യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 18/04/2025
പരസ്പര ബന്ധങ്ങളെയും സ്‌നേഹങ്ങളെയും ഇല്ലാതാക്കുന്ന വളരെ മ്ലേഛമായ സ്വഭാവമാണ് പരദൂഷണം. സദസ്സുകളിലും സാമൂഹ്യമാധ്യമങ്ങളിലും പരദൂഷണം പരത്തുന്നത് അപകടകാരിയായ സാമൂഹിക രോഗമാണ്. അന്യനെപ്പറ്റി കുറ്റം പറഞ്ഞുനടക്കുന്നത് വലിയ പാപവും ന്യൂനതയുമാണ്. ഒരു സത്യവിശ്വാസിയെപ്പറ്റി പരദൂഷണം പറയുന്നത് ഏറ്റവും മോശമായ അന്നമെന്നാണ് ഇബ്‌നു മസ്ഊദ് (റ) പറഞ്ഞിരിക്കുന്നത് (അദബുൽ മുഫ്‌റദ് 734). അതേ, പരദൂഷണത്തിലൂടെ ഒരാളെ കാർന്നുതിന്നുന്നു, കാരണം പരദൂഷകൻ അയാളുടെ മാന്യതയും സൽപ്പേരും അഭിമാനവും കടിച്ചുകീറുകയാണ് ചെയ്യുന്നത്.
യഥാർത്ഥത്തിൽ സംഹാരാത്മകമായ ഒരു കൂട്ടം അസുഖങ്ങൾ തുറന്നുവിടുന്ന ആപത്താണ് പരദൂഷണമെന്നത്. അപകീർത്തിയും അപവാദയും, വെറുപ്പും വിദ്വേഷവും ശത്രുതയും നുണപ്രചാരണങ്ങളുമെല്ലാം പരദൂഷണത്തിന്റെ തുടർച്ചകളാണ്.
എന്താണ് പരദൂഷണം? നബി (സ്വ) വിവരിച്ചിട്ടുണ്ട് : നിന്റെ സഹോദരനെപ്പറ്റി അവൻ വെറുക്കുന്നത് പറയലാണ് പരദൂഷണം. അപ്പോൾ ആരോ ചോദിച്ചു: എന്നാൽ ആ പറയുന്ന കാര്യം ആ സഹോദരനിൽ ഉള്ളതാണെങ്കിലോ?! അപ്പോൾ നബി (സ്വ) പറഞ്ഞു: ഉള്ള കാര്യം പറഞ്ഞതാണെങ്കിൽ പരദൂഷണമാണ്, ഇനി ഇല്ലാത്ത കാര്യം പറഞ്ഞതാണെങ്കിൽ അത് മിഥ്യാക്ഷേപമാണ് (ഹദീസ് മുസ്ലിം 2589).
പരദൂഷണത്തിന്റെ കാര്യത്തിൽ അല്ലാഹു തന്നെ താക്കീത് ചെയ്തതാണ് നിങ്ങൾ പരദൂഷണം പറയരുത്. സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ അത് നിങ്ങൾ വെറുക്കുകയാണുണ്ടാവുക (സൂറത്തുൽ ഹുജറാത്ത് 12). സ്വന്തം സഹോദരന്റെ മാംസം ഭക്ഷിക്കുന്ന കണക്കെയുള്ള പരദൂഷണം വളരെ ജുഗുപ്‌സാവഹമായ പ്രവർത്തി തന്നെ.
വ്യക്തികളെയോ കുടുംബങ്ങളെയോ സമൂഹങ്ങളെയോ പരദൂഷണം പറഞ്ഞ കാരണത്താൽ എത്രയെത്ര കുടുംബബന്ധങ്ങളാണ് തകർന്നിട്ടുള്ളത്. തൊഴിലിടങ്ങളിലെ സഹപ്രവർത്തകരെപ്പറ്റിയുള്ള പരദൂഷണം ഭിന്നതകളും അസ്വസ്ഥതകളും ഉണ്ടാക്കും.
