യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 21/03/2025
റമദാൻ മാസത്തിലെ അവസാന പത്തുരാവുകൾ അതിവിശിഷ്ട രാവുകളാണ്. ഈ പത്തിൽപ്പെട്ട ഒന്നാണ് ലൈലത്തുൽ ഖദ്‌റെന്ന മഹത്തര രാവ്. വിധി നിർണയത്തിന്റെ രാത്രി എന്ന് അർത്ഥമാക്കുന്ന ലൈലത്തുൽ ഖദ്ർ ഏതെന്ന് നിർണിതമല്ല. ആ മഹത്വം കരഗതമാക്കാൻ സത്യവിശ്വാസി പത്തുരാവുകളും ആരാധനാപൂർണമാകേണ്ടിയിരിക്കുന്നു. കാരണം ലൈലത്തുൽ ഖദ്‌റിലെ ഒരു സൽക്കർമ്മത്തിന് 83 വർഷവും നാലും മാസവും (ആയിരം മാസം) തുടരെ സൽക്കർമ്മങ്ങൾ ചെയ്തതിനേക്കാൾ പ്രതിഫലമുണ്ട്.
ലൈലത്തുൽ ഖദ്‌റിലാണ് അല്ലാഹു പരിശുദ്ധ ഖുർആൻ ഇറക്കിയതെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട് : നിശ്ചയമായും ഒരു അനുഗ്രഹീത രാത്രിയിൽ നാം അത് അവതരിപ്പിച്ചു (സൂറത്തു ദ്ദുഖാൻ 2). ആ രാവിൽ തന്നെയാണ് അല്ലാഹു പ്രവഞ്ചത്തിലെ സകലതിന്റെയും ആയുസ്സുകളും ഉപജീവനങ്ങളും കണക്കാക്കിക്കുറിക്കുന്നത് : യുക്തിപൂർണമായ എല്ലാ കാര്യങ്ങളും ആ രാത്രിയിൽ വേർതിരിച്ചുവിവരിക്കപ്പെടുന്നുണ്ട് (ഖുർആൻ, സൂറത്തു ദ്ദുഖാൻ 3, 4).
അല്ലാഹു തന്നെ പറയുന്നുണ്ട് : ലൈലത്തുൽ ഖദ്ർ ആയിരം മാസങ്ങളേക്കാൾ ഉത്തമമാണ്. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ കൽപനപ്രകാരം എല്ലാ കാര്യവും കൊണ്ട് അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമായിരിക്കുന്നതാണ് (ഖുർആൻ, സൂറത്തുൽ ഖദ്ർ 2,3,4,5).
മാത്രമല്ല ആ രാവിൽ പ്രഭാതം വിടരുവോളം അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കരുണയും പരിരക്ഷയു ഭൂമിയിലേക്ക് ഇറങ്ങുന്നതായിരിക്കും. മലക്കുകൾ ഇറങ്ങിവന്ന് സത്യവിശ്വാസികളുടെ പ്രാർത്ഥനകൾക്ക് ആമീൻ പറയുകയും അവരുടെ ആരാധനാകർമ്മങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിക്കുകയും ചെയ്യും. എണ്ണമറ്റ മാലാഖമാരാണ് ലൈലത്തുൽ ഖദ്‌റിൽ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത്. അവരെ എണ്ണിതിട്ടപ്പെടുത്താനാവാത്തവിധം ചരൽക്കല്ലുകളേക്കാൾ കൂടുതലായിരിക്കുമെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് അഹ്‌മദ് 11019).
ലൈലത്തുൽ ഖദ്‌റിൽ പ്രാർത്ഥിക്കുന്നവന് അല്ലാഹു ഉത്തരം നൽകിയിരിക്കും, കേണപേക്ഷിക്കുന്നവന് പ്രായശ്ചിത്തവും നൽകിയിരിക്കും. ഇത്രയേറെ പവിത്രതയുള്ള രാത്രിയെ ആരാധനകളും പുണ്യപ്രവർത്തനങ്ങളും ചെയ്ത് മുതലാക്കാനും നാഥനിലേക്ക് അടുക്കാനുമാണ് ഇസ്ലാം മതം പ്രചോദിപ്പിക്കുന്നത്. റമദാനിലെ അവസാന പത്തു രാവുകളിൽ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷാനിർഭരമായി കരുതിയിരിക്കാൻ നബി (സ്വ) കൽപ്പിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഒരുത്തന് ലൈലത്തുൽ ഖദ്ർ നഷ്ടമായാൽ സകല നന്മകളും അവനിക്ക് വിനഷ്ടമായിരിക്കുന്നു, ഹതഭാഗ്യർക്ക് മാത്രമേ ആ രാവിനെ ഉപയോഗപ്പെടുത്താനാവാതെ നഷ്ടപ്പെടുകയുള്ളൂ (ഹദീസ് ഇബ്‌നു മാജ 1644).
