യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 20/10/2023
എണ്ണമറ്റതും അനന്തവുമായ അനുഗ്രഹങ്ങളാണ് അല്ലാഹു ഏവർക്കും നൽകിയിരിക്കുന്നത്.
ദാതാവായ അവനോട് നന്ദി ചെയ്യാനാണ് കല്പന (സൂറത്തുന്നഹ്‌ല് 114). ഓരോന്നും അമിതവ്യയത്തിലൂടെ പാഴാക്കാതെ നന്നായി ഉപയോഗപ്പെടുത്താനും നിർദേശിക്കുന്നുണ്ട്. അമിതവ്യക്കാരെ അവൻ ഇഷ്ടപ്പെടുന്നില്ലത്രെ (സൂറത്തുൽ അഹ്‌റാഫ് 31).
ആവശ്യം കൂടാതെയുള്ള വിനിയോഗമാണ് അമിതവ്യയം. യാതൊരു ഉപകാരവുമില്ലാതെ ഉപയോഗിച്ചു നശിപ്പിക്കലാണത്. അല്ലാഹു വെറുക്കുന്നതാണ് അമിതവ്യയവും ധൂർത്തും.
അത് നബി (സ്വ) വിലക്കിയിട്ടുണ്ട്. ധനം പാഴാക്കൽ അല്ലാഹു വെറുക്കുന്ന കാര്യങ്ങളിൽപ്പെട്ടതെന്ന് ഹദീസുണ്ട് (ബുഖാരി, മുസ്ലിം).
ധനം വലിയ അനുഗ്രഹമാണ്. നേരായ വഴിയിൽ നന്നായി ധനം വിനിയോഗിക്കുന്നവനാണ് വിജയി.
ഈ ദുനിയാവ് മൂന്നു കൂട്ടര്ക്കുള്ളതെന്ന് നബി (സ്വ) അരുള് ചെയ്തിട്ടുണ്ട്. അതിൽ ആദ്യത്തേതും ഏറ്റവും നല്ലതുമായ കൂട്ടർ അറിവും ധനവും ഉണ്ടാവുകയും അവ നേരായ രീതിയിൽ അല്ലാഹുവിനെ ഭയന്നും കുടുംബം ബന്ധം ചേര്ത്തിയും ഉപയോഗപ്പെടുത്തിയവരാണ് (ഹദീസ് തുർമുദി 2325).
സ്രഷ്ടാവ് സൃഷ്ടികൾക്കേകിയ അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. ഭക്ഷണത്തിലൂടെയാണ് ജീവികൾ ഊർജം സംഭരിക്കുന്നത്. ഭക്ഷണത്തിലൂടെയാണ് അല്ലാഹു ശരീരഘടനയിലെ മാംസമജ്ജകൾക്കും സിരധമനികൾക്കും കോശങ്ങൾക്കും ആവശ്യമായ വകകൾ എത്തിക്കുത്.
ഈ ഭക്ഷ്യാനുഗ്രഹങ്ങളൊക്കെയും കനിഞ്ഞേകിയ നാഥനോട് മനുഷ്യൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അവൻ ഏകിയ ഉപജീവനഭക്ഷ്യങ്ങളിൽ നിന്ന് ഭക്ഷിക്കുകയും അവനോട് നന്ദി ചെയ്യുകയും ചെയ്യണമെന്ന് അല്ലാഹു തന്നെ കൽപ്പിക്കുന്നുണ്ട് (സൂറത്തു സബഅ് 15). ഈ അനുഗ്രഹങ്ങളെ നേരാംവണ്ണം ഉപഭോഗം ചെയ്യുകയും ഇവ ഏകിയ അല്ലാഹുവിന്റെ മഹത്വമംഗീകരിച്ച് നന്ദി ചെയ്യുകയും ചെയ്യേണ്ടവരാണ് സത്യവിശ്വാസികൾ.
ഭക്ഷണത്തിന്റെ കാര്യത്തിൽ നാം മിതത്വം പാലിക്കേണ്ടിയിരിക്കുന്നു. അമിതവ്യയവും ധൂർത്തും തീരേ പാടില്ല. അല്ലാഹു പറയുന്നു: നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുതേയല്ല (സൂറത്തുൽ അഅ്‌റാഫ് 31). പരിപാടികളിൽ ആവശ്യമുള്ളത്ര മാത്രം തയ്യാറാക്കണം. ആവശ്യത്തിൽ അധികമുള്ളത് പാഴാക്കാതെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കണം. തിന്നുകയും കുടിക്കുകയും ദാനം ചെയ്യുകയും വസ്ത്രം ധരിക്കുകയും വേണം, പരിധിക്കപ്പുറമാവരുത് അമിതവ്യയവുമരുത് (ഹദീസ് നസാഈ 2559, ഇബ്‌നുമാജ 3605).
ജീവല് നിലനില്പ്പിന്‌റെ അടിസ്ഥാന ഘടകമാണ് വെള്ളം. ജീവനുള്ള ഏതിനെയും വെള്ളത്തിൽ നിന്നാണ് അല്ലാഹു പടച്ചിരിക്കുന്നത് (സൂറത്തുൽ അമ്പിയാഅ് 30). വെള്ളം ഒട്ടുമേ ദുർവിനിയോഗം ചെയ്യരുത്. വുളൂഅ് ചെയ്യാൻ പോലും അമിതമായി വെള്ളം ഉപയോഗിക്കരുതെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് നസാഈ 425).
വൈദ്യുതിയും നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻപറ്റാത്തതാണ്. വൈദ്യുതി ഇന്ധനമാക്കിയാണ് പല ഉപകരണങ്ങളും നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതും പാഴാക്കാതെ നേരായി ഉപഭോഗം ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്.
ഉപയോഗത്തിലെ മിതത്വമാണ് സത്യവിശ്വാസിക്കുള്ള നയം. ദാരിദ്ര്യത്തിലാണെങ്കിലും സുഖസമൃദ്ധിയിലാണെങ്കിലും മിതത്വത്തിനായി നബി (സ്വ) പ്രാര്ത്ഥിക്കുമായിരുന്നു (ഹദീസ് നസാഈ 1305). മിതത്വ സ്വഭാവം പ്രവാചകത്വ മേന്മകളിലെ ഒരു ഭാഗമാണെന്നും ഹദീസുണ്ട് (അബൂദാവൂദ് 4146). ദരിദ്ര സമയത്തും സമൃദ്ധി നേരത്തും മിതത്വം പാലിക്കുന്നത് രക്ഷ നൽകുന്ന കാര്യങ്ങളിൽ നബി (സ്വ) എണ്ണിപ്പറഞ്ഞിട്ടുണ്ട് (ത്വബ്‌റാനി മുഅ്ജമുല് കബീര് 651). ഏതൊരു അനുഗ്രഹത്തിനെ്‌റയും കാര്യത്തിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ബോധ്യമുണ്ടാവേണ്ടവനാണ് സത്യവിശ്വാസി. ഖുര്ആനിലുള്ള പ്രകാരം ഇബാദു റഹ്‌മാനെന്ന ഉത്തമ അടിമകളുടെ സ്വഭാവങ്ങളു ള്ളവരാകണം ഓരോർത്തരും. അവരുടെ വിനിയോഗ സ്വഭാവം അല്ലാഹു വിവരിച്ചിട്ടുണ്ട്: അവർ ധനം ചെലവഴിക്കുമ്പോള് അമിതവ്യയമോ ലുബ്ധോ കാണിക്കാതെ മിതത്വം പാലിക്കുന്നതുമാണ് (സൂറത്തുല് ഫുർഖാൻ 67).

