യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 25.10.2024
സത്യവിശ്വാസിയുടെ ഇസ്ലാമികത്തനിമയിൽപ്പെട്ട നല്ലൊരു സ്വഭാവഗുണമാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നത് (ഹദീസ് അഹ്‌മദ് 1737, തുർമുദി 2317). ഹ്രസ്വവും സാരസമ്പൂർണവുമായ ഈ പ്രവാചക സാരോപദേശം സത്യവിശ്വാസത്തിന്റെയും സ്വഭാവവൈശിഷ്ട്യത്തിന്റെയും ഉദാത്ത മാതൃക വാചാലമായി തന്നെ എട്ടു വാക്കുകളിൽ സുവ്യക്തമാക്കുന്നുണ്ട്്.
ഒരു സത്യവിശ്വാസിയുടെ വിജയവഴികൾ ഈ ഹദീസിൽ അടങ്ങിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ നാലിലൊന്നെന്ന് ഈ സ്വഭാവഗുണം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാരണം ഒരാൾ അവന്റേതല്ലാതെ, അവനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നത് പല പ്രശ്‌നങ്ങൾക്കും തിന്മകൾക്കും കാരണമാവും. അങ്ങനെ എത്ര എത്ര ബന്ധങ്ങളാണ് വഷളായിരിക്കുന്നത്, എത്ര എത്ര കാര്യങ്ങളാണ് പ്രശ്‌നകലുഷിതമായിരിക്കുന്നത്. പല തെറ്റുകുറ്റങ്ങളും അവകാശ ധംശ്വനങ്ങളും അതുവഴി നടന്നിട്ടുണ്ട്.
ആവശ്യമില്ലാത്ത കാര്യമെന്നാൽ ഐഹികമോ പാരത്രികമോ ആയ കാര്യങ്ങളിൽ അവശ്യമാവാത്തതും ദൈവതൃപ്തിക്ക് ഉപകരിക്കാത്തതുമായ വാക്കുകളും ഇടപെടലുകളുമാണ്.
ഒരാൾ തന്റെ പരിധിയിൽപെടാത്ത സ്വകാര്യങ്ങളെ ഉപേക്ഷിക്കലും തിരിഞ്ഞുകളയലും അപരരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കലും നല്ലൊരു സ്വഭാവമൂല്യമാണ്. സത്യവിശ്വാസത്തിന്റെ ബലവും ഹൃദയത്തിന്റെ ശുദ്ധിയും ബുദ്ധിയുടെ യുക്തിഭദ്രതയും പ്രകടമാക്കുന്ന സൽസ്വഭാവമാണത്.
ഒരിക്കൽ ലുഖ്മാനുൽ ഹകീ (റ)മിനോട് എന്താണ് താങ്കളുടെ യുക്തി എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചറിയുകയില്ല, എന്നെ ബാധിക്കാത്ത കാര്യങ്ങളിൽ ഇടപെടലുമില്ല.
മറ്റൊരിക്കൽ അദ്ദേഹത്തോട് ഒരാൾ ചോദിക്കുകയുണ്ടായി: എങ്ങനെയാണ് താങ്കൾ ഇത്രയും വലിയ സ്ഥാനത്തെത്തിയത് അദ്ദേഹം വിവരിച്ചു വാക്കിലെ സത്യസന്ധത, സൂക്ഷിപ്പുബാധത്യാ നിർവ്വഹണം, ആവശ്യമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക എന്നിവയിലൂടെയാണ്.
നാം നമ്മുക്ക് ഉപകാരമുണ്ടാക്കുന്ന കാര്യങ്ങളിൽ മുഴുകണം. ഉപകരിക്കുന്ന കാര്യങ്ങളിൽ ആവേശം കാട്ടണമെന്നാണല്ലൊ ഹദീസ് (മുസ്ലിം 2664). ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക വഴി നമ്മുക്ക് അന്യരുടെ സ്വകാര്യങ്ങളിലും ജീവിതരഹസ്യങ്ങളിലും എത്തിനോക്കാതിരിക്കാനാവും. നേരെമറിച്ച് എല്ലാത്തിലും ഇടപെട്ട് മറ്റുള്ളവരുടെ എല്ലാ അവസ്ഥാവിശേഷങ്ങളും വരുമാനവും മറ്റു രഹസ്യങ്ങളും എവിടെന്ന് വന്നു എവിടേക്ക് പോവുന്നു എന്നിങ്ങനെ കുത്തികുത്തി ചോദിക്കുന്നത് ഏവരും വെറുക്കുകയും ദൈവകോപത്തിന് കാരണമാവുകയും ചെയ്യുന്ന വളരെ മോശമായ സ്വഭാവമാണ്.
