യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 07/02/2025
പരിശുദ്ധ റമദാൻ മാസത്തിനും റജബ് മാസത്തിനും ഇടയിലുള്ള പോരിശയാർന്ന മാസമാണ് ശഅ്ബാൻ. ഈ മാസത്തെ നബി (സ്വ) ആരാധനനിമഗ്നമാക്കുമായിരുന്നു. മാത്രമല്ല ശഅ്ബാൻ മാസത്തെ മുതലാക്കാൻ സത്യവിശ്വാസികളെ ഉണർത്തുകയും ചെയ്തിട്ടുണ്ട്. നബി (സ്വ) പറയുന്നു: റജബ്, റമദാൻ മാസങ്ങൾക്കിടയിൽ അധികമാളുകളും അശ്രദ്ധരാവുന്ന മാസമാണ് ശഅ്ബാൻ (ഹദീസ് അഹ്‌മദ് 21753, നസാഈ 2357).
അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കരുണക്കടാക്ഷങ്ങൾ ഈ മാസത്തിൽ ഉണ്ടാവുമത്രെ, അതിനാൽ അവ പുൽകാൻ തയ്യാറാവാനാണ് നബി (സ്വ) ഉൽബോധിപ്പിച്ചിരിക്കുന്നത് (മുഅ്ജമുൽ കബീർ ത്വബ്‌റാനി 719).
ശഅ്ബാൻ മാസത്തിൽ മനുഷ്യന്റെ കർമ്മങ്ങളൊക്കെയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ശഅ്ബാൻ മാസത്തിൽ വ്രതം അധികരിപ്പിക്കാനുള്ള കാരണമെന്തെന്ന് ചോദിച്ചപ്പോൾ നബി (സ്വ) മറുപടി പറഞ്ഞത് ഇങ്ങനെ: പ്രപഞ്ചനാഥനായ അല്ലാഹുവിലേക്ക് കർമ്മങ്ങളൊക്കെയും ഉയർത്തപ്പെടുന്ന മാസമാണത്. എന്റെ കർമ്മങ്ങൾ ഞാൻ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടാനാണ് എനിക്കിഷ്ടം (ഹദീസ് നസാഈ 2357). പ്രവാചക പത്‌നി മഹതി ആയിശ (റ)യും സാക്ഷ്യപ്പെടുത്തുന്നുണ്ട്: നബി (സ്വ) പൂർണമായും ഒരു മാസം വ്രതമനുഷ്ഠിക്കുന്നുണ്ടെങ്കിൽ അത് റമദാൻ മാസമാണ്. എന്നാൽ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ വ്രതമനുഷ്ഠിച്ചിരിക്കുന്നത് ശഅ്ബാൻ മാസത്തിലാണ് (ഹദീസ് ബുഖാരി, മുസ്ലിം).
ദോഷങ്ങൾ പൊറുക്കപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും കർമ്മങ്ങളുടെ ഏടുകളിൽ കൂടുതലായും നന്മകൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു പവിത്ര രാത്രി ശഅ്ബാൻ മാസത്തിലുണ്ട്. ശഅ്ബാൻ പതിനഞ്ചാം രാവാണത്. ഈ രാത്രിയിൽ അല്ലാഹു മനുഷ്യരുടെ ഹൃദയശുദ്ധി നോക്കി അവന്റെ കരുണകൾ ഇറക്കുകയും വിശാലമായി പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യും.
നബി (സ്വ) പറയുന്നു: ശഅ്ബാൻ പതിനഞ്ചാം രാവിൽ അല്ലാഹു ഇറങ്ങിവന്ന് സൃഷ്ടികൾക്കെല്ലാം പൊറുത്തുകൊടുക്കും, അല്ലാഹുവിനോട് പങ്കാളിയെ ചേർക്കുന്നവന്നും വിദ്വേഷം വെച്ചുപുലർത്തുന്നവന്നും ഒഴികെ (ഇബ്‌നു മാജ 1390). അതിനാൽ ഏവരും വിദ്വേഷവും വൈരാഗ്യവും അവസാനിപ്പിക്കൂ. അസൂയവും ദേഷ്യവും വെടിയൂ. അതെല്ലാം നമ്മുക്കും അല്ലാഹുവിന്റെ മാപ്പു നൽകലിനുമിടയിൽ മറയിടുന്നവയാണ്. മാതാവിനെയോ പിതാവിനെയോ ബുദ്ധിമുട്ടിച്ചവർക്കും, സഹോദരിയോടോ സഹോദരനോടോ ബന്ധം വിഛേദിച്ചവർക്കും, അന്യായമായി അധീനപ്പെടുത്തിയവന്നും സമൂഹത്തിലെ ആരോടെങ്കിലും അക്രമം ചെയ്തവന്നുമുള്ള ശക്തമായ താക്കീതാണീ ഹദീസ്.
മാതാപിതാക്കൾക്ക് സുകൃതങ്ങൾ ചെയ്തും വിഛേദിച്ച ബന്ധങ്ങൾ കൂട്ടിച്ചേർത്തും വഴക്ക് കൂടിയവനോട് സഹുഷ്ണുത കാണിച്ചും ജീവിതം സൗഭാഗ്യപൂർണമാക്കാൻ മുന്നിട്ടിറങ്ങേണ്ടതാണ്.
തർക്കങ്ങളും അഭിപ്രായ വിത്യാസങ്ങളും മറന്ന് ഏവരോടും സമാധാനത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുക. കുടുംബ ബന്ധക്കാരോടും അയൽവാസികളോടും സുഹൃത്തുക്കളോടും എന്നല്ല സമൂഹത്തിലെ ഓരോർത്തരോടും ഉദാത്തമായി ഇടപെടുക. അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ പരസ്പരബന്ധങ്ങൾ മെച്ചപ്പെടുത്തൂ (സൂറത്തുൽ അൻഫാൽ 01). വിജയം വരിക്കാനായി നിങ്ങൾ ഉൽകൃഷ്ഠ കർമ്മങ്ങളനുവർത്തിക്കുക (സൂറത്തുൽ ഹജ്ജ് 77).
ഈ മാസത്തിൽ ആത്മാവും ഹൃദയവും ശരീരവുമെല്ലാം റമദാൻ വൽവേൽക്കാനായി സുകൃതസജ്ജമാക്കുക. മഹാ പണ്ഡിതനായ ഇമാം അബൂബക്കർ അൽ ബൽഖി (റ) പറയുന്നു: റജബ് കൃഷിനടീലിന്റെ മാസമാണ്, ശഅ്ബാൻ കൃഷിക്ക് ജലസേചനം നടത്തുന്ന മാസമാണ്, റമദാനാണ് ആ കൃഷിയുടെ കൊയ്ത്തുകാലം.
റമദാനിലെ ആരാധനാനുഷ്ഠാന ലബ്ധിക്ക് ശഅ്ബാൻ മാസത്തെ മുന്നൊരുക്കമായി ഉപയോഗപ്പെടുത്തണമെന്നാണ് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത്.
ഖുർആൻ പാരായണം സജീവമാക്കാൻ തുടങ്ങേണ്ട മാസം കൂടിയാണ് ശഅ്ബാൻ. എന്നാൽ ഖുർആനിന്റെ മാസമായ റമദാനിലെ ഊഷ്മളമായി സ്വീകരിക്കാനാവും. ദിക്‌റിന്റെയും മതവിജ്ഞാനങ്ങളുടെയും സദസ്സുകളിൽ പങ്കെടുത്തും പരിശുദ്ധ മാസത്തിനായി ഒരുക്കങ്ങൾ നടത്തണം.