കാരുണ്യം വർഷിക്കുന്ന അല്ലാഹു

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 06.12.2024

അല്ലാഹു പരമകാരുണികനാണ്. അവന്റെ കരുണയേൽക്കാത്ത ഒന്നുമേ പ്രപഞ്ചത്തിലില്ല. അവന്റെ കാരുണ്യനിയോഗമായിട്ടാണ് അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ) അവതരിച്ചത്. അല്ലാഹു തന്നെ പറയുന്നുണ്ട്: എന്റെ കാരുണ്യം സമസ്ത വസ്തുക്കൾക്കും പ്രവിശാലമത്രേ, സൂക്ഷ്മതയോടെ ജീവിക്കുകയും സകാത്ത് നൽകുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് വഴിയേ ഞാനത് രേഖപ്പെടുത്തുന്നതാണ് (സൂറത്തുൽ അഅ്‌റാഫ് 156). അല്ലാഹുവിന്റെ കാരുണ്യം വിളംബരം ചെയ്യുന്ന വിവിധങ്ങളായ സൂക്തങ്ങൾ പരിശുദ്ധ ഖുർആനിലുണ്ട് (സൂറത്തുൽ അൻആം 133, 147). കാരുണാനുഗ്രഹം ചെയ്യുക എന്നത് നിങ്ങളുടെ നാഥൻ തന്റെ ബാധ്യതയായിട്ടാണു കാണുന്നത് (സൂറത്തുൽ അൻആം 54).

ഒരു സൃഷ്ടിക്ക് സ്രഷ്ടാവിൽ നിന്നുള്ളത്ര കരുണാമയം വേറൊരാളിൽ നിന്നും അനുഭവിക്കാനാവില്ല, ഉദാഹരണത്തിന് ഒരു മാതാവ് തന്റെ കുഞ്ഞിനോട് കാണിക്കുന്നതിനേക്കാളേറെ കാരുണ്യക്കടലാണ് പടച്ചവൻ (ഹദീസ് ബുഖാരി, മുസ്ലിം).

നബി (സ്വ) പറയുന്നു: അല്ലാഹു സൃഷ്ടികർമ്മം തീരുമാനിച്ചപ്പോൾ തന്നെ അവന്റെ സിംഹാസനത്തിന് മുകളിൽ എഴുതിവെച്ചു 'എന്റെ കാരുണ്യം എന്റെ കോപത്തേക്കാൾ മുൻകടന്നിരിക്കുന്നു' (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹുവിന്റെ ഖജനാവുകൾ ഏവർക്കുമായി തുറന്നിട്ടിരിക്കുകയാണ്, ഏവർക്കും ഉപജീവന അതിജീവന വകകൾ അവൻ എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യർക്ക് എന്തെങ്കിലും അനുഗ്രഹം അല്ലാഹു തുറന്നുകൊടുക്കുന്നുവെങ്കിൽ അത് തടഞ്ഞുവെക്കാനോ, പിടിച്ചുവെക്കുന്നുവെങ്കിൽ പിന്നീടത് വിടുകൊടുക്കാനോ ഒരാളും തന്നെയില്ല (സൂറത്തു ഫാത്വിർ 02). 

നബി (സ്വ) പറയുന്നു: നിശ്ചയം അല്ലാഹുവിന് നൂറു കാരുണ്യമുണ്ട്, അവയിൽ നിന്ന് ഒരൊറ്റ കാരുണ്യമാണ് മനുഷ്യ ജിന്നു മൃഗജന്തുജാലങ്ങൾക്കായി ഇറക്കിയിരിക്കുന്നത്. അതിൽ നിന്നാണ് സകല ജീവികളും അന്യോനം കരുണയും മൃദുലതയും കാണിക്കുന്നത്, മൃഗം തന്റെ കുഞ്ഞിനോട് വാത്സല്യം കാട്ടുന്നത് പോലും. ബാക്കിവരുന്ന തൊണ്ണൂറ്റിയൊമ്പത് കാരുണ്യങ്ങളെ അവൻ അന്ത്യനാളിലേക്കായി മാറ്റിവെച്ചിരിക്കുകയാണ്, അന്നവിടെവെച്ച് അവൻ സൃഷ്ടികൾക്ക് അത്രയും കരുണകൾ ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹുവിന്റെ വിജ്ഞാനവും കാരുണാനുഗ്രഹവും സകല വസ്തുക്കൾക്കും പ്രവിശാലമാക്കിയിരിക്കുന്നു എന്ന് പരാമർശിച്ച് മാലാഖമാർ പ്രാർത്ഥിക്കുന്നതായിരിക്കും (സൂറത്തു ഗാഫിർ 07). പ്രവാചകന്മാരൊക്കെയും പരമകാരുണികനെന്ന് വിളിച്ചുകൊണ്ട് പ്രാർത്ഥിക്കുമായിരുന്നു. 

ആരും അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കാര്യത്തിൽ നിരാശരാവരുത്. ദുർമാർഗികളാണ് നാഥന്റെ കരുണ്യത്തിൽ ഇച്ഛാഭംഗം വന്നവരാകുക (സൂറത്തുൽ ഹിജ്ർ 56). നബി (സ്വ) അല്ലാഹുവിൽ നിന്നു കാരുണ്യത്തിനായി കേണു പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് അബൂദാവൂദ് 509).  കരുണാമയനായ അല്ലാഹുവിന്റെ പിടിയിൽ നിന്നു രാത്രിയും പകലും നിങ്ങൾക്ക് സുരക്ഷിതത്വം തരാനാരാണുള്ളത് എന്ന് താങ്കൾ ചോദിക്കുക എന്ന് പറയുന്നത് സൂറത്തുൽ അമ്പിയാഅ് 42ാം സൂക്തത്തിലുണ്ട്.


