യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 16/05/2025
അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായ അസ്മാഉൽ ഹുസ്‌നായിൽപ്പെട്ടതാണ് ലത്വീഫ് എന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ദിക്‌റായി ഉരുവിടപ്പെടുന്നതാണ് ഈ ഇസ്മ്. സകല സൃഷ്ടികളോടും മയം കാണിക്കുന്നവൻ, സുക്ഷ്മജ്ഞാനി, യുക്തിപൂർണൻ എന്നൊക്കെയാണ് ലത്വീഫ് അർത്ഥമാക്കുന്നത്. ആ വിശേഷണം അല്ലാഹു തന്നെ പറയുന്നത് പരിശുദ്ധ ഖുർആനിൽ കാണാം: ദൃഷ്ടികൾ അവനെ കണ്ടെത്തുകയില്ല, എന്നാൽ എല്ലാ കണ്ണുകളെയും അവൻ കാണുന്നതുമാണ്. അവൻ സൃക്ഷ്മ ദൃഷ്ടിയുള്ളവനും അതീവ ജ്ഞാനിയുമേ്രത (സൂറത്തുൽ അൻആം 103). അതായത് സകല സൃഷ്ടിദൃഷ്ടികൾക്കും അവനെ കണ്ടെത്താനാവില്ല, എന്നാൽ എല്ലാം അവന്റെ ദൃഷ്ടിയിൽപ്പെടുന്നതാണ്. ഒന്നും മറയില്ല. അവൻ സർവ്വതും സൂക്ഷ്മമായി അറിയുന്നവനാണ്. അദൃശ്യജ്ഞാനങ്ങളെല്ലാം അവന് അറിയാം.
ലുഖ്മാൻ (അ) മകനോട് പറയുന്നുണ്ട്: എന്റെ കുഞ്ഞുമകനേ, നിന്റെയൊരു പ്രവൃത്തി ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും അത് നീയനുവർത്തിക്കുന്നത് ഒരു പാറക്കകത്തോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ വെച്ചായാലും അല്ലാഹു അത് ഹാജരാക്കുന്നതാണ്. അവൻ സൂക്ഷ്മദൃക്കും അഗാധജ്ഞനുമത്രേ (സൂറത്തു ലുഖ്മാൻ 16). പടച്ചുണ്ടാക്കിയവൻ എല്ലാം അറിയുകയില്ലേ, അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു (സൂറത്തുൽ മുൽക് 14). സ്രഷ്ടാവ് സൃഷ്ടികൾക്കുള്ള ഉപജീവനങ്ങൾ അവർ അറിയാത്ത രീതിയിൽ ഒരുക്കിക്കൊടുക്കുന്നതായിരിക്കും. തന്റെ അടിമകളോട് കനിവാർന്നവനാണ് അല്ലാഹു, താനുദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു, കരുത്തനും അജയ്യനുമാണവൻ (സൂറത്തുശ്ശൂറാ 19).
അല്ലാഹു ഒരാൾക്ക് ഒരുകാര്യം തരാതിരിക്കുന്നത് പിശുക്കല്ല, അതും അവന്റെ ഔദാര്യമാണ്. മറിച്ച് അല്ലാഹുവിൽ നിന്നുള്ള കനിവായിട്ടാണ് അക്കാര്യം തടഞ്ഞുവെച്ചിട്ടുണ്ടാവുക. നാമോരോർത്തരും അല്ലാഹുവിന്റെ യുക്തിക്ക് കീഴ്‌പ്പെടുകയും അവന്റെ പരമാധികാരത്തിലുള്ള നന്മ മനസ്സിലാക്കുകയും ചെയ്യുക.
സ്രഷ്ടാവായ അല്ലാഹുവിന്റെ വിശേഷഗുണമായ ലത്വീഫിന്റെ സ്വഭാവവിശേഷങ്ങൾ സൃഷ്ടികളായ നമ്മുക്കും ഉണ്ടായിരിക്കേണ്ടതാണ്. അതിനായി യുക്തിജ്ഞാനവും കനിവും അനുസരണയും ഭയഭക്തിയും ഉണ്ടായിരിക്കേണ്ടതാണ്. അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കിൽ അവൻ അയാൾക്കൊരു മോചനമാർഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നൽകുന്നതുമാണ് (സൂറത്തുഥ്ഥലാഖ് 2, 3).
അല്ലാഹുവിന്റെ ലത്വീഫ് വിശേഷമായ ലുത്വ്ഫ് നമ്മുക്ക് ഉണ്ടാവണമെങ്കിൽ ആ പേരിന്റെ താൽപര്യം നാം ഓരോർത്തരും വ്യക്തിജീവിതത്തിൽ പാലിക്കണം. മറ്റുള്ളവരോട് നന്നായി പെരുമാറണം. സഹായം അഭ്യർത്ഥിച്ചയാളെ സഹായിക്കണം. നബി (സ്വ) പറയുന്നു: ഇഹലോകത്ത് മറ്റൊരു സത്യവിശ്വാസിയുടെ പ്രയാസം അകറ്റിക്കൊടുത്തയാൾക്ക് അല്ലാഹു അന്ത്യനാളിൽ അയാളുടെ പ്രയാസം അകറ്റിക്കൊടുക്കുന്നതായിരിക്കും (ഹദീസ് മുസ്ലിം 285).
അല്ലാഹുവിൽ നിന്നുള്ള ലുത്വ്ഫ് നമ്മുക്ക് കിട്ടണമെങ്കിൽ നാമും ആ വിശേഷണം മറ്റുള്ളവരോട് അനുവർത്തിക്കണം: ദുഖിതനെ സമാശ്വസിപ്പിക്കണം. തെറ്റുചെയ്തവരുടെ പക്ഷം കേൾക്കണം. ഏവർക്കും കരുണ ചെയ്യണം. കരുണ ചെയ്യുന്നവർക്കാണ് അല്ലാഹു കരുണ ചെയ്യുക (ഹദീസ് ബുഖാരി, മുസ്ലിം). ഒരു വാക്കുക്കൊണ്ടു പോലും ആരെയും നോവാക്കരുത്. ഒന്നിലും അക്രമമോ അന്യായമോ അരുത്. നന്മ മാത്രം ഉരിയാടണം. അങ്ങനെയുള്ളവരാണ് ലത്വീഫായ അല്ലാഹുവിന്റെ ലുത്വ്ഫ് എന്ന വിശേഷണം സിദ്ധിച്ചവർ.
ലുത്വ്ഫ് എന്നത് വർദ്ധിച്ച ഔദാര്യം, സത്യസന്ധത, നന്മയാർന്ന ഇടപെടൽ, ഇടപാട്, സൽസ്വഭാവം എന്നിവയെല്ലാം ഒത്തിണങ്ങിയതാണ്. കൂടാതെ സദാ സമയത്തുള്ള കനിവും മയത്വവും അലിവും അതിന്റെ ഭാഗമാണ്. ഏതൊരു കാര്യത്തിലും മയസ്വഭാവത്തെ അല്ലാഹു ഇഷ്ടപ്പെടുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
എല്ലാ ഇടങ്ങളിലും എല്ലാ സമയത്തും നാം കനിവുള്ളവരാകണം. വീട്ടിലും തൊഴിലിടത്തും മസ്ജിദിലും അങ്ങാടിയിലുമെല്ലാം. സമൂഹത്തിലൊട്ടുക്കും നമ്മുക്ക് അലിവും കനിവും പകരാം.

