യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 15/11/2024
ഇന്ദ്രിയത്തുള്ളിയിൽ നിന്ന് മനുഷ്യനെ പടച്ച അല്ലാഹു രക്തബന്ധവും വൈവാഹികബന്ധമുള്ളവരാക്കി. അതായത് ഒരേയൊരു വ്യക്തിയിൽ നിന്നാണ് സൃഷ്ടിച്ചത്. അതിൽ നിന്നു ഇണ സൃഷ്ടിച്ച് അവരിരുവരിൽ നിന്നുമായി ഒട്ടേറെ സത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്താണ് കുടുംബങ്ങളുണ്ടാവുന്നത്. അല്ലാഹു തന്നെ പറയുന്നുണ്ട്: അല്ലാഹു നിങ്ങൾക്ക് സ്വന്തത്തിൽ നിന്നുതെന്നയുള്ള ഇണകളെ ഉണ്ടാക്കിത്തരികയും അവർവഴി മക്കളെയും പേരമക്കളെയും സൃഷ്ടിക്കുകയും ചെയ്തു (സൂറത്തുഹ്ല് 72). അതാണ് കുടുംബം.
കുടുംബമാണ് ജീവിതത്തിന്റെ മൗലികമായ മേൽവിലാസം. കുടുംബമാണ് മനുഷ്യന്റെ പ്രഥമ പാഠശാലയും ബലവത്തായ സാമൂഹിക സ്ഥാപനവും.
കുടുംബ രൂപീകരണത്തിന്റെ പ്രഥമ ഘട്ടം വിവാഹമാണ്. വിവാഹം മനുഷ്യനിലനിൽപ്പിനായി അല്ലാഹു അനുവദിച്ചുതന്ന പ്രകൃതസുകൃതമാണ്. വിവാഹം പ്രവാചകന്മാരെല്ലാം ചര്യയാക്കി കാണിച്ചുതന്ന സാമൂഹികചിട്ടയുമാണ്. വിവാഹം മനുഷ്യനെ അനാശാസ്യങ്ങളിൽ നിന്നു തടുക്കുന്ന കവചവുമാണ്.
നബി (സ്വ) യുവസമൂഹത്തെ അഭിസംബോധനം ചെയ്തുകൊണ്ട് വിവാഹത്തിനായി പ്രേരണ നൽകുന്ന ഹദീസുണ്ട് (ബുഖാരി, മുസ്ലിം).
ദൈവവിശ്വാസത്തിൽ ചാഞ്ചാട്ടമുള്ളവരാണ് ഉപജീവനത്തിന്റെയും ജീവിത ചിലവുകളുടെയും ഉത്തരവാദിത്വങ്ങളുടെയും പേരിൽ വിവാഹം ചെയ്യാതെ മാറിനിൽക്കുന്നവർ. വിവാഹബന്ധത്തിലൂടെ ഐശ്വര്യമുണ്ടാവുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. വിവാഹബന്ധത്തിലേർപ്പെടാനുള്ള നിർദേശത്തോടൊപ്പം അവർ ദരിദ്രരാണെങ്കിൽ തന്റെ ഔദാര്യത്താൽ അല്ലാഹു അവരെ ഐശ്വര്യമുള്ളവരാക്കുമെന്ന് സൂറത്തുൂർ 32ാം സൂക്തത്തിൽ കാണാം. ആ ദൈവിക വിളിയാളമനുസരിച്ച് സ്നേഹാർദ്ദമായും കരുണാമയമായും ശാന്തസ്വസ്ത്ഥമായി കുടുംബിക സൗഭാഗ്യങ്ങൾ ആസ്വദിക്കണം. അങ്ങനെ നയനാനന്ദങ്ങളായ സന്താനങ്ങളിലൂടെ വാർദ്ധക്യ കാലത്തും പരലോകത്തും സുകൃതങ്ങൾ അനുഭവിക്കാനാവണം. അല്ലാഹു പറയുന്നുണ്ട്: സത്യവിശ്വാസം കൈക്കൊള്ളുകയും വിശ്വാസസമേതം സന്തതികൾ തങ്ങളെ പിന്തുടരുകയും ചെയ്തവർ ആരോ, അവരുടെ സന്തതികളെയും നാം അവരൊന്നിച്ചാക്കും, അവരുടെ കർമഫലങ്ങളിൽ ഒരു ന്യൂനതയും വരുത്തില്ല (സൂറത്തുഥ്ഥൂർ 21).
കുടുംബം മതബോധവും സ്വഭാവവിശുദ്ധിയുമുള്ളതായിരിക്കണം. അതാണ് പരിശുദ്ധ ഇസ്ലാം മതം ആവശ്യപ്പെടുന്നതും സമൂഹത്തിന് അനുഗുണമായിട്ടുള്ളതും. തൃപ്തികരമായ രീതിയിലുള്ള മതചിട്ടയും സ്വഭാവമഹിമയുള്ളയാൾക്ക് വിവാഹം കഴിച്ചുകൊടുക്കാനാണ് നബി (സ്വ) നിർദേശിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 1084, ഇബ്നുമാജ 1967).
