സൂറത്തുൽ ശർഹിലെ തിരുനബി സ്മൃതികൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 13/09/2024

പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ജീവിതസ്മൃതികൾ പ്രസ്താവിക്കപ്പെടുന്ന അർത്ഥഗംഭീരമായ ഖുർആനികാധ്യായമാണ് സൂറത്തുൽ ശർഹ്. ആകെ എട്ടു സൂക്തങ്ങൾ. പന്ത്രണ്ടാമത്തെതായി മക്കയിലാണ് അവതീർണമാ യത്. ചോദ്യ രൂപേണ അല്ലാഹു നബി (സ്വ) യെ അഭിസംബോധനം ചെയ്ത് തുടങ്ങുന്ന ഈ സൂറത്ത് നബി (സ്വ)ക്ക് സമാശ്വാസ വാക്കുകളാണ് അർപ്പിച്ചിരിക്കുന്നത്. നബി (സ്വ) യുടെ സ്ഥാന മാഹാത്മ്യങ്ങൾ വിവരിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു നബി (സ്വ) യോട്  സ്‌നേഹബഹുമാനത്തോടെയും ദയാവായ്‌പോടെയുമാണ് സംഭാഷണം ചെയ്തിരിക്കുന്നത്. 


സൂറത്ത് തുടങ്ങുന്നത് ഇങ്ങനെ, നബിയേ നാം അങ്ങയുടെ ഹൃദയം വിശാലമാക്കിത്തന്നില്ലേ. 

അതേ, അല്ലാഹു നബി (സ്വ) യുടെ ഹൃദയം വിശാലത പ്രദാനം ചെയ്ത് പരിപൂർണമായും പരിശുദ്ധി വരുത്തിയതാണ്. കരുണ, സ്‌നേഹം, അലിവ്, കനിവുമെല്ലാം പ്രചാചക ഹൃദയത്തിൽ അല്ലാഹു നിറച്ചതാണ്. അതിനാൽ ലാളിത്യവും നൈർമല്യവുമുള്ള ഹൃദയരായിരുന്നു തിരു നബി (സ്വ). സ്വഭാവവിശുദ്ധിയിലും പരിപൂർണർ. ഉപദ്രവിക്കുന്നവരോട് സഹിഷ്ണുതയോടെ പെരുമാറുമായിരുന്നു. തെറ്റുചെയ്തവർക്ക് വിട്ടുവീഴ്ച ചെയ്യുമായിരുന്നു. വിദ്വേഷമോ വൈരമോ വെച്ചുപുലർത്തില്ല. ഏവർക്കും വിടുതി നൽകും. വീഴ്ചകൾക്ക് മാപ്പുനൽകും.


നബി (സ്വ)യെ അല്ലാഹു സർവ്വ ദുഷ്ടതകളിൽ നിന്നും ഭാരങ്ങളിൽ നിന്നും  കാത്തുസംരക്ഷിട്ടുണ്ട്. രണ്ടും മൂന്നും സൂക്തങ്ങൾ അതാണ് വിവരിക്കുന്നത്. നടുവൊടിക്കുന്ന ഭാരം ഇറക്കിവെച്ചുതന്നിരിക്കുന്നു എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. 

