യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 24/01/2025
മുഹമ്മദ് നബി (സ്വ) ഒരൊറ്റ രാത്രിയിൽ മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്‌സായിലേക്ക് നടത്തിയ രാത്രി സഞ്ചാരവും (ഇസ്‌റാഅ്)ശേഷം ഏഴ് ആകാശങ്ങൾക്കപ്പുറത്തേക്കുള്ള ആകാശാരോഹണവും (മിഅ്‌റാജ്) അത്ഭുത കാഴ്ചകൾ സമ്മാനിച്ച അവിശ്വസനീയ പ്രയാണങ്ങളാണ്.
വിശ്വസിക്കാൻ പ്രയാസമുള്ള ഈ വിസ്മയ പ്രയാണങ്ങളെപ്പറ്റി നബി (സ്വ) വിവരിക്കുമ്പോഴാണ് ജനം അറിയുന്നത്. പലർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. സത്യസന്ദേശത്തിന്റെ പ്രചാരത്തിനായി അന്ത്യപ്രവാചകരായി നിയോഗിതരായ നബി (സ്വ) സത്യത്തിന് വേണ്ടി നിലക്കൊണ്ടവരായിരുന്നു. നബി (സ്വ) യുടെ സത്യസന്ധത അല്ലാഹു തന്നെ ശപഥം ചെയ്ത് വിവരിക്കുന്നുണ്ട്: നിപതിക്കുന്ന നക്ഷത്രം തന്നെ സത്യം, നിങ്ങളുടെ സഹവാസി വഴിതെറ്റുകയോ ദുർമാർഗിയാവുകയോ ചെയ്തിട്ടില്ല. ദിവ്യസന്ദേശമായി കിട്ടുന്ന വഹ്‌യല്ലാതെ അവിടന്ന് തന്നിഷ്ടപ്രകാരം യാതൊന്നും ഉരിയാടുകയില്ല (സൂറത്തുന്നജ്മ് 1, 2, 3, 4). ഒരു കാര്യം കൂട്ടലോ കുറച്ചിലോ കൂടാതെ സന്മാർഗ ദർശനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചവരായിരുന്നു നബി (സ്വ). നബി (സ്വ) ഈ പ്രയാണങ്ങളിൽ കണ്ട കാണാക്കാഴ്ചകളെല്ലാം സ്വയം ഉൾക്കൊള്ളുകയായിരുന്നു. ആ ദൃശ്യം അവിടത്തെ ഹൃദയം വ്യാജമാക്കിട്ടില്ല (സൂറത്തുന്നജ്മ് 11).
സത്യത്തിൽ ഈ യാത്രകൾ സത്യസന്ദേശത്തിന്റെയും സത്യസാക്ഷാത്ക്കാരത്തിന്റെയും സാക്ഷ്യങ്ങളായിരുന്നു. രാപ്രയാണത്തിന്റെ കാര്യം ജനങ്ങളോട് പറഞ്ഞപ്പോൾ അവരത് അവിശ്വസിക്കുമെന്ന് നബി (സ്വ)ക്ക് അറിയാമായിരുന്നു (ഹദീസ് അഹ്‌മദ് 282). നേരിട്ടുള്ള ബോധ്യങ്ങളെ മാത്രം നേരെന്ന് നിർവചിക്കുന്നവരായിരുന്നു അന്നത്തെ മക്കാസമൂഹം. നബി (സ്വ)യെ ചെറുപ്പത്തിൽ സത്യസന്ധനെന്നും വിശ്വസ്തനെന്നും ഓമനപ്പേരിട്ടു വിളിച്ച അവർക്ക് വൈയക്തികമായി നബി (സ്വ)യുടെ സത്യസന്ധത ബോധ്യമായിരുന്നു. എന്നാൽ അമ്പതു വർഷങ്ങൾക്കിപ്പുറമുള്ള ഈ പ്രയാണകഥനകൾ അവിശ്വസിമായി തോന്നിയ അവർ വിശ്വസിച്ചില്ല.
എന്നാൽ എന്നും സത്യത്തിന്റെ സുകൃതസ്വരൂപം തന്നെയായിരുന്നു പ്രവാചകർ (സ്വ).
ആ സത്യസന്ധത അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. അല്ലാഹുവിനേക്കാൾ സത്യസന്ധമായി കാര്യങ്ങൾ പറയുന്നവരായി ആരുണ്ട് (സൂറത്തുന്നിസാഅ് 87). സൂറത്തുന്നജ്മ് മൂന്നാം സൂക്തത്തിൽ പ്രസ്താവിക്കപ്പെട്ട പ്രകാരം നബി (സ്വ) തന്നിഷ്ട പ്രകാരം ഒന്നും ഉരുവിടുകയില്ലയെന്ന് അല്ലാഹു തീർച്ചപ്പെടുത്തിയതാണല്ലൊ. നബി (സ്വ)യുടെ വിളിയാളങ്ങൾക്ക് ഉത്തരം നൽകണമെന്നും അല്ലാഹു കൽപ്പിച്ചതാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, അല്ലാഹുവിനും റസൂലിനും ഉത്തരം ചെയ്യുക, നിങ്ങളെ സജീവരാക്കാനുള്ള സൽപന്ഥാവിലേക്ക് വിളിക്കുമ്പോൾ (സൂറത്തുൽ അൻഫാൽ 24). മാത്രമല്ല സ്വന്തത്തിൽ നേര് മാത്രമേ പുറത്തുവന്നിട്ടുള്ളുവെന്ന് നബി (സ്വ) തറപ്പിച്ചുപറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്‌മദ് 651).
