യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 23/05/2025
ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായതാണ് തണൽ. പ്രപഞ്ചത്തിന് സ്രഷ്ടാവായ അല്ലാഹു ഒരുക്കിയിട്ടുള്ള തണൽ അനുഗ്രഹവും ദൃഷ്ടാന്തവുമാണ്. അല്ലാഹു പറയുന്നുണ്ട്: താങ്കളുടെ നാഥൻ നിഴലിനെ നീട്ടിപ്പരത്തിത്തരുന്നത് ഏതുപ്രകാരമാണെന്ന് ചിന്തിച്ചുനോക്കിട്ടിഠഷ്ട, താനുദ്ദേശിച്ചിരുന്നുവെങ്കിൽ അതിനെയവൻ ചലിക്കാത്തതാക്കുമായിരുന്നു. പിന്നീട് സൂര്യനെ ആ നിഴലിന്റെ അടിയാളമാക്കി, പിന്നെ നമ്മിലേക്കതിനെ അൽപാൽപമായി ചുരുക്കിക്കൊണ്ടുവരുന്നു (സൂറത്തുൽ ഫുർഖാൻ 45, 46).
അല്ലാഹു അവന്റെ കാരുണ്യക്കടാക്ഷമായി സൂര്യോദയത്തിന് മുമ്പ് തന്നെ തണലൊരുക്കി, സൂര്യപ്രഭയിലൂടെ പകൽ സംവിധാനിച്ചിരിക്കുന്നത് എങ്ങനെയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ തണൽ അനുഗ്രഹങ്ങൾ ഇല്ലാതിരുന്നെങ്കിൽ നമ്മുടെ ജീവിതാവസ്ഥ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ. തണൽ സംവിധാനങ്ങളില്ലാതെ നാം എങ്ങനെ ജോലി ചെയ്യും? എങ്ങനെ പഠനം നടത്തും? എങ്ങനെ വിശ്രമിക്കും???. ഒന്നും തണലെന്ന കാരുണ്യത്തിനോട് ഒക്കില്ല.
തണലും ചുടുവെയിലും സമമാവില്ലെന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുള്ളതാണ് (സൂറത്തു ഫാത്വിർ 22).
അല്ലാഹു നമ്മുക്ക് സൂര്യതാപത്തെയും അത് സ്ഫുരിക്കുന്ന ജ്വാലകളെയും കീഴ്‌പ്പെടുത്തിതന്നിട്ടുണ്ട്. വാസസ്ഥലങ്ങളും കെട്ടിടങ്ങളും തണലൊരുക്കുന്ന വൃക്ഷങ്ങളുമെല്ലാം ഉഷ്ണതയിൽ നിന്ന് കാവലൊരുക്കാൻ അല്ലാഹു ഏകിയ അനുഗ്രങ്ങളാണ്. തന്റെ സൃഷ്ടികൾ വഴി നിങ്ങൾക്കവൻ തണൽ നൽകുന്നു (സൂറത്തുന്നഹ്‌ല് 81). അല്ലാഹു നൽകിയ തണലുകളിലാണ് സകല ചരാചരങ്ങളും അഭയവും ആശ്രയവും കണ്ടെത്തുന്നത്. ദൈവികമായ തണലില്ലാതെ ഒന്നിനും നിലനിൽപ്പില്ല.
മൂസാ നബി (അ) രണ്ടു സ്ത്രീകളെ വെള്ളം കോരാൻ സഹായിച്ച ചരിത്രം പരിശുദ്ധ ഖുർആൻ പറഞ്ഞുതരുന്നുണ്ടല്ലൊ, അങ്ങനെ മൂസാ നബി (അ) തണലിലേക്ക് പോയെന്ന് പരാമർശിക്കുന്നുണ്ട്. നമ്മുടെ നബി (സ്വ)യും അനുചരന്മാരും യാത്രകളിൽ ചൂടേൽക്കാതിരിക്കാൻ വൃക്ഷത്തണലുകളിൽ വിശ്രമിച്ച സംഭവങ്ങൾ ചരിത്രത്തിൽ കാണാം.
