വിദ്യാഭ്യാസം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 23/08/2024

യുഎഇയിലെ വിദ്യാർത്ഥികൾ പുതിയൊരു അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. ഏവർക്കും ജ്ഞാനവർധവിനായി നാഥനോട് പ്രാർത്ഥിക്കാം.

മനുഷ്യൻ സമ്പാദിക്കുന്ന സർവ്വധനങ്ങളെക്കാൾ ശ്രേഷ്ഠമാണ് വിദ്യാധനം. വിദ്യാസമ്പാദനത്തിനായി അധ്വാനിക്കുന്നതും ആവേശം കാട്ടുന്നതും പുണ്യകരമാണ്. വിജ്ഞാനം തേടിക്കൊണ്ട് ഒരു വഴിക്ക് ഇറങ്ങിയാൽ അതുവഴി അല്ലാഹു അവനെ സ്വർഗ വഴികളിലേക്ക് എത്തിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 3641). ഉപകാര പ്രദമായ ജ്ഞാനീയങ്ങളെല്ലാം പ്രസ്തുത ഹദീസിലെ വിജ്ഞാനം കൊണ്ടുദ്ദേശിക്കപ്പെടുന്നുവെന്ന് പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത് ഖുർആൻ, ഹദീസ്, ഭാഷ, സാഹിത്യം, തത്വചിന്ത, വൈദ്യശാസ്ത്രം, രസതന്ത്രം, ഊർജതന്ത്രം, യന്ത്രശാസ്ത്രം, വാനശാസ്ത്രം ഇങ്ങനെ എല്ലാവിധ ജ്ഞാനങ്ങളും കലകളും അവയിലെ ഉപശാഖകളുമെല്ലാം ഉദ്ദേശശുദ്ധിയോടെ കരഗതമാക്കുന്നുവെങ്കിൽ സ്വർഗത്തിലേക്കുള്ള പാത എളുപ്പമാക്കാം. വിജ്ഞാനങ്ങൾ ആർജിക്കുന്നവന് അല്ലാഹു പ്രതിഫലം നൽകുന്നതും സ്ഥാനങ്ങൾ ഉയർത്തുന്നതുമാണ്. 


വിജ്ഞാനത്തിലൂടെയാണ് സമൂഹങ്ങൾ ഉയർന്ന് ചിന്തിക്കുയും ഉന്നത സംസ്‌കാരസംസ്‌കൃതികൾ രൂപം കൊള്ളുകയും ചെയ്യുന്നത്. സർവ്വ മേഖലകളിലെയും അഭിവൃദ്ധിയും നേട്ടങ്ങളും സാധ്യമാകുന്നതും വിദ്യാഭ്യാസത്തിലൂടെയാണ്. 

ജ്ഞാനസമ്പാദനം ആരാധനാപൂർവ്വവായ പുണ്യപ്രവർത്തി കൂടിയാണ്, അതിലൂടെ സ്വന്തത്തിനും സമൂഹത്തിനും വിജയനേട്ടങ്ങളുണ്ടാവും. നാടിനും നന്മകൾ വരുത്തും. കാരണം സമൂഹത്തിലെ ചെറിയവരും വലിയവരും എന്നല്ല സകലരെയും സ്വഭാവസംസ്‌കരണം നടത്തുന്ന പക്രിയയാണ് വിജ്ഞാനതേട്ടത്തിലൂടെ നടക്കുന്നത്. 

സ്രഷ്ടാവിനെ നന്നായി ആരാധിക്കാനും സൃഷ്ടികളോട് നന്നായി പെരുമാറാനുമുള്ള ഉദാത്ത വഴികളാണ് വിദ്യയിലൂടെ യാഥാർത്ഥ്യമാവുന്നത്. 

ഓരോർത്തരും വിദ്യാർത്ഥികളാവണം. നല്ല അധ്യാപകരുടെ ശിഷ്യത്വം പുൽകണം. ചീത്ത കൂട്ടുകെട്ടുകളിൽ നിന്ന് ജാഗ്രത പാലിക്കണം. തെമ്മാടികളായ സുഹൃത്തുക്കൾ നിങ്ങളെ അജ്ഞതയുടെയും അന്ധകാരത്തിന്റെയും ചതിക്കുഴികളിലേക്ക് നിപതിപ്പിക്കും. നബി (സ്വ) പറയുന്നുണ്ട് ഒരാളുടെ ആദർശം അയാളുടെ കൂട്ടുകാരന് അനുസരിച്ചായിരിക്കും, അതിനാൽ നിങ്ങളോരോർത്തരും കൂട്ടുകൂടുന്നവരെ പ്രത്യേകം കരുതിയിരിക്കണം (ഹദീസ് അബൂദാവൂദ് 4833, തുർമുദി 2378). 

വിദ്യാർത്ഥികളുടെ വ്യക്തിത്വരൂപീകരത്തിന്റെയും ബൗദ്ധിക വളർച്ചയുടെയും ഉത്തരവാദികളാണ് അധ്യാപകർ. അവർ നാഥനോട് ഉത്തരം പറയേണ്ടവരാണ്. വിദ്യാലയങ്ങളെ സ്‌നേഹമൂല്യങ്ങളുടെയും പരസ്പര സഹായസഹകരണങ്ങളുടെയും പ്രകാശഗോപുരങ്ങളാക്കണം. വെറുപ്പുവിദ്വേഷങ്ങളെയും ആർഭാടആർമാദങ്ങളെയും മാറ്റിനിർത്തണം. മക്കളെ എല്ലാവിധ ചതിവലകളിൽ നിന്നും കാക്കണം. അവർക്ക് നല്ല നല്ല മാതൃകകൾ കാണിച്ചുകൊടുക്കണം.

മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഉത്തരവാദിത്വമുള്ളവരാണ്. അവരുടെ പഠനകാര്യങ്ങൾ പിന്തുടരണം. അവരുടെ വിജയം മാത്രമേ ആഗ്രഹിക്കാവൂ. നല്ല കാര്യങ്ങളിൽ പിന്തുണ നൽകി സഹായിക്കണം. അവരുടെ ഉന്നമനത്തിനായി ക്ഷമ കൈവരിക്കുകയും വേണം.


back to top