നബി (സ്വ) തങ്ങൾ വലിയ സത്യമാണ്, ഭൂലോകർക്ക് സത്യസന്ധത പഠിപ്പിച്ച പ്രവാചകരുമാണ്. നബി (സ്വ) പറയുന്നു: നിങ്ങൾ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും ഇഷ്ടപ്പെടുന്നുവെങ്കിൽ, വിശ്വസിച്ചേൽപ്പിച്ച സൂക്ഷിപ്പുബാധ്യതകൾ അർഹർക്ക് ചെയ്തുകൊടുക്കുക, സംസാരത്തിൽ സത്യസന്ധത പുലർത്തുക (മുഅ്ജമുൽ അൗസത്വ് 6517).
അബ്ദുല്ല ബ്‌നു സലാം (റ) പറഞ്ഞത് ഇങ്ങനെ: ഞാൻ നബി (സ്വ) യുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഇതൊരു കളവ് പറയുന്നയാളുടെ മുഖമല്ലയെന്ന് (ഹദീസ് തുർമുദി 65, ഇബ്‌നു മാജ 3251). പ്രവാചകന്മാർക്കെല്ലാവർക്കും അല്ലാഹു സത്യസന്ധതാ വിശേഷം പ്രബലമായി നൽകിയതാണ്. അവരുടെ പൂർത്തീകരണമാണ് അന്ത്യദൂതരായ മുഹമ്മദ് നബി (സ്വ).
ഇസ്‌റാഇന്റെ കാര്യത്തിൽ നബി (സ്വ)യെ അവിശ്വസിച്ചയാളുകൾ നേരെ അബൂബക്കർ സിദ്ധീഖി (റ)ലേക്ക് പോയി പറഞ്ഞു: താങ്കളുടെ സഹചാരി ഇന്നലെ രാത്രി അത്ഭുതപ്രയാണം നടത്തിയെന്ന് വാദിക്കുന്നു, താങ്കളെന്ത് പറയുന്നു? സിദ്ധീഖ് (റ) പറഞ്ഞു: നബി (സ്വ) അങ്ങനെ പറഞ്ഞുവോ? അവർ: അതെ. അപ്പോൾ സിദ്ധീഖ് (റ) പറഞ്ഞ മറുപടി ഏവരെയും പിടിച്ചുകുലുക്കുന്ന മറുപടിയായിരുന്നു: നബി (സ്വ) അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമാണ്. അതിനേക്കാൾ അവിശ്വസനീയമായത് നബി (സ്വ) പറഞ്ഞാലും ഞാൻ വിശ്വസിക്കും. പ്രഭാതത്തിലോ പ്രദോഷത്തിലോ ആകാശ വിശേഷങ്ങൾ വന്നുപറഞ്ഞാലും ഞാൻ വിശ്വസിക്കും (മുസ്തദ്‌റകുൽ ഹാകിം 4407).
നബി (സ്വ)യെ വിശ്വസിച്ച അബൂബക്കർ സിദ്ധീഖി (റ)നെ അല്ലാഹു വിശുദ്ധ ഖുർആൻ സൂറത്തുസുമർ 16ാം സൂക്തത്തിൽ പ്രശംസിച്ചുപറഞ്ഞിട്ടുണ്ട്. ഇപ്രകാരം സ്വഹാബികളെല്ലാം നബി (സ്വ) പറഞ്ഞതെന്തും വിശ്വസിക്കുന്നവരായിരുന്നു.
ഇസ്‌റാഅ് മിഅ്‌റാജ് പ്രയാണങ്ങൾ നൽകുന്ന സന്ദേശം സത്യം പറയുന്നതിന്റെയും സത്യമാക്കി വിശ്വസിക്കുന്നതിന്റെയും ആദർശങ്ങളാണ്. നമ്മുടെ നിത്യജീവിതത്തിൽ കൊണ്ടുനടക്കേണ്ട സ്വഭാവമാണ് സത്യസന്ധത. ആ സ്വഭാവം മനസ്സിന് ശുദ്ധീകരണം നടത്തുകയും സമാധാനം നൽകുകയും ചെയ്യും. സത്യസന്ധത സമാധാനമാണ് എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 2518, അഹ്‌മദ് 1723).
മക്കളോട് സത്യം പറഞ്ഞ് ശീലിപ്പിക്കണം.
സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്ന നാം സത്യത്തിന്റെ കാര്യത്തിൽ ഏറെ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.
മിഅ്‌റാജ് യാത്രയിൽ നബി (സ്വ) ഒരു കാഴ്ച കാണുകയുണ്ടായി. ഒരാളുടെ വായയുടെ രണ്ടു ഭാഗങ്ങളും മൂക്കും കണ്ണുകളും പിരടിയിലേക്ക് വലിച്ചുകീറപ്പെടുന്ന ദാരുണ കാഴ്ച. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം നൽകപ്പെട്ടു: ഇയാൾ രാവിലെ വീട്ടിൽ നിന്നിറങ്ങി ഒരു കളവ് പറയും, ആ കളവ് പരന്ന് പരന്ന് ഉലകം മൊത്തമെത്തും. അങ്ങനെയുള്ള ആളാണ് ഇയാൾ (ഹദീസ് ബുഖാരി 7047).
പലരെയും പറ്റിയുള്ള കളവ് ജീവിതകാലം മുഴുവനും അവരെ ദുഖത്തിലാഴ്ത്തും, ചിലരെ പ്രതിസന്ധിയിലാക്കും. ചിലർക്കെതിരെ വ്യാജ പ്രചാരണങ്ങളായി മാനഹാനി വരുത്തും. കളവ് പരാജയം തന്നെയാണ്. സത്യസന്ധതയാണ് വിജയം. സത്യസാക്ഷികൾക്കാണ് അല്ലാഹു സ്വർഗം ഒരുക്കിയിരിക്കുന്നത്.