യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 20/12/2024
ഭൂമിയെ അല്ലാഹു മനുഷ്യർക്ക് സൗകര്യപ്രദമായി വിധാനിച്ചുതന്നുവെന്നത് വലിയ അനുഗ്രഹമാണ്. ഭൂമിയിൽ അല്ലാഹു മണ്ണും വിണ്ണും ഒരുക്കി വെളിച്ചവും വെള്ളവും വായുവുമേകി. അവയെ ചേരുവകളാക്കി കൃഷിക്കും വളർച്ചക്കും ഉതകുന്ന വിളനിലമാക്കി ഭൂമിയെ മാറ്റുകയും ചെയ്തു. അല്ലാഹു പറയുന്നു: വരണ്ട ഭൂമി അവർക്കൊരു ദൃഷ്ടാന്തമാണ്, അത് നാം സചേതനമാക്കുകയും അതിൽ നിന്ന് ധാന്യം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അവർ ആഹരിക്കുന്നത് അതിൽ നിന്നാണ്. ഈന്തയുടെയും മുന്തിരിയുടെയും ഉദ്യാനങ്ങൾ അതിൽ നാമുണ്ടാക്കുകയും ഉറവകളൊഴുക്കുകയുമുണ്ടായി, അവയുടെ പഴങ്ങൾ അവർ ഭക്ഷിക്കാൻ വേണ്ടി. അവരുടെ സ്വഹസ്തങ്ങളല്ല അവയുണ്ടാക്കിയത്. എന്നിട്ടും അവർ നന്ദി പ്രകാശിപ്പിക്കുന്നില്ലേ (സൂറത്തുയാസീൻ 33, 34, 35).
പരിശുദ്ധ ഖുർആനിൽ മുപ്പതിലധികം വൃക്ഷസസ്യലതാദി ഇനങ്ങളുടെ പേരുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അത്തിമരത്തിന്റെ പേരിൽ ഒരു അധ്യായം തന്നെയുണ്ട്, സൂറത്തുത്തീൻ. അത്തിയും ഒലവുമാണേ സത്യം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്തുത സൂറത്ത് തുടങ്ങുന്നത്. മരങ്ങളുടെയും ചെടികളുടെയും പൂക്കളുടെയും കായ്കളുടെയും വളർച്ചകൾക്ക് അല്ലാഹു നിശ്ചിത ഘട്ടങ്ങൾ സംവിധാനിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും നമ്മുടെ ചിന്തകളെ ഉണർത്തുംവിധം ധാരാളം അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: എന്നാൽ മനുഷ്യൻ തന്റെ ആഹാരത്തെക്കുറിച്ച് ആലോചിച്ചുനോക്കട്ടെ. നാം ശക്തിയായി മഴവെള്ളം വർഷിച്ചു. പിന്നീട് നിലം കിളർത്തി. എന്നിട്ടതിൽ ധാന്യങ്ങളും മുന്തിരിയും പച്ചക്കറിയും ഒലീവും ഈത്തപ്പനയും തഴച്ചു വളർന്നു നിൽക്കുന്ന തോട്ടങ്ങളും പഴവർഗങ്ങളും കാലിത്തീറ്റകളും നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കുമുള്ള വിഭവങ്ങളായി നാം ഉൽപാദിപ്പിച്ചു (സൂറത്തു അബസ 24 മുതൽ 32 വരെ).
ആ ജീവജൈവ സംവിധാനങ്ങളിലാണ് മനുഷ്യന്റെ ഭക്ഷണവും പാഥേയവും വസ്ത്രവും മരുന്നും തണലും താപവുമെല്ലാമുള്ളത്. അവയുടെ നിലനിൽപ്പിലാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയുമുള്ളതും മണ്ണും വിണ്ണുമടങ്ങുന്ന അന്തരീക്ഷം ശുദ്ധമാവുന്നതും. ഭൂമിയാകട്ടെ, നാം പ്രവിശാലമാക്കുകയും ദൃഢീകൃത പർവതങ്ങൾ അതിൽ സ്ഥാപിക്കുകയും വശ്യമായ സർവവിധ സസ്യലതാദി ജോടികളും മുളപ്പിക്കുകയും ചെയ്തു (സൂറത്തു ഖാഫ് 07). ഭുവന വാനങ്ങൾ സൂക്ഷിക്കുകയും അന്തരീക്ഷത്തിൽ നിന്നു നിങ്ങൾക്ക് ജലം വർഷിക്കുകയും എന്നിട്ട് ആ വെള്ളം മുഖേന സുന്ദരമായ തോട്ടങ്ങൾ നാം ഉണ്ടാക്കി (സൂറത്തുന്നംല് 60).
