യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 31/01/2025
യുഎഇ രാഷ്ട്രത്തലവൻ ബഹുവന്ദ്യരായ ശൈഖ് മുഹമ്മദ് ബ്‌നു സായിദ് 2025 വർഷത്തെ സാമൂഹിക വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സാമൂഹിക ഭദ്രതയിലൂടെയാണ് നമ്മൾ മനുഷ്യരുടെ ബന്ധങ്ങൾ ശക്തിപ്പെടുന്നതും ഐക്യം പൂവണിയുന്നതും. സമൂഹ നിർമിതിയിലൂടെ മാത്രമാണ് മനുഷ്യരുടെ വികാസവും വികസനവും യാഥാർത്ഥ്യമാവുന്നത്.
ആൺ പെൺ വ്യക്തികൾ കൂടി കുടുംബങ്ങൾ രൂപപ്പെടുന്നു, കുടുംബങ്ങളിലൂടെ സമൂഹം ഉണ്ടാകുന്നു. അതായത് വ്യക്തികളുടെ ഐക്യരൂപമാണ് സമൂഹം.
സമൂഹത്തിന്റെ കെട്ടുറപ്പിന് ഓരോ വ്യക്തിയും ശക്തി പകരേണ്ടിയിരിക്കുന്നു. ഓരോർത്തരും ഓരോ വകകളിൽ ഉത്തരവാദിത്വമുള്ളവരെന്നാണല്ലൊ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്.
സമൂഹത്തിലെ ഒരംഗമെന്ന നിലക്ക് ഓരോ വ്യക്തിയും സാമൂഹിക സ്പന്ദനങ്ങൾ അറിയുകയും സമൂഹത്തിന്റെ നേട്ടങ്ങളിൽ സന്തോഷിക്കുകയും ഭാഗഭാക്കാവുകയും ഇണങ്ങിച്ചേരുകയും വേണം.
നബി (സ്വ) പറയുന്നു: സത്യവിശ്വാസി ഇണങ്ങിച്ചേരുന്നവനാണ്, ഇണങ്ങാത്തവനിലും ഇണങ്ങപ്പെടാത്തവനിലും നന്മയില്ല (ഹദീസ് അഹ്‌മദ് 22840).
നമ്മളെല്ലാവരും ഒരൊറ്റ സമൂഹമാണ്. ഒരു കെട്ടിടം പോലെയാണ്. അതിലെ ഭാഗങ്ങൾ പരസ്പരം ശക്തി പകരുന്നതാണ്. നബി (സ്വ) പറഞ്ഞത് പോലെ നാം ഒരു ശരീരമാണ്. ആ ശരീരത്തിലെ ഒരു അവയവത്തിന് രോഗം വന്നാൽ മറ്റു ശരീരഭാഗങ്ങളും പനിക്കുകയും ഉറക്കമൊഴിക്കുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം).
ഓരോ ആളും സമൂഹത്തിലെ മറ്റുള്ളവർക്ക് നന്മകൾ മാത്രം ആഗ്രഹിക്കണം. തനിക്ക് ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്ക് വേണ്ടിയും ഇഷ്ടപ്പെടണം. സ്വന്തത്തിന് ഇഷ്ടപ്പെടുന്ന ഒരു കാര്യം തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂർണ സത്യവിശ്വാസി ആകില്ലെന്നാണ് പ്രവാചക പാഠം (ഹദീസ് ബുഖാരി, മുസ്ലിം). നാം ചെയ്യുന്ന ഓരോ നന്മയും സമൂഹത്തിലെ മറ്റുള്ളവർക്ക് കൂടി അതിന്‌റെ ഉപകാര ഫലങ്ങൾ കിട്ടുന്നെന്ന് ഉറപ്പുവരുത്തണം.
ഏവരും പരസ്പരം സ്‌നേഹത്തിലും സേവനത്തിലും കഴിഞ്ഞുകൂടണം. സമൂഹപുരോഗതിക്കായി മുന്നിറങ്ങുകയും വേണം. നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളിൽ അന്യോന്യം സഹായിക്കാനാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് (സൂറത്തുൽ മാഇദ 02).
സമൂഹത്തിലെ ഓരോ അംഗങ്ങളും മതചിട്ടകളും ധാർമിക ബോധവും പാലിച്ചുക്കൊണ്ട് ഓരോ രംഗത്തും ജ്വലിക്കണം. പഠിക്കാനും നൂതനാശയങ്ങൾ വികസിപ്പിക്കാനും ക്രിയാത്മകമായി ഇടപെടാനും ആവണം. സാമൂഹിക ജീവി എന്ന നിലക്ക് സ്വന്തം, മതം, വീട്, കുടുംബം, തൊഴിലിടം, നാട് എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉത്തരവാദിത്വങ്ങൾ യഥാവിധി നിറവേറ്റാനാകണം.
കാലങ്ങളിലിങ്ങനെ കഴിഞ്ഞുപോവും. ചെയ്തുതീർക്കാനുള്ളത് ചെയ്‌തേ തീരൂ.
