ഭർത്താവിനെ മാനിക്കണം, ബഹുമാനിക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 14/02/2025

ഒരിക്കൽ പതിനൊന്ന് സ്ത്രീകൾ ഒരുമിച്ചിരുന്ന് ഓരോർത്തരും തന്റെ ഭർത്താവിന്റെ സ്വഭാവവിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു. അവരിലെ ബുദ്ധിമതിയും തന്ത്രജ്ഞാനിയുമായിരുന്നു ഉമ്മു സർഅ് എന്ന സ്ത്രീ. ഭർത്താവിനെ നന്നായി ബഹുമാനിക്കുന്ന ആ സ്ത്രീ ഭർത്താവിനെ വാനോളം പുകഴ്ത്തിപ്പറഞ്ഞു: എന്റെ ഭർത്താവ് മാന്യനാണ്. എനിക്ക് വേണ്ടി അളവറ്റ് ധനം ചെലവഴിക്കുകയും എന്റെ നന്മകൾക്കായി പാടുപെടുകയും ചെയ്യും. എന്നോട് മയത്തിൽ പെരുമാറും. ആശ്വസിപ്പിക്കും. സന്തോഷിപ്പിക്കും. കുടുംബത്തിൽ ഏവരോടും നന്നായി ഇടപഴകും.. എന്നിങ്ങനെ സുകൃത സ്വഭാവഗുണങ്ങളുടെ ഗണങ്ങൾ അവർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണുണ്ടായത്. 


ഈ സ്ത്രീയുടെ കഥ നബി (സ്വ)യോട് പ്രിയ പത്‌നി ആയിശ (റ) വിവരിച്ചുകൊടുക്കുകയുണ്ടായി. അപ്പോൾ നബി (സ്വ) പറഞ്ഞു: ഉമ്മു സർഇനോട് അവരുടെ ഭർത്താവ്  പെരുമാറുന്നത് പോലെയാണ് ഞാൻ നിന്നോട് പെരുമാറുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). അപ്പോൾ ആയിശ (റ) മറുപടി പറഞ്ഞു: അല്ലാഹുവാണേ സത്യം, അങ്ങനെയല്ല.. അങ്ങ് എന്നെ സംബന്ധിച്ചടുത്തോളം ഉമ്മു സർഇന്റെ ഭർത്താവിനേക്കാൾ ഉദാത്തമായി പെരുമാറുന്നവരാണ് (മുഅ്ജമുൽ കബീർ, ത്വബ്‌റാനി 269). 

അതാണ് മാകൃതാ ഭാര്യയുടെ ലക്ഷണങ്ങൾ. അവർ ഭർത്താവിനെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യും. സൂറത്തുന്നിസാഅ് 34ാം സൂക്തത്തിൽ അല്ലാഹു വ്യക്തമാക്കിയ പ്രകാരം പുണ്യവതികളായ സ്ത്രീകൾ അനുസരണ ശാലിനികളും നാഥന്റെ നിയമാനുസൃതം പുരുഷന്റെ അഭാവത്തിൽ വേണ്ടതൊക്കെ സംരക്ഷിക്കുന്നവരുമായിരിക്കും. 

നല്ല ഭാര്യ അവൾ വീട്ടമ്മയാണെങ്കിലും ജോലി ചെയ്യുന്നവളാണെങ്കിലും ഭർത്താവിനെ ബഹുമാനിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നവളായിരിക്കും. കാരണം അവൾക്കറിയാം ഭർത്താവാണ് കുടുംബത്തിന്റെ താങ്ങും തണലുമെന്ന്. ഭർത്താവിനെ പരിഗണിക്കേണ്ടതിന്റെ ബാധ്യത അവൾക്ക് ബോധ്യപ്പെട്ടതായിരിക്കും. ഭർത്താവാണല്ലൊ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ത്യാഗങ്ങൾ ചെയ്യുന്നത്. 


വീട്ടിൽ ഭർത്താവിനെ മാനിക്കുക എന്നത് നല്ലൊരു സംസ്‌ക്കാരമാണ്. വീട്ടുകാരും കുടുംബക്കാരും നിലക്കൊള്ളുന്നത് ആ സംസ്‌കൃതിക്കനുസരിച്ചായിരിക്കും. മാതാക്കൾ വാക്കായാലും പ്രവർത്തിയായാലും മക്കളിൽ ആ സ്വഭാവം വാർത്തെടുക്കണം. അങ്ങനെ സമൂഹത്തിൽ മുഴുവനും സംസ്‌ക്കാരം ഉടലെടുക്കണം.

