യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 01.11.2024
ഉത്തമ സന്താനലബ്ധിയിലൂടെ മനുഷ്യവംശത്തിന്റെ നിലനിൽപ്പിനായി പ്രാർത്ഥിക്കുന്നവരായിരുന്നു പ്രവാചകന്മാരും മുൻകഴിഞ്ഞ സച്ചരിതരും. ഉത്തമ സന്താനത്തെ നൽകാൻ സകരിയ നബി (അ) പ്രാർത്ഥിക്കുന്നത് വിശുദ്ധ ഖുർആൻ സൂറത്തു ആലുഇംറാൻ 38ാം സൂക്തത്തിലൂടെ ഉദ്ധരിക്കുന്നുണ്ട്. അത്യുത്തമ സത്യവിശ്വാസികളായ ഇബാദു റഹ്‌മാൻ സ്വന്തം സഹധർമിണിമാരിലും സന്താനങ്ങളിലും ആനന്ദം പ്രദാനമേകണമെന്ന് പ്രാർത്ഥിക്കുന്നതും ഖുർആനിലുണ്ട് (സൂറത്തുൽ ഫുർഖാൻ 74).
സന്താനങ്ങൾ മാതാപിതാക്കൾക്ക് ആത്മാനന്ദം ഏകുന്ന ദൈവദാനങ്ങളാണ്. മക്കളുള്ളവർ ആ ദാനത്തിന് അതീവ നന്ദിയുള്ളവരായി അവരുടെ ബാധ്യതകളും ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കേണ്ടിയിരിക്കുന്നു.
ഒരു മനുഷ്യന്റെ ശൈശവകാലമായ എട്ടു വയസ്സുവരെയുള്ള ഘട്ടം ജീവിതത്തിന്റെ അതിപ്രധാന ഭാഗമാണ്. അല്ലാഹു മനുഷ്യനെ ഭ്രൂണത്തിൽ നിന്ന് കുഞ്ഞായി പുറത്തുകൊണ്ടു വന്നെന്ന് ഖുർആനിക പ്രസ്താവനയുണ്ട് (സൂറത്തു ഗാഫിർ 67). യൂസുഫ് നബി (അ), മൂസാ നബി (അ), യഹ് യ നബി (അ), ഈസാ നബി (അ), നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) തുടങ്ങിയ പ്രവാചകന്മാരുടെയെല്ലാം ശൈശവകാലം ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച ഘട്ടമാണ്.
ശൈശവകാലമാണ് ജീവിതത്തിന്റെ ആമുഖകാലം. ഈ ജീവിത കാലയളവിലാണ് ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രഥമ രൂപീകരണമുണ്ടാവുന്നതും, അറിവും തിരിച്ചറിവും ഭാഷയും കരഗതമാക്കുന്നതും. മാനസികവും ശാരീരികവുമായ ആരോഗ്യം രൂപപ്പെടുന്നതും ശിശുവായിരിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ പരിശുദ്ധ ഇസ്ലാം മതം ശൈശവഘട്ടത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഒരു കുഞ്ഞ് ജനിക്കുമ്പോഴാണ് നല്ല അഭിവാദ്യങ്ങളോടെയും പ്രാർത്ഥനകളോടും സ്വീകരിക്കാനാണ് ഇസ്ലാം നിർദേശിക്കുന്നത്. ഒരു കുഞ്ഞിന്റെ ജനനം കുടുംബക്കാരുടെയെല്ലാം ആത്മഹർഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. മാതാവ് കുഞ്ഞിനെ ചേർത്തുപിടിക്കും. മാതാവിന്റെ മടിത്തട്ട് കുഞ്ഞിക്കുള്ള ആശ്വാസ ഇടമാണ്. മുലപ്പാൽ മരുന്നും ഭക്ഷണവുമാണ്. മാതാക്കൾ കുഞ്ഞുങ്ങൾക്ക് രണ്ടു പൂർണ വർഷം മുലപ്പാൽ നൽകേണ്ടതാണ് (സൂറത്തു ബഖറ 233).
