കൂടാൻ സമയം കണ്ടെത്തണം. അവരോട് കൂട്ടുകൂടി സുഹൃത്തെന്ന പ്രതീതിയിൽ കാര്യങ്ങൾ അന്വേഷിക്കുകയും അഭിപ്രായങ്ങൾ ആരായുകയും വേണം. ഇടക്കിടക്ക് കഥകളും അനുഭവങ്ങളും വിവരിച്ചുകൊടുക്കണം. അവരുടെ സന്തോഷങ്ങളിൽ പങ്കാളിയാവുകയും ആഗ്രഹങ്ങൾ നല്ലതാണെങ്കിൽ സഫലീകരിച്ചു കൊടുക്കുകയും വേണം. പ്രശ്‌നങ്ങൾക്ക് രമ്യമായും യുക്തിപൂർണമായും പരിഹാരം നിർദേശിക്കുകയും ചെയ്യണം. മക്കളോട് ഇടപെടുമ്പോൾ മയം കാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാഹു ഒരു വീട്ടിൽ നന്മയുണ്ടാവാനുദ്ദേശിച്ചാൽ അവരിൽ മയഭാവം ഉണ്ടാക്കിക്കൊടുക്കുമെന്നാണ് ഹദീസ് (അഹ്‌മദ് 24427). അനുകമ്പ ഏതൊരു കാര്യത്തെയും നന്നാക്കുകയേയുള്ളൂ, എന്നാൽ അതില്ലെങ്കിൽ കാര്യം ഏറെ മോശമാവുകയും ചെയ്യും (ഹദീസ് മുസ്ലിം 2594). ഇത്തരം സുതാര്യ നടപടിക്രമങ്ങൾ മക്കൾക്കും രക്ഷിതാക്കൾക്കുമിടയിൽ നല്ലൊരു ആശയവിനിമയ മാധ്യമം നിലവിൽ വരുത്തും. അതു കാരണം പരസ്പരം മനസ്സിലാക്കാനും കൂടുതൽ അടുക്കാനുമാവും. വീടുകളിൽ സ്‌നേഹവും സമാധാനവും കിട്ടാതിരിക്കുമ്പോഴാണ് മക്കൾ സുഹൃത്തുക്കളിൽ അഭയം പ്രാപിച്ച് നല്ലതും ചീത്തയുമായ പലതരം മാതൃകകൾ തേടുന്നത്. മനുഷ്യൻ അവന്റെ സുഹൃത്തിന്റെ സഞ്ചാരപഥ പ്രകാരമായിരിക്കും നടപ്പ്, അതിനാൽ ആരോട് കൂട്ടുകൂടുന്നതെന്ന് നോക്കിക്കാണണമെനന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4833, തുർമുദി 2378). രക്ഷിതാക്കൾ മക്കളുടെ കൂട്ടുകാർ ആരൊക്കെയെന്ന് നിർബന്ധമായും അറിഞ്ഞിരിക്കണം. നന്മയിലേക്കാനയിക്കുന്ന, തിന്മയുടെ സാധ്യതകൾ ഇല്ലാതാക്കുന്ന അനുയോജ്യനായ സുഹൃത്തിനെ കണ്ടെത്തി കൊടുക്കുകയും വേണം. 

പിതാക്കൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം മക്കളുടെ വ്യക്തിത്വ രൂപീകരണമാണ്. അതിനായി ഊർജവും സമയവും വിനിയോഗിക്കണം. എല്ലാവിധ പിന്തുണയുമേകി അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും നൈപുണ്യങ്ങൾ വളർത്തിയെടുക്കുകയും വേണം. ദുർബലതകൾ കണ്ടറിഞ്ഞ് പരിഹരിക്കുകയും ചെയ്യണം. നൂതന വിദ്യകളും ഉപകാരപ്രദമായ സാങ്കേതികതകളും മക്കൾക്ക് പഠിപ്പിക്കണം. സ്വയം സന്നദ്ധ സേവനത്തിന് പരിശീപ്പിക്കുകയും കായികാഭ്യാസം നൽകുകയും ചെയ്യണം .എല്ലാത്തിലും നന്മയുണ്ട്. ഉപ്പമാർ ചെറുപ്പത്തിൽ തന്നെ മക്കളിൽ ഉത്തരവാദിത്വബോധമുണ്ടാക്കിയെടുക്കണം. മതവിജ്ഞാന സദസ്സുകളിലും പഠനക്ലാസ്സുകളിലും പങ്കെടുപ്പിച്ച് ഹൃദയശുദ്ധി വരുത്തണം. അവരുടെ മനസ്സുകളിൽ കാര്യക്ഷമതയും കാര്യഗൗരവവും നട്ടുവളർത്തണം. എന്നാൽ മാത്രമേ പുതുതലമുറയെ മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉൽപന്നങ്ങളുടെയും കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനാവൂ. തങ്ങളിൽപ്പെട്ടയൊരാൾ ലഹരി ഉപയോഗിക്കുന്നതിന്റെ ലക്ഷണം കണ്ടാൽ ഉടനെ തന്നെ ബന്ധപ്പെട്ട മനോരോഗ ചികിത്സാ കേന്ദ്രങ്ങളെ സമീപിച്ച് പുരധിവാസത്തിനും ആരോഗ്യ വീണ്ടെടുപ്പിനും മാർഗങ്ങൾ തേടണം. സമൂഹത്തിൽ അവരെ ഒറ്റപ്പെടുത്തി മാറ്റിനിർത്തരുത്. കൂടെ ചേർത്തുനിർത്തി ശരികൾ കാണിച്ചുകൊടുക്കുകയാണ് വേണ്ടത്.


back to top