ദാനധർമ്മം ധനത്തെ ശുദ്ധീകരിക്കും, വർദ്ധിപ്പിക്കും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 07/03/2025

അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്യുന്നതാണ് അവന് ഏറ്റവും ഇഷ്ടകാര്യവും അവനിലേക്ക് അടുക്കാനുള്ള പ്രഥമപ്രധാനമായ മാർഗവുമെന്ന് അല്ലാഹു തന്നെ പറഞ്ഞത് നബി (സ്വ) ഉദ്ധരിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി 6502). അത്തരത്തിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട പഞ്ചസ്തംഭങ്ങളായ ഇസ്ലാം കാര്യങ്ങളിൽപ്പെട്ടതാണ് സകാത്ത് അഥവാ ദാനധർമ്മം. ധനത്തിൽ നിന്നുള്ള ധർമ്മം അതിനെ ശുദ്ധീകരിക്കും. അല്ലാഹു പറയുന്നു: അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ സമ്പത്തിൽ നിന്ന് താങ്കൾ വാങ്ങുക (സൂറത്തുത്തൗബ 103). നബി (സ്വ) പറയുന്നു: നിങ്ങളുടെ ഇസ്ലം പൂർണമാവണമെങ്കിൽ നിങ്ങളുടെ സമ്പത്തിൽ നിന്ന് സകാത്ത് നിർവ്വഹിക്കേണ്ടിയിരിക്കുന്നു (ഹദീസ് മുഅ്ജമുൽ കബീർ 06). 

പരിശുദ്ധ ഖുർആനിൽ ഇരുപത്തേഴ് സ്ഥലങ്ങളിൽ നമസ്‌കാരം പരാർമശിക്കുന്നതോടൊപ്പം സകാത്തിനെയും പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: നിങ്ങൾ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് നൽകുകയും ചെയ്യുക (സൂറത്തു ബഖറ 110). 

യഥാവിധി സകാത്ത് നൽകിയാൽ പലതുണ്ട് നേട്ടങ്ങൾ. സകാത്ത് ദാനം കൃതിമായി ചെയ്യുന്നവന് ഈമാനിന്റെ മാധുര്യം നുകരാനാവുമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അബൂദാവൂദ് 1582). സകാത്ത് ദാനത്താൽ ഒരാളുടെ ധനം കുറയുകയല്ല, മറിച്ച് കൂടൂകയാണ്. അയാളുടെ ധനത്തിന് അല്ലാഹു അഭിവൃദ്ധിയും നൽകുമത്രെ. പ്രത്യുത അവന്റെ സംതൃപ്തി കാംക്ഷിച്ചു കൊടുത്താൽ, അവർ തന്നെയത്രെ ഇരട്ടിപ്പിക്കുന്നവർ (സൂറത്തുറൂം 39). 

ദാനധർമ്മം ചെയ്യുന്നവർക്ക് അല്ലാഹു ഇരട്ടികളായ പ്രതിഫലങ്ങൾ നൽകുകയും ധനത്തിന് നല്ല പകരങ്ങൾ നൽകുകയും ചെയ്യും. നബി (സ്വ) മൂന്നു കാര്യങ്ങൾ ശപഥം ചെയ്തുപറഞ്ഞു, അതിലൊന്ന് ദാനം നൽകിയത് കാരണത്താൽ ഒരാളുടെയും ധനം കുറഞ്ഞിട്ടില്ല എന്നതാണ് (ഹദീസ് തുർമുദി 2478). 

പഴവർഗങ്ങൾ, ഈത്തപ്പഴം, ആട് മാട് ഒട്ടകം എന്നിങ്ങനെ വിവിധങ്ങളായ ധനങ്ങളിൽനിന്ന് യഥാവിധി സകാത്ത് നൽകുന്നവന്റെ നന്മകൾ അല്ലാഹുവിങ്കൽ സുകൃതങ്ങളായി രേഖപ്പെടുത്തപ്പെടുന്നതായിരിക്കും. താൻ ഐഹിക ലോകത്തിൽ അനുവർത്തിച്ച മുഴുവൻ സൽക്കർമ്മങ്ങളും ഹാജറാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന നാൾ സ്മരണീയമാണ് (സൂറത്തു ആലുഇംറാൻ 30). 

ജീവിത കാലത്ത് ധനത്തിന്റെ സകാത്ത് നൽകാത്തവൻ മരണശേഷം സകാത്ത് നൽകി വീട്ടാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കുമെന്ന് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ട്. നിങ്ങളിലോരോരുത്തർക്കും മരണമാസന്നമാകും മുമ്പേ നാം തന്നതിൽ നിന്ന് ചെലവഴിക്കുക, തത്സമയം അവൻ ഇങ്ങനെ പരിഭവിച്ചേക്കാം 'നാഥാ സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചുതരാത്തത് , അങ്ങനെയെങ്കിൽ ഞാൻ ദാനം ചെയ്യുകയും സജ്ജനങ്ങളിലുൾപ്പെടുകയും ചെയ്യാം' (സൂറത്തു മുനാഫിഖൂൻ 10). 

വർഷങ്ങളായി സകാത്ത് നൽകാതെ കുന്നുകൂട്ടിയവർ ദാനബാധ്യതകളെ അവഗണിക്കരുത്, നൽകാനുള്ള അവസരങ്ങളുണ്ട്. നിർബന്ധമായും നൽകണം. ബാധ്യതകൾ വീട്ടണം. നാളെത്തേക്ക് നീട്ടിവെക്കരുത്. 

അല്ലാഹു സകാത്തിന് നിബന്ധകളും ചട്ടങ്ങളും വെച്ചിട്ടുണ്ട്. ഓരോ ധനവിഭാഗത്തിൽ നിന്നും കണക്കെത്തി ഒരു ഹിജ്‌റ വർഷസമയം ആയാലാണ് സകാത്ത് നൽകൽ ബാധ്യതയാവുന്നത്. അങ്ങനെയുള്ള ധനത്തിന് സകാത്ത് നൽകാത്തവർക്കിടയിൽ മറ ഉണ്ടായിരിക്കുന്നതാണ്. സകാത്ത് സമൂഹത്തിലെ സകാത്തിന് അർഹരായവരിലേക്കാണ് വിതരണം ചെയ്യേണ്ടത്.