'അൽഹംദുലില്ലാഹ്' സുഖത്തിലും ദുഖത്തിലും ഉച്ചരിക്കപ്പെടേണ്ടത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 22/11/2024

പരിശുദ്ധ ഖുർആനിലെ ആദ്യ അധ്യായമായ സൂറത്തു ഫാത്തിഹയിലെ ആദ്യ വാചകം അൽഹംദുലില്ലാഹ് എന്നാണ്. സകല സ്തുതി സ്‌തോത്രങ്ങളും അല്ലാഹിനാണ് എന്ന് ഈ ഹംദിന്റെ വാക്ക് അർത്ഥമാക്കുന്നു. ഖുർആനിൽ നാൽപതിലധികം സൂക്തങ്ങളിൽ അൽഹംദുലില്ലാഹ് പറയപ്പെട്ടിട്ടുണ്ട്. നമ്മുടെ നബി (സ്വ)യുടെ നാമങ്ങളായ മുഹമ്മദ്, അഹ്‌മദ് എന്നിവ ഹംദിൽ നിന്ന് നിഷ്പന്നമായതാണ്. 

സ്രഷ്ടാവായ അല്ലാഹുവിനെ പരിപൂർണമായും അംഗീകരിക്കുകയും അവനിക്ക് സ്തുതിപാടുകയും കീഴ്‌വണങ്ങുകയും ചെയ്യുന്നതിന്റെ വാക് രൂപമായ അൽഹംദുലില്ലാഹ് എന്നത് സകല ചരാചരങ്ങളും മൊഴിയുന്ന ദിക്‌റത്രെ. സത്യവിശ്വാസി സുഖ ദുഖകാലങ്ങളിലും ആപത് സമ്പദ്ഘട്ടങ്ങളിലും ഉരുവിടേണ്ട വാചകമാണത്. പരമകാരുണികനായ അല്ലാഹുവിന്റെ പരമാധികാരത്തെ പൂർണാർത്ഥത്തിൽ മാനിക്കുന്നതോടൊപ്പം എല്ലാവിധ സ്തുതികൾക്കും സ്‌തോത്രങ്ങൾക്കും അർഹൻ അവൻ മാത്രമെന്ന വിളംബരം കൂടിയാണ് ഹംദിന്റെ ദിക്ർ.

നമ്മെ സൃഷ്ടിച്ച് ജീവിപ്പിക്കുകയും ഉപജീവനങ്ങൾക്കുള്ളത് തരികയും മാർഗദർശനമേകുകയും ബുദ്ധിയും വിവരവും തരികയും ആയുരാരോഗ്യം പ്രദാമേകുകയും, പരിസ്ഥിതിയും അന്തരീക്ഷവും ശാന്തി സമാധാനപൂർണമാക്കുകയും ചെയ്ത അല്ലാഹുവിന് തന്നെയാണ് സർവ്വ സ്തുതി സ്‌തോത്രങ്ങളും.

അവൻ എത്രയെത്ര നന്മകളാണ് നമ്മുക്കായി സംവിധാനിച്ചത്, സൗകര്യങ്ങൾ ഒരുക്കുകയും പ്രയാസങ്ങൾ ദൂരീകരിക്കുകയും നമ്മുടെ ദുർബലതകളെ മറച്ചുവെക്കുകയും ചെയ്തവനാണ് അവൻ. 

പ്രപഞ്ചം മൊത്തം അല്ലാഹുവിന് ഹംദ് പാടുകയും നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. അതിൽ ചരമെന്നോ അചരമെന്നോ വിത്യാസമില്ല. അവനെ സ്തുതിച്ചുക്കൊണ്ട് വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല (സൂറത്തുൽ ഇസ്‌റാഅ് 44). 

നന്നായി ഹംദ് ചെയ്യുന്നവരുടെ കൂട്ടത്തിൽപെടുക എന്നത് മഹാഭാഗ്യമാണ്. മലക്കുകൾ അല്ലാഹുവിനെ നന്നായി ഹംദ് ചെയ്യുന്നവരായിരുന്നു. മലക്കുകൾ തങ്ങളുടെ നാഥന് സ്തുതകളർപ്പിച്ചും പ്രകീർത്തനം ചെയ്തും സിംഹാനത്തെ വലയം ചെയ്യുന്നത് താങ്കൾക്കു കാണാം എന്ന് വിശുദ്ധ ഖുർആൻ സൂറത്തു സ്സുമർ 75ാം സൂക്തത്തിലൂടെ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാരൊക്കെയും അധികമായി ഹംദ് ചെയ്തിരുന്നു. സത്യവിശ്വാസികളായ അടികമളിൽ മിക്കവരെക്കാളും തങ്ങളെ ശ്രേഷ്ഠരാക്കിയ അല്ലാഹുവിനാണ് സർവ സ്തുതിയുമെന്ന് പ്രവാചകന്മാർ പറഞ്ഞത് ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട് (സൂറത്തുന്നംല് 15). 

