യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 25/04/2025
ഒരു സമൂഹത്തിന്റെ ഐക്യവും അഖണ്ഡതയും ഭദ്രതയും പുരോഗതിയും സാംസ്‌കാരികോന്നതിയുമെല്ലാം അറിയണമെങ്കിൽ ആ സമൂഹത്തിന്റെ അംഗങ്ങളിലേക്ക് നോക്കി, അവർ മുതിർന്നവരെ ബഹുമാനിക്കുന്നുണ്ടോ അവർക്കുള്ള സ്ഥാനമാനം വകവെച്ചു നൽകുന്നുണ്ടോ എന്നെല്ലാം നിരീക്ഷിച്ചാൽ മതിയാവും. മുതിർന്നവർ മുന്തിയവരാണ്. അവരെ ബഹുമാനിക്കൽ സാമൂഹിക ബാധ്യതയാണ്. അതു തന്നെയാണ് പ്രവാചകർ മുഹമ്മദ് നബി (അ) പഠിപ്പിച്ചുതന്ന പാതയും. നബി (സ്വ) മുതിർന്നവരെ ആദരിക്കുകയും അവരോട് മയത്തിൽ പെരുമാറുകയും ചെയ്യുമായിരുന്നു.
മക്കാവിജയവേളയിൽ അബൂബക്കർ സിദ്ധീഖ് (റ) പിതാവിനെയും ചുമന്ന് തിരുനബി സന്നിധിയിൽ കൊണ്ടുവന്നപ്പോൾ നബി (അ) ആ പ്രായമായയാളെ സ്‌നേഹാർദ്ദമായി വരവേറ്റുകൊണ്ട് പറഞ്ഞത് അദ്ദേഹത്തിനെ എന്തിനാണ് ഇേേങ്ങാട്ട് കൊണ്ടുവന്നത്, വീട്ടിൽ തന്നെ ഇരുത്താമായിരുന്നില്ലേ, നമ്മൾ അങ്ങോട്ട് പോയി കാണുമായിരുന്നല്ലൊ എന്നാണ് (ഹദീസ് അഹ്‌മദ് 12635). അദ്ദേഹത്തിന്റെ പ്രായം മാനിച്ച് പ്രയാസപ്പെടുത്താതിരിക്കാനാണ് നബി (സ്വ) അങ്ങനെ ചെയ്തത്. പ്രായമായവരോട് കാണിക്കേണ്ട കരുതലിന്റെയും ബഹുമാനാദരവിന്റെയും ഉത്തമ ഉദാഹരണമാണ് പ്രവാചകർ നബി (സ്വ) കാണിച്ചുതന്നിരിക്കുന്നത്.
പ്രായാധിക്യത്തിന്റെ നര പ്രൗഢിയും ഗാംഭീര്യവുമാണ്, മാത്രമല്ല സ്വർഗത്തിലേക്ക് നയിക്കുന്ന പ്രകാശവുമാണത്. സത്യവിശ്വാസിയുടെ ഓരോ നരയും അന്ത്യനാളിൽ സ്വർഗത്തിലേക്കുള്ള വെട്ടമാണെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4202).
മുതിർന്നവരെ ബഹുമാനിക്കുന്നത് അല്ലാഹുവിനോടുള്ള ബഹുമാനം കൂടിയാണ്. നബി (സ്വ) പറയുന്നുണ്ട്: നര ബാധിച്ച സത്യവിശ്വാസിയെ ആദരിക്കുന്നത് അല്ലാഹുവിനെ ആദരിക്കുന്നതിൽപ്പെട്ടതാണ് (ഹദീസ് അബൂദാവൂദ് 4843, അദബുൽ മുഫ്‌റദ് 357).