വിവാഹത്തിൽ കുടുംബങ്ങൾ തമ്മിൽ സാമ്പത്തിക ചേർച്ച ഉണ്ടായിരിക്കണം. മഹ്റിൽ (വിവാഹമൂല്യം) വർധനവരുത്. ആഘോഷങ്ങളിലും സമ്മാനദാനങ്ങളിലും അമിതവ്യയമുണ്ടാവരുത്. കാര്യങ്ങളിലെ ലഘൂകരണവും വിവാഹമൂല്യം കുറക്കലും പെണ്ണിന്റെ നല്ല ലക്ഷണമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (മുസ്നദു അഹ്മദ് 24478, ഇബ്നു ഹിബ്ബാൻ 4544).
കുടുംബാംഗങ്ങളിൽ മാനസികവും ശാരീരികവുമായ ആരോഗ്യവും ഉണ്ടാവൽ പ്രധാനമാണ്. ഒരിക്കൽ ഒരാൾ നബി (സ്വ)യെ അൻസ്വാറുകളിൽപ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്ന് അറിയിച്ചു. അപ്പോൾ നബി (സ്വ) പറഞ്ഞു: താങ്കൾ പോയി അവളുടെ കണ്ണ് പരിശോധിക്കുക, അൻസ്വാറികളുടെ കണ്ണുകൾക്ക് ഒരു പ്രശ്നമുണ്ട് (ഹദീസ് മുസ്ലിം 1424).
വിവാഹത്തിന് മുമ്പായി യുവാക്കൾ വൈദ്യ ജനിതക പരിശോധനകൾ നടത്തണം. ഡോക്ടർമാർ നിർദേശിക്കുകയാണെങ്കിൽ കുടുംബബന്ധത്തിൽ നിന്ന് വിവാഹം ചെയ്യരുത്. അതാണ് കുടുംബാരോഗ്യത്തിന് അത്യുത്തമം. ആരെയും രോഗങ്ങൾക്കും പ്രയാസങ്ങൾക്കും അറിഞ്ഞുകൊണ്ട് ഇട്ടുകൊടുക്കരുത്.
കുടുംബനാഥന്മാർ കുടുംബാസൂത്രണം നടത്തണം. കുടുംബകാര്യങ്ങളുടെ ഭാവി പദ്ധതികൾക്ക് കൃതമായ രൂപരേഖ തയ്യാറാക്കണം. മക്കളെ നന്നായി പഠിപ്പിക്കണം. അധ്യാപകർ കുട്ടികളെ നാടിന്റെ പാരമ്പര്യത്തിന് അനുസൃതമായി വളർത്തണം. അവരെ ഡിജിറ്റൽ ചതിക്കുഴികളിൽ വീഴാതെ കാക്കണം. നമ്മുടെ മക്കളുടെ ചിന്തയും ബുദ്ധിയും മറ്റുള്ളവർ നശിപ്പിക്കാൻ ഇടവരുത്തരുത്.
നവംബർ 16 ലോക സഹിഷ്ണുതാ ദിനമാണ്. സഹിഷ്ണുത തുടങ്ങേണ്ടത് വീടകങ്ങളിൽ നിന്നാണ്. ഭാര്യഭർത്താക്കന്മാർക്കിടയിൽ സൗന്ദര്യപിണക്കങ്ങളുണ്ടായേക്കാം. ഇരുവരും അഭിപ്രായ ഭിന്നത രൂക്ഷമാക്കാതെ സഹിഷ്ണുത വരിക്കണം. മക്കളിലും സഹിഷ്ണുത വളർത്തിയെടുക്കണം. അവരോട് നല്ല രീതിയിൽ ഇടപെടണം. ശിക്ഷണത്തിൽ സൗമ്യഭാവം സ്വീകരിക്കണം. അല്ലാഹു ഒരു കുടുംബത്തിന് നന്മ ഉദ്ദേശിച്ചാൽ അവർക്ക് മയസ്വഭാവം നൽകുമത്രെ (ഹദീസ് മുസ്നദു അഹ്മദ് 24427). അനുകമ്പാ സ്വഭാവവും സഹിഷ്ണുതയുമുള്ള മക്കൾ തമ്മിൽ സ്വത്തുവിഷയത്തിലോ മറ്റു വകകളിലോ തർക്കങ്ങളുണ്ടാവില്ല. സമ്പത്ത് വരും പോവും, സാഹോദര്യം എന്നും നിലനിൽക്കേണ്ടതാണ് എന്ന ബോധം മക്കളിലുണ്ടാക്കണം. സഹോദരനാണ് എന്നെന്നേക്കുമുള്ള താങ്ങ് എന്ന് മനസ്സിലാക്കിക്കൊടുക്കണം.