കാർഷിക വൃത്തിക്ക് ഇസ്ലാം മഹിതമായ സ്ഥാനം കൽപ്പിക്കുന്നുണ്ട്. യൂസുഫ് നബി (അ) കൃഷിക്ക് പ്രോത്സാഹിപ്പിക്കുന്നത് ഖുർആൻ വിവരിക്കുന്നുണ്ട്: യൂസുഫ് നബി വ്യാഖ്യാനിച്ചു: ഏഴു വർഷം തുടർച്ചയായി നിങ്ങൾ കൃഷിയിറക്കണം (സൂറത്തു യൂസുഫ് 47). നമ്മുടെ മുഹമ്മദ് നബി (സ്വ)യും കൃഷിക്ക് പ്രാധാന്യം നൽകുകയും സ്വന്തം കൃഷി ചെയ്ത് അനുചരരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഏവരോടും തങ്ങളുടെ അധീനതയിലുള്ള ഭൂമിയിൽ കൃഷിയിറക്കാൻ കൽപ്പിക്കുകയും ചെയ്യുകയുണ്ടായിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). മാത്രമല്ല സ്വഹാബികളുടെ ഭൂമിയുടെ കാര്യത്തിൽ അവരോട് അതിൽ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ട് പറയും: ഒന്നുങ്കിൽ സ്വന്തം കൃഷി ചെയ്യുക അല്ലെങ്കിൽ മറ്റുള്ളവർക്ക് കൃഷി ചെയ്യാനായി നൽകുക (ഹദീസ് ബുഖാരി, മുസ്ലിം).
ഒരിക്കൽ സൽമാൻ (റ) നബി (സ്വ)യുടെ അടുക്കൽ ചെന്ന് മുന്നൂറ് ഈത്തപ്പനകൾ നടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. നബി (സ്വ) അനുചരന്മാരോട് പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സഹോദരനെ സഹായിക്കൂ. അങ്ങനെ ഒരോർത്തരും തങ്ങളാൽ ആവുന്നത്ര ഈത്തച്ചെടികൾ കൊണ്ടുവന്ന് സഹായിക്കുകയുണ്ടായി. നബി (സ്വ) സൽമാനി (റ)നോട് കുഴികളെടുക്കാൻ കൽപ്പിച്ചു. എന്നിട്ടു പറഞ്ഞു: കുഴികൾ വെട്ടി കഴിഞ്ഞാൽ എന്റെയടുക്കൽ വരൂ, ഞാൻ എന്റെ കൈകൊണ്ട് വെച്ചുപിടിപ്പിക്കാം. സൽമാൻ (അ) സ്വഹാബികളുടെ സഹായത്താൽ കുഴികൾ കുഴിച്ചുകഴിഞ്ഞപ്പോൾ കൂടെ നബി (സ്വ) വന്നു ചെടികൾ നട്ടുകൊടുത്തു. അല്ലാഹുവാണേ സത്യം, അതിൽ നിന്ന് ഒരു ഈത്തപ്പനചെടിയും പോലും നശിച്ചിട്ടില്ല എന്നാണ് ഇതേപ്പറ്റി സൽമാൻ (റ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് (അദബുൽ മുഫ്‌റദ് 479). ഉത്തമമായ കാർഷിക മാതൃകയാണ് നബി (സ്വ) കാണിച്ചുതന്നിരിക്കുന്നത്.
