സന്താന സൗഭാഗ്യങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 12.12.2024

സന്താനോൽപാദനവും തലമുറാ നിലനിൽപ്പും പരിശുദ്ധ ഇസ്ലാം മതം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. മനുഷ്യവംശ പരമ്പര നിലനിൽക്കാനും അതുവഴി സ്രഷ്ടവായ അല്ലാഹുവിനെ ആരാധിക്കുകയും ഭൂമിയിൽ നന്മകൾ അനുവർത്തിക്കുകയും നാടിനെയും സമൂഹത്തെയും സേവിക്കുന്ന സന്താനങ്ങൾക്ക് വികാസം നൽകാനുമാണ് അല്ലാഹു ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി മനുഷ്യവംശത്തെ സൃഷ്ടിച്ചത്. ആൺപെണുങ്ങളെ ഇണകളാക്കിയെന്നും അങ്ങനെ അവരിൽ നിന്ന് മക്കളെയും പേരമക്കളെയും ഉണ്ടാക്കിയെന്നും അല്ലാഹു സൂറത്തുന്നഹ്‌ല് 72ാം സൂക്തത്തിലൂടെ പ്രസ്താവിക്കുന്നുണ്ട്. നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)സ്‌നേഹവായ്പുകളുള്ള, സന്താനാഭിവൃദ്ധിക്ക് കാരണമാകുന്ന കൂടുതൽ പ്രസവിക്കുന്ന സ്ത്രീകളെ കല്യാണം കഴിക്കാനാണ് പ്രോത്സാഹിപ്പിച്ചിരിക്കുന്നത്. മാത്രമല്ല അന്ത്യനാളിലെ സമുദായത്തിന്റെ വർദ്ധിതമായ സന്താനലബ്ധിയിൽ നബി (സ്വ) അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ട് (ഹദീസ് അബൂദാവൂദ് 2050).


സന്താനാഭിവൃദ്ധിയും സമൂഹവികാസവും മതപരവും ദേശീയവുമായ ആവശ്യമാണ്. മാനവിക വിഭവങ്ങൾ നാടിന്റെ വികസനത്തിനും സുസ്ഥിരതക്കും കാരണമാക്കും. സൽസന്താനങ്ങൾ സേവനങ്ങളിൽ വ്യാപൃതരാവുകയും മാതാപിതാക്കൾക്ക് വാർദ്ധക്യത്തിൽ സഹായിക്കുകയും പരലോകത്ത് മുതൽകൂട്ടാവുകയും ചെയ്യും. മരിച്ചാലും ഉപകാരമേകുന്നവരാണ് സൽസന്താനങ്ങൾ. നബി (സ്വ) പറയുന്നു: ഒരു മനുഷ്യൻ മരിച്ചാൽ അവന്റെ എല്ലാ കർമ്മങ്ങളും നിലക്കും, മൂന്നൂകാര്യങ്ങളൊഴികെ. സ്ഥായിയായ ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനിക്കായി പ്രാർത്ഥിക്കുന്ന സൽസന്താനം (ഹദീസ് മുസ്ലിം 1631). 

സന്താന വർധവിന് പല മാർഗങ്ങളുണ്ട്. ഒന്ന്, യുവതീ യുവാക്കൾ നേരത്തെ വിവാഹം കഴിക്കലാണ്. യുവാക്കളോട് വിവാഹം കഴിക്കാൻ നബി (സ്വ) വസ്വിയ്യത്ത് ചെയ്യുന്നുണ്ട്. യുവസമൂഹത്തെ അഭിസംബധനം ചെയ്തുകൊണ്ട് സാധിക്കുന്നവർ വിവാഹം കഴിക്കണമെന്നും അത് കണ്ണിനെ അടപ്പിച്ചും ഗുഹൃത്തെ സംരക്ഷിച്ചും തെറ്റികളിൽ നിന്ന് പ്രതിരോധിക്കുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം). മറ്റൊരിക്കൽ നബി (സ്വ) ഒരു പെൺകുട്ടിയുടെ കുടുംബക്കാരോട് പറയുകയുണ്ടായി: നിങ്ങൾ തൃപ്തിപ്പെടുന്ന രീതിയിൽ സൽസ്വഭാവവും മതബോധവുമുള്ള ഒരുത്തൻ വിവാഹാലോചന നടത്തിയാൽ അയാൾക്ക് വിവാഹം കഴിച്ചുകൊടുക്കണം. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ ഭൂമിയിൽ വ്യാപകമായി പ്രശ്‌നങ്ങളും നാശങ്ങളുമുണ്ടാവും (ഹദീസ് തുർമുദി 1084, ഇബ്‌നുമാജ 1967). 

