യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 08/11/2024
ഒരിക്കൽ അബൂബക്കർ സിദ്ധീഖ് (റ) പ്രസംഗിക്കുകയുണ്ടായി: ജനങ്ങളേ, മനുഷ്യർക്ക് ഈ ഐഹിക ലോകത്ത് വെച്ച് ലഭിക്കുന്ന ഏറ്റവും നല്ല കാര്യങ്ങളാണ്, അചലഞ്ചമായ സത്യവിശ്വാസവും തെറ്റുകുറ്റങ്ങൾ മാപ്പാക്കിക്കിട്ടലും. അവയേക്കാൾ കേമമായത് ആർക്കും ലഭിച്ചിട്ടില്ല. അതിനാൽ അവക്കായി അല്ലാഹുവിനോട് ചോദിക്കുക.
യഖീൻ, അതാണ് അചലഞ്ചമായ വിശ്വാസം.
പ്രവാചകന്മാരെല്ലാം അടിയുറച്ച സത്യവിശ്വാസമായ യഖീനുള്ളവരായിരുന്നു.
ഇബ്രാഹിം നബി (അ)യെ ദൃഡവിശ്വാസമുള്ളവരുടെ ഗണത്തിൽപ്പെടുത്താൻ ഭുവന വാനങ്ങളുടെ അധൃഷ്യാധിപത്യം കാണിച്ചുകൊടുത്തുവെന്ന് സൂറത്തു അൻആം 75ാം സൂക്തത്തിലുണ്ട്. മൂസാ നബി (അ) ദൃഡവിശ്വാസത്തിന്റെ ഉത്തുംഗതിയിൽ എത്തിയിരുന്നുവെന്ന് സൂറത്തുശ്ശുഅറാഅ് 61, 62 സൂക്തങ്ങളിൽ നിന്നുള്ള പ്രസ്താവനയിലൂടെ മനസ്സിലാക്കാനാവും.
നമ്മുടെ മുഹമ്മദ് നബി (സ്വ)യുടെ സത്യവിശ്വാസ പൂർണതയുടെയും അചലഞ്ചതയുടെയും മാതൃക വിശുദ്ധ ഖുർആനിൽ നിന്ന് ഗ്രഹിക്കാനാവും. ശത്രുപ്പടയിൽ നിന്നുള്ള രക്ഷക്കായി ഗുഹയിൽ ഒളിച്ചിരുന്ന നബി (സ്വ) സഹചാരി അബൂബക്കർ സിദ്ധീഖി (റ)നോട് പറഞ്ഞത് ദുഖിക്കരുത്, നമ്മുടെ കൂടെ അല്ലാഹു ഉണ്ടെന്നാണ് (സൂറത്തുത്തൗബ 40).
അല്ലാഹുവിലുള്ള സമ്പൂർണ വിശ്വാസമാണ് സത്യവിശ്വാസം. അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷങ്ങളിൽ പൂർണ വിശ്വാസം വേണം. യാതൊരും സംശയത്തിനോ ഇടർച്ചക്കോ അവസരമുണ്ടാവരുത്. എല്ലാ കാര്യത്തിലും അല്ലാഹുവിൽ ഭരമേൽപ്പിക്കണം.
പരിശുദ്ധ ഖുർആൻ മുറുകെപിടിക്കണം. ഖുർആൻ സകല ജനങ്ങൾക്കും ഉൾക്കാഴ്ചയുണ്ടാക്കുന്ന ദൃഷ്ടാന്തങ്ങളും ദൃഡവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു (സൂറത്തു ജാസിയ 20).
അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിലും സംവിധാനത്തിലും ചിന്തിക്കണം. ദൃഡവിശ്വാസികൾക്ക് ഭൂമിയിൽ ദൃഷ്ടാന്തങ്ങളുണ്ടത്രെ (സൂറത്തുദ്ദാരിയാത്ത് 20).
അല്ലാഹുവിന്റെ എല്ലാ വിശേഷങ്ങളിലും പൂർണ വിശ്വാസം വേണം. ചിലപ്പോൾ അല്ലാഹു നൽകും. ചിലപ്പോൾ നൽകാതെ തടഞ്ഞുവെക്കും. അവൻ പരീക്ഷിക്കും. ചിലത് അവൻ മാപ്പാക്കിത്തരും.
ഉപജീവനത്തിന്റെ കാര്യത്തിൽ അല്ലാഹുവിൽ പരിപൂർണ വിശ്വാസം കാണിക്കണം. ഉപജീവന വകകളെല്ലാം അല്ലാഹുവിന്റെ പക്കലിലാണെന്നും അവന്റെ യുക്തിക്ക് അനുസൃതമായി വിഹിതിച്ചു നൽകുമെന്നുള്ള പൂർണ ബോധ്യമുണ്ടാവണം. ഭാവിയെ ഓർത്ത് നിരാശരാകരുത്. ഇന്നയാൾക്ക് കിട്ടി, എനിക്ക് കിട്ടിയില്ല എന്ന വേവലാതി പാടില്ല. ഒരാളും അയാൾക്കുള്ള ഉപജീവന വകകൾ പൂർണമായി കിട്ടാതെ മരിക്കില്ലെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ശിഅബുൽ ഈമാൻ, ബൈഹഖി 1141).
ഏതു പ്രതിസന്ധിയിലും സത്യവിശ്വാസദൃഡത മനസ്സിന് ആശ്വാസം പകരുന്നതാണ്.
ഏതു ഘട്ടത്തിലും സത്യവിശ്വാസത്തിൽ അടിയുറച്ച് നിൽക്കണം. വിശ്വാസദൃഡതക്കനുസരിച്ച് കാര്യങ്ങൾ സാക്ഷാൽക്കരിക്കപ്പെടും. സത്യവിശ്വാസ അചലഞ്ചതക്കായി അല്ലാഹുവിനോട് ചോദിക്കണം.
അചലഞ്ചമായ സത്യവിശ്വാസം മനസ്സിന് കുളിരും ആശ്വാസവുമാണ്. അടിയുറച്ച വിശ്വാസമുള്ളവൻ ദൈവവിധിയിൽ ക്ഷമ കൈക്കൊള്ളുകയും തൃപ്തിയടിയുകയും ചെയ്യും. നബി (സ്വ) യഖീനിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു.
ക്ഷമാശീലരുടെ സ്ഥാനം ലഭിച്ച് അന്ത്യനാളിൽ സുനിശ്ചിത വിജയം വരിക്കുന്നവരാണ് ദൃഡവിശ്വാസമുള്ളവർ. സ്വർഗം അവർക്ക് ഉറപ്പാണ്.