അല്ലാഹുവിൽ നിന്നുള്ള വിടുതി തേടിയുള്ള പ്രാർത്ഥനയും നമസ്‌ക്കാരവും അധികരിപ്പിച്ചുകൊണ്ടാണ് ലൈലത്തുൽ ഖദ്ർ രാവിനെ ഉപയോഗപ്പെടുത്തേണ്ടത്. ലൈലത്തുൽ ഖദ്‌റിലെ ഖിയാമുലൈലി (രാത്രി നമസ്‌ക്കാരം)നെ നബി (സ്വ) ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി (സ്വ) പറയുന്നു: ഒരുത്തൻ ദൃഡവിശ്വാസത്തോടെയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ഇഛിച്ചുകൊണ്ടും ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിൽ നമസ്‌ക്കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ ദോഷങ്ങളൊക്കെയും പൊറുക്കപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം).
പാപദോഷങ്ങളിൽ നിന്ന് മോക്ഷം തേടി പശ്ചാത്തപിച്ചു മടങ്ങുന്നവനിക്കുള്ള സുവർണാവസരമാണ് ലൈലത്തുൽ ഖദ്ർ. റമദാൻ മാസം കടന്നുവന്നിട്ടും പശ്ചാത്താപത്തിന്റെ അവസരങ്ങൾ മുതലെടുക്കാത്തവൻ നിന്ദിക്കപ്പെട്ടവൻ തന്നെയെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ബുഖാരി, അദബുൽ മുഫ് റദ് 646, തുർമുദി 3545).
റമദാനിന്റെ അവസാന പത്തിൽ നബി (സ്വ) മറ്റു ദിസങ്ങളേക്കാൾ കൂടുതൽ ആരാധനാനിർഭരമായി സജീവമായിരുന്നു (ഹദീസ് മുസ്ലിം 1175). അവസാന പത്തായാൽ നബി (സ്വ) രാത്രികളെ ഉറക്കമൊഴിച്ച് സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നെന്ന് പ്രിയ പത്‌നി ആയിശാ (റ) വിവരിച്ചിട്ടുണ്ട്.
ലൈലത്തുൽ ഖദ്‌റിന്റെ പുണ്യം കരസ്ഥമാക്കാൻ നമസ്‌കാരങ്ങളൊക്കെ ജമാഅത്തായി നിർവ്വഹിക്കുക, വിശിഷ്യാ ഇശാ, സുബ്ഹ് നമസ്‌കാരങ്ങൾ. നബി (സ്വ) പറയുന്നുണ്ട്: ഒരാൾ ഇശാ ജമാഅത്തായി നമസ്‌കരിച്ചാൽ രാത്രിയുടെ പകുതിയും നമസ്‌കരിച്ച കണക്കെയാണ്. എന്നാൽ സുബ്ഹ് ജമാഅത്തായി നമസ്‌കരിച്ചാൽ രാത്രി മുഴുവനും നമസ്‌കരിച്ച പോലെയാണ് (ഹദീസ് മുസ്ലിം 656). തറാവീഹ് ജമാഅത്തായി നമസ്‌കരിക്കുന്നതിലും വീഴ്ച വരുത്തരുത്.
ഇമാമിനോടൊപ്പം ഇടതടവില്ലാതെ നമസ്‌കരിച്ചു പൂർത്തീയാക്കിയാൽ രാത്രി മുഴുവനും നമസ്‌കരിച്ച പ്രതിഫലം കണക്കാക്കപ്പെടുമത്രെ (ഹദീസ് അബൂ ദാവൂദ് 1375).
ഖുർആൻ പാരായണവും ദിക്‌റുകളും പ്രാർത്ഥനകളും അധികരിപ്പിക്കണം.