യുവാക്കൾ നേരത്തെ വിവാഹം കഴിക്കണം. പിശാച് പലതരത്തിലുള്ള ദുർബോധനങ്ങളും നൽകിയേക്കാം. പല കോണിൽനിന്നും പലതും കേൾക്കാം. വിവാഹജീവിതം ജീവിതാർമാദത്തിന് വിഘാതമെന്നോ ഉപകാരമില്ലാത്ത ഉത്തരവാദിത്വമെന്നോ, കാലം മാറി കോലം മാറണം എന്നെല്ലാം തോന്നിപ്പിക്കാം. 

യുവതികൾ വിദ്യാഭ്യാസത്തിന്റെ പേരിലോ ജോലിയുടെ പേരിലോ വിവാഹജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്. ചേർച്ചക്കൊത്തവനെ വിവാഹം കഴിക്കണം.

യുവാക്കളും യുവതികളും വിവാഹം വേഗം വിവാഹം കഴിക്കണം. ദാമ്പത്യത്തിൽ ശാന്തിയും സമാധാനവുമുണ്ട്, സനേഹാർദ്രതയും കരുണാവായ്പുമുണ്ട്. വിവാഹം നിഷിദ്ധമായതിലും തെറ്റുകുറ്റങ്ങളിലും ചെന്നുപെടുന്നതിനെ തടയുന്നതുമാണ്. വിവാഹത്തിന് ശേഷം സന്താനോൽപാദനം വൈകിപ്പിക്കരുത്. ഉപജീവന ചെലവുകൾ ഭയന്ന് ഒന്നോ രണ്ടോ കുട്ടി മതിയെന്ന് നിനക്കരുത്. അത്തരം പ്രവണതകൾ നമ്മുടെ സമൂഹത്തെ ഗ്രസിച്ചിട്ടുണ്ട്. അത് പരിശുദ്ധ ഇസ്ലാം മതത്തിന് എതിരാണ്. ഉപജീവനം നൽകുന്നവൻ അല്ലാഹുവാണ്. എല്ലാം അവന്റെ കൈയ്യിലാണ്. ഒരു കുട്ടി അവന്റെ മാതാവിന്റെ വയറ്റിലുണ്ടാവുമ്പോൾ തന്നെ അവന്റെ ഉപജീവന മാർഗം അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ടാവും. 

സന്താനാഭിവൃദ്ധിക്ക് ഉൽപാദനപരമായ ആരോഗ്യവും പരിഗണിക്കണം. വിവാഹത്തിന് മുമ്പായി ജനിതകവും വൈദികവുമായ പരിശോധനകൾ നടത്തണം. മെഡിക്കൽ ടെക്‌നോളജികൾ ഉപയോഗപ്പെടുത്തണം. എല്ലാ രോഗത്തിനും മരുന്നുണ്ട്, ചികിത്സകൾ തേടണം എന്നുമാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 3855). 

ആവതുളളവരും നീതി പാലിക്കാനാവുന്നവരും ബഹുഭാര്യത്വം തെരഞ്ഞെടുക്കുന്നതും സന്താന വർധനവിനുള്ള മാർഗമാണ്. അങ്ങനെ രണ്ടോ മൂന്നോ നാലോ വിവാഹം കഴിക്കാമെന്ന് സൂറത്തുന്നിസാഅ് 3ാം സൂക്തത്തിൽ കാണാം. 

ഒരു പെൺ ഭർത്താവിനൊപ്പം ഭാര്യയായി ജീവിക്കുന്നത് ജീവിതസൗഭാഗ്യമാണ്.

സന്താനവർധവ് സമൂഹത്തിനും നാടിനും പലതരത്തിൽ ഗുണമേ ചെയ്യുകയുള്ളൂ.



back to top