സമൂഹത്തിന്റെ നെടുംതൂണുകളാണ് മുതിർന്നവർ. അവർ നാടിന്റെ ഐശ്വര്യമാണ്. നിങ്ങളിലെ മുതിർന്നവർക്കൊപ്പമാണ് ഐശ്വര്യം എന്ന ഹദീസുണ്ട് (ഇബ്‌നു ഹിബ്ബാൻ 2/319). അവരുടെ യുക്തി, അനുഭവസമ്പത്ത്, വിരുന്നുസൽക്കാരങ്ങൾ, ദാനങ്ങൾ, വാത്സല്യം, വീക്ഷണങ്ങൾ അങ്ങനെ എല്ലാത്തിലും പുണ്യങ്ങളുണ്ട്. അവരാണ് പൈതൃകങ്ങളുടെയും പാരമ്പര്യങ്ങളുടെയും സൂക്ഷിപ്പുകാർ.
പ്രായമായവരെ ബഹുമാനിക്കേണ്ടത് ഏവരുടെയും ബാധ്യതയാണ്. മുതിർന്നവരെ ബഹുമാനിക്കാത്തവർ നമ്മിൽപ്പെട്ടവരല്ലെന്നാണ് നബി വചനം (ഹദീസ് തുർമുദി 2043, അഹ്‌മദ് 6937).
പ്രഥമമായി നമ്മുടെ കുടുംബത്തിൽ നിന്നുള്ള പ്രായമായവരെ തന്നെ പരിഗണിക്കണം. പ്രായമായ മാതാപിതാക്കളെയും വല്യുപ്പ വല്യുമ്മമാരെയും ആദരിക്കുകയും മാനിക്കുകയും വേണം. അല്ലാഹു പറയുന്നുണ്ട്: മാതാപിതാക്കളിലൊരാളോ ഇരുവരും തന്നെയോ വാർധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കിൽ അവരോട് ഛെ എന്നുപോലും പറയുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുത്. ആദരപൂർണമായ വാക്കുകൾ പറയുകയും കാരുണ്യപൂർവം വിനയത്തിന്റെ ചിറകുകൾ അവരിരുവർക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം 'രക്ഷിതാവേ ഇവരിരുവരും എന്നെ ചെറുപ്പത്തിൽ പോറ്റിവളർത്തിയതു പോലെ ഇവർക്ക് നീ കാരുണ്യം ചൊരിയണമേ' (സൂറത്തുൽ ഇസ്‌റാഅ് 23, 24).
മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന, അവരോട് സ്‌നേഹവും ബഹുമാനവും കാട്ടുന്ന, പിതാവിനെ മസ്ജിദിലേക്ക് കൂടെകൊണ്ടുപോവുന്ന, അവരുടെ വാർധക്യസഹമായ ബലഹീന തകളിൽ ക്ഷമിക്കുന്ന, നന്നായി സംസാരിക്കുന്ന മക്കളുണ്ടാവുക എന്നത് ഏറെ സേേന്താഷദായകമായ കാര്യമാണ്. സദസ്സുകളിൽ പിതാക്കൾക്ക് മുൻഗണന നൽകണം. അവരുടെ സംസാരങ്ങൾക്ക് നിശബ്ദതയോടെ കാതോർക്കണം. ഫോണിലോ മറ്റു വേലകളിലോ ഏർപ്പെടരുത്. ഇടക്ക് കേറിസംസാരിക്കരുത്. ഒരു സദസ്സിൽ വെച്ച് ഏറ്റവും ചെറിയയാൾ സംസാരിക്കാൻ തുനിഞ്ഞപ്പോൾ 'വലിയവർ സംസാരിക്കട്ടെ, വലിയവർ സംസാരിക്കട്ടെ' എന്നാണ് നബി (സ്വ) ഉപദേശിച്ചത് (ഹദീസ് ബുഖാരി, മുസ്ലിം).