നബി (സ്വ) പറയുന്നു: അല്ലാഹു നിങ്ങളിൽ മൂന്നു കാര്യങ്ങൾ വെറുത്തിട്ടുണ്ട്: അവിടെയും ഇവിടെയുമെല്ലാം കണ്ടതും കേട്ടതുമെല്ലാം പറയൽ, കുറേ ചോദ്യങ്ങൾ ചോദിക്കൽ, ധനം പാഴാക്കൽ എന്നിവയാണവ (ഹദീസ് ബുഖാരി, മുസ്ലിം). ഈ ദുസ്വഭാവത്തെ നിസാരവൽക്കരിക്കുന്നത് വൻ അപകടം വരുത്തും.
ഒരിക്കൽ സ്വഹാബികളിലൊരാൾ മരണപ്പെടുകയുണ്ടായി. അവർ അദ്ദേഹത്തിന് സ്വർഗപ്രവേശം ആശംസിച്ചു. അപ്പോൾ നബി (സ്വ) അവരോടായി പറഞ്ഞു: നിങ്ങൾക്കെന്തറിഞ്ഞു, അയാൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് സംസാരിച്ചിട്ടുണ്ടെങ്കിലോ (ഹദീസ് തുർമുദി 2316).
ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് അവശ്യവും അത്യാവശ്യവുമായ കാര്യങ്ങളിൽ ഇടപെടുന്നതിന് ഭംഗം വരുത്തും. സമയനഷ്ടം വരുത്തും. ചിലപ്പോൾ ആയുസ്സ് വൃഥാവിൽ ആക്കിയേക്കാം. ശ്രദ്ധതെറ്റിച്ച് ലക്ഷ്യപ്രാപ്തി തന്നെ ഇല്ലാത്താക്കിയേക്കാം. സ്ഥാനവും മാനവുമെല്ലാം നശിപ്പിച്ചേക്കാം. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് വഴി തൃപ്തികരമല്ലാത്തത് കേൾക്കാനും ഇടയാക്കും.
നാവിനെ പിടിച്ചുവെക്കണമെന്ന മറ്റൊരു ഹദീസുമുണ്ട്്. അതായത് നാം നമ്മുടെ നാവിന്റെ നിയന്ത്രണം ഏറ്റെടുക്കണം. ആവശ്യമില്ലാത്തതും ഉപകാരമില്ലാത്തതും സംസാരിക്കരുത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടരുത്. നന്മകൾ പറഞ്ഞ് നാവിനെ മുതലാക്കണം. അല്ലെങ്കിൽ നിശബ്ദത പാലിക്കണം. അതാണ് രക്ഷാമാർഗം.
അറിവില്ലാത്ത കാര്യത്തിലും ഇടപെടരുത്. സ്വന്തം കാര്യം നോക്കുക. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിൽ ജാഗ്രത പാലിക്കുക. കിട്ടിയതെല്ലാം പങ്കുവെക്കരുത്. നല്ലതും ചീത്തയും, യഥാർത്ഥവും വ്യാജനും, സത്യവും അസത്യവും തിരിച്ചറിയുക.
കേട്ടതെല്ലാം പറയാതിരിക്കുക. മക്കളെയും വീട്ടുകാരെയും അക്കാര്യത്തിൽ ബോധവാന്മാരാക്കുക. കേട്ടതെല്ലാം പറയുന്നത് തന്നെ ഒരുത്തനെ വൻപാപിയാക്കാൻ മതിയെന്നാണ് നബി (സ്വ) മുന്നറിയിപ്പു നൽകിയിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4992).