വ്രതാനുഷ്ഠം പ്രതിപാദിക്കുന്ന സൂക്തങ്ങളുടെ മധ്യഭാഗത്തായി അല്ലാഹു പറയുന്നുണ്ട്: എന്റെ അടിമകൾ അങ്ങയോടെന്നെപ്പറ്റി ചോദിച്ചാൽ ഞാൻ സമീപസ്ഥൻ തന്നെയാണ് എന്ന് മറുപടി നൽകുക, അർത്ഥിക്കുന്നവൻ എന്നോടു പ്രാർത്ഥിച്ചാൽ ഞാൻ ഉത്തരം നൽകും (സൂറത്തു ബ്ഖറ 186).
പ്രാർത്ഥനകളിൽ നബി (സ്വ) പഠിപ്പിച്ചത് പ്രത്യേകം അധികരിപ്പിക്കണം. ഒരിക്കൽ പ്രിയപത്‌നി ആയിശാ ബീബി (റ) നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: തിരുദൂതരേ, ലൈലത്തുൽ ഖദ്ർ ഏത് രാത്രിയിലാണെന്ന് എനിക്ക് അറിയുകയാണെങ്കിൽ ആ രാത്രിയിൽ ഞാൻ എന്താണ് ചൊല്ലേണ്ടത് ? നബി (സ്വ) പറഞ്ഞു: 'അല്ലാഹുവേ, നീ മാപ്പു നൽകുന്നവനാണ്, മാപ്പു നൽകുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, നീ എനിക്ക് മാപ്പു നൽകണമേ' എന്ന് പ്രാർത്ഥിക്കണം (ഹദീസ് തുർമുദി 35135, ഇബ്‌നു മാജ 3850, അഹ്‌മദ് 25384).
റമദാനിലെ അവസാന പത്ത് ദിവസങ്ങൾ മാപ്പപേക്ഷിക്കലിന്റെയും ഖേദിച്ചുമടങ്ങുന്നതിന്റെയും നരകമോചനം തേടുന്നതിന്റെയും ദിനരാത്രങ്ങളാണല്ലൊ. ആ പത്തിലെ ലൈലത്തുൽ ഖദ്ർ രാവ് അല്ലാഹുവോട് മാപ്പിരക്കാൻ ഏതുകൊണ്ടും അനുയോജ്യവുമാണ്. സൃഷ്ടാവായ അല്ലാഹു ഏറ്റവും കൂടുതൽ പൊറുത്തുതരുന്നവനും വിടുതി നൽകുന്നവനുമാണ്. സൃഷ്ടികൾ പരസ്പരം വിടുതിയും വിട്ടുവീഴ്ചയും നൽകുന്നതിനെയും അല്ലാഹു ഇഷ്ടപ്പെടുന്നു. മാതാപിതാക്കൾക്ക് ഗുണങ്ങൾ ചെയ്യണം. കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം. ദാനധർമ്മങ്ങൾ അധികരിപ്പിക്കണം.
ഈ പുണ്യരാവിൽ മനുഷ്യൻ മനസ്സും ശരീരവും ശുദ്ധീകരിച്ച് സൃഷ്ടികളോട് അസൂയയും വിദ്വേഷവുമില്ലാതെ സൃഷ്ടാവിലേക്ക് മുന്നിടേണ്ടിയിരിക്കുന്നു. തർക്കം ഒഴിവാക്കുകയും വിട്ടുവീഴ്ചയും സഹിഷ്ണുതയും ശീലമാക്കുകയും വേണം. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജങ്ങളും പാഴ് വാക്കുകളും പ്രചരിപ്പിച്ച് സമയം കളയരുത്. അസഭ്യങ്ങളും അശ്ലീലങ്ങളും ശീലമാക്കിയവരോടൊപ്പം കൂടരുത്. അവരുടെ ദുസ്വഭാവങ്ങൾ നമ്മെയും ദോഷകരമായി സ്വാധീനിക്കും. അല്ലാഹു പറയുന്നുണ്ട്: അവരുടെ മിക്ക രഹസ്യാലോചനകളിലും നന്മയേ ഇല്ല, ദാനം ചെയ്യാനോ സദാചാരമനുവർത്തിക്കാനോ ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കാനോ നിർശേദിക്കുന്നവരുടേതിലൊഴികെ (സൂറത്തുന്നിസാഅ് 114).