അസൂയ പാടില്ല

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർു ഹുദവി കളനാട്

തീയ്യതി: 27/12/2024

നിത്യവും പരിചരണം വേണ്ടതാണ് മനുഷ്യമനസ്സിന്. മനസ്സിന്റെ രോഗങ്ങളിൽ നിന്ന് എന്നും അതിനെ ശുദ്ധീകരിക്കണം. യഥാർത്ഥത്തിൽ മനസ്സിനെ നന്നായി സംസ്‌ക്കരിക്കുകയും സാംശീകരിക്കുകയും ചെയ്തവനാണ് സൗഭാഗ്യവാൻ. അല്ലാഹു പറയുന്നു: ആത്മാവിനെ ശുദ്ധീകരിച്ചവൻ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു, അതിനെ മലിനീകരിച്ചവൻ നിശ്ചയം പരാജിതനായിരിക്കുന്നു (സൂറത്തുശ്ശംസ് 9,10). മനസ്സിനെ ഗ്രസിക്കുന്ന അപകടകരമായ ഒരു രോഗമാണ് ഹസദ് (حسد) അഥവാ അസൂയ. മറ്റൊരാളുടെ അനുഗ്രഹം നീങ്ങിക്കിട്ടാൻ ആഗ്രഹിക്കലാണത്. ഹസദെന്നാൽ ഖിബ്തത്ത് (غبطة) അല്ല. മറ്റൊരാളുടെ അനുഗ്രഹം പോലേത്തത് അവന്റേത് അവനിക്ക് നഷ്ടപ്പെടാതെ തന്നെ തനിക്കും കിട്ടണമെന്ന് ആഗ്രഹിക്കലാണ് ഖിബ്തത്ത്.

കൊടും ഉപദ്രവകരവും അപടകരവുമായ അസൂയ തനി കുറ്റമാണ്. അത് നന്മകളെ കാർന്നുതിന്ന് ഇല്ലാതാക്കും. അന്യരെ അപകടത്തിൽപ്പെടുത്തുകയും ബന്ധങ്ങളെ പൊളിക്കുകയും സ്‌നേഹിതർക്കിടയിൽ വിദ്വേഷവും ശത്രുതതയും വരുത്തുകയും ചെയ്യും. സഹോദരന്മാർക്കിടയിൽ തന്നെ ഭിന്നതയും ഛിദ്രതയും ഉണ്ടാക്കും. യൂസുഫ് നബി (അ) യുടെ സഹോദരമാരുടെ അസൂയ വരുത്തിയ വിന ചരിതമാണല്ലൊ. സ്വന്തം പിതാവിനെ എതിർക്കാനും കുഞ്ഞുസഹോദരനെ കൊലശ്രമം നടത്താനും അവരെ പ്രാപ്തരാക്കിയത് അസൂയയാണ്.  സംഭവം പരിശുദ്ധ ഖുർആനിലുണ്ട്: അവർ പറഞ്ഞ സന്ദർഭം സ്മരണീയമാണ്, യൂസുഫും അവന്റെ പൂർണ സഹോദരൻ ബിൻയാമീനുമാണ് ബാപ്പാക്ക് നമ്മെക്കാൾ ഏറ്റം പ്രിയങ്കരർ, നാമാകട്ടെ ഒരു സംഘമുണ്ട് താനും. വ്യക്തമായി വഴിവിട്ട നിലപാടിൽ തന്നെയാണ് ബാപ്പയുള്ളത്. നിങ്ങൾ യൂസുഫിനെ വധിച്ചുകളയുകയോ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഇട്ടേക്കുകയോ ചെയ്യുക. എങ്കിൽ പിതൃമുഖം നിങ്ങൾക്ക് സ്വന്തമായിക്കിട്ടുന്നതാണ്. പിന്നീട് സദ്‌വൃത്തരായിത്തീരുകയും ചെയ്യാം എന്നു അവർ പറഞ്ഞ സന്ദർഭം (സൂറത്തു യൂസുഫ് 9, 10). 

അസൂയ വൻ ആപത്താണ്. അതിനെതൊട്ട് കാവൽ ചോദിക്കാനാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത്. അസൂയാലു അസൂയ പുലർത്തുമ്പോഴുള്ള വിപത്തിൽ നിന്നും കാവൽതേടുന്നു എന്ന് പറയാൻ അല്ലാഹു നബി (സ്വ)യോട് സാരോപദേശം നൽകുന്നത് സൂറത്തുന്നാസിൽ കാണാം. അസൂയ പാടില്ലെന്ന് നബി (സ്വ) സ്പഷ്ടമായി വ്യക്തമാക്കിയതാണ് (ഹദീസ് മുസ്ലിം 2559). പരസ്പരം അസൂയ കാണിക്കാത്ത കാലത്തോളം ജനങ്ങളെല്ലാം നന്മയിലായിരിക്കുമെന്നും ഹദീസുണ്ട് (ത്വബ്‌റാനി, മുഅ്ജമുൽ കബീർ 8157). 