കുഞ്ഞുമക്കൾക്ക് മാതാപിതാക്കൾ അവരുടെ കടമകളും കടപ്പാടുകളും മനസ്സിലാക്കിക്കൊടുക്കണം. അവരെ ശ്രദ്ധിക്കാതെ വിടരുത്. അവരിൽ ജാഗ്രത കാട്ടിയില്ലെങ്കിൽ അവരുടെ വ്യക്തിത്വത്തിനും ജീവിത വികാസങ്ങൾക്കും ദോഷമായി ബാധിക്കുകയും ബുദ്ധിയും ചിന്തകളും തെമ്മാടികൂട്ടങ്ങളിൽ പെട്ടുപോവുകയും ചെയ്യും.
മാതാപിതാക്കൾ കുഞ്ഞുമക്കളുടെ കാര്യത്തിൽ പൂർണ ഉത്തരവാദിത്വമുള്ളവരാണ്. അവരുടെ ബലഹീനതകളും ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയണം. മാതാവും പിതാവും തമ്മിലുള്ള ഭിന്നതയും വഴക്കും മക്കളുടെ ഇടയിലാവരുത്. അവരെല്ലാം കണ്ട് മനസ്സിലാക്കുന്നവരായിരിക്കും. അല്ലാഹുവിനോടും നബി (സ്വ)യോടുമുള്ള സ്‌നേഹം അവരിൽ വളർത്തിയെടുക്കണം. അവരുടെ മുമ്പിൽവെച്ച് നമസ്‌ക്കരിക്കണം. ദിക്‌റുകൾ ചൊല്ലണം. അറബി ഭാഷയോട് ആഗ്രഹം ജനിപ്പിക്കണം. ദേശത്തോട് കൂറ് ഉണ്ടാക്കണം. കളവ്, പരദൂഷണം, പരിഹാസം, നിന്ദത തുടങ്ങിയ മോശത്തരങ്ങൾ ദൂരത്താക്കി സൽസ്വഭാവങ്ങൾ പഠിപ്പിക്കണം. നന്മകൾ ശീലമാപ്പിക്കണം. നന്മകളുടെ കൂട്ടായ്മകളിൽ അവരെയും ഭാഗഭാക്കാക്കണം. ധൈര്യവും തന്റേടവും ഉണ്ടാവാൻ പ്രാപ്തരാക്കണം. ഇലക്ട്രോണിക് ഗെയിമുകളിൽ ആസക്തിയുള്ളവരാകാൻ വിടരുത്. കായിക ക്ഷമതക്കും മാനസികോല്ലാസത്തിനും വീടുകളിൽ തന്നെ തോട്ടങ്ങളും കളിക്കളങ്ങളും ഉണ്ടാക്കൽ നല്ലതാണ്.
മക്കളെ ആട്ടിവിടരുത്. ശപിക്കരുത്. അവർക്കെതിരെ പ്രാർത്ഥിക്കരുത്. ശിക്ഷണകാര്യങ്ങളിൽ പരമാവധി ക്ഷമ പാലിക്കണം. നിർമല സ്വഭാവം കൈവിടരുത്. മക്കളുടെ മുമ്പിൽവെച്ച് ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെയായിരിക്കണം. കാരണം അവർ മാതാപിതാക്കളിൽ ഓരോന്നിനും മാതൃക കണ്ടെത്തുക. നമ്മൾക്ക് കിട്ടാതെപോയ നന്മകൾ മക്കളിൽ വളർത്തിയെടുക്കണം. അത് ഇഹ പരലോകങ്ങളിലെ മുതൽകൂട്ടായിരിക്കും.
യുഎഇ രാഷ്ട്രത്തിന്റെ പതാക ദിനമാണ്. ഈ അസുലഭ മുഹൂർത്തത്തിൽ നമ്മുടെ മക്കൾക്ക് ഈ നാടിന്റെ ധീരോദത്തമായ ചരിതങ്ങൾ പറഞ്ഞുകൊടുത്ത് ദേശക്കൂറുള്ളവരാക്കണം.