ഈത്തപ്പഴക്കാലം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 09/08/2024

ഭൂമിയെ അതിമനോഹരമായി വിധാനിച്ച അല്ലാഹു അതിൽ സസ്യങ്ങളും വൃക്ഷങ്ങളും മുളപ്പിച്ച് പൂക്കളും കായ്കളും ഒരുക്കി സമൃദ്ധസുന്ദരമാക്കിയത് ചിന്തോദീപങ്ങളായ ദൃഷ്ടാന്തങ്ങൾ തന്നെയാണ്. പരിശുദ്ധ ഖുർആനിൽ എഴുപതോളം ഇടങ്ങളിൽ അല്ലാഹു തയ്യാർ ചെയ്ത ഈ പ്രകൃതി ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കാനുള്ള ആഹ്വാനം നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: നിങ്ങൾ ചിന്തിക്കുന്നില്ലേ, അല്ലാഹു അന്തരീക്ഷത്തിൽ നിന്ന് മഴ വർഷിച്ചു, എന്നിട്ട് തദ്വാരാ ഭിന്നവർണങ്ങളിലുള്ള പഴങ്ങൾ നാം ഉൽപാദിപ്പിച്ചു (സൂറത്തുൽ ഫാത്വിർ 27). ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരിയും എല്ലാതരം പഴവർഗങ്ങളും അതുവഴി നിങ്ങൾക്കവൻ ഉൽപ്പാദിപ്പിക്കുന്നു, ചിന്തിക്കുന്ന ജനതക്ക് നിശ്ചയം ഇതിൽ വലിയ ദൃഷ്ടാന്തമുണ്ട് (സൂറത്തുന്നഹ്ൽ 11). ഉൾക്കാഴ്ചയോടെ ചിന്തിക്കുന്നവർക്ക് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവും ജ്ഞാനപൂർണതയും കരുണാവിശാലതയും യുക്തിഭദ്രതയും മനസ്സിലാക്കിത്തരുന്നതാണ് ഈ പ്രകൃതിവിഭവങ്ങൾ. 

പഴങ്ങളിലും മരങ്ങളിലും ഇലകളിലും അവയുടെ ഗന്ധത്തിലും രുചിയിലും എന്നല്ല ഓരോ ധാന്യമണിയിൽ പോലും അവ ക്രമപ്പെടുത്തിയ സ്രഷ്ടാവിന്റെ ദൈവികത വിളിച്ചോതുന്ന ഘടകങ്ങളുണ്ട്. ഒരു ഇല പോലും അല്ലാഹുവിന്റെ അറിവോ അനുവാദമോ ഇല്ലാതെ അനങ്ങില്ല. ഒരില വീഴുന്നതു പോലും അവനറിയാതിരിക്കില്ല, ഭൂമിയിലെ അന്ധകാരങ്ങളിലുള്ള ഒരു വിത്തും പച്ചയോ ഉണങ്ങിയതോ ആയ സർവതും സ്പഷ്ടമായൊരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെടാതെയില്ല (സൂറത്തു അൻആം 59).

അത്ഭുതകരമായ വൃക്ഷമാണ് ഈത്തപ്പന. അതിന്റെ ഫലമായ ഈത്തപ്പഴം അതിരുചികരവുമാണ്.  പരിശുദ്ധ ഖുർആനിൽ സൂറത്തു ഇബ്രാഹിം 24ാം സൂക്തത്തിൽ അല്ലാഹു നല്ല വാക്കിനെ ഉപമിച്ചിരിക്കുന്നത് നല്ല വൃക്ഷത്തിനോടാണ്. പ്രസ്തുത നല്ല മരം ഈത്തപ്പനമരമെന്ന് ഖുർആൻ പണ്ഡിതർ അഭിപ്രായപ്പെട്ടതായി കാണാം (തഫ്‌സീർ ത്വബ്‌രീ 13/637). നബി (സ്വ) സത്യവിശ്വാസിയെ ഈത്തപ്പനമരത്തോട് ഉപമിച്ചതായും കാണാം. ഒരു മരം സത്യവിശ്വാസി കണക്കെയാണ്, അതിന്റെ ഇല വീഴുകയില്ല, അതേത് മരമെന്ന് പറയാൻ അനുചരരോട് ചോദിച്ചു. ശേഷം നബി (സ്വ) തന്നെ ഈത്തപ്പനയെന്ന് ഉത്തരം നൽകി (ഹദീസ് ബുഖാരി, മുസ്ലിം). 

ഈത്തപ്പനയുടെ രൂപം കാഴ്ചയിൽ തന്നെ ചന്തമാർന്നതാണ്. ഈത്തപ്പഴവും രുചിയാർന്നതാണ്. പല ഗുണങ്ങളും ഈത്തപ്പഴത്തിനുണ്ട്. സദസ്സുകളിൽ വിതരണം ചെയ്യപ്പെടുന്ന പഴമായി അറിയപ്പെടുന്ന ഈ മധുരപ്പഴം അതിഥികൾക്കും അയൽവാസികൾക്കും സമ്മാനമായി കൊടുക്കുന്നത് അറബികൾക്കിടയിലെ നടപ്പുരീതിയാണ്. നബി (സ്വ) കാണിച്ചു തന്ന മാതൃകയുമാണത്. ഒരിക്കൽ മദീനയിൽ നിന്നെത്തിയ അതിഥിക്ക് നബി(സ്വ) ഒരു പാത്രം നിറയെ വിവിധ നിറങ്ങളിലുള്ള ഈത്തപ്പഴവും കാരക്കയും പാരിതോഷികമായി നൽകിയത് ഹദീസിൽ കാണാം (മുസ്ലിം 1848).

യുഎഇ അടക്കം അറബുനാടുകളിപ്പോൾ ഈത്തപ്പഴ വിളവുകാലമാണ്. ഈത്തപ്പനകളുള്ളവർ  വിളവെടുത്തു കഴിഞ്ഞാൽ സകാത്തടക്കമുള്ള ബാധ്യതകൾ വീട്ടാൻ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നുണ്ട്: പന്തലിൽ പടർത്തപ്പെടുന്നതും അല്ലാത്തതുമായ വിവിധ തോട്ടങ്ങളും ഭിന്നരുചിയുള്ള ഈത്തപ്പനകളും മറ്റുവിളകളും പരസ്പര സദൃശവും അല്ലാത്തതുമായ ഒലീവും ഉറുമാനും പടച്ചുണ്ടാക്കിയത് അവനാണ്, അവ കായ്ക്കുമ്പോൾ നിങ്ങൾ പഴം തിന്നുകൊള്ളുക. വിളവെടക്കുമ്പോൾ അതിന്റെ ബാധ്യത അവകാശികൾക്കു നൽകുക. ദുർവ്യയം ചെയ്യരുത് (സൂറത്തു അൻആം 141). വീട്ടുവളപ്പിലോ കൃഷിയിടങ്ങളിലോ ആയി ഈത്തപ്പഴം കൃഷിചെയ്ത് ഏകദേശം 540 കിലോഗ്രാം വിളവുകിട്ടുന്നവർ അതിൽ നിന്ന് ശതമാനം സകാത് വിഹിതം നൽകൽ നിർബന്ധമാണ്.


back to top