പണ്ഡിതസൂരികളും ആത്മീയ ജ്ഞാനികളുമെല്ലാം അസൂയയെ കണിശമായി വിലക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് ശത്രുത പുലർത്തരുതെന്നാണ് ഇബ്‌നു മസ്ഊദ് (റ) പറഞ്ഞത്. അതാരാണെന്ന് ചോദിച്ചപ്പോൾ സൂറത്തുന്നിസാഇലെ 54ാം സൂക്തം ഓതിക്കൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. അതിങ്ങനെ: അല്ലാഹു തന്റെ ഔദാര്യത്തിൽ നിന്ന് കൊടുത്തതിന്റെ പേരിൽ ജനങ്ങളോടവർ അസൂയപ്പെടുകയാണോ. 

അതേ അല്ലാഹു അന്യന് നൽകിയ അനുഗ്രഹം നഷ്ടപ്പെട്ടു കാണാൻ ആഗ്രഹിക്കുന്നത് അവന്റെ അനുഗ്രഹങ്ങളോടുള്ള വെല്ലുവിളി തന്നെയല്ലെ.

അസൂയാലു എല്ലാ ഔദാര്യങ്ങളെയും മറക്കുകയും എല്ലാ നന്മകളെയും മോശമാക്കുകയും ചെയ്യും. മറ്റുള്ളവർക്ക് നല്ലതുണ്ടാവുമ്പോൾ അവന്റെ മനസ്സ് പിടയും. മറ്റുള്ളവരുടെ നേട്ടങ്ങൾ വിലക്കുറച്ചു കാണുകയും മേന്മയിൽ ദേഷ്യപ്പെടുകയും ചെയ്യും. 

അസൂയയിൽ നിന്നുള്ള ഏറ്റവും നല്ല ചികിത്സ അല്ലാഹുവിന്റെ വിധിവിന്യാസത്തിലും ഉപജീവനത്തിലെ നീതിനിർവ്വഹണത്തിലും ഉറച്ചു വിശ്വസിക്കലാണ്. മറ്റൊരുത്തന് ഒരനുഗ്രഹമുണ്ടായാൽ അതിൽ വർധവും ഐശ്വര്യവുമുണ്ടാവാൻ പ്രാർത്ഥിക്കുകയാണ് വേണ്ടത്. തന്റെ സഹോദരന് സന്തോഷകരമായ ഒരു കാര്യമുണ്ടായാൽ അക്കാര്യത്തിൽ പുണ്യമുണ്ടാവാൻ പ്രാർത്ഥിച്ചുകൊള്ളട്ടെ എന്നാണ് നബി (സ്വ) സാരോപദേശം നൽകിയിരിക്കുന്നത് (ഹദീസ് ഇബ്‌നുമാജ 3509). ഒരാളിൽ വിജയം കണ്ടാൽ അതുപോലെ താനും വിജയിക്കാൻ പ്രയത്‌നിക്കുക, എന്നാൽ വിജയം കൈവരിക്കാം.

