ഹജ്ജ്: കർമ്മവും ധർമ്മവും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 30/05/2025

പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി സത്യവിശ്വാസിമനസ്സുകൾ ഹറമിൽ ലയിക്കുന്ന സുന്ദരമുഹൂർത്തങ്ങളാണ് ദുൽഹിജ്ജമാസത്തിലെ ഈ ദിവസങ്ങളിലേത്. അല്ലാഹുവിന്റെ ആജ്ഞപ്രകാരമുള്ള ഇബ്രാഹിം നബി (അ)യുടെ വിളിയാളം കേട്ടാണ് വിശ്വാസികൾ ഹജ്ജിനായി ഒത്തൊരുമിക്കുന്നത്. അല്ലാഹു ഇബ്രാഹിം നബി (അ)യോട് പറഞ്ഞിരിക്കുന്നു: മാലോകരിൽ ഹജ്ജ് വിളംബരം നിർവ്വഹിക്കുക (സൂറത്തുൽ ഹജ്ജ് 27). 


ഹജ്ജ് സത്യവിശ്വാസിക്ക് നിർബന്ധ കർമ്മമാണ്. അല്ലാഹു പറയുന്നുണ്ട്: ആ പുണ്യഗേഹത്തിലെത്താൻ കഴിവുള്ളയാളുകൾ അങ്ങോട്ടു തീർത്ഥാടനം നടത്തൽ അല്ലാഹുവിനോടുള്ള ബാധ്യതയാണ് (സൂറത്തു ആലുഇംറാൻ 97). അതായത് ആരോഗ്യപരവും സാമ്പത്തികവുമായ കഴിവും നിയമപരമായ നടപടിക്രമങ്ങളുടെ സാധുതയുമുള്ളയാൾക്കാണ് ഹജ്ജ് നിർബന്ധമാവുക. അതില്ലാത്തവർക്ക് ഹജ്ജ് നിർബന്ധമില്ല. ആ ബാധ്യതയിൽ നിന്നവർ ഒഴിവാക്കപ്പെടും. എന്നാൽ ഹജ്ജിനുള്ള അവരുടെ സത്യസന്ധമായ നിയ്യത്തിന് പ്രതിഫലം നൽകപ്പെടുകയും ചെയ്യും. നബി (സ്വ) പറഞ്ഞിരിക്കുന്നു: മദീനയിൽ കുറച്ചാളുകളുണ്ട്, നിങ്ങൾ ഏതുവഴിലൂടെ കടന്നുവന്നാലും ഏതുതാഴ്‌വര മുറിച്ചുകടന്നാലും അവർ നിങ്ങളോടൊപ്പമുള്ളത് പോലെയാണ്. ബോധ്യപ്പെടുത്താവുന്ന കാരണമാണ് വിലങ്ങായിരിക്കുന്നത് (ഹദീസ് ബുഖാരി 4404).

ജീവിതത്തിൽ ഒരു പ്രാവശ്യം ഹജ്ജ് ചെയ്തവർ പ്രവാചക ചര്യ പിൻപറ്റി ആ കടമ നിറവേറ്റിയിരിക്കുന്നു. നബി (സ്വ) ഒരൊറ്റ പ്രാവശ്യമാണ് ഹജ്ജ് കർമ്മം നിർവ്വഹിച്ചിരിക്കുന്നത്. ഹജ്ജ് ഒറ്റത്തവണയാണ് നിർബന്ധമെന്നും അതിൽ കൂടുതലായി ചെയ്യുന്നത് ഐഛികമായ പുണ്യകർമ്മമാണെന്നുമാണ് നബി (സ്വ) അനുചരരെ അഭിസംബോധനം ചെയ്ത് ഉണർത്തിയിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 1721, അഹ്‌മദ് 3204). 

ഹജ്ജ് അധികരിപ്പിക്കണമെന്ന് സത്യവിശ്വാസിയുടെ കർമ്മശാസ്ത്രത്തിലില്ല. ഹസനുൽ ബസ്വറി (റ) പറയുന്നു: ചിലർ ഞാൻ വീണ്ടും വീണ്ടും ഹജ്ജ് ചെയ്യുമെന്ന് പറയുന്നു, താൻ ഒരു തവണ ഹജ്ജ് ചെയ്തിട്ടുണ്ടെങ്കിൽ കുടുംബബന്ധം ചേർക്കുക, അയൽവാസിക്ക് നല്ലത് ചെയ്യുക, നിർധനരെ ദാനം ചെയ്ത് സഹായിക്കുക. 

ഒരുപ്രാവശ്യം ഹജ്ജ് ചെയ്യാൻ സൗഭാഗ്യം ലഭിച്ചവർ വീണ്ടും ശ്രമിച്ച് മറ്റുള്ളവരുടെ അവസരത്തിന് തടസ്സമാവാതിരിക്കുക. കാരണം രണ്ടാമതായി ചെയ്യുന്ന ഹജ്ജ് സുന്നത്താണ്. ആദ്യമായി ചെയ്യുന്ന ഹജ്ജ് നിർബന്ധവും. ആദ്യമായി ചെയ്യുന്നവർക്ക് മുൻഗണന നൽകി മാറിനിൽക്കുക. സുന്നത്തിനേക്കാൾ അത്യന്താപേക്ഷിതം ഫർളാണല്ലൊ. 