പരദൂഷണത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള എളുപ്പവഴി ദൈവസ്മരണ തന്നെയാണ്. എല്ലാം അല്ലാഹു കാണുന്നുണ്ട്, അവൻ നിരീക്ഷിക്കുന്നുണ്ട് എന്ന ബോധം സ്വന്തത്തിൽ സന്നിവേശിപ്പിക്കണം. 'ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് രേഖപ്പെടുത്താനൊരുങ്ങിയ നിരീക്ഷകനുണ്ടാകാതിരിക്കില്ല' (സൂറത്തു ഖാഫ് 18).
ചിലപ്പോൾ നാം ശ്രദ്ധിക്കാതോ പറയുന്ന ദൂഷണ വാക്കുകൾ മഹാ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. ഒരിക്കൽ പ്രചാവക പത്‌നിമാരിൽ ഒരാൾ സ്വന്തം സഹോദരിയുടെ നീളക്കുറവിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ നബി (സ്വ) പ്രതികരിക്കുകയുണ്ടായി: നീ പറഞ്ഞ ഈ വാക്ക് കടൽവെള്ളിത്തിൽ കലക്കിയാൽ ആ വെള്ളം മൊത്തം മലിനമാക്കുന്നത്ര ഭയാനകമാണ് (ഹദീസ് അബൂദാവൂദ് 4875).
പരദൂഷണത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള മറ്റൊരു മാർഗം, മറ്റൊരാളുടെ മനസ്ഥിതി അറിയുക എന്നതാണ്. താൻ പരദൂഷണം പറഞ്ഞ കാരണത്താൽ മറ്റൊരാൾക്ക് ഉണ്ടാവുന്ന വേദനയും യാതനയും മനസ്സിലാക്കുക. ചിലപ്പോൾ അത് അയാളുടെ ജീവിതം തന്നെ വഴിമുട്ടിച്ചേക്കാം. ആ സ്ഥാനത്ത് നമ്മളാണെന്ന് ആലോചിച്ചു നോക്കുക. നമ്മൾ ഇഷ്ടപ്പെടുകയില്ല.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: സഹോദരനെപ്പറ്റി അയാളുടെ അസാന്നിധ്യത്തിൽ നിങ്ങൾ സ്വന്തം പറയപ്പെടാൻ ആഗ്രഹിക്കുന്ന നല്ല കാര്യം പറയുക, ആഗ്രഹിക്കാത്തത് ഒഴിവാക്കുകയും ചെയ്യുക.
ഒരു സദസ്സിൽ പരദൂഷണം പറയപ്പെടുകയാണെങ്കിൽ അതിൽ പങ്കാളിയാവരുത്, വിട്ടുനിൽക്കുക. മോശത്തോട് ചേർന്നാൽ നാമും മോശമാവും, അവരും നാമും സമമാവും.
മറ്റൊരാളുടെ ആത്മാഭിമാനം പിച്ചിച്ചീന്തരുത്. മറ്റൊരാളുടെ അഭിമാനം സംരക്ഷിച്ചാൽ അന്ത്യനാളിൽ അല്ലാഹു അയാളുടെ മുഖത്തെ നരകാഗ്നിയിൽ നിന്ന് കാത്തുസംരക്ഷിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 1931).
നാമോരാളെപ്പറ്റി പരദൂഷണം പറയുകയും അത് മറ്റൊരാൾ വഴി അയാൾ അറിയുകയും ചെയ്താൽ അയാളോട് മാപ്പ് ചോദിക്കണം. അല്ലെങ്കിൽ അയാൾക്ക് വേണ്ടിയും സ്വന്തത്തിന് വേണ്ടിയും അല്ലാഹുവിനോട് പശ്ചാത്താപം ചെയ്യണം. മാത്രമല്ല പരദൂഷണം പറഞ്ഞത്ര തന്നെ അയാളെപ്പറ്റി നല്ല കാര്യങ്ങളും പറയണം.
പരദൂഷണമെന്ന ദുസ്വഭാവം ഒരിക്കലും ഉണ്ടാവില്ലെന്ന് നമ്മുക്ക് പ്രതിജ്ഞ ചെയ്യാം.

