യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 11/04/2025
ജേഷ്ഠസഹോദരൻ ഏതൊരാൾക്കും താങ്ങും തണലുമാണ്. ശൈശവത്തിലെ കളിക്കൂട്ടുകാരനാണെങ്കിലും പിതാവിന്റെ സ്ഥാനത്താണ് വല്യേട്ടൻ. പ്രതിസന്ധി ഘട്ടങ്ങളിൽ അഭയമേകുന്ന സ്‌നേഹനിധിയായ ജേഷ്ഠൻ ജീവിതത്തിന്റെ പ്രധാന ഭാഗധേയമാണ്.
മൂസാ നബി (അ) സഹോദന് വേണ്ടി പ്രാർത്ഥിക്കുന്നത് പരിശുദ്ധ ഖുർആനിൽ കാണാം: എന്റെ കുടുംബത്തിൽ നിന്ന് എനിക്കൊരു സഹായിയെ സ്വസഹോദരൻ ഹാറൂനെ ഏർപ്പെടുത്തുകയും അദ്ദേഹം എനിക്ക് ദൃഢശക്തിയേകുകയും എന്റെ ദൗത്യത്തിൽ അദ്ദേഹത്തെ പങ്കാളിയാക്കുകയും ചെയ്താലും (സൂറത്തു ത്വാഹാ 29, 30, 31, 32). അങ്ങനെ അല്ലാഹു മൂസാ നബി (അ) യുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി പറയുന്നുണ്ട്: സ്വസഹോദരൻ വഴി നിങ്ങൾക്ക് നാം പിൻബലമേകുകയും ഒരു അജയ്യ ശേഷി നിങ്ങളിരുവർക്കും നാം തരികയും ചെയ്യും, അപ്പോൾ നിങ്ങള പ്രാപിക്കാൻ അവർക്കാകില്ല. നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന നിങ്ങളിരുവരും അനുധാവകരും തന്നെയാകും ജേതാക്കൾ (സൂറത്തുൽ ഖസ്വസ് 35).
ജേഷ്ഠ സഹോദരന്റെ മാഹാത്മ്യം ഓരോർത്തരും മനസ്സിലാക്കി ബഹുമാനിക്കുകയും ഗുണം ചെയ്യുകയും വേണം. മാതാവ്, പിതാവ്, സഹോദരി എന്നിവർക്ക് ശേഷം കുടുംബബന്ധത്തിൽ സ്ഥാനം കൽപ്പിക്കേണ്ടത് ജേഷ്ഠന് എന്നാണ് നബി (സ്വ) പഠിപ്പിച്ചുതന്നിരിക്കുന്നത് (അൽ മുസ്തദ്‌റക് അലാൽ സ്വഹീഹൈനി 7245).
ജേഷ്ഠനോടുള്ള ഗുണകാംക്ഷ കുടുംബബന്ധം ചേർക്കുന്നതിലൂടെയും സ്‌നേഹബന്ധത്തിലൂടെയുമാണ്. പരസ്പരം സഹായസഹകരണങ്ങൾ ചെയ്യുകയും സന്ദർശിക്കുകയും വേണം. അന്വേഷണങ്ങൾ നടത്തുകയും മക്കളെക്കുറിച്ച് ചോദിച്ചറിയും അവർക്കായി സമ്മാനങ്ങൾ നൽകുകയും വേണം. ഉമറിന് (റ) നബി (സ്വ) നൽകിയ പുതുവസ്ത്രം സ്വസഹേദരന് ധരിപ്പിച്ചുകൊടുത്ത സംഭവം ചരിത്രത്തിൽ കാണാം (ഹദീസ് മുസ്ലിം 2068).
മൂത്ത സഹോദരനെ ബഹുമാനിക്കുകയും വിലകൽപ്പിക്കുകയും വേണം. വലിയവരെ ബഹുമാനിക്കാത്തവർ നമ്മളിൽ പെട്ടവരല്ല എന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്‌മദ് 9637).
ജേഷ്ഠസഹോദരന്റെ അഭിപ്രായം സശ്രദ്ധം നിശബ്ദമായി കേൾക്കുകയും അദ്ദേഹത്തിന്റെ ജീവിതാനുഭവം കേട്ടുമനസ്സിലാക്കുകയും കാര്യങ്ങളിൽ കൂടിയാലോചന നടത്തുകയും വേണം.
