യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 10/01/2025
ഭാര്യ കുടുംബത്തിന്റെ പരിപാലകയാണ്. വീടിൽ നെടുംതൂണായി നിലകൊണ്ട് തലമുറകളെ വാർത്തെടുക്കുന്ന സ്ത്രീരത്‌നമാണ് അവൾ. ശാന്തി സമാധാനത്തിന്റെയും കരുണയുടെയും സ്‌നേഹാർദ്രതയുടെയും ഉറവിടമാവേണ്ടവളാണ് ഭാര്യ. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതുതന്നെയത്രെ (സൂറത്തുറൂം 21).
ഭർത്താക്കന്മാർക്ക് ഭാര്യമാരോട് കുറേ ബാധ്യതകളുണ്ട്. ആത്മാർത്ഥമായി അവളെ അംഗീകരിക്കുകയും ഏറ്റവും നല്ലനിലയിൽ ഇടപഴകുകയും ഇടപെടുകയും വേണം. അവളോട് ഉദാമായിരിക്കണം. അവൾക്കായുള്ള ധനവിനിയോഗത്തിലോ സ്‌നേഹപ്രകടനത്തിലോ ഒരു പിശുക്കും കാണിക്കരുത്. ദാമ്പത്യബന്ധത്തെ പരിശുദ്ധ ഖുർആനിൽ ഈടുറ്റ കരാർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (സൂറത്തുന്നിസാഅ് 21).
ഭാര്യയോടുള്ള സൽസ്വഭാവ പ്രതിബദ്ധത ഓരോ ഭർത്താവിനും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ധീരമായ പൗരുഷവും ശ്രേഷ്ഠമായ മാനുഷികതയുമുള്ള ഓരോർത്തർക്കും അത് ഉണ്ടായിരിക്കണം. അക്കാര്യത്തിൽ നമ്മുടെ മുഹമ്മദ് നബി (സ്വ) തന്നെയാണ് ഉദാത്ത മാതൃക. അവരുടെ മഹത്വം അംഗീകരിക്കുകയും നേട്ടങ്ങളെ പുകഴ്ത്തുകയും സംഭാവനങ്ങളെ അഭിനന്ദിക്കുകയും വീഴ്ചകൾക്ക് വിടുതി നൽകുകയും ചെയ്യുമായിരുന്നു. സത്യവിശ്വാസി അവന്റെ ഇണയോട് ദേഷ്യം പിടിക്കരുത്, അവളിൽ നിന്ന് ഒരു വെറുക്കുന്ന കാര്യം ഉണ്ടായാലും, തൃപ്തിപ്പെടുത്തുന്ന മറ്റൊരു സ്വഭാവം അവളിൽ നിന്നുണ്ടാവുന്നതാണ് എന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് മുസ്ലിം 1469). അവരുടെ വികാരവിചാരങ്ങൾ മനസ്സിലാക്കി സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ആരാണ് അങ്ങക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാൾ എന്ന് ചോദിച്ചപ്പോൾ ആയിഷ എന്നാണ് മറുപടി നൽകിയത് (ഹദീസ് ബുഖാരി, മുസ്ലിം).
ഇണയുടെ മനസ്സിന് സന്തോഷവും ആശ്വാസവും പകരുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്. അത് നല്ല വാക്കായോ നല്ലൊരു സമ്മാനമായോ അതുമല്ലെങ്കിൽ നല്ലൊരു നിലപാടായോ ഇടപാടായോ ചെയ്തുകൊടുക്കണം. ഭാര്യമാരോട് ഉദാത്തമായി വർത്തിക്കണമെന്ന് അല്ലാഹു കൽപ്പിക്കുന്നത് വിശുദ്ധ ഖുർആനിൽ കാണാം (സൂറത്തുന്നിസാഅ് 19). ഭാര്യയെ അടക്കി ഭരിക്കാനോ അവളെ അപഹസിക്കാനോ രൂക്ഷമായി വിമർശിക്കാനോ അവഗണിക്കാനോ പാടില്ല. അവളുടെ വികാരങ്ങളും ആഗ്രഹങ്ങളും പരിഗണിക്കുകയും അവളുടെ അവകാശങ്ങൾ വകവെച്ചുനൽകുകയും വേണം. ഒരിക്കൽ യാത്രയിലായിരുന്ന നബി (സ്വ) പ്രിയ സഹധർമ്മിണിയുടെ നഷ്ടപ്പെട്ട മാല തിരയാൻ വേണ്ടി യാത്രസംഘത്തെ ഒന്നടങ്കം നിർത്തിവെച്ചത് ചരിത്രത്തിൽ കാണാം (ഹദീസ് ബുഖാരി, മുസ്ലിം). പത്‌നിമാർക്ക് ചവിട്ടി ഒട്ടകപ്പുറത്തേറാൻ നബി (സ്വ) തങ്ങളുടെ മുട്ടുകാൽ വെച്ചുകൊടുക്കുമായിരുന്നു (ഹദീസ് ബുഖാരി 2120).
തിരുനബി (സ്വ)യുടെ ചര്യയെന്നോണം ദാമ്പത്യജീവിതത്തിനായി സ്വന്തം വീടും മാതാപിതാക്കളെയും വിട്ട് ഭർത്താവിന്റെ കരുതലിലേക്കും കാവലിലേക്കും വന്നവളാണ് ഭാര്യ. അവളെ വഞ്ചിക്കരുത്. അവിഹിത ബന്ധങ്ങൾ ഒരിക്കലുമരുത്. ഹീനവൃത്തിയും ദുർമാർഗവുമായ വ്യഭിചാരിത്തിലേക്ക് അടുത്തുപോകരുത് (സൂറത്തുൽ ഇസ്‌റാഅ് 32).