ഭാര്യ ഭർത്താവിനെ മാനിക്കുന്നതിന്റെ പ്രധാനം രൂപം ഭർത്താവിനോടുള്ള നന്ദി പ്രകാശനമാണ്. ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോട് നന്ദി കാണിക്കുകയില്ല എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4811, തുർമുദി 1954).

ഭാര്യ എന്നും ഭർത്താവിനോട് നന്ദിയുള്ളവളായിരിക്കണം. രണ്ടു പേരുടെയും കുടുംബക്കാർക്ക് മുമ്പിൽ ഭർത്താവിനെ വാഴ്ത്തിപ്പറയണം. ഭർത്താവിനോട് നന്ദി കാണിക്കാത്ത ഭാര്യയിലേക്ക് അല്ലാഹു കാരുണ്യനോട്ടം നോക്കുകയില്ലെന്നാണ് ഹദീസ് (മുസ്തദ്‌റക് അലൽ സ്വഹീഹൈൻ 2771). ഭർത്താവ് ഇഷ്ടപ്പെടുന്ന രീതിയിൽ നല്ല വാക്കുകളിൽ നന്ദി പ്രകാശിപ്പിക്കണം. ലജ്ജ തടസ്സമാവരുത്. ഭർത്താവിന്റെ പക്ഷത്തിന് ശക്തിപകരുകയും വാക്കുകൾ മുഖവിലക്കെടുക്കുകയും നിലപാടുകൾക്ക് പിന്തുണയേകുകയും വേണം. ഭർത്താവിനെ രൂക്ഷമായി നിരൂപിക്കാനോ അവമതിക്കാനോ പാകപിഴവുകൾ പറഞ്ഞ് അസ്വാരസ്യമുണ്ടാക്കാനോ പാടില്ല. ബലഹീനതകൾ കണ്ടെത്തി ചൂഴ്ന്നിറങ്ങുന്നതും നിരന്തര തർക്കവിതർക്കങ്ങളിൽ ഏർപ്പെടുന്നതും വെടിയണം. തർക്കിച്ച് തെമ്മാടിത്തരം ചെയ്യുന്നതിനെ കാപട്യത്തിന്റെ അടയാളമായിട്ടാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).

തർക്കിക്കുന്നതിന് പകരം തർക്കവിഷയത്തിലെ പരിഹാരത്തിനായി ശ്രമിക്കണം. 


വീട്ടിലെന്നും സ്‌നേഹാർദ്രത നിലനിർത്തണം. നബി (സ്വ) പറയുന്നുണ്ട്: സ്വർഗത്തിൽ പ്രവേശിക്കുന്ന സ്ത്രീകളിൽ വെച്ച് ഏറ്റവും ഉത്തമർ സ്‌നേഹാനുകമ്പ കാണിക്കുകയും കൂടുതൽ സന്താനങ്ങളെ പ്രസവിക്കുകയും കൂടുതൽ സമയവും ഭർത്താവിനൊപ്പം കൂടുകയും ചെയ്യുന്നവരാണ്. അവർ ഭർത്താവിന് വല്ല പ്രയാസം വരുത്തിയാലോ അല്ലെങ്കിൽ ഭർത്താവിൽ നിന്ന് അവർക്ക് വല്ല പ്രയാസം നേരിട്ടാലോ ഭർത്താവിന്റെയടുത്ത് പോയി കൈ അദ്ദേഹത്തിന്റെ ഉള്ളംകൈയിൽ വെച്ച് ഇങ്ങനെ പറയും: അങ്ങക്ക് സംതൃപ്തി ഉണ്ടാവുന്നത് വരെ ഒരു പോള കണ്ണടക്കാനാവില്ല (സുനനുൽ കുബ്‌റാ, നസാഈ 9094).  

ഭർത്താവിന് പിന്തുണയേകുന്ന ഭാര്യ പോസിറ്റീവ് ഊർജമാണ് പകരുന്നത്. അത് അദ്ദേഹത്തിന്റെ ലക്ഷ്യപൂർത്തീകരണത്തിന് സഹായകരമാവുകയും ചെയ്യും. ഭർത്താവിന് കൂടുതലായും പരാതികൾ അവതരിപ്പിക്കരുത്. അത് മാനസികമായ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ജീവിതം അസ്വസ്ഥതാപൂർണമാക്കുകയും ചെയ്യും. ഇസ്മാഈൽ നബി (സ്വ)യുടെ ഭാര്യമാരിലൊരാൾ അമിതമായി പരാതികൾ പറഞ്ഞത് കാരണം ദാരുണമായി പരിണിതിയുണ്ടായത് ചരിത്രത്തിൽ കാണാം. 


