യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 20/09/2024
തിരുനബി (സ്വ)യുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ ഈ വേളയിൽ നാം പ്രവാചക മാഹാത്മ്യങ്ങളും ചരിതങ്ങളും വായിക്കാനും പഠിക്കാനും അതുവഴി ചിന്തിക്കാനും തയ്യാറാകണം. പരിശുദ്ധ ഖുർആൻ പല അധ്യായങ്ങളിലായി പ്രവാചക കീർത്തനങ്ങളും അപദാനങ്ങളും നടത്തുന്നുണ്ട്. അല്ലാഹുവിന്റെ പ്രവാചക സ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴം ആ സൂറത്തുകളിലൂടെ നമ്മുക്ക് മനസ്സിലാക്കാനാവും. അത്തരത്തിലുള്ള ഒരു സൂറത്താണ് ളുഹാ. സൂറത്തുൽ ഫജ്‌റിന് ശേഷം അവതരിച്ച സൂറത്തുള്ളുഹായിൽ പ്രവാചക സന്മാർഗ ദർശനപ്രഭ നിർലോഭം തുടർന്നുകൊണ്ടിരിക്കുമെന്നാണ് അറിയിക്കുന്നത്.
പ്രസ്തുത സൂറത്ത് അല്ലാഹു തുടങ്ങുന്നത് നബി (സ്വ)ക്ക് അഭിസംബോധനമായി രണ്ടുനേരങ്ങളെ ചേർത്തി ശപഥം ചെയ്തുകൊണ്ടാണ്. ശേഷം അല്ലാഹു നബി (സ്വ)യോട് അവഗണന, വെറുപ്പ് എന്നീ രണ്ടു കാര്യങ്ങളില്ലെന്ന് സമർത്ഥിക്കുന്നു. സംതൃപ്തമാക്കുന്ന അനുഗ്രഹങ്ങൾ, ഉദാത്തമായ പരലോകം എന്നീ രണ്ടു കാര്യങ്ങൾ സുനിശ്ചിതമെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു. അതോടൊപ്പം നബി (സ്വ) നൽകിയ മൂന്നു അനുഗ്രഹങ്ങൾ ഓർമ്മിപ്പിക്കുകയും അതുവഴി മൂന്നു സാരോപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
പകൽവെളിച്ചം, ഇരുട്ട് ശക്തമായ രാത്രി എന്നീ രണ്ടു നേരങ്ങളെക്കൊണ്ട് സത്യം ചെയ്ത് തുടങ്ങുന്ന ഈ അധ്യായത്തിൽ രണ്ടു സൂചനകളുണ്ട്. ഒന്ന് പരിശുദ്ധ ഇസ്ലാം പകൽവെളിച്ചം കണക്കെ സുവ്യക്തവും സുതാര്യവും ലളിതവുമാണെന്നാണ്. മറ്റേത് ശാന്തമായ രാത്രി പോലെ ശാന്തിയും അടക്കവും ഒതുക്കവുമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നു എന്നുമാണ്.
ശേഷം അല്ലാഹു നബി (സ്വ)യെ കൈവിടുകയോ വെറുക്കുകയോ ചെയ്തില്ലെന്ന് പ്രസ്താവിക്കുന്നു. അതായത് നബി (സ്വ) അല്ലാഹുവിലേക്ക് ഏറ്റവും പ്രിയപ്പെട്ടവരും അടുത്തവരുമാണ്. ഖുർആൻ അങ്ങയെ കൈവെടിഞ്ഞെന്ന് സുവ്യക്തം പറഞ്ഞിട്ടുണ്ട്. കൂടെ വെറുത്തിട്ടില്ല എന്നു പ്രസ്താവിച്ചു. അങ്ങയെ എന്ന പ്രയോഗം അതിന്റെ കൂടെയില്ല. അതായത് അങ്ങയെയും അങ്ങയുടെ അനുചരരെയും അങ്ങയെ സ്‌നേഹിക്കുന്നവരെയും ലോകവസാനം വരെ അല്ലാഹു വെറുക്കുകയില്ല എന്ന സന്തോഷവാർത്തയാണ് ഈ പ്രയോഗത്തിലുള്ളതെന്ന് ഖുർആൻ വ്യാഖ്യാനങ്ങളിൽ കാണാം (തഫ്‌സീറു റാസി 31/192).
