ഒരു നല്ല തൊഴിലാളിയുടെ/ജീവനക്കാരന്റെ ലക്ഷണങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 18/10/2024

ഒരിക്കൽ മദീനയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നടന്നുപോവുകയായിരുന്ന ഇബ്‌നു ഉമർ (റ) ഒരു ആട്ടിടയനെ കാണാനിടയായി. അദ്ദേഹം അയാളോട് ചോദിച്ചു: ഈ ആട്ടിൻകൂട്ടത്തിൽ നിന്ന് ഒന്നിനെ എനിക്ക് വിൽക്കുമോ?. അയാൾ പറഞ്ഞു: ഇവ എന്നിലേക്ക് ഏൽപ്പിക്കപ്പെട്ട സൂക്ഷിപ്പുബാധ്യതകളാണ്. അപ്പോൾ ഇബ്‌നു ഉമർ (റ) അദ്ദേഹത്തെ പരീക്ഷിക്കാൻ വേണ്ടി പറഞ്ഞു: ആടുകളെ ഏൽപ്പിച്ചു തന്ന ആളോട് ഒരാടിനെ ചെന്നായ തിന്നുവെന്ന് പറഞ്ഞാൽ പോരേ. ഉടനെ ആട്ടിടയൻ ആകാശത്തേക്ക് തല ഉയർത്തി പറഞ്ഞു: അല്ലാഹു ഉണ്ട്. ഇബ്‌നു ഉമർ (റ) ആവശ്യം ആവർത്തിച്ചുകൊണ്ടിരുന്നു. ആയാളും അല്ലാഹു ഉണ്ട് എന്ന് പലയാവർത്തി പറഞ്ഞുകൊണ്ടിരുന്നു (മുഅ്ജമുൽ കബീർ ത്വബ്‌റാനി  13054).

വല്ലാത്തൊരു വാക്കാണത്. ഓരോ തൊഴിലാളിയും ജീവനക്കാരനും ജോലിയിൽ കാണിക്കേണ്ട സൂക്ഷ്മതയും കണിശതയുമാണ് സംഭവം വരച്ചുകാട്ടുന്നത്. എല്ലാം അല്ലാഹു കാണുന്നു, നിരീക്ഷിക്കുന്നുവെന്നറിഞ്ഞ് കൊണ്ട് തൊഴിലിടങ്ങളിൽ പെരുമാറുന്നവനാണ് നല്ല തൊഴിലാളി. അല്ലാഹു കാണുന്നുവെന്ന നിശ്ചയത്തിൽ അല്ലാഹുവിനെ ആരാധിക്കാനാണ് നബി (സ്വ) പറഞ്ഞത്. നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുവെന്ന ബോധം ഉണ്ടാവണമെന്നാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 


തൊഴിലെടുക്കാൻ അല്ലാഹു നൽകിയ മഹാ അനുഗ്രഹത്തിൽ നന്ദിയുള്ളവനായി ഉത്തരവാദിത്വങ്ങൾ യഥാവിധി നിറവേറ്റുന്നവനാണ് ആത്മാർത്ഥതയുള്ള തൊഴിലാളി. ഏൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ ഏവരും ഉത്തരവാദിത്വമുള്ളവരാണ്, കാര്യം പരിരക്ഷയോടെ ചെയ്തുവോ അല്ലെങ്കിൽ പാഴാക്കി കളഞ്ഞോ എന്ന് ചോദ്യം ചെയ്യപ്പെടുന്നതായിരിക്കും (ഹദീസ് നസാഈ കുബ്‌റാ 9129, സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 5103). 

ഓരോ ജോലിയും ഉത്തരവാദിത്വബോധത്തോടെയും ആത്മാർത്ഥതയോടെയുമാണ് ചെയ്തുതീർക്കേണ്ടത്. അല്ലാഹു പറയുന്നുണ്ട്: വിശ്വസിക്കപ്പെട്ടയാൾ തന്റെ വിശ്വാസ്യത നിറവേറ്റുകയും നാഥനെ സൂക്ഷിക്കുകയും ചെയ്യട്ടെ (സൂറത്തു ബഖറ 283).

ജോലിയിൽ സമയനിഷ്ഠ പാലിക്കണം. വൈമനസ്യമോ മടിയോ കാട്ടരുത്. ജോലിബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറരുത്. അവധാനത പാടില്ല. അല്ലാഹു എല്ലാം അറിയുന്നുണ്ടെന്ന് അറിയുന്നില്ലേ എന്ന് വിശുദ്ധ ഖുർആനിൽ പരാമർശമുണ്ട് (സൂറത്തുൽ അലഖ് 14). ആ ബോധം വേണം.

സഹജീവനക്കാരോട് ആവശ്യമില്ലാത്തകാര്യങ്ങൾ സംസാരിച്ചോ ഫോണിൽ മുഴുങ്ങിയോ സമയം കളയരുത്. പൂർണമനസ്സോടെ പ്രസന്നവദനത്തോടെ ജോലികൾ ചെയ്യണം. സത്യസന്ധതയും ത്യാഗവും കൃത്യതയും സുനിശ്ചിതത്വവും അച്ചടക്കവുമെല്ലാം തൊഴിലിടങ്ങളെ ഭംഗിയാക്കുന്ന കാര്യങ്ങളാണ്. 