ഒരിക്കൽ ഒരാൾ അബ്ദുല്ലാ ബ്‌നുൽ മുബാറകി (റ)നോട് ചോദിച്ചു: എന്താണ് ഒരു മനുഷ്യന് നൽകപ്പെട്ട ഏറ്റവും നല്ല കാര്യം? അദ്ദേഹം മറുപടി നൽകി: കാര്യങ്ങളിൽ കൂടിയാലോചന നടത്തുന്ന സ്വന്തം സഹോദരൻ (സിയറു അഅലാമിന്നുബലാഅ് 7/376, ശിഅബുൽ ഈമാൻ 4354).
അങ്ങനെയുള്ള നല്ല സഹോദരൻ ചതിക്കുകയോ നിന്ദിക്കുയോ ചെയ്യില്ല. മറിച്ച് നല്ല കാര്യങ്ങൾ അറിയിച്ചു കൊടുക്കും. ശരിയിലേക്ക് വഴി നടത്തും. സ്വന്തത്തിന് ഇഷ്ടമുള്ളത് സ്വസഹോദരന്നും നൽകും.
ഒരിക്കൽ നബി (സ്വ) ഒരാളോട് ചോദിച്ചു: താങ്കൾ സ്വർഗം ആഗ്രഹിക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതേ. അപ്പോൾ നബി (സ്വ) പറഞ്ഞു: എന്നാൽ താങ്കൾക്ക് ഇഷ്ടപ്പെടുന്ന നല്ല കാര്യങ്ങൾ താങ്കളുടെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക (ഹദീസ് അഹ്‌മദ് 17107).
ജേഷ്ഠസഹോദരന്റെ സേവനങ്ങൾക്ക് വിലമതിക്കുകയും പാളിച്ചകൾ മാപ്പാക്കുകയും ചെയ്യണം. ഒരു വീഴ്ച കാരണമോ മറ്റോ ബന്ധത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങളുണ്ടാവരുത്. മനപ്പൂർവ്വമല്ലാത്ത പിഴവ്, പരദൂഷണം, തെറ്റിദ്ധാരണ, അറിയാതെ പറഞ്ഞുപോയ ഒരു വാക്ക്, മറ്റു ഭൗതിക അഭിപ്രായ വിത്യാസങ്ങൾ അങ്ങനെ പലവിധ കാരങ്ങളാൽ തെറ്റി നിൽക്കുന്ന സഹോദന്മാരുടെയും സഹോദരിമാരുടെയും അവസ്ഥ അങ്ങേയറ്റം ഖേദകരം തന്നെ. കുടുബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്നാണ് നബി (സ്വ)യുടെ താക്കീത് (ഹദീസ് ബുഖാരി, മുസ്ലിം).
ജേഷ്ഠ സഹോദരനും ബാധ്യതകളുണ്ട്. സ്വന്തം സ്ഥാനവും ഉത്തരവാദിത്വവും മനസ്സിലാക്കി സഹോദരന്മാർക്കിടയിൽ നീതിബോധത്തോടെ വർത്തിക്കണം. വഴിതെറ്റുന്ന സഹോദരങ്ങളെ ബുദ്ധിപരമായി ഉപദേശിക്കണം, യുക്തമായി നേർവഴി കാണിച്ചുകൊടുക്കണം. കരുണാമയമായി സ്‌നേഹാർദ്ദമായി പെരുമാറണം. ജീവിത കാര്യങ്ങളിൽ സഹായിക്കുകയും ഗുണകാംക്ഷയോടെ ഉപദേശിക്കുകയും വേണം. പരസ്പരമുള്ള അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം കാണണം. സഹോദരങ്ങൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കാൻ അല്ലാഹു കൽപ്പിക്കുന്നുണ്ട് (സൂറത്തുൽ ഹുജറാത്ത് 10).
ജേഷ്ഠനാണ് ബലം. അതിനാൽ സഹോദരങ്ങൾക്കുള്ള അവകാശങ്ങൾ വകവെച്ചുനൽകുകയും ഉത്തരവാദിത്വങ്ങൾ വീട്ടുകയും ചെയ്യണം. അവരിലുള്ള സമ്പത്ത് മോഹിച്ചു ഒന്നും ചെയ്യരുത്. അങ്ങനെയുള്ളതിന്റെ ഭവിഷ്യത്ത് ഭയാനകമായിരിക്കും.