യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 04/10/2024
മാനസികാരോഗ്യവും മാനസിക സ്വാസ്ഥ്യവും വിലമതിക്കാനാവാത്ത ദൈവാനുഗ്രഹങ്ങളാണ്. മനസ്സിന്റെ സ്വസ്ഥത വലിയ അനുഗ്രഹമാണെന്ന് നബി (സ്വ) പറഞ്ഞതായി കാണാം (ഹദീസ് അദബുൽ മുഫ്‌റദ് 301). മാനസികാരോഗ്യത്തിന് പരിശുദ്ധ ഇസ്ലാം മതം നല്ല പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ) അരുൾ ചെയ്തത് 'നിനക്ക് നിന്റെ സ്വന്തത്തോടും ചില ബാധ്യതകളുണ്ട്' (ഹദീസ് ബുഖാരി, മുസ്ലിം). അതായത് മനസ്സിനെ പരിരക്ഷിക്കാനും മനസ്സിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങളെ വിദൂരത്താക്കാനുമുള്ള കൽപനയാണത്.
അല്ലാഹു പറയുന്നുണ്ട്: മനസ്സിനെ (ആത്മാവിനെ) ശുദ്ധീകരിച്ചവൻ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു, അതിനെ മലിനീകരിച്ചവൻ നിശ്ചയം പരാജിതനായിരിക്കുന്നു (സൂറത്തുശ്ശംസ് 9, 10). സ്വസ്ഥപൂർണവും നിയന്ത്രണവിധേയവുമായ മനസ്സാണ് ഒരു മനുഷ്യന്റെ വിജയത്തിന്റെ പ്രധാന നിദാനം.
മാനസികാരോഗ്യം കാത്തുസൂക്ഷിക്കാനുള്ള പ്രധാന മാർഗമാണ് ദൈവത്തിലേക്ക് അടുക്കുക എന്നുള്ളത്. ദൈവമാർഗത്തിൽ വ്യാപൃതമാവുന്നതും ആരാധനാനിമഗ്നമാകുന്നതും ദിക്‌റുകൾ ചൊല്ലുന്നതുമെല്ലാം മാനസിക സൗഖ്യം നൽകുന്ന കാര്യങ്ങളാണ്. അല്ലാഹു തന്നെ പറയുന്നുണ്ട്: അറിയുക, ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദയങ്ങൾക്കു പ്രശാന്തി കൈവരൂ (സൂറത്തുറഅ്ദ് 28). നബി (സ്വ) നമസ്‌കാരങ്ങളിലൂടെ മാനസികാനന്ദം കണ്ടെത്തുമായിരുന്നു. അതിനാൽ ബിലാലി (റ)നോട് ബാങ്ക് കൊടുത്ത് മനസ്സിന് സമാശ്വാസം പകരാൻ പറയുമായിരുന്നു (ഹദീസ് അബൂദാവൂദ് 4985). നമസ്‌കാരത്തിലൂടെ കൺകുളിർമ നേടാനാവുന്നു എന്ന് നബി (സ്വ) പറയുമായിരുന്നു (ഹദീസ് നസാഈ 3939).
മാനസികാരോഗ്യത്തിനും മനശ്ശാന്തിക്കുമുള്ള മറ്റൊരു മാർഗമാണ് ദൈവവിധിയിൽ തൃപ്തിയടയൽ.
