യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 14.03.2025
ജീവിതം നശ്വരമാണ്, ശാശ്വതമല്ല. ആയുസ്സ്‌കാലം കഴിഞ്ഞുപോവും. പരലോകത്തേക്കായി ഇഹലോകത്ത് വെച്ച് എന്തെല്ലാം ഒരുക്കിവെച്ചുവെന്നതാണ് സത്യവിശ്വാസിക്ക് പ്രധാനം.
മനുഷ്യൻ അവന്റെ പിതാക്കൾ, പ്രപിതാക്കൾ എന്നിങ്ങനെ തലമുറകളിലൂടെ അനന്തരമായി തുടരുന്ന ഏറ്റവും വലിയ നന്മയാണ് ദാനധർമ്മം. നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) ഏവരേക്കാളും ഉദാര പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരുന്നു, അതിൽ തന്നെ ഏറ്റവും കൂടുതൽ ഔദാര്യങ്ങൾ ചെയ്തിരുന്നത് റമദാൻ മാസത്തിലാണ് (ഹദീസ് ബുഖാരി, മുസ്ലിം).
റമദാനിൽ ചെയ്യാൻ പറ്റിയ ഏറ്റവും മഹത്തായ ഉദാര പ്രവർത്തനം അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ട് സമൂഹത്തിന്റെ നാനോമുഖങ്ങളായ നന്മകൾക്കായി തന്റെ സമ്പത്തിൽ നിന്ന് വഖ്ഫ് ചെയ്യലാണ്.
വഖ്ഫും സാധാരണ ദാനധർമ്മവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം.
വഖ്ഫ് എന്നാൽ ഒരാൾ തന്റെ ഉടമസ്ഥതയിലുള്ളത് സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ ഉപകാര നന്മകൾക്കായി പ്രത്യേകം ഉപകാരപ്പെടുത്തുന്നതിനായി ദാനമായി നൽകലാണ്. ഉദാഹരണത്തിന,് മസ്ജിദ് നിർമ്മാണം, അതിനുള്ള പ്രതിഫലം അതിൽ നമസ്‌കരിക്കുന്ന കാലത്തോളം കിട്ടിക്കൊണ്ടിരിക്കും. രോഗികളെ ചികിത്സിക്കാനോ നിർധനരെ പഠിപ്പിക്കാനോ ദരിദ്രരുടെ കടങ്ങൾ വീട്ടാനോ സാധുക്കളുടെ വിവാഹം നടത്തിക്കൊടുക്കാനോ മറ്റോ സൽപ്രവർത്തനങ്ങൾക്കായി ഭൂദാനം ചെയ്യുന്നതും തഥൈവ.
ദാനധർമ്മത്തെക്കാൾ വഖ്ഫ് മഹത്തമേറിയത് ആവുന്നത് അതിന്റെ പ്രതിഫലനവും പ്രതിഫലവും ദീർഘകാലത്തേക്ക് നിലനിൽക്കുന്നത്‌കൊണ്ടാണ്. വഖ്ഫ് സ്വത്തിന്റെ ഉപയോഗ ഉപകാരങ്ങളുണ്ടാവുന്ന കാലത്തോളം പ്രതിഫലാർഹമായി തന്നെ തുടരും. നബി (സ്വ) പറയുന്നുണ്ട്: മനുഷ്യന് അവന്റെ മരണ ശേഷം അവനിലേക്ക് എത്തിച്ചേരുന്ന സൽപ്രവർത്തനങ്ങളും നന്മകളും ഇവയൊക്കെയാണ്: പഠിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വിജ്ഞാനം, സൽസന്താനം, ഖുർആൻ മുസ്വ്ഹഫ്, നിർമ്മിച്ചു നൽകുന്ന മസ്ജിദ്, യാത്രക്കാർക്കായി ഒരുക്കുന്ന വിശ്രമകേന്ദ്രം, ജലസേചനത്തിനായി തയ്യാർ ചെയ്യുന്ന സംവിധാനം, ആവതുള്ള കാലത്ത് സ്വന്തം ധനത്തിൽ നിന്ന് നൽകുന്ന ഉപകാരപ്രദങ്ങളായ ദാനങ്ങൾ (സുനനു ഇബ്‌നുമാജ 242).
