ഐക്യത്തിൽ ചാലിച്ച യുഎഇ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 29/11/2024

മഹാനായ ശൈഖ് സായിദും മറ്റു ഭരണകർത്താക്കളും രൂപപ്പെടുത്തിയ ഐകമത്യത്തിൽ സ്ഥാപിതമായ യുഎഇ എന്ന അറബ് ഐക്യനാടുകളുടെ ദേശീയ പെരുന്നാൾ ആഘോഷത്തിലാണ് നാമിപ്പോൾ. ഐക്യം തന്നെയാണ് ഈ നാടിന്റെ ആത്മാവ്. അല്ലാഹുവിന്റെ പാശം ഒന്നിച്ചു മുറുകെ പിടിക്കാനും ഭിന്നിക്കാതിരിക്കാനുമാണ് ഖുർആനിലൂടെയുള്ള കൽപന (സൂറത്തു ആലുഇംറാൻ 103).സ്ഥാപക നേതാക്കളുടെ ഹൃദയാന്തരങ്ങളിലെ ഉദ്ദേശശുദ്ധിയും ആത്മാർത്ഥയും സത്യസന്ധതയും മാനുഷികതയും അല്ലാഹു അറിഞ്ഞത് കൊണ്ടാണ് മഹത്തായ ദൈവസഹായത്താൽ ഈ നാടിന്റെ സംസ്ഥാപനം സാക്ഷാൽക്കരിക്കപ്പെട്ടത്. അല്ലാഹു പറയുന്നുണ്ട്: എന്തെങ്കിലും നന്മ നിങ്ങളുടെ ഹൃദയങ്ങളിലുള്ളതായി അല്ലാഹുവിന്നറിയുമെങ്കിൽ ഏറ്റം ഉദാത്തമായത് അവൻ പകരം നൽകും (സൂറത്തു അൻഫാൽ 70). അങ്ങനെ പൂർവ്വ പിതാക്കളിലൂടെ കിട്ടിയ സൗഭാഗ്യമാണ് യുഎഇ. 

പടപ്പുകളോട് നന്ദി കാണിക്കാത്തവൻ പടച്ചവനോട് നന്ദി കാണിക്കുകയില്ലെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4811, തുർമുദി 1955, അഹ്‌മദ് 7939). ഐകമത്യമുള്ളതും ഐശ്വര്യപൂർണവുമായ ഈ ദേശത്തിൽ നിവസിക്കാനായതിൽ നാം ഏവരും അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടിയിരിക്കുന്നു. അനുഗ്രഹങ്ങൾ സ്മരിക്കണമെന്നും വിളിച്ചുപറയണമെന്നും അല്ലാഹു തന്നെ പറഞ്ഞതാണ് (സൂറത്തുൽ മാഇദ 11, സൂറത്തുദ്ദുഹാ 11).

ഈ ഐക്യ രൂപീകരണത്തിനായി നിലക്കൊണ്ട ഭരണക്കർത്താക്കളോടും നാം കടപ്പെട്ടിരിക്കുന്നു.

ഐക്യമെന്നത് വലിയ അനുഗ്രഹമാണ്. അതില്ലാതിരിക്കുമ്പോഴേ അതിന്റെ മൂല്യമറിയുകയുള്ളൂ.

അമ്പത്തി മൂന്നു വർഷങ്ങളായി ഈ നാട്ടിൽ തുടരുന്ന പ്രൗഢിയിലും ഏകതാബോധത്തിലും സുസ്ഥിരതയിലും ശാന്തി സമാധാനാവസ്ഥയിലും നാം അഭിമാനിതരാകണം. നിശ്ചയദാർഢ്യവും ഉത്തരവാദിത്വബോധവും ഈ നാടിന്റെ മുദ്രകളാണ്.

ഐക്യബോധം നാം നമ്മുടെ ജീവിതത്തിൽ പുലർത്തുകയും മക്കളെ പഠിപ്പിക്കുകയും വേണം. 

പ്രവർത്തികളിൽ യുക്തി പാലിക്കണം. ജോലിയിൽ പ്രതീക്ഷകൾ പുലർത്തണം. ഭാവി പരിപാടികൾ മുൻകൂട്ടി കാണണം.

ഐക്യത്തിനായി സത്യസന്ധതയും ആത്മാർത്ഥതയും സ്വഭാവമായി സ്വീകരിക്കണം.

ഐക്യത്തിന്റെ പ്രധാന ഘടകങ്ങളാണ് സ്‌നേഹവും ഇണക്കവും. പ്രഥമായി കുടുംബത്തോട് സ്‌നേഹാർദ്രമായി പെരുമാറണം. 

ഇടപാടുകളിൽ സഹിഷ്ണുത കാട്ടണം. സഹകരണവും സാമൂഹികോദ്ഗ്രഥനവും ഐക്യത്തിന്റെ പ്രതീകങ്ങളാണ്.

ഓരോർത്തരോടും ബുദ്ധികൂർമ്മമായി ഇടപെടണം.

നന്മകൾ പ്രാവർത്തികമാക്കിയതിന്റെ ഫലമാണ് ഈ നാടിൽ ശാന്തിയും സമാധാനവും സുസ്ഥിരതയും പുലരുന്നത്.

സുകൃത ചെയ്തികൾ ആപത്തുകളെ തടുക്കുമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (മുഅ്ജമുൽ കബീർ, ത്വബ്‌റാനി 8014).

ഈ നാടിന്റെ നിർഭയത്വ സ്ഥിരതക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.

നബി (സ്വ) പറയുന്നു: നിങ്ങളോട് ഒരാൾ ഒരു നന്മ ചെയ്താൽ അതിന് പ്രത്യുപകാരമായി വല്ലതും ചെയ്യണം. പ്രത്യുപകാരത്തിനായി ഒന്നും കിട്ടിയിട്ടില്ലെങ്കിൽ പ്രത്യുപകാരം ചെയ്തുവെന്ന് തോന്നുന്നത് വരെ അയാൾക്ക് വേണ്ടി പ്രാർത്ഥിക്കണം. 

അത്തരത്തിൽ നാമോരോർത്തരും ഈ നാടിനോട് കടപ്പാടുള്ളവരായിരിക്കണം.


back to top