പ്രമുഖ സ്വഹാബിവര്യൻ അബൂദ്ദർദാഅ് (റ) പറയുമായിരുന്നു: അല്ലാഹു ഒന്നു വിധിച്ചാൽ അതിൽ തൃപ്തിയടയുക. നേരെമറിച്ച് ജീവിത ഘട്ടങ്ങളിൽ പ്രതിസന്ധികളുണ്ടാവുമ്പോൾ, ദുഖഭാണ്ഡങ്ങൾ പേറുമ്പോൾ, ആപൽസന്ധികളുണ്ടാവുമ്പോൾ മാനസിക പിരിമുറുക്കമുണ്ടായി ജീവിതനൈരാശ്യത്തിലകപ്പെട്ടു പോവരുത്. അങ്ങനെയുള്ളവരെ അല്ലാഹു ആക്ഷേപിച്ചിരിക്കുന്നു: തിന്മ പിടികൂടുമ്പോൾ മനം മടുത്തവനും ഭഗ്നാശനുമാവുകയാണവൻ (സൂറത്തു ഫുസ്സ്വിലത്ത് 49).
എല്ലാഴ്‌പ്പോഴും അല്ലാഹുവിന്റെ വിധിയിൽ വിശ്വാസമർപ്പിക്കുക. എന്നിട്ട് സൂറത്തു ത്തൗബയിലെ 51ാം സൂക്തത്തിന്റെ ആശയം മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുക. അതിങ്ങനെയാണ്: 'ഞങ്ങൾക്ക് അല്ലാഹു നിശ്ചയിച്ചതല്ലാത്ത മറ്റൊന്നും തന്നെ സംഭവിക്കുകയില്ല'.
പ്രത്യക്ഷത്തിൽ ഒരു പ്രശ്‌നമുണ്ടായാൽ അതിനൊരു നല്ല പരിണിതി ഉണ്ടാവുമെന്ന് വിശ്വസിക്കലാണ് സത്യവിശ്വാസിക്ക് ഭൂഷണം. അല്ലാഹു പറയുന്നു: ഒരു കാര്യം ഉദാത്തമായിരിക്കെ നിങ്ങൾക്ക് അനിഷ്ടപ്പെട്ടെന്നു വരാം (സൂറത്തു ബഖറ 216).
മാനസികാരോഗ്യത്തിന് ബലമേകുന്ന കാര്യങ്ങളാണ് പോസിറ്റീവ് ചിന്തയും ശുഭാപ്തി വിശ്വാസവും. നെഗറ്റീവ് ചിന്തകളിലോ മാനസിക പീഡകളിലോ പെടരുത്. നല്ല ചിന്ത നല്ലതേ വരുത്തുള്ളൂ. ചീത്ത വിചാരം ചീത്തയേ വരുത്തുള്ളൂ. ശുഭാപ്തി വിശ്വാസത്തിൽ സന്തോഷം കൊള്ളുന്നവരായിരുന്നു നബി (സ്വ) (ഹദീസ് അഹ്‌മദ് 24982).
എല്ലായിടങ്ങളിലും നല്ലതേ പ്രതീക്ഷിക്കാവൂ. അല്ലാഹുവിൽ നിന്നും നല്ലതേ ഭാവിക്കാവൂ. എന്റെ അടിമ എന്നെ എങ്ങനെയാണോ ഭാവിക്കുന്നത് അങ്ങനെയായിരിക്കും ഞാനെന്ന് അല്ലാഹു തന്നെ പറഞ്ഞത് ഖുദ്‌സിയ്യായ ഹദീസിൽ കാണാം (ബുഖാരി, മുസ്ലിം). ഒരു മോശം കാര്യം വന്നുപ്പെടുന്നതിന് മുമ്പായി തന്നെ അതങ്ങനെയെന്ന ഊഹാപോഹത്തിൽ പെട്ടുപോകരുത്. ഒരു രോഗം വരുന്നതിന് മുമ്പായി രോഗമാണെന്ന് സ്വന്തം മനസ്സിൽ വിധിയെഴുതി നിരാശപ്പെടരുത്. ദരിദ്രാവസ്ഥ ഉണ്ടാവുന്നതിന് മുമ്പായി സ്വയം ദരിദ്രനായി എന്ന് ആശാഭംഗപ്പെട്ടവനാകരുത്. എല്ലാം പൈശാചികമായ ദുർചിന്തകളാണ്. പിശാച് ദാരിദ്യം വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്ന് ഖുർആൻ തന്നെ വിവരിക്കുന്നുണ്ട് (സൂറത്തുൽ ബഖറ 268).