നിശ്ചയം അല്ലാഹു കൃത്യതയോടെ ജോലികളെ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നുവത്രെ (ഹദീസ് മുസ്‌നദു അബൂ യഅ്‌ലാ 4386). 

നല്ല കാര്യങ്ങളിൽ സഹജീവനക്കാരുമായുള്ള സഹകരണമനസ്സാണ് ഒരു തൊഴിലാളിയെ ഉത്തമനാക്കുന്നത്. അവർ ഒരു കെട്ടിടം പോലെ ചിലർ ചിലർക്ക് സഹായസഹകരണങ്ങളോടെ ബലം നൽകും. ഓരോർത്തരുടെയും അധ്വാനത്തിനും വിലകൽപ്പിക്കണം. ആരെയും നിസാരമാക്കരുത്. അവരുടെ വിജയത്തിനായി നാമും മുന്നിട്ടിറങ്ങണം. തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദന് വേണ്ടിയും ഇഷ്ടപ്പെടുന്നവനാണല്ലൊ യഥാർത്ഥ സത്യവിശ്വാസി. 

ആരോടും വിദ്വേഷമോ ആസൂയയോ കാട്ടരുത്. പരദൂഷണമോ കുറ്റം പറച്ചിലോ അരുത്. തന്റെ സഹോദനെ സഹായിക്കുന്നവന് അല്ലാഹുവിന്റെ സഹായം കിട്ടിക്കൊണ്ടേയിരിക്കും (ഹദീസ് മുസ്ലിം 2699). 


നല്ല സ്ഥിരോത്സാഹിയായി തൊഴിലാളി ഓരോ ദിവസവും തന്റെ അറിവുകളും അനുഭവങ്ങളും നൈപുണ്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കും. മാത്രമല്ല വിജ്ഞാനവർധവിന് പ്രാർത്ഥിക്കുകയും ചെയ്യും. അങ്ങനെയുള്ളവർ പരിശീലനം നേടിവരുന്ന നവാഗതർക്ക് നല്ലൊരു മാതൃകയായിരിക്കും. അവന്റെ അറിവും അനുഭവവും അവർക്കും ഉപകാരപ്പെടും. ആരുടെയും നന്മയും അല്ലാഹു വെറുതെയാക്കി കളയില്ല. എല്ലാത്തിനും നന്മകളുണ്ടാവും. 

ഓരോ തൊഴിലാളിയും തന്റെ തൊഴിലിടങ്ങളിലെ നന്മകൾക്ക് വേണ്ടി മാത്രമല്ല മുന്നിട്ടിറങ്ങേണ്ടത്. നാടിന്റെയും പൊതുജനത്തിന്റെയും പൊതു  ആവശ്യങ്ങളിലും സ്ഥാപന ആവശ്യങ്ങളിലും തന്റെ വീട്ടുകാര്യമെന്ന പോലെ ആവേശം കാട്ടണം. സ്ഥാപന ധനവും മറ്റു വസ്തുവകകളും സ്വന്തമെന്നപോലെ കാത്തുസൂക്ഷിക്കണം. ഒന്നും നാശം വരുത്തരുത്, പാഴാക്കരുത്, ധൂർത്തടിക്കരുത്. അമിതവ്യയവുമരുത്. വഞ്ചകരെയും അമിതമായി വ്യയം ചെയ്യുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 

എല്ലായിടങ്ങളിലും മതനിഷ്ഠ പാലിക്കണം. അനുവദനീയമല്ലാത്ത സമ്മാനങ്ങൾ ആരിൽ നിന്നും സ്വീകരിക്കരുത്. അത്തരത്തിൽ ജോലിയിലൂടെ അന്യായമായി വല്ലതും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് അന്ത്യനാളിൽ അവന്റെ മുതുകിൽ ഭാരമായി ചുറ്റപ്പെടുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം). തൊഴിലിലെ രഹസ്യങ്ങളും സേവനം ചെയ്യുന്ന സമയത്തോ വിരമിച്ച ശേഷമോ ആരുമായും പങ്കുവെക്കരുത്. അതൈല്ലാം സ്വകാര്യങ്ങളായി വെക്കണം. 

ഏൽപ്പിച്ച കാര്യങ്ങളിൽ പൂർണ ഉത്തരവാദിത്വബോധവും വിശ്വാസ്യതയും കാണിക്കണം. ഇടപെടലുകളിൽ സൗമ്യഭാവം പുലർത്തണം. സൗമ്യസ്വഭാവം ഏതൊരു കാര്യത്തെയും മികച്ചതാക്കുമെന്നാണ് പ്രവാചക വചനം  (മുസ്ലിം 2594). ആരും നല്ലത് ചെയ്താൽ പുകഴ്ത്തണം. മോശം ചെയ്താൽ അതിരറ്റ് വിമർശിക്കരുത്. അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:  അല്ലാഹുവിങ്കൽ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കൾക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിനു കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കിൽ അവർ താങ്കളുടെ ചുറ്റും നിന്നു പിരിഞ്ഞുപോയേനെ. അതുകൊണ്ട് അവർക്ക് മാപ്പുനൽകുകയും പാപമോചനമർത്ഥിക്കുകയും കാര്യങ്ങൾ അവരുമായി കൂടിയാലോചന നടത്തുകയും ചെയ്യുക (സൂറത്തു ആലുഇംറാൻ 159).


back to top