അല്ലാഹു നൽകിയ തണലെന്ന മഹാനുഗ്രഹത്തെ സംരക്ഷിക്കാൻ ഓരോർത്തരും ബാധ്യസ്ഥരാണ്. ശാപം വരുത്തുന്ന മൂന്നു കാര്യങ്ങളെ സൂക്ഷിക്കാൻ നബി (സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിലൊന്ന് തണൽ നശിപ്പിക്കലാണ് (ഹദീസ് അബൂദാവൂദ് 26). ഉപകാരം നൽകുന്ന വൃക്ഷങ്ങളെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വെട്ടിമുറിക്കുന്നത് നബി (സ്വ) വിലക്കുകയും അങ്ങനെ ചെയ്യുന്നവർക്ക് പരലോകത്ത് ശക്തമായ ശിക്ഷകൾ ലഭിക്കുമെന്ന് താക്കീത് നൽകുകയും ചെയ്തിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 5239).
തണലൊരുക്കൽ നമ്മുടെയും കടമയാണ്. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചോ ഷെൽട്ടറുകൾ നിർമ്മിച്ചോ പൊതുജനങ്ങൾക്ക് തണൽ സംവിധാനങ്ങൾ ഒരുക്കാവുന്നതാണ്. അവ നിലക്കാത്ത ദാനധർമ്മങ്ങളായോ വഖ്ഫ് ദാനങ്ങളായോ എന്നെന്നേക്കും പത്രിഫലാർഹമായി നിലനിൽക്കും.
ഇഹലോകത്തെ തണലിന്റെ കാര്യങ്ങളാണ് ഇതുവരെ വിശദീകരിക്കപ്പെട്ടത്. എന്നാൽ പരലോകത്തുള്ള തണൽ ഹർഷിന്റെ തണലാണ്. അന്ത്യനാളിലെ ആ ഒരേയൊരു തണൽ ഏഴു തരത്തിലുള്ളവർക്ക് ലഭിക്കുന്നമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്: നീതിമാനായ ഭരണാധികാരി, അല്ലാഹുവിന് ആരാധനകൾ ചെയ്ത് വളർന്ന യുവാവ്, ഏകനായി കരഞ്ഞുകൊണ്ട് അല്ലാഹുവിനെ സ്മരിക്കുന്നയാൾ, മസ്ജിദുകളുമായി ബന്ധം സ്ഥാപിക്കുന്നയാൾ, അല്ലാഹുവിന്റെ മാർഗത്തിൽ ഒരുമിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ പിരിയുകയും ചെയ്ത രണ്ടു സ്‌നേഹിതർ, സുന്ദരിയും തറവാടിയുമായ സ്ത്രീ ക്ഷണിച്ചപ്പോൾ ഞാൻ അല്ലാഹുവിനെ പേടിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നിരസിച്ചയാൾ, വലതു കൈ നൽകുന്നത് ഇടതു കൈ അറിയാത്ത രീതിയിൽ ദാനധർമ്മം ചെയ്യുന്നയാൾ എന്നിവരാണ് അവർ (ഹദീസ് ബുഖാരി, മുസ്ലിം).
അന്ത്യനാളിൽ ഏവരും അവർ ചെയ്ത ദാനധർമ്മങ്ങളുടെ തണലിലായിരിക്കുമെന്നും ഹദീസുണ്ട് (അഹ്‌മദ് 17333).
സ്വർഗത്തിൽ പ്രവേശിക്കാൻ സൗഭാഗ്യം ലഭിച്ചവർ അവിടെ വൃക്ഷങ്ങളുടെ തണലിലായിരിക്കുമത്രെ. നബി (സ്വ) പറയുന്നു: സ്വർഗത്തിലൊരു വൃക്ഷമുണ്ട് യാത്രക്കാർ അതിന്റെ തണലിൽ നൂറു വർഷം സഞ്ചരിക്കും, അതിനെ വെട്ടിമാറ്റുകയില്ല. അതാണ് സൂറത്തുൽ വാഖിഅ 30ാം സൂക്തത്തിൽ പ്രതിപാദിക്കപ്പെടുന്ന നീണ്ടു വിസ്തൃതമായ തണൽ, ദില്ലിൻ മമ്ദൂദ് (ഹദീസ് ബുഖാരി 3080).

