നാടിനെ ധീരമായി സേവിക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 06/09/2024

ഒരു മനുഷ്യന്റെ ആത്മാവ് ബന്ധിക്കുന്ന ഇടമാണ് അവന്റെ നാട്. ജീവിതകാലം മുഴുക്കെ ഓരോർത്തരും നാടുമായി ബന്ധിതമായിരിക്കും. നാട്ടിലെ നിവാസികൾ കുടുംബക്കാരും ബന്ധക്കാരും, കൂട്ടുകാരും സുഹൃത്തുക്കളുമെല്ലാമായിരിക്കും. അവന്റെ ഓർമകളും മനനങ്ങളും നാടിനെ ചുറ്റിപ്പറ്റിയായിരിക്കും.  ആഗ്രഹങ്ങളും ആവേശങ്ങളും ആവാഹിക്കുന്ന മണ്ണാണ് സ്വന്തം നാടിന്റേത്. നേട്ടങ്ങളുടെ കഥകൾ തുടങ്ങുന്ന അനുഗ്രഹസ്ഥലി കൂടിയാണ് സ്വദേശം. സ്വന്തം നാടിന്റെ പേരിലേക്ക് ചേർത്തിയായിരിക്കും പലരും അറിയപ്പെടുന്നത്. 

ആ നാടിന്റെ ഉയർച്ചക്കും സുരക്ഷക്കും മുന്നിട്ടിറങ്ങുന്നത് പുണ്യപ്രവർത്തനമാണ്. നാടിന് പ്രതിരോധം തീർക്കുന്നതും നാടിന്റെ മേന്മകൾക്ക് കവചം തീർക്കുന്നതും വീരശൂരത്വമാണ്. 

നബി (സ്വ) നാടിന്റെ സുരക്ഷാ കാര്യങ്ങൾക്ക് ആവേശപൂർവ്വം മുന്നിട്ടിറങ്ങുമായിരുന്നു. 

ഒരു രാത്രി മദീനാ നിവാസികൾ ഒരു ശബ്ദം കേട്ട് പകച്ചിരിക്കുന്ന നേരത്ത് ഒരു കൂട്ടം ആൾക്കാർ ആ ഭാഗത്തേക്ക് പോവുകയുണ്ടായി. അപ്പേഴേക്കും നബി (സ്വ) അവിടെ നേരത്തെയെത്തി വീക്ഷിക്കുകയായിരുന്നു. അവിടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മടങ്ങി അവരെ സമാധാനിപ്പിച്ചു. പേടിക്കാനൊന്നുമില്ലെന്ന് അറിയിച്ചു. എല്ലാവർക്കും സമാധാനമായി (ഹദീസ് ബുഖാരി, മുസ്ലിം). 

നബി (സ്വ)യുടെ ഈ സന്നദ്ധത നാടിന്റെ പ്രതിരോധം മതകീയ ബാധ്യത കൂടിയാണെന്ന് കൂടി അറിയിക്കുന്നതാണ്. അതായത് നാടിന്റെ ശാന്തി സമാധാനം നിലനിർത്താനും, ഉയർച്ചയും വളർച്ചയും സാധ്യമാക്കാനും, നാടിന്റെ നന്മകളും മേന്മകളും പരിപാലിക്കാനും സന്നദ്ധത കാട്ടിക്കൊണ്ടുള്ള ദേശസേവനം ഉത്തരവാദിത്വമാണ്. 

നാടിന്റെ മണ്ണും വിണ്ണും, മതവും ഹിതവുമെല്ലാം കാക്കൽ ആരാധനാപൂർണമായ സൽപ്രവർത്തനമാണ്. പൂർവ്വികരായ പ്രപിതാക്കൾ നേടിതന്ന സ്വദ്ദേശീമായ പൈതൃകവും പ്രൗഢിയും നിലനിർത്തപ്പെടേണ്ടത് തന്നെയാണ്. 

ദൈവമാർഗത്തിൽ പ്രതിരോധ സജ്ജരാവുന്നത് ലൗകിക ലോകത്തിലെ സകലതിനേക്കാളും ഉത്തമമാണെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 

സത്യവിശ്വാസി എപ്പോഴും ധൈര്യം കാണിക്കണം. ധൈര്യം പകർന്നുകൊണ്ടുള്ള തിരുനബി വചനം ഗൗനിക്കേണ്ടതാണ്, നബി (സ്വ) പറയുന്നു: ബലഹീനനായ സത്യവിശ്വാസിയെക്കാൾ ശക്തവാനായ സത്യവിശ്വാസിയോടാണ് അല്ലാഹിന് ഇഷ്ടവും ഏറെ ശ്രേഷ്ഠവും. എല്ലാത്തിലും നന്മയുണ്ട്. ഉപകാരപ്പെടുന്നത് മാത്രം ആഗ്രഹിക്കുക. അല്ലാഹുവിനോട് സഹായം തേടുക, അശക്തനാവരുത് (ഹദീസ് മുസ്ലിം 2664). 

യുഎഇ രാഷ്ട സേവനത്തിനായി ഉണർത്തിക്കൊണ്ട് രാഷ്ടത്തലവൻ മുഹമ്മദ് ബ്‌നു സായിദ് അവർകൾ നൽകുന്ന നിർദേശവും ശ്രദ്ധേയമാണ്. ദേശസേവനത്തിനായി സായുധസംഘ സേവനങ്ങളിലേർപ്പെടാനും യുഎഇ യുവപൗരരോട് ആവശ്യപ്പെടുന്നുണ്ട്.


back to top