ഭാര്യയുടെ ദുരിതസമയത്തും രോഗസമയത്തും ഭർത്താവ് കൂടെയുണ്ടാവണം. എത്രയെത്ര ത്യാഗങ്ങളും സഹിച്ചും ഉറക്കമൊഴിച്ചുമാണ് അവൾ ഗർഭസ്ഥകാലവും പ്രസവാന്തര സമയവും കഴിച്ചുകൂട്ടുന്നത്. ആ സമയങ്ങളിൽ ജീവിതപങ്കാളിയെ അവഗണിക്കുന്ന ഭർത്താക്കന്മാരുടെ ഗതി പരിതാപകരം തന്നെ. ഉസ്മാൻ (റ) തന്റെ രോഗിയായ ഭാര്യയെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുമായിരുന്നു. ഭാര്യയോടൊപ്പം കഴിഞ്ഞുകൂടുന്നത് നബി (സ്വ) അതിയായി പ്രോത്സാഹിപ്പിക്കുകയും അതിന് പ്രതിഫലാർഹമായ ശ്രേഷ്ഠതകളുണ്ടെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നിലധികം ഭാര്യമാരുള്ളവർ അവർക്കിടയിൽ നീതി കാട്ടണം. ഒരാളിലേക്ക് മാത്രം ചായരുത്. ഭാര്യമാർക്കിടയിൽ അനീതി നടപ്പാക്കുന്നത് അല്ലാഹു കണിശമായി വിലക്കിട്ടുണ്ട്. അല്ലാഹു പറയുന്നുണ്ട്: ഒരുത്തിയുമായി പൂർണാഭിമുഖ്യം പുലർത്തി മറ്റവളെ ബന്ധനസ്ഥയെപ്പോലെ വിട്ടേക്കരുത് (സൂറത്തുന്നിസാഅ് 129). അങ്ങനെ ഇണകൾക്കിടയിൽ അനീതി ചെയ്യുന്നവർ അന്ത്യനാളിൽ ശരീരത്തിന്റെ ഒരുഭാഗത്തെ ശേഷി നഷ്ടപ്പെട്ട രീതിയിൽ ചെരിഞ്ഞവനായിരിക്കുമെന്ന് നബി (സ്വ) മുന്നറിയിപ്പ് നൽകിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 2133, തുർമുദി 1141, നസാഈ 3942, ഇബ്‌നുമാജ 1969).
നിർഭാഗ്യവശാൽ ത്വലാഖിന് നിർബന്ധിതനായാൽ പോലും അവളോട് നല്ലനിലക്ക് പെരുമാറണം. പരസ്പരം ഔദാര്യം കാണിക്കാൻ മറക്കരുതെന്ന് അല്ലാഹു ഉണർത്തിയിട്ടുണ്ട് (സൂറത്തു ബഖറ 237). വിവാഹമോചന ശേഷം അവളെപ്പറ്റി മോശമായി സംസാരിക്കുകയോ അവളെ പ്രയാസപ്പെടുത്തുകയോ മക്കളെ അവളിലേക്ക് വിലക്കുകയോ ചെയ്യരുത്. നീതിപൂർവ്വം മാന്യമായി പിരിയാനാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് (സൂറത്തു ഥ്ഥലാഖ് 02).
ഭാര്യ മരിച്ചാലും ഭർത്താവിന് കടപ്പാടുകളുണ്ട്. അവൾക്കായി പ്രാർത്ഥിച്ച് അവളോടുള്ള സ്‌നേഹപ്രകടനങ്ങൾ കാട്ടണം. നബി (സ്വ) പ്രിയപത്‌നി ഖദീജാ (റ)യുടെ മരണശേഷം ഇടക്കിടക്ക് ഓർത്ത് അവരോട് സ്‌നേഹം എടുത്തുപറയുമായിരുന്നു (ഹദീസ് മുസ്ലിം 2430). അവരുടെ മഹത്വങ്ങൾ വാതോരാതെ മൊഴിയുകയും ചെയ്തിരുന്നു. മറ്റൊരിക്കൽ നബി (സ്വ) ഖദീജാ (റ) സ്മരിച്ചത് ഇങ്ങനെ: ജനം എന്നെ അവിശ്വസിച്ചപ്പോൾ വിശ്വസിച്ചവളാണ് അവൾ. ജനം എന്നെ കളവാക്കിയപ്പോൾ സത്യമാക്കിയവളാണ് അവൾ. ജനം സാമ്പത്തികോപരോധം നടത്തിയപ്പോൾ ധനം കൊണ്ട് സഹായിച്ചവളാണ് അവൾ. അല്ലാഹു അവളിലൂടെയാണ് എനിക്ക് മക്കളെ തന്നത്, മറ്റു ഭാര്യമാരിൽ മക്കളില്ല (ഹദീസ് അഹ്‌മദ് 24864). നബി (സ്വ) മഹതിയുടെ കൂട്ടുകാരെ ബഹുമാനിക്കുകയും അവർക്കായി ആടറുത്ത് നൽകുകയും ചെയ്യുമായിരുന്നു. ബഹുമാനാദരവ് നിലനിർത്തൽ സത്യവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് നബി വചനം (മുസ്തദ്‌റക് ലിൽഹാകിം 40, ബുഖാരി 5/2237)