യുക്തിജ്ഞാനിയും സ്‌നേഹസമ്പന്നയുമായ ഭാര്യ ഒരിക്കലും തന്റെ ഭർത്താവിന് താങ്ങാനാവാത്ത ചിലവുകൾക്ക് നിർബന്ധിക്കാനോ മറ്റുള്ളവരോട് തുലനം ചെയ്യാനോ മുതിരില്ല. ഇന്നവളുടെ ഭർത്താവിനെ നോക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്റെ ഭർത്താവിന്റെ ത്യാഗങ്ങളെ ചെറുതായി കാണില്ല. അത് കുടുംബത്തന്റെ സാമ്പത്തിക ഭദ്രതയും സമാധാനാന്തരീക്ഷവും താറുമാറാക്കും. 

എല്ലാവർക്കും കുറ്റവും കുറവുമുണ്ടായിരിക്കും. പൂർണത ആർക്കും അവകാശപ്പെടാനില്ല. ഭാര്യ എന്നും ഭർത്താവിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി ഇടപെടണം. നബി (സ്വ) പറയുന്നു: നിങ്ങൾ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നോക്കരുത്. അതാണ് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ അവമതിക്കാതിരിക്കാൻ ഏറ്റവും ഉത്തമം (ഹദീസ് മുസ്ലിം 2963). 


ഭാര്യ ഭർത്താവിനെ മാനിച്ചാൽ ഭർത്താവ് ഭാര്യയെ മാനിക്കുമെന്നത് സ്വാഭാവികം. പരസ്പരം മാനിക്കലും ബഹുമാനിക്കലും ഇരുവർക്കും ബാധകമാണ്. അതാണ് ദാമ്പതിക ജീവിതത്തിന്റെ വിജയമന്ത്രം. 

ദമ്പതിമാർ പരസ്പര സംസാരത്തിനായി പ്രത്യേക സമയം കണ്ടെത്തണം. അതിൽ സ്‌നേഹബഹുമാനങ്ങളുടെ വാക്കുകൾ കൈമാറണം. എല്ലാ ദിവസവും ഒരു മണിക്കുറെങ്കിലും ചെയ്യണം. അത് ജീവിത വെല്ലുവിളികളെയും സമ്മർദ്ദങ്ങളെയും അനായാസം നേരിടാൻ പ്രാപ്തമാക്കും. പരസ്പര ആശയവിനിമയം പ്രവാചക മാതൃകയാണ്. നബി (സ്വ) ആയിശാ ബീവി (റ)യോട് പറയുമായിരുന്നു: നീ എന്നോട് തൃപ്തിയുള്ളവളായാലും ദേഷ്യമുള്ളവളായാലും എനിക്കറിയാം. അപ്പോൾ മഹതി ചോദിച്ചു: അതെങ്ങനെ അറിയാം? നബി (സ്വ) മറുപടി പറഞ്ഞു: നീ എന്നോട് സംതൃപ്തയാവുന്ന സമയത്ത് വല്ല ശപഥം ചെയ്യുമ്പോൾ മുഹമ്മദിന്റെ നാഥനാണേ സത്യം എന്നു പറയും, ദേഷ്യപ്പെടുന്ന സമയം ഇബ്രാഹിമിന്റെ നാഥനാണേ സത്യം എന്നും പറയും. അപ്പോൾ ആയിശാ (റ) പറഞ്ഞു: അതേ തിരു ദൂതരേ, ആ സമയം അങ്ങയുടെ പേര് പറയുന്നത് മാത്രമേ ഉപേക്ഷിക്കുന്നുള്ളൂ, അങ്ങയെ ഞാൻ ഒഴിവാക്കുന്നില്ല (ഹദീസ് ബുഖാരി, മുസ്ലിം).

ഭാര്യഭർത്താക്കന്മാർ പരസ്പരം ബഹുമാനവും ആശയ വിനിമയും നിലനിർത്തുന്നത് ജീവിതശൈലിയാക്കണം. ഒരു പുരുഷന് വീട്ടിൽ സംതൃപ്തി ഉണ്ടെങ്കിൽ അത് അയാളുടെ ജോലിയിലും ബന്ധങ്ങളിലും പ്രതിഫലിക്കും. അതുവഴി കുടുംബവും സമൂഹവും സന്തുഷ്ടമായിരിക്കും. സമാധാനത്തോടെ കൂടാൻ നിങ്ങളിൽ നിന്നു തന്നെ ഇണകളെ സൃഷ്ടിക്കുകയും പരസ്പരം സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി എന്നാണ് അല്ലാഹു കുടുംബഭദ്രതയെപ്പറ്റി പറഞ്ഞിരിക്കുന്നത് (സൂറത്തു റൂം 21).