യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/01/2025
അല്ലാഹുവാണ് പ്രപഞ്ചം മുഴുവതിന്റെയും നാഥൻ. അവനാണ് സ്രഷ്ടാവും പരിപാലകനും. നാമേവരെയും സൃഷ്ടിച്ച അല്ലാഹു നമ്മുക്കായി ധാരാളം അനുഗ്രഹങ്ങളും സൗകര്യങ്ങളും തരികയുണ്ടായി. പരിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു: നിശ്ചയം നിങ്ങളുടെ നാഥൻ അല്ലാഹുവാകുന്നു. ഭുവന വാനങ്ങൾ ആറു ദിവസങ്ങളിലായി സൃഷ്ടിക്കുകയും അനന്തരം പ്രാപഞ്ചിക കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് സിംഹാനാധിപത്യമേൽക്കുകയും ചെയ്തവനാണവൻ (സൂറത്തു യൂനുസ് 03). അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു (സൂറത്തുസ്സുമർ 06).
പ്രപഞ്ചത്തെ അതിവിദഗ്ദമായി സംവിധാനിച്ച അല്ലാഹു ഒന്നടങ്കം കൃത്യമായി നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മൂസാ നബി (അ) പറഞ്ഞത് ഖുർആൻ ഉദ്ധരിക്കുന്നത് കാണാം, മൂസാ നബി പ്രതികരിച്ചു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതി നൽകുകയും എന്നിടതിന് വഴികാട്ടുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥൻ (സൂറത്തു ത്വാഹാ 50).
നമ്മുടെ ചുറ്റിലുമുള്ള ചരവും അചരവുമായ ഓരോന്നിലും നോക്കിയാൽ തന്നെ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം മനസ്സിലാക്കാനാവും. നമ്മൾ സ്വന്തത്തിൽ തന്നെയുള്ള ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കാൻ അല്ലാഹു കൽപ്പിക്കുന്നുണ്ട് (സൂറത്തുദ്ദാരിയാത്ത് 21). നമ്മെ മാതാവിന്റെ ഗർഭത്തിൽ ഘട്ടംഘട്ടമായാണ് അല്ലാഹു വളർത്തിയത്. മൂന്നു അന്ധകാരങ്ങൾക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടം കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയിൽ മാതാക്കളുടെ ഗർഭാശയങ്ങളിൽ നിങ്ങളെയവൻ സൃഷ്ടിക്കുകയാണ്, അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു (സൂറത്തുസ്സുമർ 06).
ഗർഭസ്ഥ ശിശുവിന്റെ ഉപജീവനവും ജീവനവും അവൻ സൃക്ഷ്മതയോടെ നിർവ്വഹിക്കുന്നു. ശേഷം സുന്ദര സ്വരൂപനായി ജനിപ്പിക്കുന്നു. അല്ലാഹുവാണ് നിങ്ങൾക്കായി മെച്ചപ്പെട്ട ആകാര സൗഷ്ഠവം നൽകുകയും ഉപജീവനം തരികയും ചെയ്തത്, അവനാണ് നാഥനായ അല്ലാഹു (സൂറത്തു ഗാഫിർ 64).
അല്ലാഹുവിന്റെ സൃഷ്ടിവൈദഗ്ദ്യവും കരുണക്കടാക്ഷവും തത്വവും സൂക്ഷ്മജ്ഞാനവും നാം അറിയുന്നില്ലേ, അതുവഴി അവന്റെ ഏകദൈവത്വം നമ്മുക്കു മുന്നിൽ സ്ഫടികസമാനം സ്പഷ്ടമാണ്. നാഥനായ അവൻ മാത്രമേ ദൈവമായുള്ളൂ, അവൻ മാത്രമാണ് ആരാധനക്ക് അർഹൻ.
അല്ലാഹു കാരുണ്യവാനും ഉദാമതിയുമാണ്. അവന്റെ ദാനങ്ങൾ അവസാനിക്കുന്നില്ല, രാവും പകലും ഇടതടവില്ലാതെ ചെലവഴിച്ചാലും അവന്റെ ഔദാര്യത്തിൽ നിന്ന് ഒന്നും കുറയുന്നില്ല എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). അവന്റെ പക്കലാണ് എല്ലാത്തിന്റെയും ഖജനാവുള്ളത്. അതിൽ നിന്നുള്ള ദാനങ്ങൾ ആ ഖജനാവുകൾക്ക് ഒരു കുറവും വരുത്തുന്നില്ല.
