ലാ ഇലാഹ ഇല്ലല്ലാഹ്; ഏകദൈവത്വത്തിന്റെ മഹത് വാക്യം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 30.08.2024

ഏകദൈവത്വം വിളംബരം ചെയ്യുന്ന തൗഹീദെന്ന സത്യമതസന്ദേശത്തിന്റെ പ്രചാകരായിട്ടാണ് പ്രവാചകന്മാർ നിയോഗിതരായിട്ടുള്ളത്. അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് ഉദ്‌ഘോഷിക്കുന്ന പരമ പരമാർത്ഥമായ വാക്യമാണ് ലാ ഇലാഹ ഇല്ലല്ലാഹ്. സത്യവിശ്വാസി അർത്ഥമറിഞ്ഞ് ഏകാഗ്രമായ ബുദ്ധിയോടെ മനസ്സിലുറപ്പിച്ച് നാവിൽ ഉരുവിട്ടുകൊണ്ടിരിക്കേണ്ട അസാമാന്യ വാക്യമാണത്. സത്യവിശ്വാസത്തിന്റെ ജീവവായുവുമാണത്. അതിന്റെ പ്രചരണം ഏൽപ്പിക്കപ്പെട്ടവരാണ് വിവിധ കാലഘട്ടങ്ങളിലെ നബിമാർ.

അല്ലാഹു മൂസാ നബി (അ)യെ വിളിച്ചു പറയുകയുന്നത് പരിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: ഞാനാണ് അല്ലാഹു, ഞാനല്ലാതെ ഒരു ദൈവവുമില്ല. അതുകൊണ്ട്  എന്നെ ആരാധിക്കുക (സൂറത്തു ത്വാഹാ 14). നമ്മുടെ മുഹമ്മദ് നബി (സ്വ)യോട് അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് അറിയണമെന്ന് അല്ലാഹു പറയുന്നത് സൂറത്തു മുഹമ്മദ് 19ാം സൂക്തത്തിലുണ്ട്. 

ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് കേവല വാക്യമല്ല. ഈ വാക്യം ഒരു തട്ടിലും ഏഴാകാശങ്ങളും ഏഴു ഭൂമികളും മറ്റൊരു തട്ടിലും വെച്ചാൽ ഈ വാക്യമായിരിക്കും കനം തൂങ്ങുക എന്നാണ് നബി (സ്വ) അറിയിച്ചുതന്നിരിക്കുന്നത് (ഹദീസ് അദബുൽ മുഫ്‌റദ് 548). അതായത് അത് ദൈവികതയുടെ വാക്യമാണ്. സ്രഷ്ടാവിന്റെ മഹത്വം ഉൾക്കൊള്ളുന്ന മഹത് വചനമാണ്. 

അല്ലാഹുവല്ലാതെ ഒരു ദൈവുമില്ല, എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണവൻ (സൂറത്തു ബഖറ 255). അല്ലാഹുവിന്റെ കവചം പ്രകാശമാണ്, ആ കവചം മാറ്റിയാൽ പ്രപഞ്ചത്തിലെ സകലതിനെയും കരിച്ചുകളയാൻ മാത്രം പ്രാപ്തമായിരിക്കുമത്രെ ആ പ്രഭകൾ (ഹദീസ് മുസ്ലിം 179).

അല്ലാഹു എല്ലാം അറിയുന്നവനാണ്. പർവ്വതനിരകളുടെ തൂക്കവും സമുദ്രങ്ങളിലെ ജലകണക്കും, മഴതുള്ളികളുടെയും മരങ്ങളിലെ ഇലകളുടെയും രാപ്പകലുകളുടെയും എണ്ണവും അവനറിയാം. ഗർഭപാത്രത്തിലുള്ളതും അവനറിയാം. അതെല്ലാം നിയന്ത്രിക്കുന്നതും അവനാണല്ലൊ. താനുദ്ദേശിക്കുംവിധം ഗർഭാശയങ്ങളിൽ നിങ്ങളെ രൂപപ്പെടുത്തുന്നതവനാണ്, അവനല്ലാതെ മറ്റൊരു ദൈവമില്ല. പ്രതാപശാലിയും യുക്തിമാനുമാണവൻ (സൂറത്തു ആലുഇംറാൻ 06). 

അവൻ ആരെയും ആശ്രയിക്കുന്നില്ല. അവനെ എല്ലാവരും ആശ്രയിക്കുന്നു. പ്രതിസന്ധികളിൽ അകപ്പെട്ടവൻ അവനോട് ചോദിച്ചാൽ ഉത്തരം നൽകിയിരിക്കും. അവനെ നാം വാഴ്ത്തുകയും നന്ദികൾ അർപ്പിക്കുകയും പരമമായി കീഴ്‌വണങ്ങുകയും വേണം.

സത്യവിശ്വാസി ജീവിതത്തിന്റെ നിഖില മേഖലകളിലും കൊണ്ടുനടക്കേണ്ട വാക്യമാണ് ലാ ഇലാഹ ഇല്ലല്ലാഹ്. ആത്മാർത്ഥമായി മനസ്സാന്നിധ്യത്തോടെ ഈ മഹത് വാക്യമുച്ചരിക്കുന്നവർ അന്ത്യനാളിൽ പ്രവാചക ശിപാർശ ലഭിക്കുന്ന സൗഭാഗ്യമതികൾ ആയിരിക്കുമെന്ന് നബി (സ്വ) തന്നെ അറിയിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി 99). ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് ഇതു ഉച്ചരിക്കുന്നവന് അല്ലാഹു നരകത്തീ നിരോധിച്ചിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). യഥാവിധി ഈ മഹാവാക്യം ഉൾക്കൊണ്ട് മരിച്ചവന് സ്വർഗം സുനിശ്ചിതവുമാണ് (ഹദീസ് മുസ്ലിം 43).


back to top