റമദാനിന്റെ ചൈതന്യത്തിന് തുടർച്ചകളുണ്ടാവണം

 യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 28/03/2025

ഭക്തിസാന്ദ്രമായ റമദാൻ മാസത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. റമദാൻ മാസം കഴിഞ്ഞാലും ആ ധന്യതയുടെ അനുരണനങ്ങൾ അവസാനിക്കുന്നില്ല. കാരുണ്യവാതിലുകൾ അടക്കപ്പെടുന്നില്ല. നരകമോചനത്തിന്റെ രാവുകൾക്ക് അവസാനമില്ല. എല്ലാ രാത്രികളിലും അല്ലാഹുവിന് നരകമോചിതരുണ്ടാവുമെന്നാണ് നബി വചനം  (സുനനു ഇബ്‌നുമാജ 1642). 

റമദാനിന് ശേഷവും നരകമോചന സ്വർഗതേട്ട പ്രാർത്ഥനകൾ തുടരണം. അല്ലാഹു പറയുന്നു: ആരൊരാൾ അന്നു നരകത്തിൽ നിന്നു ദൂരീകരിക്കപ്പെടുകയും സ്വർഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്തുവോ, അവൻ വിജയിക്കുക തന്നെ ചെയ്തു (സൂറത്തു ആലു ഇംറാൻ 185).

ആരാധനകൾ ഇടതടവില്ലാതെ തുടരണം. ആരാധനകൾ ചെയ്‌തെന്ന് വെച്ച് നിർത്തരുത്. അന്തിമവും ആരാധനാപൂർണമായിരിക്കണം. അന്തിമാവസ്ഥ പരിഗണിച്ചുകൊണ്ടാണ് കർമ്മങ്ങൾ കണക്കാപ്പെടുന്നതെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി 6610). 

തുടങ്ങിവെച്ച ആരാധകൾക്ക് തുടർച്ചയും നൈരന്തര്യവും ഉണ്ടാവണം. എന്നാലേ പാകപ്പെടുകയുള്ളൂ. കൃഷിചെയ്ത് ഫലമുണ്ടായെന്ന് വെച്ച് അത് മുറിച്ചെടുക്കുകയില്ലല്ലൊ. ഫലം പാകപ്പെടുന്നത് വരെ കാത്തിരിക്കണം. നല്ല അവസാനങ്ങളുണ്ടായാലേ കർമ്മങ്ങൾക്ക് സ്വീകാര്യതയുള്ളൂ. റമദാൻ അവസാന നാളുകളാണെങ്കിലും അതിശ്രേഷ്ഠ ദിനരാത്രങ്ങളാണ് ഒടുവിലത്തെ പത്തിലേത്. അവസാന രാത്രിയിലും അതിമഹത്തായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കാനാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത്. അതായത് ലൈലത്തുൽ ഖദ് റിനെ മുതലാക്കാൻ അവസാന പത്തിലെ എല്ലാ രാത്രികളും ആരാധനകൾ കൊണ്ട് സജീവമാകണം. 

റമദാൻ മാസത്തിൽ ആർജിച്ച ആത്മീയ ചൈതന്യം വർഷം മുഴുവനും നിലനിൽക്കണം. രാത്രി നമസ്‌കാരങ്ങൾ റമദാനിന് ശേഷവും തുടരണം. രാത്രി ഉണർന്ന് രാത്രി നമസ്‌കാരം ഉപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ പെടരു തെന്നാണ് അബ്ദുല്ല ബ്‌നു അംറു ബ്‌നു ആസ്വി (റ)നോട് നബി (സ്വ) ഉപദേശിച്ചത് (ഹദീസ് ബുഖാരി, മുസ്ലിം).

റമദാൻ അല്ലാത്ത മാസങ്ങളിലും വ്രതാനുഷ്ഠാനം ഉണ്ടാവണം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നോമ്പ് അനുഷ്ഠിക്കുന്നവന് സ്വർഗം സുനിശ്ചിതമാണ് (ഹദീസ് അഹ്‌മദ് 23324). 

റമദാൻ കഴിഞ്ഞാലും ഖുർആൻ എടുത്ത് ഓതണം. ദൈവസ്മരണയിലൂടെയാണ് മനശ്ശാന്തിയും സ്വസ്ഥതയും ലഭിക്കുന്നത് (സൂറത്തു റഅ്ദ് 28). 