കാരുണ്യമെന്നത് ഇസ്ലാം നിഷ്‌കർഷിക്കുന്ന മാനുഷിക മൂല്യമാണ്. ശുദ്ധ ഹൃദയമുള്ള ഏതൊരാൾക്കും ആ സൽഗുണമുണ്ടായിരിക്കും. പരാജിത ഹൃദയനിൽ നിന്ന് മാത്രമേ കാരുണ്യസ്വഭാവം എടുത്തെറിയപ്പെടുകയുള്ളൂ (ഹദീസ് അബൂദാവൂദ് 4942, സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 701). 

നാം നമ്മുടെ ചുറ്റുമുള്ളവരോട് കരുണ കാട്ടണം. എന്നാൽ നമ്മുക്കും കരുണ കിട്ടും. കരുണ ചെയ്യുന്നവർക്കാണ് അല്ലാഹു കരുണ ചെയ്യുക (ഹദീസ് ബുഖാരി, മുസ്ലിം). 

മക്കളോടും വീട്ടുകാരോടും കുടുംബക്കാരോടും നാം കരുണയുള്ളവരാകണം. അല്ലാഹുവിന്റെ കാരുണ്യ വിശേഷരൂപമായ റഹ്‌മാനിൽ നിന്നാണ് കുടുംബബന്ധമെന്നർത്ഥമാക്കുന്ന റഹിമ് പദമായി രൂപപ്പെടിത്തിയിരിക്കുന്നത് (ഖുദ്‌സിയ്യായ ഹദീസ് സ്വഹീബ് ബ്‌നു ഹിബ്ബാൻ 748, മുസ്വന്നഫു അബ്ദുറസാഖ് 21139). 

അധ്യാപകർ വിദ്യാർത്ഥികളോട് കരുണ കാണിക്കണം. നമ്മളിലെ ചെറിയവരോട് കരുണ കാണിക്കാത്തവർ നമ്മിൽപ്പെട്ടവരല്ല എന്നാണ് നബി (സ്വ) താക്കീത് ചെയ്തിരിക്കുന്നത് (ഹദീസ് തുർമുദി 1921). 

നാമോരോർത്തരും പരസ്പരം കരുണ ചെയ്യണം. വലിയവരോടും ബലഹീനരോടും കരുണയുള്ളവരാകണം. ജനങ്ങൾക്ക് കരുണ ചെയ്യാത്തവർക്ക് അല്ലാഹു കരുണ ചെയ്യില്ല (ഹദീസ് ബുഖാരി 7376). മനുഷ്യരോടെന്നല്ല സകല ജന്തു സസ്യ ജീവികളോടും കരുണാമയമായി ഇടപെടണം. നബി (സ്വ) പറയുന്നു: കരുണ ചെയ്യുന്നവർക്ക് പരമകാരുണികനായ അല്ലാഹു കരുണ ചെയ്യും, നിങ്ങൾ ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യൂ. എന്നാൽ ആകാശത്തുള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും (ഹദീസ് തുർമുദി 1924).

മഴ അല്ലാഹുവിൽ നിന്നുള്ള വലിയ കാരുണ്യവർഷമാണ്. അല്ലാഹു പറയുന്നു: കാറ്റടിപ്പിക്കുന്നവൻ അല്ലാഹുവാണ്, അവ മേഘങ്ങളെ ഇളക്കിവിടുകയും താനുദ്ദേശിക്കും വിധം അന്തരീക്ഷത്തിലവ വ്യാപിപ്പിക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അങ്ങനെ അവക്കിടയിൽ നിന്ന് മഴത്തുള്ളികൾ ബഹിർഗമിക്കുന്നത് നിനക്കു കാണാം. തന്റെ ദാസരിൽ നിന്ന് താനുദ്ദേശിക്കുന്നവർക്ക് അവൻ അതെത്തിച്ചുകൊടുക്കുമ്പോൾ അവരതാ ആഹ്ലാദഭരിതരാകുന്നു (സൂറത്തു റൂം 48). മഴയിലൂടെ അല്ലാഹു ഭൂമിയെ കുടിപ്പിക്കുന്നു, മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. അതുവഴി കൃഷികളുണ്ടാവുന്നു. ഹരിതാഭ പരക്കുന്നു. വെള്ളമൊഴുകുന്നു. എല്ലാം ദൈവാനുഗ്രഹം.

വെള്ളം കിട്ടാതെ ബുദ്ധിമുട്ടിയാൽ ജനങ്ങളെ ഒരുമിച്ചുകൂട്ടി മഴക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് നബി (സ്വ) കാണിച്ചുതന്ന തിരുചര്യയാണ്. അതിനോട് അനുധാവനം ചെയ്തുകൊണ്ട് യുഎഇ രാഷ്ട്രത്തിന്റെ ഭരണാധികാരി മഹാനായ ശൈഖ് മുഹമ്മദ് ബ്‌നു സായിദ് ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സ്വലാത്തുൽ ഇസ്തിസ്ഖാ മണിക്ക് (മഴയെ തേടിക്കൊണ്ടുള്ള നമസ്‌കാരം) നിർവ്വഹിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്.


back to top