യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 09/05/2025
മൗനം എന്നത് വിദ്വാന്മാരുടെ വിശേഷമായ സ്വഭാവഗുണമാണ്. യുക്തിയുടെയും ശക്തിയുടെയും വിശ്വാസ അചലഞ്ചതയുടെയും ലക്ഷണം കൂടിയാണ് മൗനം. പ്രവാചകന്മാർ മൗനം പാലിക്കുന്നവരായിരുന്നു. മുഹമ്മദ് നബി (സ്വ) സുദീർഘമായി മൗനം ദീക്ഷിക്കുമായിരുന്നു (മുഅ്ജമുൽ കബീർ ത്വബ്‌റാനി 1999). മാത്രമല്ല മൗനം പാലിക്കുന്നതിനെ സത്യവിശ്വാസത്തിന്റെ ഉന്നതമായ അടയാളമായും നബി (സ്വ) പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്: ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് മാത്രം പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ (ഹദീസ് ബുഖാരി, മുസ്ലിം).
ഏതൊരു തത്വജ്ഞാനിയും നൽകുന്ന ഏറ്റവും വിലയേറിയ സാരോപദേശമാണ് മൗനം പാലിക്കുക എന്നത്. സംസാരിക്കാൻ പഠിക്കുന്നത് പോലെ മിണ്ടാതിരിക്കാനും പഠിക്കണമെന്നാണ് പ്രമുഖ സ്വഹാബി അബുൽ ദർദാഅ് (റ) പറഞ്ഞത്. തത്വജ്ഞാനത്തിന്റെ മൂലശില മൗനമെന്നാണ് പറയപ്പെടുന്നത്.
ബുദ്ധിമാന് അറിയാം എപ്പോഴാണ് സംസാരിക്കേണ്ടത്, എപ്പോഴാണ് മൗനം പാലിക്കേണ്ടത് എന്നെല്ലാം. സംസാരത്തിൽ പ്രത്യേക ഉപകാരമോ നന്മയോ ഇല്ലെങ്കിൽ മൗനം തന്നെയാണ് അഭികാമ്യം. അല്ലാഹു പറയുന്നുണ്ട്: അവരുടെ മിക്ക രഹസ്യാലോചനകളിലും നന്മയേ ഇല്ല, ദാനം ചെയ്യാനോ സദാചാരമനുവർത്തിക്കാനോ ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കാനോ നിർദേശിക്കുന്നവരുടേതിലൊഴികെ (സൂറത്തുന്നിസാഅ് 114).
നന്മയുടെ വാതിലുകൾ ഏതൊക്കെയെന്ന് ചോദിച്ചയാൾക്ക് നബി (സ്വ) ഒരു കൂട്ടം നന്മകൾ പറഞ്ഞുകൊടുത്തു. ശേഷം അവയെക്കാൾ ഏറ്റവും നല്ല കാര്യമായി പറഞ്ഞുകൊടുത്തത്, നന്മയില്ലാത്ത കാര്യത്തിൽ മൗനം പാലിക്കലാണ് (അൽ മുസ്തദ്‌റക് സ്വഹീഹൈനി 4/319).
സംസാരം കാരണത്താലായിരിക്കും ഏവരും ദുഖിച്ചിട്ടുണ്ടാവുക, മൗനം പാലിച്ചതിന്റെ പേരിൽ ഖേദിക്കേണ്ടിവരില്ല.
മൗനം അറിവുള്ളവനിക്കും അറിവില്ലാത്തവനിക്കും ഭൂഷണമാണ്. വിചിന്തകനായികൊണ്ട് മൗനം പാലിക്കുന്നത് പ്രതിഫലാർഹമായ ആരാധനയാണ്. ഉപകാരമില്ലാത്ത തർമ്മവിതർക്കങ്ങളിൽ മൗനം പാലിക്കുന്നതാണ് ധീരത. മുതിർന്നവരുടെ സാന്നിധ്യത്തിൽ മൗനം കാട്ടുന്നത് ബഹുമാനമാണ്. മാതാപിതാക്കളുടെ മുമ്പിൽ മൗനം ദീക്ഷിക്കുന്നതാണ് അവരോടുള്ള നന്മ. ദമ്പതികൾ തമ്മിലോ കുടുംബക്കാർ തമ്മിലോ ഉള്ള അഭിപ്രായഭിന്നതകളിൽ മൗനം പാലിക്കലാണ് ബന്ധങ്ങളുടെ നിലനിൽപ്പിനാവശ്യം.
യൂസുഫ് നബി (അ) സ്വന്തം സഹോദരങ്ങളെ രക്ഷപ്പെടുത്താനായി അവരുടെ ദൂഷ്യത്തിന്റെ കാര്യത്തിൽ മൗനം പാലിച്ചത് ഖുർആൻ വിവരിക്കുന്നുണ്ട്: തത്സമയം യൂസുഫ് അത് മനസ്സിലൊളിപ്പിച്ചു, വെളിപ്പെടുത്തിയില്ല (സൂറത്തുയൂസുഫ് 77).