ചർച്ചകളിൽ അവരെയും ഉൾപ്പെടുത്തണം. അവരുടെ അനുഭവസമ്പത്തും പരിഗണിക്കണം. അവരുടെ സാന്നിധ്യം സന്തോഷകരമാക്കണം. അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. നല്ല നിലവാരമുള്ള ജീവിതസൗകര്യങ്ങൾ നൽകണം. വിശ്രമത്തിന് അവസരമൊരുക്കണം. ഇടക്കിടക്ക് സുഖവിവരം ചോദിച്ചറിയണം. മുഖത്ത് നോക്കി പുഞ്ചിരിക്കണം. ഏത് അവസരത്തിലും ചെറു സമ്മാനം നൽകിയോ നല്ല വാക്കുകൾ പറഞ്ഞോ അവരെ സന്തോഷിപ്പിക്കണം. ഇടക്കിടക്ക് അവരെ സന്ദർശിച്ചോ ബന്ധപ്പെട്ടോ ഏകാന്തതയുടെ പ്രതീതി ഇല്ലാതെ നോക്കണം.
മാതാപിതാക്കൾക്കെതിരെ ശബ്ദമുയർത്തുന്നതോ അവരെ പരിഹസിക്കുന്നതോ അവരിൽ നിന്ന് മുഖം തിരിക്കുന്നതോ അവരുടെ സേവനങ്ങളെ വിലകുറച്ചുകാണുന്നതോ അവരുടെ സാന്നിധ്യം ഭാരമായി തോന്നുന്നതോ ആയ ഒരു നിമിഷം പോലും ഉണ്ടാവരുത്. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്നാണ് പ്രവാചകർ (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അഹ്‌മദ് 6892).
പ്രായമായവർക്ക് നിങ്ങൾ നല്ലത് ചെയ്യുക, എന്നാൽ നിങ്ങൾക്ക് പ്രായമാവുമ്പോൾ അല്ലാഹു നല്ലതുണ്ടാവാൻ അവസരമുണ്ടാക്കും. നന്മ ഒരു കടമാണ്, അത് തിരിച്ചുകിട്ടാനുള്ളതാണെന്ന് ഓർക്കുക.
മുതിർന്നവരോടൊപ്പം സദസ്സിൽ പങ്കെടുക്കുന്നതിൽ നന്മകളുണ്ട്. മക്കളെയും കൂടെകൂട്ടണം. അവർക്കും മുതിർന്നവരോടുള്ള പെരുമാറ്റങ്ങൾ പഠിപ്പിക്കണം. സലാം പറയാനും അവരെ ബഹുമാനിക്കാനും കൽപ്പിക്കണം. ചെറിയവർ വലിയവർക്ക് സലാം പറയണമെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ഹദീസ് ബുഖാരി 6231). മക്കളെ വലിയവരോട് മര്യാദകളോടെ സംസാരിക്കാൻ പഠിപ്പിക്കണം. ഇബ്‌നു ഉമർ (റ) പറയുന്നു, ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: ഒരു വൃക്ഷത്തിന്റെ കാര്യം സത്യവിശ്വാസിയെ പോലെയാണ്. അപ്പോൾ ഞാൻ അത് ഈത്തപ്പന എന്ന് പറയാൻ തുനിഞ്ഞു. ഞാൻ കൂട്ടത്തിൽ ഏറ്റവും ചെറിയയാളായിരുന്നു. ഞാൻ മൗനം പാലിച്ചു. (ഹദീസ് ബുഖാരി, മുസ്ലിം).
മക്കളെ വലിയവരോടൊപ്പം സദസ്സിൽ പങ്കെടുക്കാനും അവരെ കേൾക്കാനും അവരുടെ ജീവിതപാഠങ്ങളിൽ നിന്ന് പഠിക്കാനും പ്രാപ്തരാക്കണം. സൽസ്വഭാവങ്ങളിലും മൂല്യങ്ങളിലും അവരെ പിൻതുടരാനും അവരിൽ നിന്ന് അഭിപ്രായങ്ങൾ ആരായാനും അവരോട് പ്രാർത്ഥന ചെയ്യാൻ പറയാനും ഉൽബോധിപ്പിക്കണം.
പ്രായമായവരിൽ നിന്ന് മരിച്ചവരെ ഓർക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും വേണം. നമ്മളിൽ നിന്ന് മരിച്ചുപോയവർക്ക് പ്രാർത്ഥിക്കുന്നത് അവർക്ക് ചെയ്തുകൊടുക്കുന്ന ഏറ്റവും നല്ലൊരു ഗുണമാണ്.