നാം സസ്യസമ്പത്തിനെ അവഗണിക്കുകയോ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ അരുത്. അത് പ്രകൃതിയോട് ചെയ്യുന്ന കടുംകൈയാണ്. അങ്ങനെ ചെയ്യുന്നത് അല്ലാഹു നിരോധിച്ചതാണ്. അല്ലാഹു പറയുന്നുണ്ട്: ഭൂമിയിൽ നന്മയുണ്ടാക്കിയ ശേഷം നിങ്ങൾ കുഴപ്പമുണ്ടാക്കരുത് (സൂറത്തുൽ അഅ്‌റാഫ് 56). നബി (സ്വ)യും സ്പഷ്ടമായി വിലക്കിയിട്ടുണ്ട്. ഈത്തപ്പനയെ കത്തിക്കുകയോ അറുത്തുമാറ്റുകയോ ഭക്ഷണമേകുന്ന വൃക്ഷത്തെ മുറിക്കുകയോ ചെയ്യരുതെന്നാണ് നബി (സ്വ) ഒരു സ്വഹാബി യോട് വസ്വിയ്യത്തായി ഉപദേശിച്ചത് (സുനനു സഈദു ബ്‌നു മൻസൂർ 2/183).
അല്ലാഹു ഭൂമിയിൽ വിത്യസ്തങ്ങളായ അനേകമനേകം സസ്യസമ്പത്ത് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല അവക്ക് അനുയോജ്യമായ രീതിയിൽ പൂക്കളും കായ്ക്കളുമുണ്ടാവാൻ വിത്യസ്ത കാലാവസ്ഥകളും സംവിധാനം ചെയ്തു. എല്ലാം മനുഷ്യന്റെയും ആവശ്യങ്ങൾക്കുള്ളതാണ്. അല്ലാഹു പറയുന്നു: തൊട്ടുരുമ്മിയുള്ള വിവിധ കാണ്ഡങ്ങൾ ഭൂമിയിലുണ്ട്. മുന്തിരിത്തോട്ടങ്ങളും വ്യത്യസ്ത കൃഷികളും ഒറ്റയായും കൂട്ടമായും വളരുന്ന ഈത്തപ്പനകളുമുണ്ട്. ഇവയൊക്കെ നനക്കപ്പെടുന്നത് ഒരേ ജലം കൊണ്ടാണെങ്കിലും ചിലതിന്റെ രുചി മറ്റു ചിലതിനെക്കാൾ നാം വിശിഷ്ടമാക്കുന്നു. ചിന്തിക്കുന്നവർക്ക് നിശ്ചയമയും ഇതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് (സൂറത്തു റഅ്ദ് 04).
അനുയോജ്യമായ കാലാവസ്ഥയിൽ അനുയോജ്യമായ മണ്ണിൽ നമ്മുക്കും നമ്മുടെ ഇടങ്ങളിൽ കൃഷി ചെയ്യാം.
കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി മഹത്തായ യുഎഇ രാജ്യം ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. ഔഖാഫ് മതകാര്യവകുപ്പും അതിന് പിന്തുണയേകി പള്ളിമുറ്റങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ്. ചെടി നടീൽ പുണ്യമുള്ള കാര്യമാണ്. ഒരു സത്യവിശ്വാസി ചെടി നട്ടതിൽ നിന്നോ കൃഷി ചെയ്തതിൽ നിന്ന് മനുഷ്യനോ പക്ഷിയോ മൃഗമോ ഭക്ഷിക്കുകയാണെങ്കിൽ അതിൽ അവനിക്ക് ദാനധർമ്മത്തിന്റെ പ്രതിഫലമെണ്ടെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). അതെ, അത് തുടർച്ചയുള്ള ദാനധർമ്മമായിരിക്കും.
മരങ്ങൾ വെച്ചുപിടിച്ചവന്റെ സ്ഥാനം ഉയരെ ഉയരെയായിരിക്കും. സ്വന്തം നാടിനോടുള്ള സ്‌നേഹവും കൂറുമാണ് കാർഷിക വൃത്തിയൂടെയോ ചെടി നടീലിലൂടെയോ വെളിവാകുന്നത്. മർഹൂം ശൈഖ് സായിദ് നല്ല മണ്ണും വെള്ളവും ഓരോ താമസക്കാരനും ഉറപ്പുവരുത്തിയതാണ്.