അല്ലാഹു രാത്രിയും പകലും എന്നല്ല ഏതു ഋജുഭേദങ്ങളിലും കാലവസ്ഥയിലും നമ്മളെ സംരക്ഷിക്കുന്നു. അവന് ഉറക്കില്ല. അവന് ഉറങ്ങേണ്ട ആവശ്യമില്ല.
നാഥനായ അല്ലാഹു നമ്മെ അവനെ ആരാധിക്കാനാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്റെ നാഥങ്കൽ നിന്നു കിടുന്ന സന്ദേശം പിൻപറ്റുക മാത്രമാണു ഞാൻ, ഈ ഖുർആൻ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള തെളിവുകളും വിശ്വസിക്കുന്ന ജനതക്ക് മാർഗദർശനവും കാരുണ്യവുമാണ് (സൂറത്തുൽ അഅ്‌റാഫ് 203).
അവൻ നമ്മുക്കായി മതകാര്യങ്ങൾ പ്രയാസമില്ലാതെ അനായാസകരമാക്കി. മതത്തിന്റെ കാര്യത്തിൽ യാതൊരുവിധ വൈഷമ്യവും നിങ്ങൾക്കുമേൽ ചുമത്തിയിട്ടില്ല (സൂറത്തുൽ ഹജ്ജ് 78). അവൻ എല്ലാം ലഘൂകരിച്ചുതന്നിരിക്കുകയാണ്. അവൻ കരുണക്കടലായി പ്രതീക്ഷകളുടെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. പ്രായശ്ചിത്തം തേടാനും അതുവഴി സ്വർഗസ്ഥനാവാനുമാണ് അവൻ കൽപ്പിച്ചിരിക്കുന്നത്.
നാം ഹൃദയാന്തരങ്ങളിൽ അല്ലാഹുവിനെ അംഗീകരിച്ചുക്കൊണ്ട് നാവിൽ അവന്റെ സ്മരണകൾ നിലനിർത്തണം. റുകൂഇലും സുജൂദിലുമിലുള്ള ദിക്‌റുകൾ ആവർത്തിച്ചുച്ചരിക്കണം. എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കണം. അങ്ങനെയാണ് പ്രവാചകന്മാർ ചെയ്തത്. പ്രതിസന്ധിയുടെ ഘട്ടത്തിൽ കൂടെ വഴിനടത്താൻ അല്ലാഹുവുണ്ടെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചവരാണ് മൂസാ നബി (അ). അല്ലാഹുവിനെ നാഥനായി തൃപ്തിപ്പെട്ടിരിക്കുന്നുവെന്ന ദിക്ർ നമ്മുടെ നബി (സ്വ) അധികരിപ്പിക്കുമായിരുന്നു.
അല്ലാഹുവിലേക്ക് ആവശ്യങ്ങൾ അവതരിപ്പിച്ച് പ്രാർത്ഥിക്കൂ. അവൻ ഉത്തരം തരും. തീർച്ച. തന്നിലേക്ക് ഇരു കൈകളുയർത്തി പ്രാർത്ഥിച്ചവനെ വ്യഥാ വിടുവാൻ കാരുണ്യവാനായ അല്ലാഹുവിന് ലജ്ജയുണ്ടെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 1488). പ്രവാചകന്മാർ പ്രാർത്ഥനയിൽ 'എന്റെ നാഥാ', 'ഞങ്ങളുടെ നാഥാ' എന്നിങ്ങനെ ആമുഖമായി വിളിക്കുമായിരുന്നു. ഉത്തരം കിട്ടാനുള്ള ഉപാധിയുമാണത്.
ഒരിക്കൽ ഉമ്മു സലമാ (റ) നബി (സ്വ)യോട് പ്രാർത്ഥനയിൽ ചൊല്ലേണ്ട കുറച്ച് വാക്കുകൾ പഠിപ്പിച്ചുത്തരമണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി. നബി (സ്വ) മൊഴിഞ്ഞു: പത്ത് തക്ബീറും പത്ത് തസ്ബീഹും പത്ത് ഹംദും ചൊല്ലണം. എന്നിട്ട് ഇഷ്ടമുള്ള കാര്യം അല്ലാഹുവിനോട് ചോദിക്കണം. അവൻ ശരി, ശരി എന്ന് ഉത്തരം നൽകും (ഹദീസ് തുർമുദി 481).