മനസ്സമാധാനം അസൂയയെ തുരത്താനുള്ള മാർഗമാണ്. സ്വന്തം മനസ്സിനെ എപ്പോഴും നിരീക്ഷിക്കണം. മറ്റുള്ളവർക്ക് നല്ലതുണ്ടാവുന്നത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുംവിധം അതിനെ പാകപ്പെടുത്തണം. എന്നാൽ അവന്റെ സത്യവിശ്വാസം സുകൃതപൂർണമാവുകയും സമൂഹത്തിൽ സ്‌നേഹവും സഹിഷ്ണുതയും പരക്കുകയും ചെയ്യും. മനസ്സിൽ ഹീർഷതയുടെയോ അസൂയയുടെയോ ചെറിയൊരു ലാഞ്ചനയുണ്ടായാൽ മനസ്സിനെ പാകപ്പെടുത്താൻ ശ്രമിക്കണം, സ്വന്തം തെറ്റ് സമ്മതിച്ചുക്കൊണ്ട് പശ്ചാത്തപിക്കണം. യൂസുഫ് നബി (അ) യുടെ സഹോദരന്മാരുടെ ചരിത്രക്കഥ മനസ്സിൽ വരണം. അവർ ചെറുത്തിൽ ചെയ്ത തെറ്റ് മനസ്സിലാക്കിക്കൊണ്ട് ഖേദിച്ചുമടങ്ങുകയും പിതാവിന് മാപ്പു തേടുകയുമുണ്ടായല്ലൊ. ഖുർആൻ വിവരിക്കുന്നുണ്ട്, അവരപേക്ഷിച്ചു: ഞങ്ങളുടെ പാപമോചനത്തിനായി താങ്കൾ അല്ലാഹുവിനോട് അർത്ഥിച്ചാലും, ഞങ്ങൾ കുറ്റവാളികളായിക്കഴിഞ്ഞിട്ടുണ്ട് (സൂറത്തു യൂസുഫ് 97). മാത്രമല്ല അവർക്ക് സഹോദരന്റെ യൂസുഫി (അ)ന്റെ ദൈവാനുഗ്രഹങ്ങൾ ബോധ്യപ്പെടുകയും അവരത് അംഗീകരിക്കുകയും ചെയ്തു, അവർ പ്രതികരിച്ചു: അല്ലാഹു തന്നെ ശപഥം, അവൻ താങ്കളെ ഞങ്ങളെക്കാൾ ഉൽകൃഷ്ഠനാക്കിയിരിക്കുന്നു. ഞങ്ങൾ പാപികൾ തന്നെയാണ് (സൂറത്തു യൂസുഫ് 91). അങ്ങനെ അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും സ്ഥാനങ്ങൾ ഉയർത്തുകയും ചെയ്തു. 

അസൂയ മാന്യതക്കും സൽസ്വഭാവത്തിനും സത്യവിശ്വാസപൂർണതക്കും ഹാനികരമാണ്. തനിക്ക് ഇഷ്ടപ്പെടുന്ന കാര്യം തന്റെ സഹോദരനും ഉണ്ടാവൽ ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂർണ സത്യവിശ്വാസി ആവില്ലെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 

അസൂയയെ പരിപൂർണമായും വെടിയണം. അതിന്റെ ഭവിഷ്യത്തുകൾ ഭയാനകമാണ്. ഒരു അസൂയാലുവിന്റെ ജീവിതം സ്വസ്ഥപൂർണമായിരിക്കില്ല. എല്ലായ്‌പ്പോഴും മാനസിക പിരിമുറുക്കത്തിലും വിഭാന്ത്രിയിലുമായിരിക്കും. ഏതുസമയവും മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. അങ്ങനെ ഇടുങ്ങിയ മനസ്സുള്ളവരായിരിക്കും അവർ. സൂറത്തുൽ ഫാത്വിർ 43ാം സൂക്തത്തിൽ അല്ലാഹു പറയുന്നുണ്ട്: ഹീനതന്ത്രത്തിന്റെ ഭവിഷ്യൽഫലം അതിന്റെ പ്രയോക്താക്കളെ തന്നെയാണ് ആവരണം ചെയ്യുക. 

അസൂയാലുക്കളുടെ കാര്യവും തഥൈവ. 

അസൂയയെ സൂക്ഷിക്കണം. അതിന്റെ കാരിണികൾ വരാതെ നോക്കണം. അതിനായി അനുഗ്രഹങ്ങളിൽ അഹങ്കരിക്കരുത്. പൊങ്ങച്ചമരുത്. നേരെമറിച്ച് അനുഗ്രഹങ്ങളിൽ കൃതജ്ഞതയുള്ളവരാകണം. അനുഗ്രഹങ്ങളുള്ളവർക്കെല്ലാം അസൂയ ഏൽക്കുമെന്ന് നബി (സ്വ) മുന്നറിയിപ്പ് നൽകിയതാണ് (ത്വബ്‌റാനി, മുഅ്ജമുൽ അൗസത്വ്  2455). 

സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. മറ്റുള്ളവർക്ക് നേട്ടമുണ്ടാവുന്നത് തനിക്ക് കുറവുകൾ ഉണ്ടാക്കുന്നതെന്ന് ചിന്തിക്കരുത്. അല്ലാഹു പറയുന്നു: ചിലരെക്കാൾ മറ്റുചിലർക്ക് അല്ലാഹു നൽകിയ ഔദാര്യം സ്വന്തമാക്കാൻ നിങ്ങൾ വ്യാമോഹിക്കരുത്........ നിങ്ങൾ ദിവ്യാനുഗ്രഹങ്ങളിൽ നിന്ന് അല്ലാഹുവിനോട് ചോദിക്കുക (സൂറത്തുന്നിസാഅ് 32).


back to top