യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 02.08.2024
മനുഷ്യർക്കിടയിലെ വൈവിധ്യങ്ങളും വൈജാത്യങ്ങളും സംവിധാനിക്കപ്പെട്ടിരിക്കുന്നത് പരസ്പര തിരിച്ചറിവിനും സുഗമമായ സഹവാസത്തിനുമാണ്. ഒരാണിൽ നിന്നും പെണ്ണിൽ നിന്നും മനുഷ്യവംശത്തെ സൃഷ്ടിച്ച് വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം മനസ്സിലാക്കാനാണെന്ന് അല്ലാഹു തന്നെ വിശുദ്ധ ഖുർആൻ സൂറത്തുൽ ഹുജറാത്ത് 13ാം സൂക്തത്തിലൂടെ പ്രസ്താവിക്കുന്നുണ്ട്. സഹവർത്തിത്വവും പാരസ്പര്യബോധവും മതപരവും സാമൂഹികവുമായ ബാധ്യതയാണ്. സഹവർത്തനത്തിലൂടെ മാത്രമേ നാടിന്റെ സുരക്ഷയും സുസ്ഥിരതയും സാധ്യമാവുകയുള്ളൂ. നാടിന്റെ നിർഭയത്വത്തിനായി ഓരോർത്തരും പ്രത്യക്ഷമായും പരോക്ഷമായും ഇടപെടേണ്ടതായുണ്ട്.
പൗരനായാലും താമസ കുടിയേറ്റക്കാരനായാലും ഓരോ വ്യക്തിക്കും വസിക്കുന്ന ദേശത്തിന്റെ ശാന്തി സമാധാനത്തിന്റെ സൂക്ഷിപ്പുചുമതലയുണ്ട്. ആ നാടിന്റെ ഭരണഘടനയെ ബഹുമാനിക്കണം. നിയമങ്ങളെ മാനിക്കണം. പാരമ്പര്യങ്ങളെയും ആചാര സമ്പ്രദായങ്ങളെയും വിലമതിക്കണം. മാത്രമല്ല തദ്ദേശീയമായ നല്ല ചിട്ടവട്ടങ്ങളെ പകർത്തുകയും ചെയ്യാവുന്നതാണ്. അതാണ് യഥാർത്ഥ സത്യവിശ്വാസിയുടെ ലക്ഷണം. അതുകൊണ്ടാണ് നബി (സ്വ) സത്യവിശ്വാസിയെ തേനീച്ചയോട് ഉപമിച്ചത്. തേനീച്ച അകത്താക്കുന്നതും നല്ലതായിരിക്കും, പുറത്തുവിടുന്നതും നല്ലതായിരിക്കും. എവിടെയിരുന്നാലും ഒന്നിനും ഒരു കേടുപാടോ ദോഷമോ വരുത്തില്ല (ഹദീസ് അഹ്‌മദ് 6872).
നാടിന്റെ നന്മക്ക് പ്രഥമ പരിഗണന നൽകണമെന്നാണ് യുഎഇ രാഷ്ട്ര പിതാവ് മർഹൂം ശൈഖ് സായിദ് (റ) നിർദേശിച്ചിരിക്കുന്നത്. പാരത്രിക ലോകത്തിനായി മതകാര്യവും ഉപജീവനങ്ങൾക്കായി ഭൗതികകാര്യവും നന്മയാർന്നതാക്കണേ എന്ന് നബി (സ്വ) പ്രാർത്ഥിക്കുമായിരുന്നല്ലോ (ഹദീസ് മുസ്ലിം 2720). സത്യവിശ്വാസി നാടിന്റെ സൽപ്പേരിനായി പ്രവർത്തിക്കുകയും നാടിന്റെ ഖ്യാതി നിലനിൽക്കാനാഗ്രഹിക്കുകയും ചെയ്യും.
നാമേവരും ഈ നാടിന്റെ പ്രശസ്തിയും കീർത്തിയും ഉയർത്താൻ ഉത്തരവാദിത്വപ്പെട്ടവരെന്നാണ് യുഎഇ രാഷ്ട്രത്തലവൻ ആദരണീയനായ മുഹമ്മദ് ബ്‌നു സായിദ് പറഞ്ഞിരിക്കുന്നത്. ഇത് പാലിക്കാൻ നാമോരോർത്തരും ബാധ്യസ്ഥരാണ്.
നബി (സ്വ) കുറച്ച് സ്വഹാബികളെ എതോപ്യയിലേക്ക് അയക്കുകയുണ്ടായി. രാജ്യപ്രതിനിധികളായി അവരവിടെ ചെന്ന് സ്വന്തം നാടുപോലെ മാതൃകാപരമായാണ് പെരുമാറിയത്. സഹവർത്തിത്വത്തോടെയും സഹിഷ്ണുതയോടെയുമാണ് അവർ വർത്തിച്ചത്.
ആരും നിവസിക്കുന്ന നാട്ടിൽ വെറുപ്പോ വിദ്വേഷമോ വിഭാഗീയതോ ഉണ്ടാക്കരുത്. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഏവരോടും ഇടപെടണം. നാടിന്റെ സൂക്ഷിപ്പുബാധ്യത നിർവ്വഹിക്കണം. വിശ്വസിച്ചേൽപ്പിക്കുന്ന കാര്യങ്ങളിൽ ചതിയരുതെന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത് (സൂറത്തുൽ അൻഫാൽ 27).