വഖ്ഫ് ചെയ്യുന്നതിന്റെ മഹത്വങ്ങൾ മനസ്സിലാക്കിക്കൊണ്ട് തന്നെ സ്വഹാബികൾ തങ്ങളുടെ ഇഷ്ട സമ്പത്തുകളിൽ നിന്ന് വഖ്ഫിൽ നിക്ഷേപിക്കാൻ ആവേശം കാട്ടിയിരുന്നു. നബി (സ്വ) യുടെ അനുചരന്മാരിൽ നിന്ന് സാമ്പത്തിക കഴിവുള്ള എല്ലാവരും വഖ്ഫ് ചെയ്തിട്ടുണ്ടെന്നാണ് ജാബിർ (റ) സാക്ഷ്യപ്പെടുത്തുന്നത്. മഹാനായ ഉമറി (റ) ന് അവർ ഏറ്റവും ഇഷ്ടപ്പെടുന്ന വിലപിടിപ്പുള്ള ഒരു ഭൂമിയുണ്ടായിരുന്നു. ഒരിക്കർ ഉമർ (റ) നബി (സ്വ)യുടെ അടുക്കൽ പോയി പറഞ്ഞു: തിരു ദൂതരേ, ഈ ഭൂമിയുടെ കാര്യത്തിൽ തങ്ങൾക്ക് എന്താണ് കൽപ്പിക്കാനുള്ളത്? അപ്പോൾ നബി (സ്വ) മറുപടി പറഞ്ഞു: താങ്കളുടെ ഇഷ്ടം പോലെ വഖ്ഫ് ചെയ്യുകയോ സ്വദഖ ചെയ്യുകയോ ചെയ്യുക. അങ്ങനെ ഉമർ (റ) ആ ഭൂമി വഖ്ഫാക്കി നൽകി (ഹദീസ് ബുഖാരി, മുസ്ലിം).
പരിശുദ്ധ ഖുർആനിലെ സൂറത്തു ആലുഇംറാൻ 92ാം സൂക്തമായ 'നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്നു ചെലവു ചെയ്യുന്നതു വരെ പുണ്യം നേടാനാകില്ല' എന്ന ആയത്ത് സ്വഹാബികളിലൊരാൾ കേട്ട സമയം ഹൃദയം ഉദാരമയമായിത്തീരുകയും ദാനധർമ്മം ചെയ്യാൻ വെമ്പൽ കൊള്ളുകയുമുണ്ടായി. അങ്ങനെ നബി (സ്വ)യുടെ സന്നിധിയിലേക്ക് തന്റെ ഇഷ്ട സമ്പത്തുമായി പോയി പറഞ്ഞു: ഇത് അല്ലാഹുവിനുള്ള ദാനമാണ്, ഞാനതിന്റെ പുണ്യം ആഗ്രഹിക്കുന്നു. അല്ലാഹുവിങ്കൽ അതൊരു സ്ഥായിയായ മുതൽക്കൂട്ടാവാൻ ആശിക്കുന്നു. ഇതുകേട്ട നബി (സ്വ) പറഞ്ഞു: അത് ലാഭങ്ങൾ നൽകുന്ന ധനമാണ്, അത് ലാഭങ്ങൾ നൽകുന്ന ധനമാണ് (ഹദീസ് ബുഖാരി 4554).
മരണമെത്തുന്നതിന് മുമ്പായി മഹത്തായ വഖ്ഫിന്റെ ഭാഗമാവാൻ ധനത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും വഖ്ഫായി നൽകാൻ ശ്രമിക്കുക. വരുമാനത്തിൽ നിന്ന് ദിവസവും ഒരു ദിർഹമെങ്കിലും വഖ്ഫിനായി മാറ്റിവെക്കുക. കുറഞ്ഞ വർഷങ്ങൾകൊണ്ട് അതൊരു വലിയ വഖ്ഫായി മാറും. അത് ഇഹലോക ജീവിതത്തിൽ സന്തോഷവും പരലോക ജീവിതത്തിൽ വിജയം ഉറപ്പ് നൽകും. ഓരോ ദിർഹമും മസ്ജിദിന്റെ കല്ലായോ വിദ്യാർത്ഥിയുടെ കിതാബായോ അനാഥർക്കുള്ള ഭക്ഷണ ഉരുളയായോ രോഗികൾക്കുള്ള ചികിത്സയായോ തീരാം.
മാതാപിതാക്കൾക്ക് വേണ്ടിയോ കുടുംബ ബന്ധക്കാർക്ക് വേണ്ടിയോ മറ്റു പ്രിയപ്പെട്ടവർക്ക് വേണ്ടിയോ വഖ്ഫ് ചെയ്യാവുന്നത്. അത് അവർക്ക് നൽകുന്ന ഏറ്റവും നല്ല സമ്മാനമാണ്.
മഹാനായ മർഹൂം ശൈഖ് സായിദ് അവർകൾ വഖ്ഫ് നൽകുന്നതിൽ അതുല്യ മാതൃകകൾ നൽകിട്ടുണ്ട്. മഹത്തായ യുഎഇ രാഷ്ട്രവും വഖ്ഫിനായി നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അല്ലാഹു പറയുന്നുണ്ട്: ദൈവ പ്രീതിയുദ്ദേശിച്ചല്ലാതെ ഒന്നു തന്നെ ചെലവഴിച്ചുകൂടാ. നല്ലത് എന്തു ചെലവ് ചെയ്യുന്നുവെങ്കിലും അതിന്റെ പ്രതിഫലം പൂർണമായി നിങ്ങൾക്കു നൽകപ്പെടും. ഒരുവിധ അക്രമവും അനുവർത്തിക്കപ്പെടില്ല (സൂറത്തു ബഖറ 272).