മോശമായത് അഭിസംബോധനം ചെയ്യപ്പെട്ടാൽ മൗനിയായി മുഖത്തിരിക്കുന്നവനാണ് യഥാർത്ഥ വിദ്വാൻ. അങ്ങനെയുള്ള സത്യവിശ്വാസികൾ വ്യർത്ഥ വിഷയങ്ങളിൽ നിന്നു തിരിഞ്ഞുകളയുന്നവരെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് (സൂറത്തുൽ മുഅ്മിനൂൻ 03).
മൗനം ബലഹീനതയോ പരാജയമോ അല്ല. മൗനം ഔന്നത്യമാണ്. അതാണ് ശക്തിയും വീര്യവും. അനാവശ്യങ്ങളിൽ നിന്നുള്ള മാറിനിൽക്കുന്നതിന്റെ നിലപാടിന്റെ പേരാണ് മൗനം. സത്യവിശ്വാസി കുത്തുവാക്കു പറയുന്നവനോ ശപിക്കുന്നവനോ ശ്ലീലമല്ലാത്തതോ സഭ്യമല്ലാത്തതോ പറയുന്നവനുമല്ല (ഹദീസ് ബുഖാരി അദബുൽ മുഫ്‌റദ് 332, തുർമുദി 2092).
യഥാർത്ഥ സത്യവിശ്വാസി സംസാരത്തിലും എഴുത്തിലും മൂല്യം കാത്തുസൂക്ഷിക്കുന്നവനാണ്. അവ ആവശ്യമില്ലെങ്കിൽ മൗനം പാലിക്കുകയും ചെയ്യും. എല്ലാ സംസാരങ്ങളും എഴുത്തുകളും ആദർശങ്ങളും മറുപടിയോ ഖണ്ഡനമണ്ഡനങ്ങളോ അർഹിക്കുന്നില്ല. അതിനാൽ മൗനം തന്നെയാണ് സത്യവിശ്വാസിക്ക് ഭൂഷണം.
മൗനമാണ് വിജയമാർഗം. ഒരിക്കൽ ഒരാൾ നബി (സ്വ)യോട് എന്താണ് വിജയമെന്ന് ചോദിക്കുകയുണ്ടായി. നബി (സ്വ) മറുപടി നൽകി: നീ നിന്റെ നാവ് നിയന്ത്രിക്കുക (ഹദീസ് ത്വബ്‌റാനി അൽകബീർ 741). മൗനം പാലിച്ചവന് അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കരുണക്കടാക്ഷം ലഭിക്കുന്നതായിരിക്കും. നല്ല നിലയിൽ സംസാരിച്ചവനും അല്ലെങ്കിൽ മൗനം പാലിച്ചവനും അല്ലാഹു കരുണ ചെയ്യട്ടെയെന്നാണ് നബി (സ്വ) പ്രാർത്ഥിച്ചത് (ശിഅബുൽ ഈമാൻ 4589).
മൗനമാണ് രക്ഷയുടെ താക്കോൽ. സ്‌നേഹത്തിലേക്കുള്ള വാതായനമാണ്. വൈര്യത്തിന്റെ വാതിൽ അടക്കുന്നതാണ് മൗനം. വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും തീ കെടുത്തികളയുന്നതുമാണ്. അതിനാൽ നാം കുടുംബകാര്യങ്ങളിലും തൊഴിൽകാര്യങ്ങളിലും ഇടപാടുകളിലും ചില അവസരങ്ങളിൽ മൗനം പാലിക്കുന്നത് ശൈലിയാക്കണം. ദേഷ്യം വന്നാൽ മിണ്ടാതിരിക്കാനാണ് നബി (സ്വ)യുടെ നിർദേശം (അദബുൽ മുഫ്‌റദ് 245).
വിഢ്ഢികൾക്കുള്ള ഏറ്റവും നല്ല മറുപടി മൗനം തന്നെയാണ്.
ഒരിക്കൽ ഒരാൾ അബൂബക്കർ സിദ്ധീഖി (റ)നെ അസഭ്യം പറഞ്ഞു. അദ്ദേഹം പ്രതികരിച്ചില്ല. ആ സമയം നബി (സ്വ) അവിടെ ഇരിക്കുകയായിന്നു. സിദ്ധീഖ് (റ) അയാളോട് പ്രതികരിച്ചപ്പോൾ നബി (സ്വ) എഴുന്നേറ്റ് നിന്നു. അപ്പോൾ സിദ്ധീഖ് (റ) ചോദിച്ചു: തിരുദൂതരേ, അയാൾ എന്നോട് അസഭ്യം പറഞ്ഞപ്പോൾ അങ്ങ് ഇരിക്കുകയായിരുന്നു, ഞാൻ പ്രതികരിച്ചപ്പോൾ അങ്ങ് എഴുന്നേറ്റുനിന്നു. അപ്പോൾ നബി (സ്വ) മറുപടി പറഞ്ഞു: അയാളോട് ഒരു മലക്ക് പ്രതികരിക്കുകയായിരുന്നു, താങ്കൾ സംസാരിച്ചപ്പോൾ ആ മലക്ക് ഇരുന്നു. അതിനാൽ ഞാൻ ഇരിക്കാൻ ഇഷ്ടപ്പെട്ടില്ല (മുഅ്ജമുൽ വസത്വ് ത്വബ്‌റാനി 7239, ശിഅബുൽ ഈമാൻ 7716).