സമൂഹത്തിലെ അടിസ്ഥാന ശിലയാണ് കുടുംബം. കുടുംബങ്ങൾ സുസ്ഥിരതയും ഭദ്രതയും കൈവരിച്ചാലേ സമൂഹം മെച്ചപ്പെടുകയുള്ളൂ.
സ്‌നേഹവും ഭക്തിയും മൂല്യബോധവും മതപാഠങ്ങളും പ്രഥമമായി സ്വകുടുംബത്തിൽ നടപ്പിലാക്കണം. അത് തലമുറകളിലായി സമൂഹത്തിന് ഓജസ്സ് പകരും. വിദ്യാഭ്യാസവും ചിന്താശേഷിയും സ്വഭാവമഹിമയും കുടുംബാംഗങ്ങളിൽ ഉറപ്പുവരുത്തണം. അത് സാമൂഹികോന്നതിക്ക് നിദാനമാവും.
കുടുംബത്തിൽ തന്നെ മാതാപിതാക്കളോട് നന്മയുള്ളവരാകണം. അല്ലാഹു പറയുന്നു: തനിക്കല്ലാതെ നിങ്ങൾ ആരാധനകളർപ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലർത്തണമെന്നും താങ്കളുടെ നാഥൻ വിധിച്ചിരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാർധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കിൽ അവരോട് ഛെ എന്നു പോലും പറയുകയോ കയർത്തു സംസാരിക്കുകയോ ചെയ്യുരുത്. ആദരപൂർണമായ വാക്കുകൾ പറയുകയും കാരുണ്യപൂർവ്വം വിനയത്തിന്റെ ചിറകുകൾ അവരിരുവർക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം: 'രക്ഷിതാവേ ഇവരിരുവരും എന്നെ ചെറുപ്പത്തിൽ പോറ്റിവളർത്തിയതു പോലെ ഇവർക്ക് നീ കാരുണ്യം ചൊരിയണമേ' (സൂറത്തുൽ ഇസ്‌റാഅ് 23, 24).
കുടുംബക്കാരോട് ബന്ധം നിലനിർത്തണം. അവരിലെ അവശരെയും ബലഹീനരെയും സഹായിക്കണം. കുടുംബക്കാർക്ക് അവരുടെ കടപ്പാടുകൾ ചെയ്തുതീർക്കാനാണ് അല്ലാഹുവിന്റെ കൽപന (സൂറത്തു റൂം 38). അയൽവാസികളോടും കടമകളുണ്ട്. അയൽവാസികളോട് ഉദാത്ത സമീപനം ചെയ്യുമ്പോഴാണ് സത്യവിശ്വാസം പൂർണമാവുന്നതെന്നാണ് നബി (സ്വ) പറഞ്ഞത് (തുർമുദി 2305).
സുശക്തമായ സമൂഹം അതിലെ അംഗങ്ങളുടെ പ്രയത്‌നഫലങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. നാം ഓരോർത്തരും സമൂഹത്തിന്റെ നന്മകൾക്കായ വ്യക്തിമുദ്രകൾ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ കാര്യങ്ങളും നൈപുണ്യത്തോടെ പരിപൂർണമായി ചെയ്തുതീർക്കണം. ഒരു കാര്യം ചെയ്യുമ്പോൾ പരിപൂർണതയോടെ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും (ഹദീസ് ത്വബ്‌റാനി 897).
നമ്മുടെ ഓരോ പ്രവർത്തനങ്ങളും അല്ലാഹു നിരീക്ഷിക്കുന്നുവെന്ന ബോധം വേണം. ഉത്തരവാദിത്വങ്ങളെ അവഗണിക്കരുത്. സമയം പാഴാക്കരുത്.
പോസിറ്റീവ് പ്രവർത്തനങ്ങൾ സമൂഹത്തിന്റെ യശസ്സ് ഉയർത്തും. നെഗറ്റീവ് പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഭദ്രതയിൽ വിള്ളൽ വീഴ്ത്തും.
നാം സൽസ്വഭാവങ്ങളും മൂല്യങ്ങളും ശീലങ്ങളും പതിവാക്കണം. അന്ത്യനാളിൽ നബി (സ്വ)ക്ക് ഇഷ്ടപ്പെട്ടവരും ഏറ്റവും അടുത്തിരിക്കുന്നവരും സ്വൽസ്വഭാവികളായിരിക്കും (ഹദീസ് തുർമുദി 2018).
സമൂഹത്തെ ബാധിക്കുന്ന വെല്ലുവിളികളെ യുക്തമായി നേരിടാൻ വ്യക്തികൾ തയ്യാറാകണം. അങ്ങനെ അവയെ ശുഭാപ്തിയോടെ നേട്ടങ്ങളായി പരുവപ്പെടുത്തണം. നബി (സ്വ) പറയുന്നുണ്ട്: ജനം നശിക്കട്ടെ എന്നൊരാൾ പറഞ്ഞാൽ അയാൾ തന്നെയായിരിക്കും അവരിലെ ഏറ്റവും നശിച്ചവൻ (ഹദീസ് മുസ്ലിം 2623).
നല്ല ഭാവിക്ക് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ ഉറച്ച ചുവടുകൾ വെച്ച് മുന്നേറൂ.