ശേഷം അല്ലാഹു നബി (സ്വ)യോട് പറയുന്നു: അങ്ങേക്ക് ഇഹലോകത്തെക്കാൾ ഉദാത്തം പരലോകം തന്നെ, രക്ഷിതാവ് താങ്കൾക്ക് അനുഗ്രഹങ്ങൾ കനിഞ്ഞേകുന്നതും താങ്കളതിൽ സംതൃപ്തനാകുന്നതുമാണ്. നബി (സ്വ)യെ കൈവിട്ടിട്ടില്ലെന്ന് ബലവത്തായി സാക്ഷ്യപ്പെടുത്തുകയാണ് അല്ലാഹു.
നബി (സ്വ)ക്ക് അല്ലാഹു ഏകിയ മൂന്നു അനുഗ്രഹങ്ങൾ എണ്ണിപ്പറയുന്നു: അങ്ങയെ അവൻ അനാഥനായി കണ്ടെത്തിയിട്ട് അഭയമേകുകയും വഴിയറിയാത്തവനായി കണ്ടിട്ട് സന്മാർഗദർശനം നൽകുകയും ദരിദ്രനായി കണ്ടിട്ട് സ്വയം പര്യാപ്തനാക്കുകയും ചെയ്തില്ലേ.
സ്രഷ്ടാവായ അല്ലാഹു നബി (സ്വ) യെ സൃഷ്ടികളിൽ അത്യുൽകൃഷ്ടരാക്കി. ലോകത്തിനാകമാനം പ്രകാശമാക്കി, കാരുണ്യമാക്കി പ്രവാചകത്വം നൽകി അവതരിപ്പിച്ചു. വിജ്ഞാനങ്ങൾ ഏകി. യുക്തിജ്ഞാനങ്ങൽ പ്രദാനമേകി. ദൈവവാക്യങ്ങളായ പരിശുദ്ധ വേദം ഖുർആൻ നൽകി.
മൂന്നു അനുഗ്രഹങ്ങളെ പരാമർശിച്ച ശേഷം അതുപോലെ മറ്റുള്ളവരോടും നന്മയോടെ പെരുമാറണമെന്നാണ് അല്ലാഹു നിർദേശിക്കുന്നത്. ആദ്യം അനാഥനെ അവഹേളിക്കരുതെന്ന് സാരോപദേശം ചെയ്യുന്നു. നബി (സ്വ) അനാഥരോട് പ്രത്യേക വാത്സല്യവും അനുകമ്പയും കാട്ടുമായിരുന്നു. അവരെ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നബി (സ്വ) തങ്ങളും അനാഥരെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഒത്തൊരുമിച്ചായിരിക്കുമെന്ന് സൂചിപ്പിക്കാൻ ചൂണ്ടുവിരലും നടുവിരലും ഉയർത്തികാട്ടി ഇപ്രകാരം ആയിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
അടുത്തതായി, ജ്ഞാനമോ ധനമോ ചോദിച്ചുവരുന്നവനെ ആട്ടിയോടിക്കരുതെന്നാണ് ഉപദേശിച്ചിരിക്കുന്നത്. നബി (സ്വ) ചോദിച്ചുവരുന്നവർക്കെല്ലാം തങ്ങളുടെ പക്കലുള്ളത് തീരുംവരെ കൊടുക്കുമായിരുന്നു. വല്ലതുമുണ്ടെങ്കിൽ സ്വന്തത്തിനായി എടുത്തവെക്കുന്ന പതിവില്ലെന്ന് നബി (സ്വ) തന്നെ അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
മൂന്നാമതായി അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കാനുള്ള ഉപദേശമാണ്. നബി (സ്വ) സദാസമയം ദൈവാനുഗ്രഹങ്ങളെ ഓർക്കുകയും കൃതജ്ഞതാപ്രകടനം നടത്തുകയും ചെയ്യുമായിരുന്നു.