ഒരിക്കൽ ഹജ്ജ് ചെയ്തവർ വീണ്ടും ഹജ്ജ് ആഗ്രഹിക്കുന്നുവെങ്കിൽ അതി

നായി കരുതിവെച്ച ധനം ഹജ്ജാജികൾക്കുള്ള വഖ്ഫാക്കി മാറ്റാനോ അവശരെ സഹായിക്കാനോ ഉപയോഗിക്കുക.


സുന്നത്തായ ഹജ്ജ് ചെയ്യുന്നവർ ആ സമ്പത്ത് വിശക്കുന്നവർക്കായി മാറ്റിവെക്കുന്നതാണ് ഏറ്റവും ഇഷ്ടമെന്ന് ഇമാം അഹ്‌മദ് (റ) അരുൾ ചെയ്തിട്ടുണ്ട്. ഹജ്ജല്ലാത്ത അനവധി പുണ്യ കർമ്മങ്ങളുണ്ട്. ഹജ്ജിന് അവസരം ലഭിക്കാത്തവൻ ദുഖിക്കുകയോ അവലാതിപ്പെടുകയോ അനിഷ്ടം പ്രകടമാക്കുകയോ നാടിന്റെ നിയമത്തെ പഴിക്കുകയോ ചെയ്ത് ക്ഷമയുടെ പ്രതിഫലം കളയുകയോ അനന്തരഫലം മോശമാക്കുകയോ ചെയ്യരുത്. 

ഭരണകൂടത്തിന്റെ നിയമങ്ങൾ പാലിക്കലും ഫർളായ ഹജ്ജ് കർമ്മം ചെയ്യാൻ മറ്റുള്ളവർക്ക് സൗകര്യം ചെയ്യലുമെല്ലാം പുണ്യ പ്രവർത്തനങ്ങളാണ്. നാട്ടിൽ നിന്നുകൊണ്ടു തന്നെ ഹജ്ജ് ചെയ്തതിന്റേതിന് സമാനമായ പ്രതിഫലം അവക്കും ലഭിക്കും. അതാണ് നബി (സ്വ) അറിയിച്ചത്: ഒരാൾ ജമാഅത്തായി സുബ്ഹ് നമസാക്കാരം നിർവ്വഹിക്കുകയും അവിടെ തന്നെ സൂര്യാദയം വരെ ദിക്‌റുകൽ ചൊല്ലി ഇരിക്കുകയും ചെയ്ത് പിന്നെ രണ്ടു റക്അത്ത് നമസ്‌ക്കരിക്കുകയും ചെയ്താൽ അവനിക്ക് സമ്പൂർണമായ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലത്തിന് സമാനമായത് ഉണ്ട് (ഹദീസ് തുർമുദി 586). 

ദുൽഹിജ്ജമാസത്തിന്റെ ആദ്യ പത്തുദിനങ്ങൾ ഏറെ പവിത്രതയാർന്നതാണ്. അവ ദുൻയാവിന്റെ ദിവസങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായതെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്. ഹജ്ജാജികൾ പുണ്യഭൂമിയിൽ പുണ്യങ്ങൾ ചെയ്യുമ്പോൾ മറ്റുള്ളവർക്കും പുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ അവസരങ്ങളുണ്ട്, അറഫാ ദിനത്തിൽ വ്രതാനുഷ്ഠാനം ഏറെ പ്രതിഫലാർഹമാണ്. അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞവർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങൾ പൊറുപ്പിച്ചുതരുന്നതാണ് (ഹദീസ് മുസ്ലിം 1162). മാത്രമല്ല അറഫാ ദിനത്തെ പ്രാർത്ഥനയും ഏവർക്കും വിശിഷ്ടമാണ്. അറഫാ ദിനത്തിലെ പ്രാർത്ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന (മുവത്വ 501). ബലിപെരുന്നാൾ ദിവസം ബലിയറുക്കലും ശ്രേഷ്ഠകർമ്മമാണ്. ശേഷം അയ്യാമുൽ തശ്‌രീഖ് ദിനങ്ങൾ ദിക്‌റിന്റൈയും അന്നപാനീയങ്ങളുടെയും ദിവസങ്ങളാണ് (ഹദീസ് അബൂദാവൂദ് 2813). 

ഈ പ്രവിത്ര ദിനങ്ങൾ ആരാധനകൾക്കും പുണ്യപ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്തുക. 

അറിയുക, ഹജ്ജിന് ഇഹ്‌റാം ചെയ്താൽ പിന്നീട് സ്ത്രീസംസർഗമോ അതിക്രമമോ ദുർവാദങ്ങളോ പാടില്ല (സൂറത്തു ബഖറ 197).


back to top