ദൈവാനുഗ്രഹങ്ങൾക്ക് കണക്കില്ല

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 04/04/2025

അല്ലാഹു നമ്മുക്ക് നൽകിയ അനുഗ്രഹങ്ങൾ എണ്ണമറ്റതാണ്.

സ്പന്ദിക്കുന്ന ഹൃദയം, സംസാരിക്കുന്ന നാവ്, ചിന്തിക്കുന്ന ബുദ്ധി, കാണുന്ന കണ്ണ്, കേൾക്കുന്ന ചെവി, അനുഭവഭേദ്യമാക്കുന്ന ഇന്ദ്രിയങ്ങൾ, ചലിക്കുന്ന അവയവങ്ങൾ .. ഇതെല്ലാം മനുഷ്യന്റെ സ്വശരീരത്തിൽ അല്ലാഹു വിധാനിച്ച വിലമതിക്കാനാവാത്ത അനുഗ്രഹങ്ങളാണ്. അതിന്റെയെല്ലാം വില നമ്മുക്ക് ആർക്കും കണക്കാക്കാനാവില്ല. അവ നിങ്ങൾ കണ്ടറിയുന്നില്ലെന്ന് അല്ലാഹു ചോദിക്കുന്നുണ്ട് (സൂറത്തുദ്ദാരിയാത്ത് 21). 

നാം ചുറ്റുപാടും നോക്കിയാലും ഓരോന്നിലും ദൈവ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും കണ്ടെത്താനാവും. ഉപജീവനങ്ങൾ, ആവാസ സൗകര്യങ്ങൾ, കുടുംബങ്ങൾ, സ്വസ്ഥത ജീവിതം, നല്ല ഭരണകൂടം, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സംവിധാനങ്ങൾ, അതിവേഗ ഡിജിറ്റൽ ഉപകരണങ്ങൾ അങ്ങനെ എല്ലാം അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ. അവയൊന്നും എണ്ണിക്ലിപ്തപ്പെടുത്താനാവില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിനോക്കുകയാണെങ്കിൽ നിങ്ങൾക്കവ തിട്ടപ്പെടുത്താനാവില്ല (സൂറത്തു ഇബ്രാഹിം 34).


നാവ് എത്ര വാചാലമായാലും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ പറഞ്ഞുതീരില്ല. നെറ്റിത്തടം എത്ര സ്രാഷ്ടാങ്കം നമിച്ചാലും അവന്റെ അനുഗ്രങ്ങൾക്കുള്ള ഉപകാരസ്മരണ ചെയ്തു തീർക്കാനാവില്ല. അവനോട് നാം നന്ദിയുള്ളവരായിരിക്കണം. അവനോടും മാതാപിതാക്കളോടും നന്ദികാണിക്കണമെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്  (സൂറത്തു ലുഖ്മാൻ 14).

സ്രഷ്ടാവിനോട് നന്ദിപ്രകടിപ്പിക്കൽ സൃഷ്ടികളുടെ ബാധ്യതയാണ്. അതാണ് പ്രവാചകന്മാരുടെ പാതയും. അവനിക്ക് നന്ദിചെയ്യാനുള്ള ആവതുണ്ടാവാൻ നാം പ്രാർത്ഥിക്കണം. ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിച്ചു: എന്ത് സമ്പത്താണ് നാം ഉണ്ടാക്കിവെക്കേണ്ടത്? നബി (സ്വ) മറുപടി പറഞ്ഞു: നിങ്ങളോരോർത്തരും നന്ദിയുള്ള ഹൃദയം ഉണ്ടാക്കിയെടുക്കണം (ഹദീസ് അഹ്‌മദ് 22437). 


അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നന്ദി പ്രകാശനം മൂന്നു രീതികളിലാണ്. 

ഒന്ന് അനുഗ്രഹങ്ങൾ അംഗീകരിക്കൽ.

രണ്ട് അവ അധികമായി ഓർക്കൽ.

മൂന്ന് അവ ദാതാവായ അല്ലാഹുവിന്റെ മാർഗത്തിൽ ശരീരയായി ഉപയോഗിക്കൽ. 

എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന് പൂർണാർത്ഥത്തിൽ അംഗീകരിക്കണം. അനുഗ്രഹമായി നിങ്ങൾക്ക് എന്തൊക്കെയുണ്ടോ അവയത്രയും അല്ലാഹുവിങ്കൽ നിന്നുള്ളതത്രേ (സൂറത്തു ന്നഹ്‌ല് 53).

അവ എപ്പോഴും നന്നായി ഓർക്കണം. സത്യവിശ്വാസികളേ, ഒരു വിഭാഗമാളുകൾ നിങ്ങളെ കൈയേറ്റം ചെയ്യാനുദ്ദേശിച്ചപ്പോൾ അല്ലാഹു അവരുടെ കരങ്ങളെ നിങ്ങളിൽ നിന്നു തടുത്ത അനുഗ്രഹം അനുസ്മരിക്കുക (സൂറത്തു മാഇദ 11). 

നമ്മുടെ പിതാക്കൾക്കും പ്രപിതാക്കൾക്കും ലഭിക്കാത്ത എത്രയെത്ര അനുഗ്രഹങ്ങളാലാണ് നാം അനുഗ്രഹീതരായിരിക്കുന്നത്. എല്ലാത്തിന്റെയും മൂല്യം നാം അറിഞ്ഞിരിക്കണം. എല്ലാം യുക്തമായി ഉപയോഗിക്കണം. ഒന്നിലും അമിതവ്യയമോ ധൂർത്തോ പാടില്ല. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (സൂറത്തുൽ അൻആം 141). 


നന്ദി ചെയ്യുന്നവരുടെ അനുഗ്രഹങ്ങളിൽ അല്ലാഹു പുണ്യങ്ങൾ വാരിക്കോരിനൽകും. ഹൃദയസന്തുഷ്ടിയും ജീവിതവിജയവും ഉപജീവനത്തിൽ വർധവും പ്രദാനം ചെയ്യും. നന്ദി ചെയ്യുന്നവർക്ക് ഇനിയുമിനിയും അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചുനൽകുമെന്ന് അല്ലാഹു തന്നെ വാഗ്ദാനം ചെയ്തതാണ് (സൂറത്തു ഇബ്രാഹിം 07).  


അനുഗ്രഹങ്ങൾക്കുള്ള നന്ദി ചെയ്യുന്നതിന്റെ ഏറ്റവും പ്രകടമായ രൂപം അനുഗ്രഹങ്ങൾ ചെയ്തുതന്ന അല്ലാഹുവിന്റെ പ്രീതിയിലായി അവയെ ഉപയോഗിക്കലാണ്. അനുഗ്രഹങ്ങൾ ദൈവാനുസരണക്കുള്ള വകകളാവണം. അനുസരണക്കേടിനുള്ള മാർഗമാവരുത്. ദാവൂദ് നബി (അ)യോടും കുടുംബത്തോടും അല്ലാഹു കൃതജ്ഞതാപൂർവം കാര്യങ്ങൾ ചെയ്യാൻ കൽപ്പിക്കുന്നത് വിശുദ്ധ ഖുർആനിൽ കാണാം (സൂറത്തു സബഅ് 13). 

അറിവ് വലിയ അനുഗ്രഹമാണ്. അതിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവും വിധം പ്രയോജനപ്പെടുത്തണം. സമ്പാദ്യ അനുഗ്രഹങ്ങളെ ശരിയായ രീതിയിൽ അർഹർക്ക് ദാനങ്ങൾ നൽകിയോ വഖ്ഫ് നൽകിയോ മുതലാക്കണം. ദാനം സമ്പത്തിൽ നിന്ന് ഒന്നും കുറക്കില്ലെന്നാണ് നബി വചനം (ഹദീസ് തുർമുദി 2325). ശരീരത്തെയും ആരോഗ്യത്തെയും നിഷിദ്ധങ്ങളിൽപ്പെടാതെ ദൈവമാർഗത്തിൽ ഉപയോഗപ്പെടുത്തണം. ജോലിയും സ്ഥാനമാനവും അനുഗ്രഹങ്ങളാണ്. അവ മുറപോലെ നിറവേറ്റണം. സഹപ്രവർത്തകർക്ക് സഹായകരമാവണം. മറ്റൊരാളെ സഹായിക്കുമ്പോൾ അവനെ അല്ലാഹുവും സഹായിക്കുന്നതായിരിക്കും (ഹദീസ് മുസ്ലിം 2699).