കഴിഞ്ഞ കാലത്തെ പ്രയാസങ്ങളുടെ ഓർമകളിൽ ജീവിതം കഴിച്ചുകൂട്ടരുത്. അത് മനസ്സിനെ ഭീതിപ്പെടുത്തും. ജോലികളിൽ ഭഗ്നം വരുത്തും. ഭാവിയെ ചിന്തിച്ച് പേടിച്ച് കഴിഞ്ഞുകൂടരുത്. അത് മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കും. എല്ലാം സത്യവിശ്വാസികളെ ഖിന്നരാക്കാനുള്ള പൈശാചിക തന്ത്രങ്ങളാണ്.
എല്ലാ കാര്യത്തിലും മറ്റുള്ളവരോട് തുലനം ചെയ്യരുത്. അത് അപകടമാണ്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടലാണ് അഭികാമ്യം. ഉപജീവനത്തിൽ മതിയായത് ലഭിക്കുകയും അങ്ങനെ അല്ലാഹു നൽകിയതിൽ തൃപ്തിയടയുകയും ചെയ്ത സത്യവിശ്വാസി വിജയിക്കുക തന്നെ ചെയ്തിരിക്കുന്നുവെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് മുസ്ലിം 1054). ഓരോർത്തർക്കും അല്ലാഹു പ്രത്യേകം പ്രത്യേകം കാര്യങ്ങൾ ചെയ്തിട്ടുണ്ടാവും. എല്ലാം അല്ലാഹുവിന്റെ യുക്തിയിലും ജ്ഞാനത്തിലുമാണ്. നമ്മുക്കാർക്കും അതറിയുകയില്ല.
നമ്മുടെ മക്കളുടെയും വീട്ടുകാരുടെയും ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും പരിരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. എന്നാലേ വീടകങ്ങളിൽ ശാന്തിയും സമാധാനവുമുണ്ടാവുകയുള്ളൂ. ജോലി സമ്മർദ്ദങ്ങളുടെ വ്യാകുലതകൾ വീടുകളിലേക്കും കൊണ്ടുപോവരുത്. നമ്മുടെ പ്രശ്‌നങ്ങളിൽ വീട്ടുകാരെയും പെടുത്തരുത്. അതവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും.
വീട്ടിലെത്തിയാൽ ഒരു സമ്മർദ്ദവും കാണിക്കാതിരിക്കുക. ഏവരോടും പുഞ്ചിരിച്ച് മയത്തോടെയും സ്‌നേഹത്തോടെയും പെരുമാറുക. ഒരു വീട്ടുകാരിൽ അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവരിൽ നിർമലത ഇട്ടുകൊടുക്കും (ഹദീസ് അഹ്‌മദ് 24427). ഇടപാടുകളിലും ഇടപെടലുകളിലും ക്ഷമ പാലിക്കണം. നമ്മുടെ മാനസികാവസ്ഥ കുടുംബക്കാരിലും പ്രതിഫലിക്കും. അതിനാൽ ഏവർക്കും ശാന്തിയും സ്വസ്ഥതയും പകരുക. അത് വ്യക്തിരൂപീകരണത്തിലും മറ്റുള്ളവരുമായുള്ള പെരുമാറ്റങ്ങളിലും നല്ല പ്രതിഫലനങ്ങളുണ്ടാക്കും. ജീവിതത്തിൽ ആപൽഘട്ടത്തിൽ സഹനം കൈകൊണ്ട ഇബ്രാഹിം നബി (അ)ക്ക് അല്ലാഹു സൽസന്താനമേകി സന്തോഷവാർത്ത അറിയിക്കുന്നത് ഖുർആൻ വിവരിക്കുന്നുണ്ട്.