നബി (സ്വ)യുടെ ശ്രുതി ലോകമാകെ ഉയർത്തുകയും സ്വർഗീയ സ്ഥാനം അത്യുന്നതിയിലാക്കുകയും ചെയതിട്ടുണ്ട്. നാലാം സൂക്തം ഇങ്ങനെ: അങ്ങയുടെ സൽപേര് ഉന്നതമാക്കുകയും ചെയ്തുതന്നില്ലേ. സത്യവിശ്വാസിളുടെ ഹൃദയാന്തരങ്ങളിൽ പ്രവാചകം സ്‌നേഹം ഊട്ടിയുറപ്പിച്ചതായിരിക്കും. നാവുകളിൽ പ്രവാചക സ്മൃതികൾ സദാ ഉരുവിടുന്നതായിരിക്കും. ചുണ്ടുകൾ പ്രവാചകരുടെ മേലുള്ള സ്വലാത്തുസലാമുകളാൽ ചലിക്കുന്നതായിരിക്കും. ഖുത്ബകൾ, നമസ്‌കാരങ്ങൾ, ബാങ്കുൾ അങ്ങനെ എല്ലാവിധ ആരാധനകളിലായി പ്രവാചകസ്‌തോത്രങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിലും നടന്നുകൊണ്ടേയിരിക്കുന്നു. ആ പ്രവാചക സ്തുതിസ്‌തോത്രങ്ങൾ അന്ത്യനാൾ വരെ നിലനിൽക്കും. പ്രവാചകചര്യകൾ നമ്മൾ സ്വന്തത്തിലും കുടുംബക്കാരിലും നാട്ടുകാരിലും പകർന്ന് നാമോരോർത്തരും മരിക്കുംവരെ നബി കീർത്തനങ്ങളുടെ ഭാഗഭാക്കാവണം.

അഞ്ചു നേരങ്ങളിലെ നമസ്‌കാരബാങ്കുകളിൽ അല്ലാഹുവിന്റെ പേരിനൊപ്പം നബി (സ്വ)യുടെ പേരും കൂടിചേർത്തിപ്പറയുന്നത് പ്രവാചക കവി ഹസ്സാൻ ബ്‌നു സാബിത്ത് (റ) കാവ്യാത്മകമായി വിവരിച്ചിട്ടുണ്ട്. 


സൂറത്തു ശർഹിലെ അഞ്ചു മുതൽ അവസാന സൂക്തം വരെ ഇങ്ങനെ സംഗ്രഹിക്കാം: അതിനാൽ ഞെരുക്കത്തോടൊപ്പാം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും. പ്രയാസമൊന്നിച്ച് ആശ്വാസവുമുണ്ടെന്ന് തീർച്ച. അതുകൊണ്ട് പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവായാൽ താങ്കൾ ആരാധനാ നിരതനാവുകയും നാഥനോടു തന്നെ അഭിനിവേശം പുലർത്തുകയും ചെയ്യും.

സൂറത്തു ശർഹിലെ അവസാനഭാഗം ശുഭാപ്തി വിശ്വാസവും പോസിറ്റീവ് ചിന്തയും ഭാവവും നൽകുന്നതാണ്. ഏതൊരു പ്രതിസന്ധിക്ക് ശേഷവും ആശ്വാസമുണ്ടെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. സങ്കടക്കടലുണ്ടായാലും ആശ്വാസം വരാനുണ്ടെന്നാണ് ആവർത്തിച്ച് അല്ലാഹു പറയുന്നത്. നിരാശ അരുത്. നിശ്ചയദാർഢ്യം കൊണ്ടുനടക്കണം. ഒരു പ്രതിസന്ധി രണ്ടു ആശ്വാസങ്ങളെ മറികടക്കുയില്ല എന്നാണ് ഉമർ ബ്‌നു ഖത്വാബ് (റ) പറഞ്ഞിരിക്കുന്നത് (മുവത്വ 6). അതായത് ഒരു പ്രശ്‌നമുണ്ടായാൽ ഒരു ആശ്വാമുണ്ടായിരിക്കും. അതില്ലാതെ രണ്ടാം പ്രശ്‌നമുണ്ടാവില്ല. 

എല്ലാ പ്രശ്‌നങ്ങൾക്കും അല്ലാഹുവിന്റെയടുത്ത് പരിഹാരമുണ്ടെന്നാണ് ഇബ്രാഹിം ബ്‌നുൽ അബ്ബാസ് അൽസ്വൂലി എന്ന കവി പാടിയിരിക്കുന്നത്.

പ്രബോധന ഉപജീവനകാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞാൽ അല്ലാഹുവിലേക്ക് ആരാധനാനിമഗ്നനാവണമെന്നാണ് അവസാന ആയത്ത് പറഞ്ഞുവെക്കുന്നത്.


back to top