ജീവിതത്തിന്റെ എല്ലാ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും അല്ലാഹുവിന് ഹംദ് അർപ്പിക്കേണ്ടവനാണ് സത്യവിശ്വാസി. ഒരു ദിവസത്തിന്റെ ആദ്യ സമയത്തിൽ തന്നെ ഹംദ് തുടങ്ങേണ്ടതാണ്. ഉറക്കിൽ നിന്ന് ഉണർന്നാൽ, ഉറക്കെന്ന ചെറു മരണത്തിന് ശേഷം ആത്മാവ് തിരിച്ചേകുകയും ശരീരത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്ത അല്ലാഹുവിനെ സ്തുച്ചുക്കൊണ്ടുള്ള ദിക്ർ നബി (സ്വ) പഠിപ്പിച്ചതാണ് (ഹദീസ് തുർമുദി 3401). തിന്നാലും കുടിച്ചാലും ഹംദ് പറയുന്നവരിൽ അല്ലാഹു തൃപ്തനായിരിക്കും (ഹദീസ് മുസ്ലിം 2734). എത്ര ധനികരാണ് കുമിഞ്ഞ സമ്പത്തുകളുണ്ടായിട്ടും തിന്നാനും കുടിക്കാനുമുള്ള ആരോഗ്യമില്ലാതിരിക്കുന്നത്, എത്ര ആരോഗ്യവാന്മാരാണ് ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തിരിക്കുന്നത്. അതിനെല്ലാം ആവതുള്ള നാം ഭാഗ്യവാന്മാരാണ്. അല്ലാഹുവിന് എത്ര ഹംദുകൾ പാടിയാൽ മതിയാവില്ല. 

പുതുവസ്ത്രം ധരിച്ചാലും അതിന്റെ നന്മകൾ ചോദിച്ചും തിന്മകളിൽ നിന്ന് രക്ഷ തേടിയും അല്ലാഹുവിന് ഹംദ് പറയേണ്ടതാണ് (ഹദീസ് അബൂദാവൂദ് 4520, തുർമുദി 1767). ശാരീരിക പ്രയാസമോ വൈകല്യമോ മറ്റു പരീക്ഷണമോ നേരിട്ടയാെള കണ്ടാളും ഹംദ് പറയാൻ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ആ കുറവ് തനിക്ക് തരാതെ ആരോഗ്യപൂർണനാക്കിയ അല്ലാഹുവിനെ സ്തുതിച്ചാൽ അവനിക്ക് അങ്ങനെയുള്ള സാഹചര്യമുണ്ടാവില്ല (ഹദീസ് തുർമുദി 3432). 

സന്താനം നഷ്ടപ്പെട്ടാലും ആ വിധിയിൽ തൃപ്തനായി അല്ലാഹുവിന് ഹംദ് പറയണം. നബി (സ്വ) പറയുന്നു: ഒരാളുടെ കുട്ടി മരിച്ചാൽ അല്ലാഹു മലക്കുകളോട് പറയും നിങ്ങൾ എന്റെ അടിമയുടെ കരളിന്റെ കഷ്ണമായ കുട്ടിയുടെ ആത്മാവ് പിടിച്ചിരിക്കുകയാണ്, എന്റെ അടിമ എന്ത് പറയുന്നു?. അവർ പറയും: അയാൾ നിനക്ക് ഹംദ് പറഞ്ഞ് 'ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി ലാജിഹൂൻ' പറഞ്ഞു. അപ്പോൾ അല്ലാഹു പറയും: നിങ്ങൾ എന്റെ അടിമക്ക് സ്വർഗത്തൊരു വീട് പണിയണം, അതിന് ബൈത്തുൽ ഹംദ് എന്ന് പേരിടണം (ഹദീസ് തുർമുദി 942). 

ജീവിതത്തിൽ എന്ത് നേരിട്ടാലും എല്ലാം അല്ലാഹുവിൽ നിന്നെന്ന ഉറച്ച ബോധ്യത്തോടെ അവന് ഹംദ് അർപ്പിക്കണം. ഇഷ്ടപ്പെടുന്നത് ഉണ്ടായാലും വെറുക്കുന്നത് ഉണ്ടാായാലും അല്ലാഹുവിനെ സ്തുതിക്കാനുള്ള ദിക്‌റുകളാണ് നബി (സ്വ) പറഞ്ഞുതന്നിരിക്കുന്നത് (ഹദീസ് ഇബ്‌നു മാജ 3803).

ഓരോ ദൈവാനുഗ്രഹത്തിനും സ്തുതിയും കൃതജ്ഞതയും ചെയ്തുകൊണ്ടിരിക്കണം. നന്ദിയുള്ളവരായാൽ അനുഗ്രഹത്തിൽ വർധനവ് തരുമെന്ന് അല്ലാഹു തന്നെ പറഞ്ഞതാണ് (സൂറത്തു ഇബ്രാഹിം 07). ഹംദ് കാരണം ദോഷങ്ങൾ പൊറുക്കപ്പെടുകയും നന്മകൾ ഇരട്ടിക്കുകയും ചെയ്യും. അങ്ങനെ ഹംദ് നന്മയുടെ തുലാസിന് കനം കൂട്ടുകയും ചെയ്യും. അന്ത്യനാളിലെ ഉത്തമ ദാസർ നന്നായി ഹംദ് ചെയ്യുന്നവരെന്ന് ഹദീസുണ്ട് (മുഅ്ജമുൽ കബീർ, ത്വബ്‌റാനി 254). മാത്രമല്ല ദുഖവേളകളിലും സുഖവേളകളിലും അല്ലാഹുവിനെ അധികമായി സ്തുതിക്കുന്നവരെയാണ് സ്വർഗത്തിലേക്ക് ആദ്യം ആനയിക്കപ്പെടുക (മുസ്വന്നഫു ഇബ്‌നു അബീ ശൈബ 36011, മുസ്തദ്‌റക് 1851).

ഏറ്റവും നല്ല പ്രാർത്ഥന തന്നെയാണ് അൽഹംദുലില്ലാഹ് (ഹദീസ് തുർമുദി 3383, ഇബ്‌നുമാജ 3800).


back to top