ഭക്ഷണദാനവും മറ്റു ദാനധർമ്മങ്ങളും നിലനിർത്തണം. ദാനങ്ങൾക്ക് നല്ല ഇരട്ടികളായ പകരങ്ങളാണ്

അല്ലാഹു തരുന്നത്. എന്തൊരു വസ്തു നിങ്ങൾ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം തരും, ഉപജീവനം നൽകുന്നവരിൽ അത്യുദാത്തനേ്രത അവൻ (സൂറത്തു സബഅ് 39). 

ദിക്‌റുകളും ദുആകളും പശ്ചാത്താപങ്ങളും രാവും പകലും ചെയ്തുകൊണ്ടിരിക്കണം. സൂര്യൻ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുമ്പും ദിനരാത്രങ്ങളുടെ ചില മുഹൂർത്തങ്ങളിലും നാഥനെ സ്തുതിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക, എങ്കിൽ താങ്കൾക്കു ദൈവിക സംതൃപ്തി ലഭിച്ചേക്കും (സൂറത്തു ത്വാഹാ 130).

റമദാനിന് ശേഷവും എല്ലാ നന്മകളും ആരാധനകളും നന്നായി തുടരുക. ഒരിക്കൽ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ പ്രിയ പത്‌നി ആയിശ (റ) യോട് ചോദിക്കപ്പെട്ടു: നബി (സ്വ)യുടെ ആരാധനാകർമ്മങ്ങൾ എങ്ങനെയാണ്, ഏതെങ്കിലും ദിവസത്തെ പ്രത്യേകമാക്കിയിരുന്നോ? മഹതി മറുപടി നൽകി: ഇല്ല, നബി (സ്വ)യുടെ ആരാധനാ കർമ്മങ്ങൾ പതിവായുള്ളവയായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സൽക്കർമ്മം തുടർച്ചയായി ചെയ്യുന്നവയാണ്, അതെത്ര കുറഞ്ഞതാണെങ്കിലും ശരി (ഹദീസ് മുസ്ലിം 782). 

റമദാൻ മാസം കഴിഞ്ഞ് ശവ്വാൽ പിറക്കുന്നതോടെ എല്ലാ സത്യവിശ്വാസികൾക്കും നിർബന്ധമാവുന്ന ദാനമാണ് സകാത്തുൽ ഫിത്വ്ർ. ആശ്രിതരുടെ ഫിത്വ്ർ സകാത്ത് ഉത്തരവാദിത്വപ്പെട്ട കുടുംബനാഥൻ സകാത്തിന്റെ അർഹർക്ക് നൽകണം. റമദാൻ വ്രതങ്ങളിലെ പിഴവുകൾക്ക് ശുദ്ധി നൽകുന്നതാണ് സകാത്തുൽ ഫിത്വ്ർ. പാവപ്പെട്ടവർക്കുള്ള അന്നവുമാണത് (ഹദീസ് അബൂദാവൂദ് 1609). വസിക്കുന്ന നാട്ടിലെ മുഖ്യ ധാന്യാഹാരമാണ് സകാത്തായി നൽകേണ്ടത്. നബി (സ്വ) ഒരു സ്വാഅ് (3.200 ലിറ്റർ/രണ്ടര കിലോ ഗ്രാം മുതൽ 3 കിലോ ഗ്രാം വരെ) കാരക്കയോ ബാർളിയോ നൽകണമെന്നാണ് അനുചരന്മാരോട് കൽപ്പിച്ചിരുന്നത്. നാണയം നൽകാമെന്നും പണ്ഡിത പക്ഷമുണ്ട്. അങ്ങനെയാണെങ്കിൽ യുഎഇ സാഹചര്യത്തിൽ ഓരോർത്തരും 25 ദിർഹം നൽകണം. പെരുന്നാളിന് രണ്ടുദിവസം മുമ്പായി ഫിത്വ്ർ സകാത്ത് നൽകിത്തുടങ്ങാനാവും. പെരുന്നാൾ ദിവസത്തെ പ്രഭാത നമസ്‌കാരം കഴിഞ്ഞത് മുതൽ പെരുന്നാൾ നമസ്‌കാര സമയം വരെയാണ് ഏറ്റവും ശ്രേഷ്ഠമായ സമയം.

ഇൻശാ അല്ലാഹ് വ്രതവിശുദ്ധിയുടെ ധന്യത നമ്മുക്ക് ഈദുൽ ഫിത്വ് ർ ആഘോഷിക്കാം.